ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി വിദേശത്ത് നിന്നല്ല, ഇൻഡ്യക്കകത്ത് നിന്നാണെന്ന് പറയേണ്ടിയിരിക്കുന്നു. വിദേശഭീഷിണി അധികവും അയൽരാജ്യമായ പാകിസ്‌ഥാൻ കാശ്‌മീരിന് വേണ്ടി മുഴക്കുന്ന അവകാശവാദവുമായി ബന്ധപ്പെട്ടതാണ്. ഇന്ന് കാശ്‌മീരിൽ നടമാടുന്ന ഭീകര പ്രവർത്തനങ്ങളും പ്രക്ഷോഭണങ്ങളും ആസൂത്രണം ചെയ്യുന്നത് പാക്കിസ്‌ഥാൻ കൈവശപ്പെടുത്തിയ കാശ്‌മീർ മേഖലയിലോ,പാക്കിസ്‌ഥാൻ മണ്ണിൽ നിന്നോ ആണ്. അതോടനുബന്ധിച്ച് നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന ചെറുപ്പക്കാർ അധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കാശ്‌മീരിന്‌വേണ്ടി വേറൊരു വാദവും പ്രാബല്യത്തിലുണ്ട്. അത് സ്വതന്ത്രകാശ്‌മീർ – ഇന്ത്യയിൽ നിന്നും പാക്കിസ്‌ഥാനിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു കാശ്‌മീർ – വാദമാണ്. പക്ഷേ ഇവിടൊക്കെയും കരുക്കളായി വരുന്നത് ചെറുപ്പക്കാരായ അഭ്യസ്‌തവിദ്യർ – അധികവും ഇന്ത്യാക്കാരാണെന്നതാണ് ഇൻഡ്യരാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഈ പ്രക്ഷോഭങ്ങൾക്കിടയിൽ തന്നെയാണ് മണ്ണിന്റെ മക്കൾവാദം. ശക്തിയാർജ്ജിച്ചിരിക്കുന്നത്. ഇൻഡ്യ സ്വതന്ത്രമായി അധികം താമസിയാതെ തന്നെ ഉടലെടുത്ത വാദം ആദ്യം രൂപം കൊണ്ടത് തെക്കേ ഇൻഡ്യയിലാണ്. മദ്രാസ് പ്രവിശ്യയിലായിരുന്നു. തെലുങ്ക് സംസാരിക്കുന്ന ആന്ധ്രാപ്രദേശിന് വേണ്ടിയുള്ള വാദം അങ്ങനെ വന്നതാണ്. പക്ഷേ, അന്ന് പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അതിനോട് മുഖം തിരിച്ചപ്പോൾ. ആന്ധ്രാസ്വദേശിയായ പോറ്റിശ്രീരാമലു നടത്തിയ ഉപവാസം അവസാനം അദ്ദേഹത്തിന് ജീവാഹൂതി വെടിയേണ്ട അവസരത്തിലേയ്‌ക്കെത്തിച്ചു 58 ദിവസം നീണ്ടുനിന്ന സാഹനസമരം അതോടെ ശക്‌തിയാർജ്ജിക്കുകയും കൊള്ളിവയ്‌പിനും, കയ്യേറ്റത്തിനും കാരണമായി മാറുകയും ചെയ്‌തതോടെ, ഹൈദ്രബാദ് കേന്ദ്രീകൃതമായി ആന്ധ്രാപ്രദേശ് എന്നൊരു സംസ്‌ഥാനത്തിന്റെ പിറവിലേയ്‌ക്കെത്തിച്ചു. ഭാഷാസംസ്‌ഥാനക്കമ്മീഷൻ രൂപികൃതമായതോടെ ഇന്ത്യയൊട്ടാകെത്തന്നെ ഭാഷാടിസ്‌ഥാനത്തിൽ സംസ്‌ഥാനങ്ങൾ രൂപീകരിച്ചപ്പോൾ, മദ്രാസിലും തമിഴ്‌നാട്ടിലുമായി കിടന്നിരുന്ന മലബാറും നാഗർകോവിൽ പ്രവിശ്യ ഒഴിച്ചുള്ള തിരു-കൊച്ചിയും ചേർന്ന് കേരള സംസ്‌ഥാനം രൂപംകൊണ്ടു. 1956-നവംബർ 1-ാം തിയതി ഇന്ത്യയൊട്ടാകെ ഭാഷാടിസ്‌ഥാനത്തിലുള്ള സംസ്‌ഥാനങ്ങൾ രൂപം കൊണ്ടത് അങ്ങനെയാണ്.
മഹാരാഷ്‌ട്രയിലെ ശിവസേനയുടെ ആവിർഭാവം നെഹ്‌റുവിന്റെ കാലത്ത് നിന്ന് തന്നെ തുടങ്ങി. മുംബൈയിൽ (അന്ന് ബോംബെ) അന്ന് ജോലി ലഭിക്കണമെങ്കിൽ മറാത്ത ഭാഷ പഠിച്ചിരിക്കണമെന്ന ഒരലിഖിത നിയമം ശിവസേനയുടെ സാരഥി ബാൽതാക്കറേ പ്രഖ്യാപിച്ചതോടെ, ആ ഭീഷണി ഏറ്റവും ബാധിച്ചത് തെക്കേ ഇന്ത്യാക്കാർക്ക് പ്രത്യേകിച്ചും മലയാളികൾക്കായിരുന്നു. ടാക്‌സി ഡ്രൈവർമാരായും ബീച്ചുകളിലും തെരുവോരങ്ങളിലും കരിക്ക് വിൽക്കുന്നവരും കപ്പലണ്ടി വിൽക്കുന്നവരുമായ നിരവധി താഴേക്കിടയിലുള്ള ജോലി ചെയ്യുന്നവർക്ക് കൊടിയ മർദ്ദനങ്ങളും അവർ താമസിക്കുന്നിടം കൈയ്യേറുന്നിടം വരെ കാര്യങ്ങളെത്തി. സ്‌റ്റെനോഗ്രാഫർമാരായും ഓഫീസുകളിൽ ജോലിചെയ്യുന്നവരുമായ നിരവധി ഇടത്തരം വരുമാനക്കാർക്ക് നിലനിൽക്കണമെങ്കിൽ ശിവസേനയുടെ ഈ വാദം അംഗീകരിച്ചേ മതിയാവൂ എന്ന നില വന്നു.
കേന്ദ്ര മന്ത്രിയായിരുന്ന വി.കെ. കൃഷ്‌ണമേനോൻ രണ്ടാമതൊരു തവണ ബോംബെയിൽ നിന്ന് മത്‌സരിച്ചപ്പോൾ തോൽക്കാനിടയായത് ശിവസേനയിൽ നിന്നുയർന്ന ഭീഷണിയേക്കാളുപരി അന്ന് കേന്ദ്രവും മഹാരാഷ്‌ട്ര സംസ്‌ഥാനവും ഭരിച്ചിരുന്ന കോൺഗ്രസുകാരുടെ കുതികാൽ വെട്ടു കൊണ്ടായിരുന്നു.
ഇതിനൊക്കെ ചരടുവലിക്കാൻ കേന്ദ്രമന്ത്രിയായിരുന്ന എസ്.കെ. പാട്ടീലിന്റെ ആശീർവാദവുമുണ്ടായിരുന്നു. കൃഷ്‌ണമേനോന് അന്താരാഷ്‌ട്ര ലവലിൽ ലഭിച്ചിരുന്ന പേരും പ്രശസ്‌തിയും ഐക്യരാഷ്‌ട്ര സഭയിൽ കാശ്‌മീർ പ്രശ്‌നത്തെക്കുറിച്ച് നടത്തിയ മരാത്തോൺ പ്രസംഗവും അത് വഴി ലഭിച്ച വ്യാപകമായ അംഗീകാരവും ഏറെ അസഹനീയമായി മാറിയത് പാട്ടിലനെപ്പോലുള്ള കോൺഗ്രസ്സ് നേതാക്കൾക്കായിരുന്നു. നെഹ്‌റു കഴിഞ്ഞാൽ അന്ന് വിദേശങ്ങളിൽ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തി കൃഷ്‌ണമേനോനായിരുന്നതിനാൽ അദ്ദേഹത്തെ തോല്‌പിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.
ശിവസേന മഹാരാഷ്‌ട്രയിൽ ശക്തിയാർജ്ജിക്കാൻ അതൊരു കാരണമായി മാറി. നെഹ്‌റു മരിച്ചതോടെ കോൺഗ്രസിൽ നിന്നും പുറത്തായ കൃഷ്‌ണമേനോൻ പിന്നീട് പാർലമെന്റിലെത്തിയത് പശ്‌ചിമബംഗാളിലെ മിഡ്‌നാപൂരിൽ നിന്നും പിന്നീട് കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചാണ്. ഇതോടെ വിഭാഗീയത വളർത്തുന്ന വിഘടന വാദം മഹാരാഷ്‌ട്രയിൽ നിന്നും മറ്റ് സംസ്‌ഥാനങ്ങളിലേയ്‌ക്കും പടർന്നു. ആദ്യം ഭാഷാടിസ്‌ഥാനത്തിൽ തുടങ്ങിയ വിഭാഗീയചിന്താഗതി പിന്നീട് പ്രാദേശികാടിസ്‌ഥാനത്തിലുള്ള സംസ്‌ഥാനങ്ങൾക്കുള്ള പ്രക്ഷോഭങ്ങളായി മാറി. അങ്ങനെ പിറവിയെടുത്തവയാണ് ഉത്തരാഞ്ചൽ, ഉത്തരഖണ്ഡ്, ഛത്തിസ്‌ഖണ്ഡ്, ത്സാർഖണ്ഡ് മുതലായ സംസ്‌ഥാനങ്ങൾ. ഉത്തരപ്രദേശിലേയും പശ്ചിമബംഗാളിലേയും, ആസ്സാമിലേയും പലപ്രദേശങ്ങളും വിഭാഗീയാടിസ്‌ഥാനത്തിൽ വേറെ സംസ്‌ഥാനങ്ങളായി രൂപം പ്രാപിക്കണമെന്ന പ്രക്ഷോഭങ്ങളും നടക്കുന്നു. ഹരിതപ്രദേശ്, ഗൂർഖാലാൻഡ്്്, ബോദോലാൻഡ് തുടങ്ങിയ സംസ്‌ഥാനങ്ങൾ ഭാവിയിൽ രൂപംകൊണ്ടാൽ അത്‌ഭുതപ്പെടാനില്ല. ഇടക്കൊന്ന് മയങ്ങിക്കിടന്ന തെലുങ്കാന സംസ്‌ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ഊർജ്ജസ്വലമാവാൻ കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരുടെ നിയമസഭാ സമാജികരുടെയും പാർലിമെന്റ്്്്്്്് മെമ്പർമാരുടെയും അംഗസഖ്യയിൽ ഗണ്യമായി കുറവ് പറ്റിയതുകൊണ്ടാണ്. ഇനിയും പിടിച്ച് നിൽക്കണമെങ്കിൽ കടുത്ത സമരമുറ തന്നെ വേണ്ടി വരുമെന്ന തിരിച്ചറിവാണ് പോറ്റിശ്രീരാമലു മോഡലിലുള്ള നിരാഹാരസമരത്തിന് അവരുടെ നേതാവ് കെ. ചന്ദ്രശേഖരറാവ് തയ്യാറായത്. പക്ഷേ സമരം മുന്നോട്ട് പോയതോടെ തങ്ങളുടെ കാൽകീഴിൽ നിന്നും മണ്ണൊലിക്കുന്നോ എന്ന ഭയം മൂലമാവാം കോൺഗ്രസ്സിൽ നിന്നും തെലുങ്ക് ദേശത്തിൽ നിന്നുള്ള എം.എൽ.എ. മാരും എം.പി.മാരും സമരത്തിൽ പങ്ക് ചേർന്നു. അതോടെ വേവലാതി പൂണ്ട കേന്ദ്രഭരണകൂടം പതിനൊന്ന് ദിവസത്തെ നിരാഹാരം കഴിഞ്ഞതോടെ അവരുടെ ആവശ്യം തത്വത്തിൽ അംഗീകരിക്കുകയായിരുന്നു. പക്ഷേ, അതോടെ വിഭാഗീയ പ്രസ്‌ഥാനക്കാരും പ്രാദേശികാടിസ്‌ഥാനത്തിലുള്ള വാദഗതിക്കാരും വേറെ വേറെ സംസ്‌ഥാനങ്ങൾക്ക് വേണ്ടിയുള്ള ബഹളം ഒന്നുകൂടി ഊർജ്ജസ്വലമാക്കി. ഇപ്പോൾ ഇന്ത്യയൊട്ടാകെത്തന്നെ പടർന്നുപിടിച്ചിരിക്കുകയാണ്. വിവേകശൂന്യമായ ഭരണകൂടത്തിന്റെ നടപടി മൂലം ഒരു രാജ്യത്തിന്റെ ക്രമസമാധാനനില ഏതെല്ലാം വിധത്തിൽ താറുമാറാക്കാം എന്നതിനുത്തമ ഉദാഹരണമാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്‌ഥ. മുംബൈയിൽ ശിവസേനയുടെ പ്രാദേശികവാദം കത്തിജ്വലിക്കാൻ വേണ്ട നടപടികളായി ഇവ മാറുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മാച്ചിൽ വിവിധ ഫ്രഞ്ചൈസുകാരുടെ ബുദ്ധിശൂന്യമായ നടപടികളും ആ തെറ്റ് തിരുത്താനായി ഷാരുഖാനെ പോലുള്ളവർ രംഗത്ത് വന്നതും വിവാദങ്ങൾ ഒന്നുകൂടി കൊഴുക്കാനേ സഹായിച്ചുളളു. ശക്തമായ നിലപാടെടുക്കേണ്ട മഹാരാഷ്‌ട്ര ഭരണകക്ഷിക്കാർ അതിന് തയ്യാറാകാതെ അയഞ്ഞ നിലപാട് സ്വീകരിച്ചതും ശിവസേനയ്‌ക്ക് ഉണർവേകി. ബാൽതാക്കറെയുടെ കുടുംബത്തിലെ അധികാര വടംവലിമൂലം പല്ലുപൊഴിഞ്ഞ സിംഹത്തിന്റെ അവസ്‌ഥയിലായിരുന്ന ശിവസേനയ്‌ക്കും മരുമകന്റെ മഹാരാഷ്‌ട്ര നവനിർമ്മാൺ സഭയ്‌ക്കും വീണ്ടുമൊരു ഉയർത്തെഴുനേല്‌ക്കാനുള്ള അവസരമാണ് ലഭിച്ചത്. മുമ്പ് തെക്കേ ഇന്ത്യക്കാരോട് മാത്രം കാണിച്ചിരുന്ന ഭാഷാവിരോധം, ഇപ്പോൾ വടക്കേ ഇന്ത്യാക്കോരോടു മാക്കിയതോടെ മറാത്താ ഭാഷ പഠിക്കാത്തവരൊക്കെ നാടുവിടണമെന്ന അവസ്‌ഥയിൽ കൊള്ളിവയ്‌പും ഭവനഭേദനവും കൊലപാതകങ്ങളുമൊക്കെ നിത്യസംഭവങ്ങളായി മാറുന്നു. ശക്തമായ ഒരു സർക്കാർ തീരുമാനം മഹാരാഷ്‌ട്ര ഗവൺമെന്റ് ഇനിയും എടുത്തിട്ടില്ല എന്നത് കാര്യങ്ങൾ ഒന്നുകൂടി വഷളാക്കാനേ സഹായിച്ചുള്ളു.
െവൈകിയാണെങ്കിലും എ.ഐ.സി.സി. ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിമാത്രമാണ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചതും കഴിഞ്ഞ ദിവസം മുംബൈയിലിറങ്ങി ജനങ്ങളുമായി ഇടപെട്ട് അവർക്ക് ആത്‌മവിശ്വാസം പകർന്നതും. നമ്മുടെ കേന്ദ്രഭരണകൂടവും മഹാരാഷ്‌ട്രസംസ്‌ഥാനവും ഈ നിലപാടെടുക്കുമോ? ഇന്ത്യ ഒന്നാണ് എന്ന് സ്വപ്‌നം കണ്ട മഹാത്‌മഗാന്ധിയുടെ ആത്‌മാവിന് കുളിരേകാൻ നമ്മുടെ ജനങ്ങൾക്കും ഭരണകൂടത്തിനും കഴിയുമോ? അങ്ങനെ കഴിയട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
Generated from archived content: editor1_feb11_10.html Author: editor