ഇന്ത്യ ഇന്ന് പ്രതിസന്ധികളുടെ ഏറ്റവും കൈപ്പുനിറഞ്ഞ ദിനങ്ങളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളും, സാമ്പത്തിക തകർച്ചയും ഇന്ത്യയെ കൂടുതൽ ദുർബലമാക്കുന്നു. ഒപ്പം അടിക്കടി നടക്കുന്ന വർഗ്ഗീയ-രാഷ്‌ട്രീയ കലാപങ്ങൾ ഇതിന്റെ ആക്കം കൂട്ടുന്നു. ഈ ദുരിതകാലത്തിൽ ജീവിക്കുന്ന ഭാരതീയർക്ക് വേദനയോടെ ഈ കലാപങ്ങളിൽ പക്ഷം പിടിക്കുക മാത്രമെ കഴിയൂ.
കലാപം ചെയ്യുക എന്നത് ഹീനമായ ഒന്നാണെന്ന് കരുതുക വയ്യ (കലാപം എന്ന വാക്കിനെ ഏക അർത്ഥത്തിലെടുക്കാതിരുന്നാൽ നന്ദി). ഒരു കലാപകാരിയുടെ മനസ്സ് അഥവാ പ്രതിഷേധിക്കുന്നവന്റെ മനസ്സ് മാറ്റം ആഗ്രഹിക്കുന്ന ഒന്നാണ്. മനുഷ്യകുലത്തിന്റെ വളർച്ചയുടെ ചരിത്രം, ഉളളിലൊതുക്കിയതും പുറമെ പ്രകടിപ്പിച്ചതുമായ കലാപങ്ങളുടേതാണ്. ഇന്നും നാം പ്രകൃതിയോട് കലാപം ചെയ്യുകയാണ്; മറഞ്ഞിരിക്കുന്ന സത്യങ്ങളോട് കലാപം ചെയ്യുകയാണ്. അംഗീകരിക്കാൻ കഴിയാത്ത സാമൂഹ്യ നിലപാടുകളോട് കലാപം ചെയ്യുകയാണ്. ഓരോ നിമിഷവും നാം നമ്മോട് തന്നെ കലാപം ചെയ്യുകയാണ്. ഇതിലെല്ലാം ശരിയുടേയും തെറ്റുകളുടേയും വഴികളുണ്ട്. ഇതിൽ തെറ്റേത്, ശരിയേത് എന്ന് തെരഞ്ഞെടുക്കാനുളള കഴിവ് നേടിയെടുക്കുകയാണ് ഒരു മനുഷ്യനെന്ന നിലയിൽ ഒരുവൻ ചെയ്യേണ്ടത്.
ഗുജറാത്തിലെ തീവണ്ടി ദുരന്തത്തോടനുബന്ധമായി നാനൂറ്റിഅൻപതോളം ജീവനാണ് നഷ്‌ടപ്പെട്ടത്. ഇതിലേറെയും നിരപരാധികളാണെന്നുളളതിൽ തർക്കമില്ല. ഈ സംഭവത്തെയും കലാപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവിടെയും പരസ്പരം കലഹിക്കുന്ന രണ്ട് കൂട്ടങ്ങളുണ്ട്. എങ്കിലും ഇവിടെ ശരിയെ തെരഞ്ഞെടുക്കുക എന്നത് സാധ്യമായ ഒന്നല്ല. കാരണം ഒരു മൂന്നാമന്റെ കാഴ്‌ചപ്പാടിൽ ഇവർ രണ്ടുകൂട്ടരും തെറ്റിന്റെ ഭാഗത്തെ ന്യായീകരിക്കുന്നവരാണ്. അതിനാൽ ഒരു മൂന്നാം കക്ഷിയുടെ കാഴ്‌ചപ്പാടിൽ പരസ്പരം പോരാടുന്ന ഇവർ ഒന്നാണെന്ന് കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ഇവർ അന്യോന്യം കലാപം ചെയ്യുന്ന ഒരേ തൂവൽപക്ഷികളായി കരുതാം. ഇതിന്റെ അർത്ഥം അവരിൽ ആരു വിജയിച്ചാലും കിട്ടുന്ന ഉത്തരം ഒന്നുതന്നെയായിരിക്കും എന്നതാണ്. ആ ഉത്തരം സംസ്‌കാരമുളള ഒരു ജനതയ്‌ക്ക് ചേർന്ന ഒന്നാകാൻ സാധ്യതയില്ല. നമ്മെ പിന്നോട്ടടിപ്പിക്കുന്ന ഇവരെ ഒന്നായി കണ്ടുകൊണ്ട് ഇവർക്കെതിരെ ശരിയുടെ മാർഗ്ഗത്തിലുളള ഒരു സാംസ്‌കാരികകലാപം ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്; ഈ രാജ്യത്തിന്റെ ആവശ്യമാണ്.
ഇനി ഗുജറാത്ത് സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തെ ഒന്നു പരിശോധിച്ചാൽ കാണുന്ന ചിത്രം ഏറെ വേദനാജനകമായതാണ്. തിരുവനന്തപുരത്ത് ഹർത്താലനുകൂലികൾ നടത്തിയ കല്ലേറിൽപ്പെട്ട് നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. തലശ്ശേരിയിൽ രണ്ട് യുവാക്കൾ വെട്ടേറ്റു മരിച്ചു. നാടെങ്ങും കല്ലേറുകളും നടന്നു. ഇതെല്ലാം ചെയ്‌തത് ശക്തമായ രാഷ്‌ട്രീയ-മത ആശയങ്ങൾ ഉൾകൊളളുന്നവരായിരിക്കണമെന്നില്ല. മറിച്ച് ശരിയായ സാംസ്‌കാരിക വളർച്ചയെത്താത്ത ഒരു കൂട്ടം ആളുകളുടെ പ്രവർത്തനഫലമാണെന്ന് കരുതാം. എന്തുകൊണ്ട് ഈ തലമുറ ഇത്തരം വൈകൃത കലാപകാരികളായി മാറുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ അലയൊലികൾ അടങ്ങിയതിനുശേഷം വ്യക്തമായ ഒരു സാംസ്‌കാരിക വളർച്ചനേടാൻ കേരളത്തിനു കഴിഞ്ഞില്ല എന്ന് നിസ്സംശയം പറയാം. അന്നത്തെ നവോത്ഥാനനായകർ ജാതിയുടേയും വിലകുറഞ്ഞ രാഷ്‌ട്രീയത്തിന്റേയും ചില്ലുകൂട്ടിലെ പ്രതിമകളായി മാറിയത് നാം ഇന്ന് കാണുന്നുണ്ട്. പേരുകേട്ട പുരോഗമന പ്രസ്ഥാനങ്ങൾ ഇന്ന് ആക്രമികളെ വളർത്തുന്ന സ്ഥാപനങ്ങൾ മാത്രമായി തങ്ങളുടെ പ്രവർത്തനങ്ങൾ ചുരുക്കുന്നു. ഒപ്പം നയിക്കേണ്ടവർ ചെയ്യുന്ന വൃത്തികേടുകൾ പുതിയ തലമുറയെ പിഴച്ച വഴികളിലേയ്‌ക്ക് നയിക്കുന്നു. ഇന്ന് കേരളത്തിൽ ആദരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തെ ഉയർത്തികാണിക്കുവാൻ കഴിയില്ല എന്ന സത്യം നമ്മുടെ വേദനയായി മാറുന്നു.
സമൂഹത്തിലെ ഇത്തരം വിഷവൃക്ഷങ്ങൾക്കെതിരെയാണ് കലാപത്തിന്റെ കൂട് തിരിയേണ്ടത്. ഇത്തരം കലാപങ്ങൾക്ക് ചോരയുടെ ചൂരും വാളുകളുടെ തിളക്കവും വെടിമരുന്നിന്റെ നീറ്റലുമുണ്ടാവില്ല. ഇത് ശരിയുടെ പക്ഷത്തുനിന്നുളള കലാപമായിരിക്കും.
അയോധ്യയിൽ ക്ഷേത്രമോ പളളിയോ എന്തുതന്നെ ഉയർന്നാലും മനുഷ്യമനസ്സുകളിൽ പതിഞ്ഞ കറകളെ കഴുകികളയാനാവില്ല. ഇത്തരം കറകൾ തുടച്ചുനീക്കുന്ന കലാപങ്ങളിൽ പങ്കെടുത്ത് നമുക്ക് ശരിയുടെ ഭാഗത്തുനില്‌ക്കാം.
Generated from archived content: nam_kalapam.html Author: editor
Click this button or press Ctrl+G to toggle between Malayalam and English