പാലസ്തീൻ – ലോകത്തിന്റെ സമനില തെറ്റിക്കുമോ..?

പാലസ്തീൻ ലോകത്തിന്റെ കയ്‌പായി മാറിയിരിക്കുകയാണ്‌. ഇസ്രയേലിന്റെ ടാങ്കുകളും കവചിത വാഹനങ്ങളും പാലസ്തീന്റെ നഗരങ്ങളെ ഞെരിച്ചമർത്തുമ്പോൾ അത്‌ ലോകത്തിന്റെ നീറ്റലായി മാറുന്നു. ക്രിസ്‌തുവിന്റെ ജന്മസ്ഥലമെന്ന്‌ കരുതുന്ന ബത്‌ലഹേമിലെ ‘ചർച്ച്‌ ഓഫ്‌ നേറ്റിവിറ്റി’യും ഇസ്രായേൽ സേനയുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുകയാണ്‌. ഒരു ജനതയുടെ നിലനില്പുതന്നെ തകർത്തുകൊണ്ടുളള ഈ ആക്രമണം യാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല.

യാസർ അരാഫത്തിനെ പാലസ്തീനിൽ നിന്നും നാടുകടത്തണമെന്ന ഇസ്രായേൽ നിലപാട്‌, അമേരിക്ക തളളിക്കളഞ്ഞത്‌​‍്‌ പലരിലും ആശ്വാസമുയർത്തുന്നുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകൾ വിശ്വാസയോഗ്യമാണോ എന്ന്‌ പുനഃപരിശോധിക്കേണ്ടതുണ്ട്‌. എന്തെന്നാൽ ഇസ്രായേൽ ഇപ്പോൾ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കുമെന്ന്‌ അമേരിക്ക കരുതുന്നുണ്ടത്രേ. ഒപ്പം പാലസ്തീനിന്റെ ചാവേർ ആക്രമണങ്ങളെ പ്രതിരോധിക്കുകമാത്രമാണ്‌ ഇസ്രായേൽ ചെയ്യുന്നതെന്നും അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി കോളിൻ പവൽ വിശ്വസിക്കുന്നു. ഇത്തരം നപുംസകനിലപാടുകൾ അമേരിക്കയ്‌ക്ക്‌ മാത്രമേ എടുക്കുവാൻ കഴിയൂ. അമേരിക്കയുടെ കെട്ടിട സമുച്ചയങ്ങൾ തകർന്നുവീണപ്പോൾ കാരണക്കാരാരെന്ന്‌ ഒന്നന്വേഷിക്കുകപോലും ചെയ്യാതെ അഫ്‌ഗാന്റെ മണ്ണിലേക്ക്‌ ബോംബുവർഷിച്ച അമേരിക്ക, ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിരൂപമായ പാർലമെന്റിനെ പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ചപ്പോളെടുത്ത നിലപാടുകൾ നാം കണ്ടും കേട്ടും അറിഞ്ഞതാണ്‌. കുവൈറ്റിനെ ഇറാഖ്‌ ആക്രമിച്ചപ്പോൾ അലറിയെത്തിയ അമേരിക്കയുടെ ധാർമ്മികബോധം ഒരു രാഷ്‌ട്രത്തിന്റെ തലവനെ നശിപ്പിക്കാനും, ഒരു ജനതയെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഇസ്രായേലിനു നേരെ തിരിയാത്തത്‌ എന്തെന്ന്‌ മനസ്സിലാകുന്നില്ല. ഇസ്രായേലിനുനേരെ തിരിയുമ്പോൾ അമേരിക്കൻ ആയുധങ്ങൾക്ക്‌ പനിപിടിക്കുന്നുണ്ടോ എന്ന്‌ സംശയിക്കണം.

ഇനി ഈ ആക്രമണത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ ഏറെ ഭയപ്പെടേണ്ട ഒരുപാട്‌ സംഗതികൾ തെളിഞ്ഞു വരുന്നുണ്ട്‌. പാലസ്തീൻ മോചനത്തിനുളള പോരാട്ടത്തിൽ പങ്കെടുക്കാൻ പോരാളികൾക്ക്‌ അതിർത്തികൾ തുറന്നു കൊടുക്കാൻ അറബിരാജ്യങ്ങളോട്‌ ലിബിയൻ പ്രസിഡന്റ്‌ ഗദ്ദാഫി നടത്തിയ അഭ്യർത്ഥന അമേരിക്കയും മറ്റുലോകരാഷ്‌ട്രങ്ങളും യു.എന്നും വകതിരിവോടെ നോക്കിക്കാണേണ്ടതാണ്‌. ഇത്തരത്തിലുളള നിലപാടുകൾ പാലസ്തീൻ അനുകൂല അറബ്‌രാജ്യങ്ങളെടുത്താൽ ഈ ലോകം മുഴുവൻ യുദ്ധഭൂമിയാകുകതന്നെ ചെയ്യും.

ഒരുപാട്‌ സമാധാനനിർദ്ദേശങ്ങൾ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണുവാൻ ഉയർന്നുവരുന്നുണ്ട്‌. ഇതിൽ സൗദിയുടെ സമാധാന കരടുരേഖ ഏറെ പ്രതീക്ഷയുയർത്തുന്നതാണ്‌. എങ്കിലും ഇസ്രായേൽ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുമോ എന്നതിന്‌ സാധ്യത കുറവാണ്‌.

പാലസ്തീൻ ഇസ്രായേലിനുനേരെ നടത്തുന്ന ഭീകരപ്രവർത്തനത്തെ അംഗീകരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്‌. അത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കേണ്ടതുതന്നെയാണ്‌. കേവലമായ പരസ്പരാക്രമണത്തിലൂടെ ഇത്തരം രാഷ്‌ട്രീയപ്രശ്‌നങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക സാധ്യമായ ഒന്നല്ല. ഇസ്രായേലിൽ പാലസ്തീൻ ഭീകരർ നടത്തുന്ന ആക്രമണവും അപലപനീയംതന്നെ. അതിന്‌ പരിഹാരം കാണേണ്ടത്‌ സമാധാനപരമായ ചർച്ച എന്ന ആയുധം കൊണ്ടായിരിക്കണം. ലോകം ഇതിനൊപ്പം നില്‌ക്കുകതന്നെവേണം, ഒപ്പം അമേരിക്കയും. ലോകഭിപ്രായം മാനിക്കാതെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണം പ്രാകൃതമായ എന്തിനെയൊക്കെയോ ഓർമ്മിപ്പിക്കുന്നു. ഇത്തരം നിലപാടുകളെ എതിർത്തേ മതിയാകൂ. കാരണം ഇത്‌ പാലസ്തീനും ഇസ്രായേലും തമ്മിലുളള കലഹം മാത്രമല്ല, മറിച്ച്‌ ലോകത്തിന്റെ സമനില തെറ്റിക്കുന്ന പൊട്ടിത്തെറികളാണ്‌. ലോകസമൂഹം പാലസ്തീനൊപ്പം നില്‌ക്കണമെന്ന്‌ പറയുകവയ്യ. എങ്കിലും സമാധാനത്തിനൊപ്പം നിന്നേ മതിയാകൂ….

Generated from archived content: palasthin.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English