അവധിക്കാലമില്ലാത്ത വിദ്യാഭ്യാസരംഗം

കാൽനൂറ്റാണ്ട്‌ മുമ്പ്‌വരെ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസമെന്നത്‌ ജൂൺമാസത്തിൽ തുടങ്ങി, അടുത്ത വർഷം മാർച്ച്‌ മാസത്തിൽ അവസാനിക്കുന്നതായിരുന്നു. ഓഗസ്‌റ്റ്‌ – സെപ്‌റ്റംബർ മാസങ്ങളിലെ ഓണക്കാലാവധിയും ഡിസംബർ മാസത്തെ ക്രിസ്‌മസ്‌ അവധിയും ഇടവേളകളിൽ ലഭ്യമായിരുന്നു. അടുക്കോടെയും ചിട്ടയോടെയും പോയിരുന്ന വിദ്യാഭാസരംഗം ഇന്ന്‌ ലക്കുംലഗാനുമില്ലാത്ത അവസ്‌ഥയിലേയ്‌ക്കെത്തിയിരിക്കുന്നു. അവധിക്കാലം എന്നത്‌ ഇല്ലാതായി എന്നതാണ്‌ വസ്‌തവം. എസ്‌.എസ്‌.എൽ.സി. പരീക്ഷകഴിഞ്ഞ്‌ അതിന്റെ ഫലം കാത്തിരിക്കുന്നത്‌വരെയുള്ള ഹ്രസ്വമായ ഇടവേളകൾ പോലും ഇല്ലാതായിരിക്കുന്നു. ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കിയുള്ള പുതിയ പുതിയ കോഴ്‌സുകളിലേയ്‌ക്ക്‌ പ്രവേശനം ലഭ്യമാക്കാൻ വേണ്ടിയുള്ള നെട്ടോട്ടം എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിക്കഴിയുമ്പോഴേ തുടങ്ങുകയായി. മെഡിസിൻ, എഞ്ചിനീയറിംഗ്‌ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനം പ്ലസ്‌ടു വിദ്യാഭ്യാസം കഴിഞ്ഞിട്ടാണ്‌ സാധാരണ പതിവെങ്കിലും എസ്‌.എസ്‌.എൽ.സി. കഴിയുമ്പോഴേയ്‌ക്കും അതിനുവേണ്ടിയുള്ള കോച്ചിംഗ്‌ ക്ലാസുകളിൽ പോയി പരിശീലനം തുടങ്ങുകയായി. മുമ്പിതൊക്കെ സാമ്പത്തിക വരുമാനം മാത്രമുള്ളവർക്കായിരുന്നെങ്കിൽ പഠനത്തിന്‌ ബാങ്കുകളുടെ ലോൺകിട്ടാനുള്ള സാഹചര്യം ഉണ്ടാവുമെന്നതായതോടെ എല്ലാതലത്തിലുമുള്ളവർക്ക്‌ കയ്യെത്തി പിടിക്കാവുന്ന ഒന്നാണ്‌ പ്രൊഫഷണൽ വിദ്യാഭ്യാസം ഇപ്പോൾ. ഫലത്തിൽ സ്‌കൂൾ അടച്ചാൽ കോച്ചിംഗ്‌ ക്ലാസ്സുകൾ അറ്റൻഡ്‌ചെയ്യുന്ന വിദ്യാർത്ഥികൾ – രാവിലെ ആറ്‌ മണിമുതൽ രാത്രി വൈകിവരെയും ക്ലാസുകൾ – ഇടവേളകളോ, ഒഴിവുകളോ ഇല്ലാത്ത അവസ്‌ഥ.

നാലാമത്തെ വയസ്സിൽ നേഴ്‌സറിക്ലാസ്സിൽ പ്രവേശനം ലഭ്യമാക്കുന്നതോടെ തുടങ്ങുന്ന വിദ്യാഭ്യാസ കളരിയിലെ ‘അഭ്യാസം’ കോളേജ്‌തലം വരെ എത്തിനിൽക്കുന്നു. നേഴ്‌സറി ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ പോലും ഒഴിവ്‌കാലം അകലെയാണെന്നതാണ്‌ അവസ്‌ഥ.

മുമ്പൊക്കെ ഒഴിവ്‌ കാല അവധികിട്ടുമ്പോൾ നടത്തിയിരുന്ന കുട്ടികളുമൊരുമിച്ചുള്ള ബന്ധുക്കളുടെ വീട്ടിലേക്കുള്ള സന്ദർശനങ്ങൾ, സുഹൃത്തുക്കളുമൊരുമിച്ചുള്ള വിനോദയാത്രകൾ – അതൊക്കെ ഒരു വിദ്യാർത്ഥിക്ക്‌ ഇന്ന്‌ അപ്രാപ്യമാണ്‌. സ്‌കൂളിലോ, കോളേജിലോ പഠിക്കുന്ന സമയത്തുള്ള സ്‌കൂളിൽ നിന്നോ കോളേജിൽ നിന്നോ ഉള്ള എസ്‌കർഷൻ ട്രിപ്പുകൾ, മറ്റു വിദ്യാർത്ഥി സുഹൃത്തുക്കളുമൊരുമിച്ചുള്ള ‘പിക്‌നിക്കുകൾ’ അവയൊക്കെ മാത്രമായി വിനോദയാത്രകൾ ചുരുങ്ങുന്നു. പിക്‌നിക്കുകൾ പലപ്പോഴും നിയന്ത്രണ വിധേയമല്ലാത്ത യാത്രകളാവുമ്പോൾ അപകടങ്ങളിലേയ്‌ക്ക്‌ ചെന്നെത്തിപ്പെടാനുള്ള സാദ്ധ്യതകൾ ഏറുന്നു. എന്തുകൊണ്ട്‌ ഇത്തരം യാത്രകൾ പലപ്പോഴും അപകടങ്ങളിലേയ്‌ക്ക്‌ ചെന്നെത്തിപ്പെടുമെന്ന്‌ കുട്ടികളുടെ മാതാപിതാക്കൾ അന്വേഷിക്കാറുണ്ടോ? അവധിക്കാലം ഇല്ലാതെ പോയതിനാൽ സ്‌കൂളിലെ പഠനസമയത്ത്‌ തന്നെ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്ന പിക്‌നിക്കുകാരാണ്‌ ഇത്തരം അപകടങ്ങളിലേയ്‌ക്ക്‌ ചെന്ന്‌പെടുന്നത്‌. നിയന്ത്രണ വിധേയമില്ലാത്ത സ്വാതന്ത്ര്യമാവുമ്പോൾ – യാത്രകൾ പലപ്പോഴും ആഘോഷമായിമാറുന്നു. വിദ്യാർത്ഥികൾ പൊതുവേ നിരപരാധികളാണെങ്കിലും കൂട്ടുകൂടുന്നവരിൽ ഒരു ചെറിയ പങ്ക്‌ കിട്ടുന്ന സ്വാതന്ത്ര്യം ആഘോഷിക്കണമെന്നതാല്‌പര്യമുള്ളവരാവുമ്പോൾ – അധികവും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ നിന്ന്‌ വന്നവരാവും ഇവർ – മറ്റുള്ളവരും അറിഞ്ഞും അറിയാതെയും അതിൽ പങ്കാളികളായി മാറുകയാണ്‌.

വീടുകളിൽ നിന്നും ദൂരെപോയി ഹോസ്‌റ്റലുകളിൽ താമസിച്ച്‌ പഠിക്കുന്നവരുടെ ഇടയിലുള്ള പിക്‌നിക്കുകളാണ്‌ വേറെ ചിലരുടേത്‌. അച്ഛനമ്മമാർ അധികവും വിദേശത്ത്‌ ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ ഭാരിച്ച സ്വത്തിനുടമസ്‌ഥരോ ആവും. മക്കളെ ഉയർന്ന ചെലവിലുള്ള സ്‌കൂളിലോ കോളേജുകളിലോ പഠിപ്പിക്കുന്നുവെന്നത്‌ സ്‌റ്റാറ്റസ്‌ സിമ്പലായി കൊണ്ടുനടക്കുന്നവർ. മക്കൾക്ക്‌ ആവശ്യത്തിലേറെ പണം കൊടുത്ത്‌ അവരുടെ സർവ്വവിധ ആവശ്യങ്ങളും അനായസേന സാധിക്കാൻ സഹായിക്കുന്നവർ, കുട്ടികളെ ഹോസ്‌റ്റലുകളിൽ ആക്കിയാൽ പിന്നെ അവർ തിരിഞ്ഞു നോക്കുന്നത്‌ വർഷത്തിൽ ഒന്നോരണ്ടോ പ്രാവശ്യം മാത്രം. ഇങ്ങനെയുള്ള കുട്ടികൾ വഴിപിഴച്ചു പോകുന്നുവെങ്കിൽ കുറ്റം കുട്ടികളുടെയല്ല, മാതാപിതാക്കളുടെയാണ്‌.

വിദ്യാർത്ഥികളുടെ ഇടയിൽ വഴിപിഴച്ച സുഖലോലുപതക്കുള്ള സാഹചര്യം – മയക്കുമരുന്ന്‌, മദ്യം, റാഗിംഗ്‌ – ഇതൊക്കെ അതോടെ തലപൊക്കുകയായി. പണമുള്ള കുടുംബത്തിലെ കുട്ടികളാണ്‌ റാഗിംഗിലൊക്കെ പ്രതികളായി വരുന്നവരെന്നാവുമ്പോൾ സ്‌കൂൾ – കോളേജ്‌ അധികൃതർ വരെ അതിന്‌ നേരെ കണ്ണടയ്‌ക്കുന്ന അവസ്‌ഥയും വന്നുപെടുന്നു. ഹോസ്‌റ്റലുകളിൽ താമസിച്ച്‌ പഠിക്കുന്ന ചുരുക്കംചില വിദ്യാർത്ഥികളെങ്കിലും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരാവും. അച്ഛനമ്മമാരോ വേണ്ടപ്പെട്ടവരോ ആരും തിരിഞ്ഞുനോക്കില്ല എന്നാവുമ്പോൾ അവരെ ഒറ്റപ്പെടുത്തിയതായ തോന്നലുകളിലേയ്‌ക്ക്‌ കൊണ്ട്‌ചെന്നെത്തിക്കുന്നു. ഒറ്റപ്പെടുത്തലും ഒറ്റപ്പെടലും – രണ്ടും ഭയാനകമാണ്‌. തങ്ങൾക്കാരുമില്ല എന്നതോന്നൽ വന്നാൽ – എല്ലാത്തരം ക്രിമിനൽ വാസനകളിലേയ്‌ക്കും തിരിയാനുള്ള സാഹചര്യമേറുന്നു. സാധാരണ ഗതിയിൽ ജൂൺ ആദ്യം സ്‌കൂൾ തുറക്കുന്നുവെന്നാണ്‌ വയ്‌പ്‌. സ്‌കൂളടയ്‌ക്കാനുള്ള അവസരം ഇല്ലാതാവുമ്പോൾ തുറക്കലും അടക്കലുമില്ലാത്ത ഒരു വിദ്യാഭ്യാസമാണ്‌ ഇന്ന്‌ നമ്മുടെ നാട്ടിലുള്ളത.​‍്‌ അതിനൊരു മാറ്റമാണ്‌ വേണ്ടത്‌.

Generated from archived content: editorial12_may18_09.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English