വീണ്ടുമൊരു ക്രിസ്‌തുമസ് വരുന്നു. ക്രിസ്‌മസ് സ്‌റ്റാർസും കാർഡുകളും ഇപ്പോഴേ മാർക്കറ്റിൽ തയ്യാറായിക്കഴിഞ്ഞു. ഇ-മെയിലും എസ്.എം.എസും. ഒക്കെ തകൃതിയായി കൈമാറുന്നുണ്ടെങ്കിലും ക്രിസ്‌മസ് – ന്യൂ ഇയർ കാർഡുകൾ കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം അവയ്‌ക്കൊന്നും നൽകാനാവില്ല. ഓൺലൈൻ സംവിധാനമുള്ളപ്പോൾ മനുഷ്യന് പണ്ടത്തെപ്പോലെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ലെന്ന് വരികിലും മനസ്സിന് സന്തോഷം കിട്ടണമെങ്കിൽ വേണ്ടപ്പെട്ടവരുടെയും ബന്ധുക്കളുടെയും ആശംസാകാർഡുകൾ കയ്യിൽ കിട്ടിയേ ഒക്കൂ.
പക്ഷേ സാധാരണക്കാരേ സംബന്ധിച്ചിടത്തോളം ഏതാഘോഷങ്ങളും ഇപ്പോൾ ഭാരമേറിയതാണ്. സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റമാണ് ഏറ്റവും പ്രധാനം. ഇൻഡ്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കൺസ്യൂമർ സ്‌റ്റേറ്റെന്ന് ലേബൽ നേടിയ ഈ സംസ്‌ഥാനത്ത് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ സാധനങ്ങൾക്കും തീവിലകൊടുത്തേ ഒക്കൂ. പഞ്ചസാരയുടെ വില കേൾക്കുമ്പോൾ നാവിൽ ഇപ്പോൾ കയ്‌പ്‌രസമാണ് വരുന്നത്.
ശബരിമല സീസണിലെയും ഹജ്ജ് തീർത്ഥാടനത്തിന്റെയും പുണ്യദിനങ്ങൾക്ക് പിന്നാലെ വരുന്ന ക്രിസ്‌തുമസ് – ന്യൂ ഇയർ ആഘോഷം കേരളീയരെ സംബന്ധിച്ചിടത്തോളം ആഹ്ലാദം പകരുന്ന ഒരനുഭവമല്ല, സമ്മാനിക്കുക. ശരണംവിളികളും ബൈബിൾ വചനങ്ങളും ഖുറാൻ സന്ദേശവും അവന്റെ ആത്മാവിനെ സംതൃപ്‌തനാക്കുന്നില്ല. ഭക്തികൂടുകയും ഭക്തിസാന്ദ്രമായ അന്തരീക്ഷം നിലനിൽക്കുകയും ചെയ്യുന്നെണ്ടെങ്കിലും ആശങ്കയും ആകാംക്ഷയും മനുഷ്യനെ വിട്ടുപിരിയുന്നില്ല.
ക്രമസമാധാന നില തകർന്നിരിക്കുന്നു. പലയിടത്തും നീതി നടപ്പാക്കേണ്ടവർ തന്നെ നിയമലംഘനങ്ങൾ നടത്തുന്നു. ഭരണസാരഥ്യം വഹിക്കുന്നവരുടെ മക്കളും അനുയായികളും ഇത്രമാത്രം സമൂഹത്തിൽ അഴിഞ്ഞാടി ആക്രോശിക്കുന്ന അവസ്‌ഥ മുൻപുണ്ടായിട്ടില്ല. മന്ത്രിപുത്രൻ കേസിൽപെട്ടാൽ ആ കേസിൽ പ്രതികളായവരെല്ലാം രക്ഷപ്പെടും എന്നാണ് രാഷ്‌ട്രീയവൃത്തങ്ങളിലെയും പോലീസ് വകുപ്പിലെയും ഉന്നതർവരെ കരുതുന്നത്. ഈ സംസ്‌ഥാനത്തിന്റെ ക്രമസമാധാനനില എത്ര ശോചനീയമാണെന്ന് ഇത് തന്നെ വ്യക്തമാക്കുന്നു.
മതസൗഹാർദ്ദം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന സംസ്‌ഥാനം കേരളമാണെന്നാണ് ഇപ്പോഴും പറയുക. പക്ഷേ, സത്യം എത്രയോ അകലെയാണ്. സ്വസമുദായങ്ങളിൽപ്പെട്ടവർ അന്യമതസ്‌ഥരുമായി ഇടപഴകരുതെന്ന ഉപദേശം നൽകുന്ന മതതീവ്രവാദികൾ ഇപ്പോൾ എല്ലാമതങ്ങളിലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. അഥവാ ഇടപഴകുകയാണെങ്കിൽ അവരെ തങ്ങളുടെ മതത്തിലേയ്‌ക്ക് ആനയിക്കാനുള്ള മാർഗ്ഗം കണ്ടെത്തണമെന്ന് ഉപദേശിക്കുന്ന മതപണ്ഡിതൻമാരും ഇന്ന് കേരളത്തിലുണ്ട്. സമുദായ മേലാളന്മാരുടെ മതപ്രീണനവും മതവൈരാഗ്യവും പലപല തട്ടുകളിലായിട്ടാണ് കണ്ട് വരുന്നത്. ‘ലൗ ജിഹാദ്’ പ്രസ്‌ഥാനം ഒരു കർമ്മമണ്ഡലമായി തിരഞ്ഞെടുക്കാനുപദേശിക്കുന്ന മതശ്രേഷ്‌ഠന്മാർ തങ്ങളുടെ ഉപദേശം ഇരുതലവാളായി മാറുന്നുവെന്നത് അവരറിയാതെ പോവുകയാണോ? പ്രായപൂർത്തിയാകാത്ത അന്യമതത്തിൽപ്പെട്ട പെൺകുട്ടികളെ ചടുലവും സ്‌നേഹമസൃണവുമായ വാക്കുകളിലൂടെ സ്വസമുദായത്തിലേയ്‌ക്കാകർഷിച്ച് മതം മാറ്റിയെടുക്കാനുള്ള ഒരു പ്രേരണയായിട്ടാണ് ‘ലൗ ജിഹാദി’നെ പലരും കാണുന്നത്. പക്വതയും പ്രായപൂർത്തിയും തികഞ്ഞവർ മാത്രം ക്യാസ്‌ത്രീമഠത്തിലേയ്‌ക്കു വരുന്നതാണ് അഭിലഷണീയം എന്ന കേരളത്തിലെ വനിതാ കമ്മീഷന്റെ നിർദ്ദേശം ഉണർത്തുന്ന കോലാഹലങ്ങൾ നിറഞ്ഞ്‌നിൽക്കുന്ന സമയത്താണ് ‘ലൗ ജിഹാദ്’ തരംഗവും കടന്നുവരുന്നത്. സദുദ്ദേശത്തോടെ സ്വീകാര്യമായ മതത്തിലേയ്‌ക്കുള്ള മാറ്റം പോലും സംശയദൃഷ്‌ടിയോടെയും പകയോടെയും കാണുന്നവർ, പിന്നീടത് മതവിദ്വേഷത്തിന്റെ കാരണമായി മാറുകയാണെങ്കിൽ – ഇവയെപ്പറ്റികൂലങ്കഷമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കേണ്ടത് വിവിധമതസമുദായ നേതാക്കളാണ്. എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തിയാൽ മാത്രമേ കേരളത്തിൽ നിലനിന്ന മതസൗഹാർദ്ദം തുടർന്നു നിലനിർത്താനാവൂ.
ഇലക്‌ട്രോണിക് രംഗത്തെ വികസനവും വളർച്ചയും പല നൂനത സമ്പ്രദായങ്ങൾക്കും തുടക്കമിടാൻ കാരണമായിട്ടുണ്ട്. കാണാമറയത്തുള്ള സ്‌നേഹിതരെ കണ്ട്‌പിടിച്ച് ചാറ്റ് ചെയ്യുന്ന സമ്പ്രദായങ്ങൾ ഇന്ന് വ്യാപകമാണ്. കാമുകി കാമുകൻമാരെ കണ്ടെത്താനും തുടർന്ന് വിവാഹമണ്ഡപത്തിലേയ്‌ക്ക് എത്തിക്കുന്നതിനും ഇവയൊക്കെ കാരണമാകാറുണ്ട്. പക്ഷേ, ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നവരാണ് ഇന്നേറെയും.
തങ്ങളുടെ സമുദായത്തിൽപെട്ടവർ മാത്രം ഒന്നിച്ച്‌കൂടി സൗഹൃദം പങ്കിടാനുള്ള വേദിയായി ഇപ്പോൾ ഓർക്കുട്ട് വിനിമയ സൗകര്യം ദുരുപയോഗപ്പെടുത്തുന്നതായി കണ്ടുവരുന്നു. ഓർക്കുട്ടിൽ കടന്ന് കൂടിയിരിക്കുന്ന ഏറ്റവും വലിയ അപകടകരമായ ഒരു പ്രവണതയായിട്ടാണ് ‘ഇന്റർനെറ്റ് വൈറസ്’ എന്ന പേരിലറിയപ്പെടുന്ന ഈ ദുഷിച്ച പ്രവണതയെ വിലയിരുത്തുന്നത്.
റോമൻ കാത്തോലിക്കർ മാത്രം, മുസ്ലീംസ് ഒൺലി, നമ്പൂതിരിസമുദായം, നായേഴ്‌സ് മാത്രം – ഈ കുട്ടായ്‌മകളിൽ പലതിന്റെയും പേരുകൾ തന്നെ എത്ര വിനാശകരമായ പാതയിലേയ്‌ക്കാണ് ഓരോരുത്തരെയും ക്ഷണിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് കൂടുതൽ മതവിദ്വേഷവും തീവ്രവാദവും വളർത്താനേ സഹായിക്കൂ എന്ന് ഇതിന് നേതൃത്വം കൊടുക്കുന്നവർ അറിയാതെ പോകുകയാണോ?
നന്മയുടെ അംശം അന്യം നിന്നുപോകാത്ത ഒരവസ്‌ഥ ആ ഒരവസ്‌ഥയാണ് പുഴ.കോമിന്റെ പരസഹസ്രം വായനക്കാരും ആഗ്രഹിക്കുന്നതെന്നുറപ്പുള്ളതിനാൽ അപ്രകാരമൊരു അന്തരീക്ഷം നിലനിർത്തുന്ന കൃതികളാണ് പുഴ.കോമിന്റെ ഇന്റർനെറ്റ് മാഗസിനിൽ കൂടി ലഭിക്കുക എന്ന ഉറപ്പു നൽകാൻ ഈ അവസരം ഉപയോഗിക്കുന്നു.
എല്ലാ വായനക്കാർക്കും ക്രിസ്‌തുമസിന്റെയും പുതുവർഷപിറവിയുടെയും ആശംസകൾ.
Generated from archived content: editori1_nov30_09.html Author: editor
Click this button or press Ctrl+G to toggle between Malayalam and English