“തന്റെ പുരയിടത്തിലെ അതിപുരാതനവും ജിർണിച്ചതുമായ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ട് വാണിയന്നൂരിലെ നെടിയേടത്ത് ഹസ്സൻ ഹാജിയും കുടുംബവും രാഷ്‌ട്രത്തിനുതന്നെ മാതൃകയാകുന്നു.”
2002 ഏപ്രിൽ 9-ന് ചൊവ്വാഴ്‌ച ‘മാതൃഭൂമി’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “ക്ഷേത്രം കൈമാറി ഹസ്സൻ ഹാജി മാതൃകയായി” എന്ന റിപ്പോർട്ടിന്റെ ആദ്യ വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ അവസ്ഥയെ പറ്റിയും രൂപത്തെക്കുറിച്ചും വിശദമായിതന്നെ റിപ്പോർട്ടിൽ പറയുന്നുണ്ട്; ഒപ്പം ഹാജി ഇത് ഹിന്ദുക്കൾക്ക് നല്‌കാനുളള കാരണവും. ആരാധനയ്‌ക്കായി ആവശ്യപ്പെട്ട് ആരെങ്കിലും വരികയാണെങ്കിൽ അനുവാദം നല്‌കണമെന്ന് ഹസ്സൻ ഹാജിയുടെ പിതാവ് കുഞ്ഞാലി ഹാജി മരിക്കും മുമ്പ് പറഞ്ഞിരുന്നുവത്രെ.
ഒറ്റനോട്ടത്തിൽ യാതൊരപാകതയും ഇല്ലെന്ന് തോന്നിക്കുന്ന, ‘മാതൃഭൂമി’യിൽ വി.പത്‌മനാഭൻ എഴുതിയ ഈ റിപ്പോർട്ട് ഒന്നിരുത്തി വായിക്കേണ്ടത് ആവശ്യംതന്നെയാണ്. മാതൃഭൂമിയുടെ വർഗീയത ഒരുപക്ഷെ നമുക്ക് കാണുവാൻ കഴിഞ്ഞേക്കും. ക്ഷേത്രം വിട്ടുകൊടുത്ത് ഹസ്സൻഹാജിയും കുടുംബവും “ഈ രാഷ്‌ട്രത്തിന്” മാതൃകയാകുന്നു എന്നാണ് മാതൃഭൂമി പറയുന്നത്. അതായത് ഇത് പലരും മാതൃകയാക്കണം എന്ന് മാതൃഭൂമി കൃത്യമായിതന്നെ ഉദ്ദേശിക്കുന്നുണ്ട്.
ഇപ്പോൾ ഹസ്സൻഹാജി മാതൃഭൂമിയുടെ ഭാഷയിൽ ആരാധ്യപുരുഷനായി മാറി. ഹസ്സൻ ഹാജി ചെയ്‌തത് ഒരു നല്ല പ്രവൃത്തിതന്നെ. അത് തികച്ചും വ്യക്തിപരമായ കാര്യം മാത്രം. അടുത്ത സുഹൃത്തുക്കളോടും നാട്ടുകാരോടുമുളള സ്‌നേഹം ഹസ്സൻ ഹാജി ഇത്തരത്തിൽ കാണിച്ചതായി മാത്രം കരുതിയാൽ മതി. ഒരു റിപ്പോർട്ടിന് സാധ്യത ഇവിടെയുണ്ടെങ്കിലും, ഇത് രാഷ്‌ട്രത്തിന് മാതൃകയാകുന്നു എന്നെഴുതുമ്പോഴാണ് വി.പത്‌മനാഭന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത്. ബാബറി മസ്‌ജിദ് നിലനിന്ന സ്ഥലം അല്ലെങ്കിൽ രാമജന്മഭൂമി സ്വമനസ്സാലെ മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം എന്നുതന്നെയാണ് ഈ റിപ്പോർട്ടിൽ ഉദ്ദേശിക്കുന്നത്. അങ്ങിനെ മാത്രം മനസ്സിലാക്കുവാനെ ബുദ്ധിയുളള പത്രവായനക്കാരന് സാധിക്കുകയുളളൂ. എവിടെയെങ്കിലും ന്യൂനപക്ഷങ്ങൾ ചത്തുവീഴുമ്പോൾ നാലുകോളം വാർത്തയെഴുതി അപലപിച്ചതുകൊണ്ടായില്ല; ഹസ്സൻ ഹാജിയെക്കുറിച്ച് വന്നതുപോലുളള ഇത്തരം വാർത്തകൾക്കിടയിലൂടെ ‘മാതൃഭൂമി’യുടെ ഉളളിലിരിപ്പ് പുറത്താകുകതന്നെ ചെയ്യും.
Generated from archived content: hasan_edit.html Author: editor