പ്രത്യാശയുടെ ദിനങ്ങള്‍ അകലെയോ?

സോളാര്‍ പാനലില്‍ തട്ടി കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ഭരണമില്ലാത്ത അവസ്ഥയായിരുന്നു. നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും മഴക്കാല കെടുതികള്‍, ആരോഗ്യ പ്രശ്നങ്ങള്‍, ആദിവാസികളുടെ ഇടയിലെ ശിശുമരണം, കൃഷി നാശം, റോഡുകളുടെ ശോച്യവസ്ഥ, ഭക്ഷ്യ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ഇവയൊന്നും ശ്രദ്ധിക്കാന്‍ ഭരണകൂടത്തിനോ പ്രതിപക്ഷത്തിനോ സമയമില്ലാതെ പോയി. പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം പോലുള്ള സമരപരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ പേരില്‍ പിന്‍ വലിച്ചതിനാല്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

രാജ്യത്ത് രൂപയുടെ മൂല്യം ദിനം പ്രതിയെന്നോണം ഇടിയുന്നത് കൊണ്ടുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിലാണ്.

ഓണക്കാലത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജില്ലകള്‍ തോറും പഞ്ചായത്തുകളിലും നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ഓണക്കാല ഫെയറുകള്‍‍ ഫലവത്തായി മാറുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വിലവിവരപ്പട്ടിക അനുസരിച്ചുള്ള ഭക്ഷ്യ സാധങ്ങളും പച്ചക്കറികളും ഉത്ഘാടനത്തോടനുബന്ധിച്ചുള്ള ആദ്യ ദിവസങ്ങളില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീടവ കിട്ടാതെ വരുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഓണക്കാലത്തേക്കു വേണ്ടി അവയെല്ലാം കരുതല്‍ പോലെ നീക്കി വയ്ക്കുന്നത് കൊണ്ടാണ് ഇവ താല്‍ക്കാലികമായി ഇല്ലാതെ വരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന രഹസ്യമായ വ്യാഖ്യാനം. പച്ചക്കറികളില്‍ ഉള്ളിയുടേയും ബീന്‍സിന്റേയും വില അടിക്കടി വര്‍ദ്ധിച്ചു വരുന്നതായും ഫെയറുകളില്‍ അവയൊന്നും ലഭ്യമല്ലാതെ വരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ദ്ധിപ്പിച്ചതു മൂലം ഇന്‍ഡ്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കേരളത്തില്‍ അവ ലഭിക്കുമ്പോള്‍ ഇനിയും വിലകൂടാനാണു സാദ്ധ്യത.

ഇപ്പോള്‍‍ വിലക്കുറവില്‍ ലഭിക്കുന്ന ഏക ഭഷ്യവസ്തു ബി പി എല്‍ കാര്‍ഡുകള്‍ വഴി വിതരണം ചെയ്യുന്ന അരി മാത്രമാണ്. അത് പലപ്പോഴും കാര്‍ഡുടമകള്‍ സമയത്തിന് വരാത്ത ഇടങ്ങളില്‍ നിന്ന് റൈസ് മില്ലുകളിലേക്ക് മറിച്ചു വിറ്റ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ബ്രാന്‍ഡഡ് അരിയായി ഭീമമായ വിലക്ക് വില്‍ക്കുന്ന വാര്‍ത്തകളും വന്നു കൊണ്ടിരിക്കുന്ന വിവരം കഴിഞ്ഞ എഡിറ്റോറിയലില്‍ ഞങ്ങള്‍ സൂചിപ്പിച്ചതാണ്. അപൂര്‍വം ചിലയിടങ്ങളില്‍ കണ്ടു പിടിച്ച് കേസ്സാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ഈ പ്രക്രിയ നടക്കുന്നതായിട്ടാണ് ലഭ്യമായ വിവരം.

പച്ചക്കറികളുടെ പോലെ തന്നെ സസ്യേതര ഭഷ്യവസ്തുക്കള്‍ക്കും വിലക്കയറ്റം രൂക്ഷമാണ്. കോഴിയിറച്ചിയുടെ വിലക്കയറ്റം മൂലം കോഴിക്കച്ചവടക്കാര്‍ പ്രഖ്യാപിച്ച സമരം മൂലം ഇനി കുറെക്കാലത്തേക്ക് കോഴിയിറച്ചി ഇല്ലാതെയുള്ള ഭക്ഷണമായിരിക്കും വിളമ്പുക എന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഉടമകള്‍ തീരുമാനമെടുത്തു കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന കോഴികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയാണ് ഈ വിലക്കയറ്റത്തിനു കാരണമെന്നവര്‍ ചൂണ്ടീക്കാട്ടുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് മൂലം ടാക്സി ഓട്ടോ ബസ് നിരക്കുകള്‍‍ കൂട്ടണമെന്ന മുറവിളിയുമായി ആ രംഗത്തുള്ളവര്‍ വന്നു കഴിഞ്ഞു. സമര്‍ഥമായ ഭരണനേതൃത്വ ത്തിന്റെ അഭാവമാണ് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്കു കാരണമെന്ന് രത്തന്‍ ടാറ്റയേപോലുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ഇന്‍ഡ്യ സ്വതന്ത്രമായതിന്റെ 67- ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും പറഞ്ഞെങ്കിലും പൊതുജനം എന്നും ഭീതിയുടെ നിഴലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് എന്നാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്‍ന്ന് തിന്ന കല്‍ക്കരിപ്പാട അഴിമതിയും വാര്‍ത്താ വിനിമയ രംഗത്തെ 2 ജി സ്പ്ക്ട്രം അഴിമതിയും വഴി കോടിക്കണക്കിനു രൂപ രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് ചോരുമ്പോള്‍ അവയൊന്നും ഫലപ്രദമായി നേരിടാനോ നേടിയെടുക്കാനോ കഴിയാത്ത അവസ്ഥയില്‍ ജനങ്ങള്‍ ഭീതിദരായി തുടരേണ്ടി വരും. എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യക്ക് ഈ അവസ്ഥയും ഭാവിയില്‍ തരണം ചെയ്യാന്‍ കഴിയുമെന്നു പ്രത്യാശിക്കാം.

Generated from archived content: editorial1_sep03_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here