നാൾവഴി കണക്കെടുപ്പ് എല്ലാവർഷവും നടത്തുന്നു. എപ്പോഴും അമ്പത് വർഷം മുന്നെയോ, അതിനപ്പുറമോ ഉള്ള കാലഘട്ടമായിരുന്നു ഏറ്റവും മഹത്തരമെന്നും ഇപ്പോഴുള്ളത് കെടുകാര്യസ്‌ഥതമൂലം നേരിടുന്ന പ്രയാസങ്ങളും ദുരിതങ്ങളുമാണെന്ന് കണക്കുകൾ നിരത്തി സമർത്ഥിക്കുന്നു. ഒരു പ്രസ്‌ഥാനത്തിന്റെയോ, വ്യക്തിയുടെയോ, സ്‌ഥാപനത്തിന്റെയോ, ആധുനിക കാലഘട്ടത്തിലെ വിലയിരുത്തലുകൾ അങ്ങനെയാണ് കണ്ടുവരുന്നത്. കേരളപിറവിയുടെ 53-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും അങ്ങനെയുള്ള വിലയിരുത്തലുകളാണ് വായിക്കാനാവുക.
1956 നവംബർ 1-ാം തിയതി ഭാഷാടിസ്‌ഥാനത്തിൽ കേരളം പിറവി കൊണ്ടതിന് ശേഷം- ഈ നാടിന്റെ പുരോഗതി, വളർച്ച – ഏതെല്ലാം എന്തെല്ലാം മേഖലകളിൽ നേടി എന്നൊക്കെ നമ്മൾ ധാരാളം വായിച്ചിട്ടുണ്ട്. അതിലപ്പുറം തിരുവിതാംകൂർ കൊച്ചി – മലബാർ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി നിലകൊണ്ട കാലത്തിലെ സൗഭാഗ്യവും മൂന്നും ഒന്നിച്ചതിന് ശേഷം ഈ നാടിന് വന്നുചേർന്ന ദൗർഭാഗ്യങ്ങളും ഉച്ചൈസ്‌തരം വിളിച്ചുകൂവി സങ്കടപ്പെടുന്നവരുടെ ഒരു കൂട്ടവും ഇവിടെയുണ്ട്. എല്ലാകൊല്ലവും ഒരു പതിവ്‌ചര്യപോലെ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വിമർശനാത്മകമായി വിലയിരുത്തുകയാണെങ്കിൽ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും സത്യമുണ്ട്. അതിലേറെ അസത്യവുമുണ്ട്.
ഈ നാട് പുരോഗമിച്ചില്ലെ? തീർച്ചയായും മറ്റ് പല സംസ്‌ഥാനങ്ങളെയും അപേക്ഷിച്ച് പല രംഗത്തും നമ്മൾ പുരോഗതി കൈവരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്തും, സാക്ഷരതാരംഗത്തും, ആരോഗ്യപരിപാലന രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങൾ പലവിദേശരാജ്യങ്ങളുടെയും വരെ പ്രശംസ പിടിച്ചു പറ്റിയതാണ്. നമ്മുടെ കുഗ്രാമങ്ങളിൽവരെ നിരക്ഷരായവർ ഇല്ല എന്ന് തന്നെ പറയാം. സ്‌കൂൾ, കോളേജ്, കളിസ്‌ഥലങ്ങൾ, യൂണിവേഴ്‌സിറ്റികൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ ഇവിടെയെല്ലാം കേരളം മേൽക്കൈ നേടിക്കഴിഞ്ഞു. പക്ഷെ, വ്യവസായികരംഗത്ത് ഈ സംസ്‌ഥാനത്തിന്റെ നില ഇപ്പോഴും പിന്നോക്കാവസ്‌ഥയിലാണ്. കാർഷികോല്‌പന്നങ്ങളുടെ വിലയിടിവും ആ രംഗത്ത് പണിയെടുക്കാൻ ആളെ കിട്ടാതെ വരുന്നതും പിന്നോക്കാവസ്‌ഥയ്‌ക്ക് കാരണമായി മാറുന്നു. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യവസ്‌തുക്കളുടെ വരവ് എപ്പോഴെങ്കിലും ഒരിക്കൽ നിലച്ചാൽ ഈ സംസ്‌ഥാനത്ത് കടുത്ത ഭക്ഷ്യക്ഷാമം വരാൻ വേറൊന്നും വേണ്ട. തൊഴിലാളികളുടെ അവകാശ സമരങ്ങൾ പലപ്പോഴും നീണ്ടു നിൽക്കുന്ന പണി മുടക്കുകളിലേയ്‌ക്കും അത് വഴി ഫാക്‌ടറികളും വ്യവസായശാലകളും അടച്ചിടേണ്ടുന്ന അവസ്‌ഥയിലേയ്‌ക്കും നീങ്ങുമ്പോൾ ഇവിടത്തെ വ്യാവസായിക രംഗം പിന്നോക്കാവസ്‌ഥയിലേയ്‌ക്ക് നീങ്ങുന്നു. എങ്കിലും വിവരസാങ്കേതികരംഗത്ത് മറ്റ് സംസ്‌ഥാനങ്ങളോടൊപ്പമെത്തിയില്ലെങ്കിലും ഏറെ പ്രതീക്ഷകളുണർത്തുന്ന ചലനങ്ങളുണ്ടാകുന്നുണ്ട്. വാർത്താമാധ്യമരംഗത്ത് കേരളം എന്നും മുൻപന്തിയിലാണ്. ഭാഷാപത്രങ്ങളിൽ ഒന്നാം സ്‌ഥാനത്ത് എത്തിനിൽക്കുന്ന പത്രം കേരളത്തിൽ നിന്നും പുറത്തിറങ്ങുന്നതാണ്.
മൂന്നരക്കോടി ജനങ്ങൾ മാത്രം അധിവസിക്കുന്ന കേരളത്തിൽ ദൂരദർശന് പുറമെ ഏഴ് സ്വകാര്യ ചാലനുകളുണ്ടെന്ന് പറയുമ്പോൾ മറ്റ് സംസ്‌ഥാനങ്ങളിലുള്ളവർ മാത്രമല്ല വിദേശികൾ വരെ ഏറെ അദ്‌ഭൂതാദരങ്ങളോടെയാണ് കേരളത്തിലുള്ളവരെ നോക്കി കാണുന്നത്, പക്ഷേ, ഈ പത്രമാധ്യമങ്ങൾ വാർത്തകളുടെ പിന്നാമ്പുറം തേടി പരക്കം പായുമ്പോൾ അന്വേഷണലക്ഷ്യം പലപ്പോഴും ഫലപ്രാപ്‌തിയിലെത്താതെ നില്‌ക്കുന്ന അവസ്‌ഥയും വന്നു ചേരാറുണ്ട്.
ഈ നാടിന്റെ ഇന്നത്തെ അവസ്‌ഥ എന്താണ്? സമരാഘോഷം ഫാക്‌ടറികളിലോ പണിശാലകളിലോ മാത്രമല്ല, വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ആശുപത്രികളിലും വരെ അരങ്ങേറുന്നു. അവശ്യസർവ്വീസുകളെവരെ ബാധിക്കുന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സാധാരണക്കാരെ വീർപ്പുമുട്ടിക്കുന്നു. അതിനേക്കാളൊക്കെ ഭയാനകമാണ് ഇവിടത്തെ ക്രമസമാധാന നില. മോഷണവും, പിടിച്ചുപറിയും, ഭവനഭേദനവും, കൊലപാതകവും, ബലാൽസംഗവുമെല്ലാം നിത്യസംഭവമായി മാറുമ്പോൾ അവയുടെയൊക്കെ വാർത്താപ്രാധാന്യം നഷ്‌ടപ്പെട്ടു പോവുന്നു.
മുമ്പ് ബീഹാറിലും ഉത്തരപ്രദേശിലും വരെ നടമാടിയിരുന്ന ഹീനകൃത്യങ്ങൾ, സാക്ഷരതയിലും വിദ്യാഭ്യാസരംഗത്തും ഒന്നാം സ്‌ഥാനത്തെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ് ഇന്ന് ഏറ്റവും ഹീനമായ രീതിയിൽ നടമാടുന്നത്.
ഇതാണോ കേരളം അമ്പത്തിമൂന്നുവർഷംകൊണ്ട് നേടിയ പുരോഗതി? കേരളപിറവി ദിനത്തിൽ ജനങ്ങൾ ഏറെചിന്തിക്കേണ്ടത് ഈ അവസ്‌ഥയെയാണ്.
Generated from archived content: editori1_oct31_09.html Author: editor
Click this button or press Ctrl+G to toggle between Malayalam and English