സമരം -ജനങ്ങൾ കാണേണ്ടത്‌

കേരള ജനതയുടെ മാനസികനില അപകടം പിടിച്ച ഒന്നുതന്നെ. പ്രശ്‌നങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാതെ പുറമെ പറ്റിപിടിച്ചിരിക്കുന്ന മാറാലകൾ തട്ടികളയുക മാത്രമേ നാം ചെയ്യുകയുളളൂ. സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തിനെതിരെയുളള ജനങ്ങളുടെ പ്രതിക്ഷേധനിലപാടും ഇത്തരത്തിലുളള മാറാല തട്ടിക്കളയലാണ്‌. ഇവരാരും ഭിത്തികളെ പൂർണമായും നശിപ്പിക്കുന്ന ചിതലുകളെയും ഇടിഞ്ഞുവീഴാറായ മേൽക്കൂരയേയും കാണുന്നില്ല.

സമരം ആർക്കെതിരെ?സർക്കാരിന്‌ ഉത്തരമുണ്ട്‌. ജനങ്ങൾക്കെതിരെ. ജനങ്ങൾ ആർക്കെതിരെ എന്നതിന്‌ ജനങ്ങൾക്കും ഇന്ന്‌ ഉത്തരമുണ്ട്‌. ജീവനക്കാർക്കെതിരെ. ഇവിടെ കൈകെട്ടി പല്ലിളിച്ചുനില്‌ക്കുകയാണ്‌ സർക്കാർ.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്നതുശരിതന്നെ. ഈ പ്രതിസന്ധിക്ക്‌ ഏക പരിഹാരമാർഗ്ഗം ജീവനക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കുക മാത്രമാണോ? ആണെന്ന്‌ ആന്റണി പറയുകയാണെങ്കിൽ നമുക്കിത്‌ ഇവിടെ വച്ചവസാനിപ്പിക്കാം. ആന്റണി പറയില്ല; ആന്റണിയല്ല ഏതു ദൈവംതമ്പുരാൻ മുഖ്യമന്ത്രിയായാലും ഇത്‌ പറയുവാൻ കഴിയില്ല. മാത്രവുമല്ല ആന്റണിയുടെ വികാരപ്രകടനം കണ്ടാൽ ജീവനക്കാർക്കു നല്‌കുന്ന ശമ്പളമാണ്‌ ഇതിനൊക്കെ കാരണം എന്നുവരെ തോന്നിപ്പോകും.

ഈ പ്രതിസന്ധികൾക്കൊക്കെ കാരണം ഒറ്റവാക്കിൽപറയുവാൻ കഴിയില്ല. മാറിമാറിവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളും നടപടികളും പിടിപ്പുകേടുകളും നാം വിശകലനം ചെയ്യേണ്ടിവരും. ആയിരക്കണക്കിന്‌ കോടി രൂപയുടെ നികുതി പിരിക്കാതെ കണ്ണടച്ചിരുന്നവരാണ്‌ നമ്മുടെ സർക്കാരുകൾ; കൊച്ചുകേരളത്തിന്‌ ഇരുപതു മന്ത്രിമാർ, കോടികൾ തുലച്ച മാനവീയം- അങ്ങിനെപോകുന്നു നമ്മുടെ സർക്കാരുകളുടെ ഡപ്പാംകൂത്തുകൾ. സർക്കാർ ആശുപത്രികൾപോലും സ്വകാര്യവത്‌കരിക്കാൻ ഒരുമ്പെടുന്നവരോട്‌ എന്തുപറയാൻ. ആഗോളവത്‌കരണത്തേയും, സ്വകാര്യവത്‌കരണത്തേയും കൊട്ടുംകുരവയും പൂത്താലവുമായി സ്വീകരിച്ചവർ ഇന്ന്‌ കുരങ്ങുചത്ത കുരങ്ങാട്ടിയെപ്പോലെ പിച്ചുംപേയും പറയുന്നത്‌ കാണുവാനും രസമുണ്ട്‌. കാർഷികമേഖലയുടേയും വ്യവസായമേഖലയുടേയും തകർച്ചയ്‌ക്കുമുന്നിൽ ദിക്കറിയാതെ നില്‌ക്കുകയാണ്‌ നമ്മൾ. ഇനിയുമുണ്ടാകും സാമ്പത്തികനില മെച്ചപ്പെടുത്താൻ സർക്കാരിന്റെ നിലപാടുകൾ. ഒടുവിൽ പച്ചവെളളംപോലും കുടിക്കാനാവാതെ ജനം നട്ടംതിരിയുമ്പോൾ ഒടുവിൽ ഒഴിഞ്ഞു കിടക്കുന്ന റേഷൻകടകൾവഴി ആത്‌മഹത്യ ചെയ്യാനാഗ്രഹമുളളവർക്ക്‌ വിഷവും ഇവർ നല്‌കും.

അതിനാൽ ഈ സമരം സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുളള സമരം മാത്രമാണ്‌ എന്നു കരുതുക വയ്യ. മറിച്ച്‌ സ്വാഭാവിക നീതി തരിമ്പും പോലുമില്ലാത്ത തീരുമാനങ്ങളെടുക്കുംമുമ്പ്‌ അത്‌ ബാധിക്കുന്നവരോട്‌ ഒരു വാക്കുപോലും പറയാത്ത ഒരു ഫാസിസ്‌റ്റ്‌ ഗവൺമെന്റിനെതിരെയുളള സമരമായി കരുതണം. അല്ലെങ്കിൽ നാളെ റിട്ടയർ ചെയ്‌തവർക്ക്‌ പെൻഷൻ എന്നൊന്ന്‌ ഉണ്ടാവില്ല; വിധവാപെൻഷനും, തൊഴിലില്ലായ്‌മവേതനവും കേട്ടുകേൾവി മാത്രമായിരിക്കും… അങ്ങിനെ ഒടുവിൽ സർക്കാരിന്റെ ബ്ലേഡ്‌ ഘടിപ്പിച്ച വിരലുകൾ പാവപ്പെട്ടവന്റെ ചില്ലറകിടക്കുന്ന പോക്കറ്റിലേക്ക്‌ നീങ്ങും. ജനം സംഘടിക്കണം. കൈകൂലിവാങ്ങുന്ന സർക്കാർ ജീവനക്കാർക്കുനേരെ, അഴിമതിക്കാരായ രാഷ്‌ട്രീയക്കാർക്കുനേരെ, നികുതികൊടുക്കാത്ത കച്ചവടക്കാർക്കുനേരെ. പിന്നെ മുൻപുംപിൻപും നോക്കാതെ പിടിപ്പുകേടുകൾ കാണിക്കുന്ന ഗവൺമെന്റുകൾക്കെതിരെ. അല്ലാതെ അർബുദത്തിന്‌ അമൃതാഞ്ജൻ പുരട്ടിയതുകൊണ്ടായില്ല…

Generated from archived content: samaram_edit.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here