നാമം ഓണാഘോഷം ന്യൂജേഴ്സിയില്‍

പ്രവാസി ലോകത്തിനും ഒന്നും അന്യമല്ല എന്ന് തെളിയിച്ചുകൊണ്ട് നാമത്തിന്റെ നേതൃത്വത്തിലും ഇത്തവണ ഓണാഘോഷം അരങ്ങേറി, കേരളീയതയുടെ എല്ലാ പകിട്ടോടുംകൂടി.

സെപ് റ്റംബര്‍ 22-ആം തീയതി രാവിലെ ചെണ്ടമേളത്തോടെ , അണിഞ്ഞൊരുങ്ങിയ ബാലികമാരുടെയും മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലിമന്നനെ അവര്‍ വരവേറ്റു. നാമത്തിന്റെ (നായര്‍ മഹാമണ്ഡലം ആന്റ് അസോസിയേറ്റഡ് മെംബേഴ്സ് ) പ്രസിഡന്റ് ശ്രീ മാധവന്‍ നായരും മറ്റ് അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇങ്ങ് കൊച്ചു കേരളത്തില്‍ മാവേലി തമ്പുരാന്‍ നാടുവാണ കാലത്തിന്റെ മഹിമകളെ ഉണര്‍ത്തി അവര്‍ ഒന്നു ചേര്‍ന്ന് – മാവേലി നാടു വാണീടും കാലം… എന്ന ഗാനം വേദിയില്‍ ആലപിച്ചു.

അഞ്ജലി ഹരിഹരനും സംഘവും കൈതൊഴാം കൃഷ്ണാ… എന്ന പദം പാടി അവതരിപ്പിച്ച തിരുവാതിരകളി എല്ലാവരുടെയും മനം കവര്‍ന്നു. പുതു തലമുറയ്ക്ക് കേരളീയ സംസ്കാരത്തിന്റെ മഹത്വവും മാനവസാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. തുടര്‍ന്ന് നാമത്തിന്റെ സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. കുട്ടികളുടെ സംഗീതാലാപനവും ഗ്രൂപ്പ് ഡാന്‍സും ഗാനമേളയും വേദിയില്‍ അരങ്ങേറി. ഉച്ചയ്ക്ക് തനി കേരളീയ വിഭവങ്ങളോടുകൂടിയ ഗംഭീര സദ്യയും നടന്നു. മറ്റു സംഘടനകളില്‍നിന്നും വ്യത്യസ്തമായി നാമം ഇത്തവണ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കസേരകളിയും, നാരങ്ങയും സ്പൂണും, വടം വലിയും ഗൃഹാതുരതയോടെ ഏവരും ആസ്വദിച്ചു. വൈകുന്നേരം വിജയികള്‍ക്ക് സമ്മാനവും കൂടാതെ സര്‍പ്രൈസ് ഗിഫ്റ്റുകളും വിതരണം ചെയ്തു. ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍പോലും വരും വര്‍ഷങ്ങളിലും പങ്കെടുക്കും എന്ന ആഗ്രഹം പ്രകടിപ്പിച്ച് നിറ മനസ്സോടെയാണ് മടങ്ങിയത്. നാമം പ്രവര്‍ത്തകരുടെ മൂന്നു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഇത്തവണത്തെ വര്‍ണ്ണശബളമായ ഓണാഘോഷം.

Generated from archived content: news1_sep29_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here