ആം ആദ്മി ( സാധാരണ മനുഷ്യന്‍) അസാധാരണത്വത്തിന്റെ പടികള്‍ ചവിട്ടാന്‍ തുടങ്ങുമ്പോള്‍

‘ പൊതുജനം പാവം കഴുതകള്‍ ‘ !. ഇക്കാലത്ത് കഴുതകള്‍ പോലും ഈ ഫലിതം കേട്ട് ഊറിച്ചിരിക്കുന്നുണ്ടാവാം ! കാലങ്ങളായി മനുഷ്യമനസ്സിനെ അടക്കി ഭരിക്കുന്ന ദാസ്യ മനോഭാവത്തെ , ചില നിമിഷങ്ങളില്‍ , തന്റെ സ്വത്വത്തിനും , സ്വാതന്ത്ര്യത്തിനും ,കൂച്ചു വിലങ്ങിടുന്ന ശക്തികള്‍ക്കു മുമ്പില്‍ , വ്യക്തിയും സമൂഹവും രാജ്യവും തകര്‍ത്തെറിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ആ സ്വയാര്‍ജ്ജിത ശക്തി അനീതിയുടെയും അസമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ശക്തി ദുര്‍ഗ്ഗങ്ങളെ നിലം പരിശാക്കിക്കൊണ്ട് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

അഴിമതിയും അക്രമവും അനീതിയും ധൂര്‍ത്തും അതിന്റെ പിന്നാമ്പുറങ്ങളിലെ അശ്ലീലക്കഥകളും കൊണ്ട് മലീമസമായ വര്‍ത്തമാനകാല രാഷ്ട്രീയം , ഒരു ജനാധിപത്യരാജ്യമായ ഇന്ത്യക്ക് ഭൂഷണമല്ല. എല്ലാം മതങ്ങളും മനുഷ്യനന്മയെ പ്രകാശിപ്പിക്കുന്നൂ. സംശുദ്ധമായ മതത്തിന്റെ ഇടപെടല്‍ പരിപക്വമായ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശുന്നു . എന്നാല്‍ മതങ്ങള്‍ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയത്തെ കൂട്ടു പിടിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ സുതാര്യമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത വേഴ്ച ധാര്‍മ്മികത ലവലേശം പോലുമില്ലാത്ത കിരാതവും പൈശാചികവും ഉപഭോഗാസക്തവുമായ രാഷ്ട്രീയ പടപ്പുകളെ ജനിപ്പിക്കുന്നു. ഇത്തരക്കാരുടെ തേര്‍വാഴ്ച ഒരു രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരത്തേയും പാടെ നശിപ്പിക്കും. രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്ത, നിരക്ഷരരായ ജനങ്ങള്‍ പോലും ‘ ഇതെന്തൊരു നാണം കെട്ട രാഷ്ട്രീയം’ എന്നു പറഞ്ഞ് മൂക്കത്തു വിരല്‍ വയ്ക്കുന്ന നിലയിലേക്കു അധ:പതിച്ചു പോയിരിക്കുന്നു , നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭരണകേമത്തം. ഇത്തരം അരാജകരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപദാനങ്ങള്‍ പാടുവാന്‍ അണികളറ്റു പോകുമെന്ന സത്യം നാളെ കാലം തെളിയിക്കും.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മനുഷ്യനു തന്റെ പുരോഗമന ആശയങ്ങള്‍ ഒരു ജന സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനും അതിലേക്ക് ജനമനസ്സുകളെ ആകര്‍ഷിക്കുവാനും ദുര്‍ഘടമായ പല വഴികളും സ്വീകരിക്കേണ്ടി വന്നീട്ടുണ്ട്. എന്നാല്‍ ഈ ‘ നൂറ്റാണ്ടിന്റെ വിസ്മയം ‘ എന്ന് വിശേഷിപ്പിക്കാവുന്ന വിവര സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റം പ്രസ്തുത പ്രവര്‍ത്തനങ്ങളെ സുഗമമാക്കി തീര്‍ത്തു. അതിനു തെളിവാണ് 2012 നവംബര്‍ 26 നു രൂപീകരിക്കപ്പെട്ട ‘ആം ആദ്മി’ പാര്‍ട്ടിയുടെ ജനസ്വീകാര്യത.

1968 – ല്‍ ഹരിയാനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അരവിന്ദ് കെജ് രിവാള്‍ ആദായ നികുതിവകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെ ആദായ നികുതിയുടെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ‘പരിവര്‍ത്തന്‍‘ എന്ന എന്ന പദ്ധതി രൂപീകരിച്ചുകൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. നീതിക്കുവേണ്ടിയുള്ള അണ്ണാഹസാരയുടെ പോരാട്ടങ്ങള്‍ക്ക് പിന്‍ ബലമായി നിന്ന അദ്ദേഹം ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളെ മുറുകെപ്പിടിച്ചു ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ സാധാരണക്കാരിലെത്തുവാന്‍ നിഷ്പക്ഷമായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആവശ്യകത മനസ്സിലാക്കി ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് അണ്ണാഹസാരയില്‍ നിന്നുമകന്നു.

ഡല്‍ഹിയില്‍ ആം ആദ്മിയുടെ തിളക്കമാര്‍ന്ന പ്രകടനം വരും കാലങ്ങളില് അഴിമതിരഹിത ജനാതിപത്യത്തിനു വഴിയൊരുക്കുമോ? ഇന്ത്യയുടെ ചരിത്രം‍ പരിശോധിക്കുമ്പോള്‍ മനുഷ്യനന്മക്കു വേണ്ടി ദേശീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്രമേണ അവ കാലഹരണപ്പെടുകയോ ലക്ഷ്യം മറന്ന് തെറ്റായ പാതകളിലേക്ക് വ്യതി ചലിക്കുകയോ ചെയ്തിട്ടുണ്ട്. ഇവിടെയാണ് സാമാന്യ ജനത്തിനു ആം ആദ്മിയെന്ന പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്ക! ഭരണത്തിന്റെ മുകള്‍ത്തട്ടു മുതല്‍ , താഴേത്തട്ടു വരെ അഴിമതിയെ തുടച്ചു നീക്കുകയെന്ന അസാധാരണവും ദുഷ്ക്കരവുമായ പ്രവര്‍ത്തനത്തിലേക്കാണ് ആം ആദ്മി ചുവടുകള്‍ വച്ചിരിക്കുന്നത്. ‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ വിശുദ്ധിയില്‍ നിലയുറപ്പിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഭരണ സംവിധാനങ്ങളെ ശുദ്ധീകരിക്കുവാന്‍ അവര്‍ക്കു കഴിയുമോ? ലളിതവും അനാഡംബരവും വിനീതവുമായ പ്രവര്‍ത്തന ശൈലിയിലൂടെ രാജ്യത്തിനു മാതൃകയാകുവാന്‍ അവരുടെ നേതാക്കള്‍‍ക്ക് കഴിയുമോ? ഇവിടെ ആം ആദ്മി പാര്‍ട്ടി ജാഗരൂകരാകേണ്ടതുണ്ട്.

സ്ഥാനമാനങ്ങളും അധികാരവും ആഗ്രഹിച്ച് പാര്‍ട്ടിയില്‍ ചേക്കേറാന്‍ തയ്യാറെടുക്കുന്നവരേയും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കാതെ അവരെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന വ്യക്തികളുടെയും കടന്നു കയറ്റങ്ങളെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ചെറുക്കേണ്ടതുണ്ട്. അത്തരക്കാര്‍ അറിഞ്ഞോ അറിയാതെയോ നേതൃത്വത്തിലേക്ക് കടന്നു വരാതിരിക്കുക എന്നതായിരിക്കണം പാര്‍ട്ടിയുടെ പ്രതിജ്ഞാ മന്ത്രം.

കപട ‍സന്യാസപുരോഹിത ഗര്‍വ്വുകളുടെ ചീഞ്ഞു നാറുന്ന ശവക്കല്ലറകളോ, അഴിമതിയും അശ്ലീലവും ദുര്‍ഗന്ധപൂരിതമാക്കിയ രാഷ്ട്രീയ ഓടകളോ നമ്മുടെ‍ രാജ്യത്തിനാവശ്യമില്ല.

മതകേന്ദ്രങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പുറമ്പോക്കുകളില്‍ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി അലഞ്ഞു തിരിയുന്ന പാവപ്പെട്ട മനുഷ്യനെ തന്നോടു ചേര്‍ത്തു നിറുത്തുന്ന മനുഷ്യ സ്നേഹിയായ ഒരു സാധാരണ മനുഷ്യനെയാണ് ആര്‍ഷഭാരതത്തിനാവശ്യം. ഇത് കാത്തിരിപ്പിന്റെ കാലമാണ്. കണ്ണിമയ്ക്കാതെയുള കാത്തിരിപ്പാണ്. പ്രതീക്ഷയുടെ ചെറുനാളങ്ങളെ , കരിന്തിരി കത്താതെ കാത്ത് സൂക്ഷിക്കുന്നതും !

Generated from archived content: editorial1_feb1_14.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English