ജനാധിപത്യം മരിക്കുന്നില്ല

ആഫ്രിക്കൻ രാജ്യങ്ങളിലും ഗൾഫ്‌ മേഖലകളിലും സേഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ജനഃപ്രക്ഷോഭങ്ങൾ ശക്തിപ്രാപിക്കുന്ന വാർത്തകൾ ദൃശ്യ മാധ്യമങ്ങളിലൂടെ കാണാനും വായിക്കാനും ഇടയാകുമ്പോൾ – ഈ പ്രക്ഷോഭങ്ങൾക്കൊക്കെ പ്രചോദനം നൽകിയ ജനാധിപത്യത്തിന്റെ മാതൃകയായി കൊണ്ടാടപ്പെടുന്ന ഇൻഡ്യയിലെ ഇന്നത്തെ അവസ്‌ഥ അത്ര ശുഭോദർക്കമെന്ന്‌ പറഞ്ഞുകൂടാ.

കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പുകൾ വഴിയാണ്‌ ഇൻഡ്യയിൽ രാഷ്‌ട്രീയ കക്ഷികൾ അധികാരപ്രാപ്‌തിയിലെത്തുന്നത്‌. പക്ഷേ, വോട്ടുബാങ്കിനെ ലക്ഷ്യമാക്കി സമുദായപ്രീണനവും വിഘടനവാദികളേയും വിഭാഗീയചിന്താഗതിയുള്ളവരെ പിന്താങ്ങുകയും ചെയ്യുന്ന രാഷ്‌ട്രീയകക്ഷികൾ – അവയിൽ ദേശീയ കക്ഷികളും വന്നുപെട്ടതോടെ -ഇവിടെ ജനാധിപത്യം മരിക്കുകയാണോ എന്നാശങ്കപ്പെടുന്ന വലിയൊരു ജനവിഭാഗം നമ്മുടെ നാട്ടിലുണ്ട്‌. മക്കൾ രാഷ്‌ട്രീയവും കുടുംബവാഴ്‌ചയും ഇന്നേറെക്കുറെ എല്ലാ രാഷ്‌ട്രീയ കക്ഷികളേയും ബാധിച്ച ഒരു ജീർണ്ണതയാണ്‌. എങ്കിലും കഴിഞ്ഞവർഷാവസാനത്തോടെ ബീഹാറിൽ നടന്ന തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കുറെയൊക്കെ ശുഭപ്രതീക്ഷകൾ നൽകുന്നുണ്ട്‌. ജനാധിപത്യത്തിന്റെ മറപറ്റി കുടുംബവാഴ്‌ചകൾ ആഘോഷമാക്കി മാറ്റുന്ന ഭരണാധികാരം പങ്കിടുന്ന ഒരവസ്‌ഥ ഇൻഡ്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും കേന്ദ്രത്തിൽ തന്നെയും നടമാടുമ്പോൾ അതിനൊരു മറുപടി നൽകുന്ന തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ ബീഹാറിൽ നിന്നും വന്നത്‌. അധികാരം ജനങ്ങളിലേക്ക്‌ എന്ന പേരിൽ തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളിൽ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രയോജനം – അധികാരം കുത്തകയാക്കി വച്ചിരുന്ന പല രാഷ്‌ട്രീയ നേതാക്കളുടെ കുടുംബങ്ങളിലും സ്‌ഥാപനങ്ങളിലുമായി വീതം വയ്‌ക്കുകയാണുണ്ടായത്‌. സാധാരണക്കാരായ ജനങ്ങൾ ഇവിടൊക്കെ കബളിപ്പിക്കപ്പെടുന്നു. ഇതിനൊക്കെ ഒട്ടൊരറുതി വരുത്തിയ ശക്തമായ മറുപടിയായിരുന്നു, ബീഹാറിലേത്‌. സാക്ഷരതാനിലവാരം ദേശീയ നിലവാരത്തേക്കാളും താഴെയായ ഒരു സംസ്‌ഥാനത്തെ ജനങ്ങൾക്കുണ്ടായ നിശ്ചയദാർഢ്യം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാം സ്‌ഥാനത്ത്‌ നിൽക്കുന്നുവെന്ന അവകാശവാദം മുഴക്കുന്ന കേരളമുൾപ്പടെയുള്ള പല സംസ്‌ഥാനങ്ങളിലേയും ജനങ്ങൾക്ക്‌ നടപ്പാക്കാൻ കഴിയാതെ പോയപ്പോൾ – ജനാധിപത്യം വേരറ്റുപോവുന്നോ എന്നാശങ്കപ്പെടുന്നവർക്ക്‌ ഒട്ടൊക്കെ പ്രതീക്ഷയും പ്രത്യാശയും നൽകുന്നതായിരുന്ന, ബീഹാറിലെ സാധാരണക്കാരുടെ പൗരബോധം.

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിലെ അഹന്തയ്‌ക്ക്‌ മറുപടി നൽകിക്കൊണ്ടുള്ള അഹിംസയിലൂടെതന്നെ ലോകശ്രദ്ധയാകർഷിച്ച ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അധികാരപ്രാപ്‌തിയും അവയ്‌ക്ക്‌ നേതൃത്വം നൽകിയ ഗാന്ധിജിയേയും അന്നത്തെ മറ്റ്‌ സ്വാതന്ത്ര്യസമരസേനാനികളെയും പറ്റി ഭാരതജനത ഒട്ടാകെത്തന്നെ അഭിമാനം കൊണ്ടിരുന്നു. പക്ഷേ, എഴുപതുകളുടെ പകുതിയോടെ ഈ വ്യവസ്‌ഥിതിക്ക്‌ കുറെയൊക്കെ മാറ്റംവന്നു. ഏകാധിപത്യ പ്രവണതകൾ ഇവിടയ്ം തലയുയർത്തിതുടങ്ങി. അടിയന്തിരാവസ്‌ഥയിലൂടെ അടിച്ചമർക്കപ്പെട്ട ജനാധിപത്യ സംവിധാനം – അത്‌ പിൻവലിച്ചതിന്‌ ശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ വീണ്ടും തിരിച്ചുവന്നെന്ന്‌ അവകാശപ്പെടാമെങ്കിലും ഭരണം പിടിച്ചെടുക്കാൻ മതസമുദായ സംഘടനകളെയും വിഭാഗീയ – വിഘടനവാദികളെയും പ്രീണിപ്പിക്കുന്ന ഒരു പ്രവണത ഇവിടെ ഏറെക്കുറെ എല്ലാ രാഷ്‌ട്രീയ കക്ഷികളും അചിരേണ കൈക്കൊണ്ടപ്പോൾ – ഇൻഡ്യയിൽ മരിച്ചത്‌ ജനാധിപത്യമായിരുന്നു. അഴിമതിയും സ്വജനപക്ഷപതാവും ഭരണസംവിധാനത്തിലെ എല്ലാ മേഖലകളിലേയ്‌ക്കും പടർന്നുകയറി. ജനങ്ങൾ എന്നിട്ടും പ്രതീക്ഷ കൈവിടാതെ പ്രത്യാശയോടെ നോക്കികണ്ടിരുന്ന ജുഡീഷ്യറിപോലും അഴിമതി വിമുക്തമല്ലെന്ന്‌ അടുത്തകാലത്ത്‌ പുറത്ത്‌ വന്ന പലനടപടികളിലൂടെയും തെളിഞ്ഞു കഴിഞ്ഞു. പോലീസും സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ സംഘവും പലപ്പോഴും അധികാരത്തിലിരിക്കുന്നവർക്ക്‌ ഒത്താശചെയ്യുന്നുവെന്ന ആക്ഷേപങ്ങൾ ഉയർന്നപ്പോൾപോലും, ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്നത്‌ നീതിപീഠത്തെയായിരുന്നു. പക്ഷേ, ഇപ്പോൾ നീതി പീഠത്തെപ്പറ്റികേൾക്കുന്ന വാർത്തകളും ആ പ്രതീക്ഷയും അസ്‌ഥാനത്താണെന്ന്‌ ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടത്തിന്റെ സ്വാധീനവും അത്‌വഴി അഴിമതിയും അവിടെയും പടർന്നുകയറിയിരിക്കുന്നു. കൊലപാതകവും ഭവനഭേദനവും ആളെതട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അധികാരസ്വാധീനമുപയോഗിച്ച്‌ സ്വത്ത്‌ സമ്പാദിക്കലും – എന്നുവേണ്ട ഏതതിക്രമം കാട്ടിയാലും യഥാർത്ഥ പ്രതികൾക്ക്‌ രക്ഷപ്പെടാനുള്ള വഴികളാണ്‌ ജുഡീഷ്യറിയിലെ അപചയങ്ങളിലൂടെ തെളിഞ്ഞുവരുന്നത്‌.

ഇതൊക്കെ കാണാനും കേൾക്കാനും ഇടയാകുമ്പോൾ പുറം രാജ്യങ്ങളിലെ സ്‌ഥിതിയാണ്‌ ഇൻഡ്യയെപ്പോലുള്ള ഒരു രാഷ്‌ട്രത്തിന്‌ മാതൃകയാവുക എന്ന്‌ വരെ പറയേണ്ടിയിരിക്കുന്നു. അറബ്‌ രാജ്യങ്ങളിൽ പലയിടത്തും ആഫ്രിക്കൻ മേഖലയിലും ഇപ്പോൾ നടമാടുന്ന ജനപ്രക്ഷോഭങ്ങളിലൂടെ, വർഷങ്ങളോളം പട്ടാളഭരണത്തിലും സേഛ്വാധിപതികളുടെ തേർവാഴ്‌ചയിലും വീർപ്പുമുട്ടിയിരുന്ന ജനങ്ങൾ സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. തുടക്കം ഈജിപ്‌റ്റിൽ നിന്നാണ്‌. മുപ്പത്‌ വർഷത്തോളം ഏകഛക്രാധിപതിയായി വാണിരുന്ന – പട്ടാളത്തെയും നീതിന്യായ വ്യവസ്‌ഥകളെയും കാൽക്കീഴിലാക്കിയിരുന്ന ഭരണത്തലവൻ മുബറക്കിന്‌ ഉദ്ദേശം 20 ദിവസത്തോളം നീണ്ട ജനപ്രക്ഷോഭത്തെ തുടർന്ന്‌ പലായനം ചെയ്യേണ്ടി വന്നു. അടുത്ത ഊഴം ടുണീഷ്യയിലായിരുന്നു. അവിടെയും പ്രക്ഷോഭം വിജയിച്ചുവെന്നായപ്പോൾ ആ വഴി ഇപ്പോൾ മൊറൊക്കോ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും ഏറ്റെടുത്തിരിക്കുന്നു. സംഘടിത ശക്തികൾക്ക്‌ ഒരു സാദ്ധ്യതയുമില്ലെന്ന്‌ കരുതിയിരുന്ന ബഹ്‌റനിലും ജനങ്ങൾ പ്രക്ഷോഭത്തിന്റെ പാതയിലാണ്‌. വാർത്താമേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയും പുറം രാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള ഫോൺ – ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിഛേദിച്ചും പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണാധികാരികൾ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്‌. ഇനി എത്രനാൾ എന്ന്‌ മാത്രമേ നോക്കേണ്ടതുള്ളു. ഈ പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ പട്ടാളവെടിവയ്‌പിലും ടാങ്കുകളുപയോഗിച്ചുള്ള അടിച്ചമർത്തലിലും മരിച്ചവരുടെ എണ്ണം ലിബിയയിൽ ആയിരത്തിന്‌ മേലെ വന്നെങ്കിലും മറ്റുളളിടത്തെല്ലാം നൂറിന്‌മേലെ മാത്രമേ വന്നുളളു. പ്രക്ഷോഭം കഴിയുമ്പോൾ ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെങ്കിലും സാധാരണ പട്ടാളം തെരുവിലിറങ്ങി പ്രക്ഷോഭകാരികളെ നേരിടുമ്പോൾ സംഭവിക്കാവുന്ന വലിയ തോതിലുള്ള നരഹത്യ ഇവിടൊന്നും ഉണ്ടായിട്ടില്ല എന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.

ഗാന്ധിജി ഇൻഡ്യയിൽ നടപ്പാക്കിയ അഹിംസയിലൂന്നിയുള്ള പ്രക്ഷോഭമാണ്‌ ഇവിടൊക്കെ നടന്നത്‌ എന്ന്‌ പറയാനാവില്ലെങ്കിലും ഇൻഡ്യൻ സ്വാതന്ത്ര്യസമരം ഇവിടൊക്കെ മാർഗ്ഗദർശകമായിരുന്നുവെന്ന്‌ കണക്കാക്കാവുന്നതാണ്‌. ലോകത്തെവിടെയുമുള്ള പട്ടാളഭരണവും ഏകാധിപത്യവാഴ്‌ചകളും ഒന്നൊന്നായി ജനകീയ പ്രക്ഷോഭങ്ങളിലൂടെ കടുത്ത ഭീഷണി നേരിടുമ്പോൾ -ഇൻഡ്യയിലെ ഇന്നത്തെ അവസ്‌ഥ ഏറെ ശോചനീയമാണെന്ന്‌ പറയേണ്ടിയിരുന്നു.

അരാജകത്വം എല്ലാരംഗത്തും കൊടികുത്തി വാഴുമ്പോഴും അത്യന്തികമായ വിജയം ജനാധിപത്യത്തിന്‌ തന്നെയാണെന്ന്‌ തറപ്പിച്ച്‌ പറയാൻ കഴിയും. മറുനാടുകളിലെ ജനകീയ പ്രക്ഷോഭങ്ങൾ ഇൻഡ്യയിലെ ഇന്നത്തെ അവസ്‌ഥയ്‌ക്ക്‌ കാരണമാക്കിയവർക്ക്‌ ഒരു താക്കീതാണ്‌.

Generated from archived content: edito1_feb28_11.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here