ധർമ്മ സങ്കടത്തിലാവുന്ന വോട്ടർമാർ

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാഷ്‌ട്രങ്ങളിലൊന്നായിട്ടാണ്‌ ഇന്ത്യയെ കണക്കാക്കുന്നത്‌. അഞ്ച്‌വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ്‌ വഴി പുതിയ ഭരണാധികരികളെ നിശ്ചയിക്കുന്ന പരിപാടി ലോകത്ത്‌ പലയിടത്തും നടക്കുന്നുണ്ടെങ്കിലും അത്‌ ഏറെക്കുറെ കുറ്റമറ്റരീതിയിൽ നടക്കുന്നത്‌ ഇന്ത്യയിൽ മാത്രമാണെന്നാണ്‌ വിലയിരുത്തൽ. അതിനേറ്റവും മികച്ച ഉദാഹരണമാണ്‌, സ്വാതന്ത്ര്യം പ്രാപിച്ച്‌ 10 വർഷത്തിനകം ലോകത്ത്‌തന്നെ ആദ്യമായി ബാലറ്റ്‌പെട്ടിയിലൂടെ അധികാരത്തിലേറിയ കേരള സംസ്‌ഥാനത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭ. ഇന്ത്യയിലെ മറ്റെല്ലാ സംസ്‌ഥാനങ്ങളിലും ഭരണക്ഷിയായിരുന്ന കോൺഗ്രസ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കേരളത്തിലെ സ്‌ഥിതി വിഭിന്നമായിരുന്നു. വീണ്ടും ലോകരാഷ്‌ട്രങ്ങളെ അത്‌ഭുതപ്പെടുത്തിയ സംഭവമായിരുന്നു., അടിയന്തിരാവസ്‌ഥയ്‌ക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്സ്‌ മന്ത്രിസഭയെ ന്യൂനപക്ഷമാക്കി, പ്രതിപക്ഷ സംഖ്യത്തെ വിജയിപ്പിച്ചത്‌. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പരാജയത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ പിന്നീട്‌ വന്ന അനൈക്യം ആ മന്ത്രിസഭയുടെ പതനത്തിലെത്തുകയും പിന്നെ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഇന്ദിരയുടെ നേതൃത്വതത്തിലുളള കോൺഗ്രസ്സ്‌ അധികാരത്തിലെത്തുകയും ചെയ്‌തു. ജനാധിപത്യപ്രക്രിയ സുഗമമായി നടക്കുന്ന ഒരു രാഷ്‌ട്രത്തിൽ മാത്രമേ ഈ മാതിരിയുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള വിധിയെഴുത്ത്‌ നടക്കുകയുള്ളു.

പക്ഷേ കറകളഞ്ഞതെന്ന്‌ പറയപ്പെടുന്ന ഈ ജനാധിപത്യ സംവിധാനത്തിലും ഇപ്പോൾ കളങ്കമേറ്റിരിക്കുന്നു. കോഴക്കൊടുക്കൽ – വാങ്ങൽ, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം തുടങ്ങിയ രാഷ്‌ട്രീയമായ അനാശാസ്യതകളും അനാചാരങ്ങളും ഇപ്പോൾ ചികിത്സിച്ചുമാറ്റാൻ വയ്യാത്തവിധംവലിയ ഒരർബുദമായി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ബാധിച്ചിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച്‌, തൊട്ടു പിന്നാലെ വന്ന തിരഞ്ഞെടുപ്പുമുതൽ ഇതിന്റെ തുടക്കം കുറിച്ചിരുന്നെങ്കിലും എഴുപതുകളുടെ മദ്ധ്യത്തോടെ അവ ക്രമാനുഗതമായി വളർന്ന്‌ വളർന്ന്‌ ഇനി ഏതൊരു ചികിത്സയും ഏൽക്കില്ല എന്ന നിലയിലായിക്കഴിഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ അലഹബാദ്‌ ഹൈക്കോടതി അസാധുവാക്കിയതിനെ മറികടക്കാൻ രാജ്യത്ത്‌ അടിയന്തിരാവസ്‌ഥ ഏർപ്പെടുത്തിയ സംഭവമായിരുന്നു, അതായിരുന്നു പ്രകടമായി ആദ്യമേറ്റ ആഘാതം. അടിയന്തരാവസ്‌ഥ പിൻവലിച്ച്‌ 1977 ൽ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും ജനാധിപത്യ പ്രക്രിയക്ക്‌ തുടക്കമിട്ടെങ്കിലും എൺപതുകളുടെ തുടക്കത്തോടെ ജനാധിപത്യമെന്നാൽ പണാധിപത്യമാണെന്നും, അധികാര ദുർവിനിയോഗവും അഴിമതിയും ലോകമെമ്പാടും വ്യാപിച്ച ഒരു പ്രതിഭാസത്തിന്റെ പ്രതിഫലനം മാത്രമാണെന്നു വ്യാഖ്യാനം നൽകി ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കത്തിന്‌ സാധുകരണം നൽകാൻ പ്രധാനമന്ത്രിയുൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ തയ്യാറായതോടെ, അഴിമതിയും സ്വജനപക്ഷപാതവും, അധികാരദുർവിനിയോഗവും രാജ്യമെമ്പാടും പടർന്നു തുടങ്ങി.

രാജ്യക്ഷേമത്തിന്‌ വേണ്ടി ഗവൺമെന്റ്‌തന്നെ നയമായി നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതികളിലൂടെ ക്ഷേമപ്രവർത്തനങ്ങൾക്ക്‌വേണ്ടി ഉപയോഗിക്കുന്ന പണം ഈ പ്രവർത്തനങ്ങളുടെ മറവിൽ ഇവ ക്ര്യം ചെയ്യുന്ന ഒരു മദ്ധ്യസ്‌ഥവർഗ്ഗം കൈക്കലാക്കാൻ തുടങ്ങിയതോടെ അഴിമതിയും സ്വജനപക്ഷപാതവും മറയില്ലാതെ ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയ്‌ക്കും പടർന്നു. ബീഹാറിലെ കാലിത്തീറ്റ കുംഭകോണം, മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയായിരുന്ന അന്തുലെയുടെ കാലത്തുണ്ടായ സിമന്റ്‌ കുംഭകോണം, ചേരിനിർമ്മാർജ്ജനത്തിനും, ഡാമുകൾക്കും വേണ്ടിയുള്ള പണം ചിലവഴിച്ചതിനെചൊല്ലിയുള്ള വിവാദങ്ങൾ – ഇവയിൽ ചിലത്‌ മാത്രമാണ്‌. മുമ്പ്‌ ഉദ്യോഗസ്‌ഥവർഗ്ഗം അനുഭവിചിരുന്ന കോഴപ്പണം അതിന്റെ പലമടങ്ങായിട്ടാണ്‌ രാഷ്‌ട്രീയ ദല്ലാളന്മാരുടെ കൈകളിലേക്കെത്തുന്നത്‌. ഉദ്യോഗസ്‌ഥവർഗ്ഗത്തെ പിണക്കാതിരിക്കാൻ അവരുയിടയിലെ കൈക്കൂലിയും കെടുകാര്യസ്‌ഥതയും ഭരണകൂടത്തിലിരിക്കുന്നവർ പലപ്പോഴും കണ്ടില്ലെന്ന്‌ നടിക്കുന്നു. ആദ്യമൊക്കെ വേൾഡ്‌ ബാങ്കിൽ നിന്നും മാത്രം ലഭിക്കുമായിരുന്ന പലപല ക്ഷേമപദ്ധതിക്ക്‌ വേണ്ടിയുള്ള വിദേശവായ്‌പ, ഉദാരവത്‌ക്കരണവും ആഗോളവത്‌ക്കരണവും അംഗീകൃത സമ്പ്രദായമായി മാറിയപ്പോൾ, വിദേശത്തുള്ള സ്വകാര്യ ബാങ്കുകളിൽ നിന്നും സംസ്‌ഥാന സർക്കാരുകൾക്ക്‌ വരെ ലഭിക്കുമെന്നായപ്പോൾ, അഴിമതിയുടെ വ്യാപ്‌തി ഒന്നും രണ്ടും കോടിയല്ല, നൂറുകണക്കിന്‌ എന്ന നിലയിലേയ്‌ക്ക്‌ വളർന്നു കഴിഞ്ഞു. അതോടൊപ്പം മുമ്പ്‌ വളരെ ദുർലഭമായി നടന്നിരുന്ന അക്രമവാസനകൾ – ആളെ തട്ടിക്കൊണ്ടുപോകൽ, ചേരി തിരിഞ്ഞുള്ള സമുദായ സംഘർഷങ്ങൾ, കൊലപാതകങ്ങൾ, ഭവനഭേദനങ്ങൾ, ബാലാസംഗം – ഇവ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു. അപൂർവ്വമായി വരുന്ന കേസുകൾ ഭരണകക്ഷിയിലെ ആൾക്കാർ ഉൾപ്പെട്ടതാണെങ്കിൽ ദുർബലമായ വകുപ്പുകൾ മാത്രം ചേർത്ത്‌ ചാർജ്ജ്‌ ചെയ്‌ത്‌ കോടതിയിലെത്തുമ്പോൾ രക്ഷപ്പെടാനുള്ള പഴുതുകൾ ഉള്ളതാക്കി മാറ്റുന്നു.

നമ്മുടെ ജനാധിപത്യ സംവിധാനത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു പാർലമെന്റിൽ ചില നിർണ്ണായക തീരുമാനങ്ങളെടുക്കുമ്പോഴും വിശ്വാസവേട്ടെടുപ്പവേളയിലും ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടി മെമ്പർമാരെ കോടിക്കണക്കിന്‌ രൂപ നൽകി, വശത്താക്കുന്ന

സംഭവം. നരസിംഹറാവുവിന്റെ കാലത്ത്‌ ജാർക്കണ്ടിൽ നിന്നുള്ള മുക്തിമോർച്ച മെംബർമാർക്ക്‌ കോഴകൊടുത്തു വശത്താക്കി ഭൂരിപക്ഷം തെളിയിച്ച കേസ്സ്‌ കെട്ടടങ്ങിയില്ല, അതിന്‌ തൊട്ടുപിന്നാലെയാണ്‌ ആണവകരാറിൽ ഒപ്പിടാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച്‌ പാർലമെന്റിലെ ഇടതുപക്ഷം ഗവൺമെന്റിനുള്ള പിൻതുണ പിൻവലിച്ചപ്പോൾ 2008 ജൂലൈ മാസത്തിൽ വിശ്വാസവോട്ടെടുപ്പ്‌ വേളയിൽ പ്രതിപക്ഷ കക്ഷികളിൽ പെട്ടവരെ വശത്താക്കാൻ വേണ്ടി കോടികളുടെ കോഴകൊടുത്ത വിവാദം ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങൾ കാണാനിടയായത്‌. കോഴപ്പണത്തിന്റെ സ്രോതസ്സ്‌ തെളിയിക്കാനാവാതെ പോയത്‌കൊണ്ട്‌ പാർലമെന്റിൽ കൊണ്ടുവന്ന പണം ഗവൺമെന്റിനു മുതൽക്കൂട്ടായി മാറി എന്നു മാത്രം. നമ്മുടെ ജനാധിപത്യത്തിനേറ്റ മുറിവിന്റെ ആഴം അവിടംകൊണ്ടു തീരുന്നില്ല. ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ ഇടഞ്ഞു നിന്നിരുന്ന പ്രതിപക്ഷത്തെ സമാജ്‌വാദി പാർട്ടി മെംബർമാരെ കൂടെക്കൊണ്ടുവരാൻ വേണ്ടി അവരുടെ നേതാവ്‌ മുലായംസിങ്ങ്‌ യാദവ്‌ യു.പി. മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം മരവിപ്പിക്കുകയാണുണ്ടായത.​‍്‌ എതിർപക്ഷത്ത്‌ നിലയുറപ്പിക്കുമെന്ന്‌ വ്യക്തമായപ്പോൾ ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി മായാവതിക്കെതിരെയുള്ള കേസ്‌ ഊർജ്ജിതമാക്കി.

ഇങ്ങ്‌ കേരളത്തിലും ഇതിന്റെ പ്രതിഫലനം കാണാം. പാമോലിൻ ഇറക്കുമതിയിലെ അഴിമതി, ബ്രഹ്‌മപുരം വൈദ്യുതി നിലയത്തെ സംബന്ധിച്ച അന്വേഷണം, ഇടമലയാർ പ്രോജക്‌ടുമായി ബന്ധപ്പെട്ട കേസ്സുകൾ ഇവയൊക്ക വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനമാകാതെ നീണ്ടുപോവുന്നതിന്‌ പിന്നാലെയാണ്‌ ഇപ്പോൾ ഏറ്റവും വലിയ വിവാദമായി മാറിയ ലാവ്‌ലിൻ കേസ്സ്‌ – ഉയർന്ന്‌വന്നത്‌. ഇവയിലൊക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവർക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ എല്ലാവശത്തുനിന്നു മുയരുമ്പോൾ, ഇവിടെ കറകളഞ്ഞ ജനാധിപത്യ സംവിധാനമുണ്ടെന്ന വാദത്തിനെന്തർത്ഥമാണുളളത്‌? ഇങ്ങനെയുള്ള അവസരത്തിൽ വരുന്ന തിരഞ്ഞെടുപ്പ്‌ നീതിയുക്തവും ന്യായയുക്തവുമാണെന്ന്‌ എങ്ങനെയാണ്‌ ഒരു സാധാരണക്കാരൻ വിലയിരുത്തുക.

ഇപ്പോൾ സ്‌ഥാനാർത്ഥികളായി പ്രഖ്യാപിച്ച ഇന്ത്യയൊട്ടാകെയുള്ള എല്ലാ പാർട്ടികളുടെയും പേരുകൾ പരിശോധിക്കുമ്പോൾ – പലരും വധശ്രമമുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായവരാണെന്ന്‌ കാണാം. കേസ്സ്‌ പൂർത്തിയായിട്ടില്ലാത്തതിനാൽ മത്സരരംഗത്തേയ്‌ക്ക്‌ വരാൻ കഴിയുന്നെന്ന്‌ മാത്രം. ഈ ലിസ്‌റ്റിൽ കോൺഗ്രസ്സ്‌, സമാജ്‌വാദിപാർട്ടി, ബഹ്‌ജൻ സമാജ്‌വാദിപാർട്ടി, രാഷ്‌ട്രീയ ജനതാദൾ, ജനതാദൾ, ഇടതും വലതുമായ കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ – ഇവയിൽ പെട്ടവരെക്കെയുണ്ട്‌. ഇവരെയൊക്കെയാണ്‌ വോട്ടർമാർ തിരഞ്ഞെടുക്കേണ്ടത്‌.

ഈ സമയത്താണ്‌ നമ്മുടെ രാഷ്‌ട്ര പിതാവിന്റെ കണ്ണടയും പാദരക്ഷയുമുൾപ്പെട്ട ഭൗതിക വസ്‌തുക്കൾ കൈമോശം വരാതെയിരിക്കാനുള്ള ഗവൺമെന്റ്‌ ശ്രമം പരാജയപ്പെട്ടപ്പോൾ മദ്യരാജാവായ വിജയമല്ല്യ കോടികൾ മുടക്കി ലേലത്തിൽ പിടിച്ച്‌ വിദേശത്ത്‌ നിന്നും ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നത്‌ വലിയൊരു വിവാദമായി മാറിയിരിക്കുക്കന്നത്‌. മദ്യം വർജ്ജിക്കണമെന്ന്‌ ജീവിതകാലം മുഴുവൻ ആഹ്വാനം ചെയ്‌ത ഒരുയുഗപുരുഷനാണ്‌ ഇങ്ങനൊരു ദുഃഖകരമായ പരിവേഷം വന്നുപെട്ടിരിക്കുന്നത്‌. പുതിയ തലമുറകരുതുക, ഗാന്ധിജി മുമ്പൊരു മദ്യവ്യാപാരിയായിരുന്നവെന്നാണ്‌. അല്ലെങ്കിലും ‘ഗാന്ധി’ എന്നപേർ സ്വന്തമാക്കി, മഹാത്മജിയുടെ പിൻതലമുറക്കാരാണ്‌ തങ്ങളെന്ന്‌ കബളിപ്പിച്ച്‌ കൊണ്ടിരിക്കുന്നവർ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ തലപ്പത്തുള്ളപ്പോൾ മഹാത്മജി ഇതെല്ലാം കണ്ട്‌, ഈ നാടിന്റെ ദുർഗതിയോർത്ത്‌ വിലപിക്കുന്നുണ്ടാവും.

തിരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാതിരിക്കാനുള്ള അവകാശം സമ്മതിദായകനുണ്ടെങ്കിലും വോട്ട്‌ എന്ത്‌കൊണ്ട്‌ ചെയ്യുന്നില്ല എന്ന അവകാശം വ്യക്തമാക്കാനുള്ള സംവിധാനം ഇലക്ഷൻ സമ്പ്രദായത്തിനില്ല. തിരഞ്ഞെടുത്തയക്കുന്ന അംഗങ്ങൾ അനുയോജ്യരല്ലെങ്കിൽ അവരെ മടക്കി വിളിക്കാനുള്ള അവകാശവും സമ്മതിദായകർക്കില്ല. കറകളഞ്ഞ ജനാധിപത്യ സമ്പ്രദായത്തിന്റെ ദോഷവശങ്ങൾ ഇനിയും ഏറിവരാനാണ്‌ സാദ്ധ്യത. ഇങ്ങനെയുള്ള ഘട്ടത്തിൽ പാവം വോട്ടർ – ആർക്ക്‌, എന്തിന്‌ എങ്ങനെ വോട്ടുചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ്‌.

Generated from archived content: editorial1_mar28_09.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English