ഇ.എം.എസ്‌; അണയാത്ത നക്ഷത്രം

ഇ.എം.എസ്‌ ഇല്ലാതെ കേരളം നാലുവർഷം പിന്നിട്ടിരിക്കുകയാണ്‌. 1998 മാർച്ച്‌ 19ന്‌ ഇം.എം.എസ്‌ അന്തരിച്ചതിനുശേഷം കേരള രാഷ്‌ട്രീയ-സാമൂഹികസ്ഥിതിയിലെ മാറ്റങ്ങളും; അത്തരം മാറ്റങ്ങളെ ഇ.എം.എസിന്റെ അസാന്നിദ്ധ്യം എങ്ങിനെ ബാധിച്ചുവെന്നും സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ട്‌.

മനുഷ്യനെ സംബന്ധിച്ച യാതൊന്നും ഇ.എം.എസ്സിന്‌ അന്യമായിരുന്നില്ല. കേരളീയ പൊതുസമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടാനും ദിശാബോധത്തോടെ സംവദിക്കാനും ഇ.എം.എസിന്‌ കഴിഞ്ഞിട്ടുണ്ട്‌.

സൈദ്ധാന്തികതയും പ്രായോഗികതയും തമ്മിലുളള ഇടച്ചിലുകൾ ലോകമാർക്സിസത്തിന്റെ എക്കാലത്തേയും പ്രതിസന്ധിയായിരുന്നു. കേരളീയ പശ്‌ചാത്തലത്തിൽ മാർക്സിസത്തിന്റെ ഈ രണ്ടു ധ്രുവങ്ങളെ സമന്വയിപ്പിക്കാൻ ഒരു വലിയ പരിധിവരെ ഇ.എം.എസിന്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ മറച്ചുപിടിക്കാനാവാത്ത സത്യമാണ്‌. മാർക്സിസ്‌റ്റ്‌ സൈദ്ധാന്തികതയുടെ സൂക്ഷ്മാംശങ്ങളോട്‌ ഗൗരവതരമായി സംവദിക്കുമ്പോൾതന്നെ രാഷ്‌ട്രീയപ്രയോഗമെന്ന നിലയിൽ അതിനെ ആറു പതിറ്റാണ്ടോളം നയിക്കാനും ഇ.എം.എസിന്‌ കഴിഞ്ഞു. പിന്നീട്‌ ഇ.എം.എസിന്റെ അഭാവം കേരളീയ മാർക്സിസ്‌റ്റ്‌ പ്രയോഗങ്ങൾക്ക്‌ വമ്പിച്ച പ്രതിസന്ധിയുണ്ടാക്കി. കാരണം ഇ.എം.എസിനു മാത്രമെ അങ്ങിനെ കഴിഞ്ഞിരുന്നുളളൂ എന്നും പിന്നീടാരും ആ വഴിയിലൂടെ കടന്നു പോകുകകൂടി ചെയ്തില്ല എന്നും നാം കരുതണം. ഏറ്റെടുക്കുന്ന സാമൂഹിക ഇടപെടലുകളെ സിദ്ധാന്തവത്‌ക്കരിക്കാൻ കഴിയാതെ, ഓട്ടപാത്രത്തിൽ ജലം നിറയ്‌ക്കുന്നതുപോലെ, എല്ലാ പ്രയോഗങ്ങളും ഒലിച്ച്‌ പോകുന്നതും തിരിച്ചടിക്കുന്നതും കേരളത്തിലെ മാർക്സിസ്‌റ്റ്‌ പാർട്ടിക്ക്‌ നിസ്സഹായതയോടെ ഇന്ന്‌ നോക്കിനില്‌ക്കേണ്ടി വരുന്നു.

ഇ.എം.എസ്‌ വിടവാങ്ങിയ സാമൂഹ്യപശ്‌ചാത്തലം മാർക്സിസത്തിലെ സൈദ്ധാന്തികവും പ്രായോഗികവുമായ നവീകരണങ്ങൾ ആവശ്യപ്പെടുന്ന ഒരു കാലമായിരുന്നു. പരിസ്ഥിതി, ദലിത്‌, സ്ര്തീ എന്നിങ്ങനെ സർവ്വവിധമായ സാമൂഹ്യഘടനകളിലും പിൻതിരിപ്പൻ ആശയങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം കേരളീയ സമൂഹത്തിൽ പ്രബലമാകുന്ന കാലമാണിത്‌ എന്ന മാർക്സിസ്‌റ്റ്‌ നിലപാടുകളോട്‌ ചേർന്നുകൊണ്ട്‌ നേർരേഖയിൽ ഇടപെടാൻ കേരളത്തിലെ മാർക്സിസ്‌റ്റ്‌ പാർട്ടിക്ക്‌ കഴിയുന്നില്ല എന്നത്‌ ഇ.എം.എസിന്റെ അസാന്നിധ്യവുമായി കൂട്ടി വായിക്കേണ്ടതാണ്‌. (ഇവിടെ സൂചിപ്പിച്ച മാർക്സിസ്‌റ്റ്‌ നിലപാടുകൾ ശരിയോ തെറ്റോ എന്ന്‌ മാറ്റിനിർത്തി ചർച്ചചെയ്യേണ്ട വിഷയമാണ്‌.)

ഇ.എം.എസ്‌ അവശേഷിപ്പിച്ചത്‌ ഒരു മരണം സമ്മാനിച്ച ശരീരപരമായ അസാന്നിധ്യമല്ല. മറിച്ച്‌ സൈദ്ധാന്തികമായ ജൈവീകതയാണ്‌. ആ ശൂന്യതയിലേക്ക്‌ പകരം വയ്‌ക്കുവാൻ ആര്‌ എന്ന ചോദ്യം ഇന്ന്‌ പ്രസക്തമല്ല. മറിച്ച്‌ അദ്ദേഹത്തിന്റെ ഓർമ്മകൾ വരുംകാലങ്ങളിലെ മാനുഷിക പ്രതിരോധത്തിന്റെ കാഴ്‌ചകളാവണം – ഇ.എം.എസിന്‌ ആദരാഞ്ജലികൾ…

Generated from archived content: ems.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here