ഭീകരാക്രമണങ്ങളും സ്‌ഫോടന പരമ്പരകളും നിരന്തരമെന്നോണം വേട്ടയാടിയ ഒരു വർഷമായിരുന്നു, കടന്ന് പോയത്. ആദ്യമൊക്കെ കാശ്‌മീരിലും പിന്നീട് പഞ്ചാബിലും കുറെക്കഴിഞ്ഞ് വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ചിലയിടത്തും മാത്രം ഒതുങ്ങി നിന്ന ഭീകരാക്രമണവും സ്‌ഫോടനപരമ്പരകളും ഇപ്പോൾ ഇൻഡ്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയ്‌ക്കും വ്യാപിച്ചു കഴിഞ്ഞു. എല്ല മതങ്ങളിലും രാഷ്‌ട്രീയ പാർട്ടികളിലും തീവ്രവാദപ്രസ്‌ഥാനക്കാർ സ്‌ഥാനമുറപ്പിച്ചു കഴിഞ്ഞു. അവരുടെ എണ്ണം കുറവായിരിക്കാം, പക്ഷേ, ഉന്നതാധികാര സ്‌ഥാനങ്ങളിൽ, ഒന്നോ രണ്ടോ പേർ കയറിപ്പറ്റിയാൽ മതി, വിലപേശാനുള്ള അവസരങ്ങൾ വന്നു ചേരുകയായി.
നമ്മുടെ ആരാധനാലയങ്ങളിൽ ചിലതെങ്കിലും ആയുധപരിശീലനകേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് ഇപ്പോൾ തെളിഞ്ഞു വന്ന കാര്യങ്ങളാണ്. അന്യമതസ്‌ഥരിൽ ചിലരെയെങ്കിലും ഉന്മൂലനം ചെയ്‌താൽ അവർക്ക് ലഭിക്കാൻ പോകുന്നത് ദൈവസാമിപ്യമാണെന്ന് പഠിപ്പിച്ച്‌വിടുന്നത് നാട്ടിൽ ചോരപ്പുഴയൊഴുകുവാനേ വഴിയൊരുക്കുവെന്നത് വിവിധമതങ്ങളിലെ ഉന്നതസ്‌ഥാനീയർക്ക് മാത്രമല്ല, മാറിമാറിവരുന്ന ഭരണാധികാരികൾക്കും അറിവുള്ള കാര്യങ്ങളാണ്. പക്ഷേ, വോട്ടുബാങ്ക് നഷ്‌ടപ്പെടുമോ എന്ന ഭയംമൂലം രാഷ്‌ട്രീയ നേതാക്കൾ കണ്ണടയ്‌ക്കുന്നു. ഭരണപ്രതിപക്ഷകക്ഷികളും നിഷ്‌ക്രിയത്വം പാലിക്കുന്നു. മാത്രമല്ല നമ്മുടെ നാട്ടിലെ ചില മതങ്ങളിലും രാഷ്‌ട്രീയ പാർട്ടികളിലും പെട്ടവർക്ക് കൂറ് ഈ നാടിനോടല്ല, അയൽ രാജ്യത്തോടാണോ എന്ന് സംശയിക്കേണ്ട അവസ്‌ഥയും വന്നുചേർന്നിട്ടുണ്ട്. ഭീകരവാദികളായ വളരെചുരുക്കം പേർക്ക് ഈ നാടിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച് നിർത്താനാവുമെന്നതിന് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമായിരുന്നു, ഇക്കഴിഞ്ഞ നവംബർ 26-ാം തിയതി മുബൈ നഗരത്തെ വിറപ്പിച്ച് നിർത്തിയ 10 ഭീകര പ്രവർത്തകരുടെ അഴിഞ്ഞാട്ടം. താജ് ഹോട്ടലിലും കൊളാബയിലെ ജൂതന്മാരുടെ കേന്ദ്രസ്‌ഥാനത്തുമായി നടത്തിയ കൊലപാത പരമ്പരകളിലൂടെ 60 മണിക്കൂർ മണിക്കൂർ നേരം കൊണ്ട് നഷ്‌ടമായത് ഇരുന്നൂറോളം പേരുടെ ജീവൻ. ഈ കൂട്ടക്കൊല നടത്തിയ പത്ത്‌പേർക്കും പാക്കിസ്‌ഥാനിലെ തീവ്രവാദട്രെയിനിംഗ് സെന്ററുകളിൽ നിന്ന് പരിശീലനം കിട്ടിയിരുന്നു. പാകിസ്‌ഥാൻ പൗരന്മാരായ പലരും അതിലുണ്ടായിരുന്നു. അവരുടെ ലക്ഷ്യം നമ്മുടെ സമ്പദ് വ്യവസ്‌ഥയെ തകർക്കുക എന്നതാണെന്നും തെളിഞ്ഞു കഴിഞ്ഞു. പത്തുപേരിൽ ഒരാളെ ജീവനോടെ പിടികൂടാനായതോടെയാണ്, ചോദ്യം ചെയ്യലിലൂടെ ഈ വസ്‌തുതകൾ വെളിച്ചത്ത് വന്നത്.
ഈ പത്ത് പേരും കറാച്ചിയിൽ നിന്നു കടൽമാർഗ്ഗം മുബൈയിലെത്തുകയായിരുന്നുവെന്ന് തെളിഞ്ഞതോടെ നമ്മുടെ സുരക്ഷാ സംവിധാനത്തെപ്പറ്റിയും, വിവരം വളരെ നേരത്തെ തന്നെ ഇന്റലിജൻസ് ഏജൻസിവഴി അറിഞ്ഞിട്ടും നിഷ്‌ക്രിയത്വം പാലിച്ച കേന്ദ്രസംസ്‌ഥാന ഭരണകൂടങ്ങളെപ്പറ്റിയും ഭയാശങ്കകളോടെ മാത്രമേ നോക്കികാണാനാവൂ. മതങ്ങളും രാഷ്‌ട്രീയപാർട്ടികളും പയ്യെപ്പയ്യെ തീവ്രവാദികളായി മാറുന്ന ചുരുക്കം പേരുടെയെങ്കിലും സ്വാധീനത്താൽ തങ്ങളുടെ കടമകൾ മറക്കുകയാണോ? അങ്ങനെ സംശയിക്കേണ്ട അവസ്‌ഥയാണിപ്പോൾ.
ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ച ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇൻഡ്യയും പെട്ടുവെന്നതാണ് ഈക്കഴിഞ്ഞ വർഷം നമ്മൾ നേരിട്ട മറ്റൊരു വലിയ ദുരന്തം. അമേരിക്കയിലെ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് ഏറ്റ കനത്ത പ്രഹരത്തിൽ ബലിയാടുകളായിമാറിയത്. ഇവിടെ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്‌ഥാപനങ്ങളും ബാങ്കിംഗ് വ്യവസായമേഖലയുമാണ്. പാശ്ചാത്യരാജ്യങ്ങളിൽ – പ്രത്യേകിച്ച് അമേരിക്കയിൽ ജോലിയെടുക്കുന്ന നിരവധി അഭ്യസ്‌ഥ വിദ്യരായ ജീവനക്കാരുടെ ഭാവി ഇപ്പോൾ ത്രിശങ്കുസ്വർഗ്ഗത്തിലാണ്. അതിന്റെയൊക്കെ പ്രതിഫലനം കുറെയൊക്കെ ഗൾഫ് രാജ്യങ്ങളിലും ഇൻഡ്യയിലും പണിയെടുക്കുന്ന ലക്ഷ്യക്കണക്കിന് ജീവനക്കാരെയും ബാധിച്ചിരിക്കുന്നു. തൊഴിൽ നഷ്‌ടപ്പെടാനോ വേതനത്തിൽ കാര്യമായ കുറവ് സംഭവിക്കാനോ സാദ്ധ്യതയുള്ളവരുടെ എണ്ണം ഏറിന്നു. ഇതിനൊക്കെ പുറമെയാണ് ഇൻഡ്യയിലെ പല വൻകിട കോർപ്പറേറ്റ് സ്‌ഥാപനങ്ങളിലെയും ഭീമമായ തട്ടിപ്പുകൾ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത്. ‘സത്യം കംപ്യൂട്ടർ’ സ്‌ഥാപനം നിലനിന്നത് തന്നെ വൻതോതിൽ സാമ്പത്തിക ആസ്‌തികൾ പെരുപ്പിച്ച് കാട്ടിയായിരുന്നത്രെ. നിലനില്‌പ് സാദ്ധ്യമല്ല എന്നായപ്പോൾ മാത്രമാണ് ‘സത്യ’ത്തിന്റെ യഥാത്ഥ‘സത്യം’ നിരവധി കള്ളത്തരങ്ങളായിരുന്നു എന്നകാര്യം വെളിപ്പെടുത്തേണ്ടി വന്നത്. ഇപ്പോൾ ആസ്‌ഥാപനത്തിലെയും ആ സ്‌ഥാപനത്തെ ആശ്രയിച്ച് കഴിയുന്ന ചെറുകിട സ്‌ഥാപനങ്ങളിലെയും പതിനായിരക്കണക്കിന് ജീവനക്കാരുടെ ഭാവി ‘ദുരന്തസത്യമായി’ മാറുമോ എന്നത് കാണാനിരിക്കുന്നതേയുള്ളു. ഇൻഡ്യ പരമാധികാര റിപ്പബ്ലിക്കായിമാറിയിട്ട് 60 വർഷം പിന്നിടുമ്പോൾ ഓരോ ഭാരതീയനും അവനവന്റെ ഭാവിയെപ്പറ്റി ആശങ്കയോടെ മാത്രമേ നോക്കിക്കാണാനാവൂ. ഓരോരുത്തനും അവനവൻ വിശ്വസിക്കുന്ന മതം, രാഷ്‌ട്രീയം, ജോലിചെയ്യുന്ന സ്‌ഥാപനം -ഇവയെപ്പറ്റിയും അവനവവെനെപ്പറ്റിയും ഒന്ന് കൂലങ്കുഷമായി ചിന്തക്കേണ്ട അവസരമാണിപ്പോൾ.
Generated from archived content: editorial1_jan24_09.html Author: editor
Click this button or press Ctrl+G to toggle between Malayalam and English