മലയാളകവിതകളിലും ഗാനങ്ങളിലും വിപ്ലവത്തിന്റെ ശബ്ദം കേള്പ്പിച്ച ത്രിമൂര്ത്തികള് പി. ഭാസ്ക്കരന് , വയലാര്, ഓ എന് വി.വയലാറും ഭാസ്ക്കരനും നേരത്തെ നമ്മോട് യാത്രപറഞ്ഞു. ഇപ്പോഴിതാ ഓ എന് വിയും. ആദ്യകാലത്ത് ചങ്ങമ്പുഴയുടെ സ്വാധീനം പ്രകടമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്. പക്ഷെ അങ്ങനെ പോകുന്നത് തന്റെ സര്ഗ്ഗാത്മകതയ്ക്കു കോട്ടം തട്ടുമെന്നു കാണേണ്ടി വന്നപ്പോള് സ്വന്തമായൊരു പാത കണ്ടെത്തി അതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. അതുകൊണ്ടായിരുന്നു കവിതകളിലായാലും നാടക സിനിമാ ഗാനങ്ങളിലായാലും നമുക്ക് നിത്യഹരിതങ്ങളായ ഒട്ടേറെ കവിതകളും ഗാനങ്ങളും ലഭിച്ചത്. അവിടെ നിരീക്ഷണങ്ങളുണ്ട്,സ്വന്തം കണ്ടെത്തലുകളുണ്ട് പ്രത്യാശ വായനക്കാര്ക്ക് പകരുന്നുണ്ട്. പതിനഞ്ചാമത്തെ വയസില് ആദ്യമെഴുതിയ കവിത ‘ മുന്നോട്ട്’ പ്രസിദ്ധീകരിക്കുന്നതു മുതല് ഏറ്റവും അവസാനം ആയൂര്വേദചികിത്സാ കേന്ദ്രത്തില് വച്ച് ഇറങ്ങാനിരിക്കുന്ന ‘കാംബോജി’ എന്ന സിനിമക്കുവേണ്ടി – സംവിധായകനായ വിനോദ് മങ്കരയുടെ ആഗ്രഹങ്ങള്ക്കനുസരിച്ച് എഴുതിയ മൂന്നു ഗാനങ്ങള് – ആ ജീവിതം ധന്യമായിരുന്നു. അവസാനത്തെയും സ്വന്തം കൈപ്പടയിലാവണമെന്നത് അദ്ദേഹത്തിന്റെ വാശി കലര്ന്ന ആഗ്രഹമായിരുന്നു . ഗാനങ്ങളുടെ ചിട്ടപ്പെടുത്തല് സംഗീത സം വിധായകന് എം ജയചന്ദ്രന്റെ നേതൃത്വത്തില് നടക്കുമ്പോള് ആ കവിതകള് സിനിമയിലെങ്ങനെ ആവിഷ്ക്കരിക്കുമെന്നത് കാണാനാവാതെ അദ്ദേഹം യാത്രയായി.പ്രതിഭകളെല്ലാം എക്കാലവും അവസാന നിമിഷം വരെ കര്മ്മനിരതനായിരിക്കും. രവീന്ദ്രനാഥ ടാഗോര് ആശുപത്രിക്കിടക്കയില് വച്ച് തന്റെ മനസിലേക്കു കടന്നു വന്ന കവിത പറഞ്ഞു കൊടുത്തത് എഴുതിയെടുത്തെന്ന് ബോദ്ധ്യം വന്നപ്പോള് മാത്രമാണ് ഓപ്പറേഷന് തീയറ്ററിലേക്ക് പോയത്. ഇ.എം.എസ് പിറ്റേ ദിവസത്തെ പത്രത്തില് വരേണ്ട ലേഖനം ഡിക്ടേറ്റ് ചെയ്തു കൊടുക്കുമ്പോഴാണ് കുഴഞ്ഞു വീണതും പിന്നീട് ആശുപത്രിയിലേക്കു മാറ്റപ്പെട്ട് മരണമടയുന്നതും. രാഷ്ട്രപതി എ.പി.ജെ അബ്ദുള്കലാം ഷില്ലോംഗില് വച്ച് കുട്ടികള്ക്കു ക്ലാസെടുക്കുന്ന സമയത്താണ് മരണത്തിനു കീഴടങ്ങിയത്. ഇതൊക്കെ ചരിത്ര രേഖകളാണ്. ആ ചരിത്രത്തിലേക്കാണ് ഓ.എന്.വിയും കയറിപ്പറ്റിയത്.1955- ല് പുറത്തിറങ്ങിയ ദാഹിക്കുന്ന പാനപാത്രം എന്ന കൃതിക്കു അവതാരിക എഴുതുമ്പോള് മുണ്ടശേരി ‘ ഒരു ഒരു പുരുഷായുസില് ചെയ്തു തീരേണ്ടതെല്ലാം, ഈ ഇരുപത്തിനാല് വര്ഷത്തെ ജീവിതം കൊണ്ടു തീര്ത്തു” എന്ന് പറയുന്നുണ്ട്. പക്ഷെ യവ്വനത്തിലേക്കു കടക്കുന്ന അദ്ദേഹത്തിനു വേറൊരു പുരുഷായുസില് തീര്ക്കേണ്ട ജോലിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. അവയാണ് പിന്നീടു വന്ന കവിതകളെല്ലാം. മാറ്റുവില് ചട്ടങ്ങളെ , ദാഹിക്കുന്ന പാനപാത്രം , നീലക്കണ്ണുകള്, ഞാന് അഗ്നി, ഭൂമിക്ക് ഒരു ചരമ ഗീതം,മൃഗയ, ഭൈരവന്റെ തുടി, ഉജ്ജയനി, ഉപ്പ്, തോന്ന്യാക്ഷരങ്ങള്, സൂര്യന്റെ മരണം വരെ എത്രയോ കൃതികള് .സിനിമയില് ആദ്യകാലത്ത് ഗാനങ്ങളെഴുതിയത് ബാലമുരളി എന്ന പേരിലാണ്. പിന്നീട് ഒ എന് വി എന്ന പേരു സ്വീകരിച്ചു . പ്രേക്ഷകരുടെ ഹൃദയം കവര്ന്ന എത്രയോ ഗാനങ്ങള്. നീണ്ട അദ്ധ്യാപന ജീവിതത്തിനിടയിലും കാവ്യ ദേവതയെ ഉപാസിച്ചിരുന്നു. കേരള സാഹിത്യഅക്കാദമി പുരസ്ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം, സോവിയറ്റ് ലാന്ഡ് നെഹൃ പുരസ്ക്കാരം, വയലാര് പുരസ്ക്കാരം, ഓടക്കുഴല് പുരസ്ക്കാരം തുടങ്ങി എത്രയോ പുരസ്ക്കാരങ്ങള് .സിനിമക്കു സംസ്ഥാന അവാര്ഡും (13 തവണ) ദേശീയ പുരസ്ക്കാരവും നേടിയ കവിക്ക് 2010 -ല് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ചു. 1998 -ല് പത്മശ്രീയും 2011-ല് പത്മവിഭൂഷനും ലഭിച്ചു. പക്ഷെ അങ്ങനെയുള്ള പുരസ്ക്കാരങ്ങളൊക്കെ ഏറ്റു വാങ്ങുമ്പോഴും നാടിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലനായിരുന്നു. നീര്ത്തടങ്ങളും നെല്പ്പാടങ്ങളും നികത്തി കെട്ടിടങ്ങള് ഉയരുന്നതിനെതിരെ എന്നും പടവെട്ടി . ആറന്മുള വിമാനത്താവളത്തിനു വേണ്ടി ഭൂമാഫിയയുടെ ആഗ്രഹങ്ങള്ക്ക് തടയിടുന്നതില് ഓ.എന്.വിയും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. മയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരമുറയിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.മലയാള ഭാഷക്ക് അഭിമാനിക്കാവുന്ന ആ നേട്ടം, ശ്രേഷ്ഠഭാഷ എന്ന നേട്ടം ലഭിക്കാന് ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് ഡല്ഹിയില് പോകാനും പ്രധാമന്ത്രിയുള്പ്പെടെയുള്ളവരെ കണ്ട് കാര്യങ്ങള് ബോദ്ധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു . ഇങ്ങനെ കര്മ്മനിരതനും ഒരു വിപ്ലവകാരിയേയുമാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ കൈരളിക്കു നഷ്ടമായത്.മഹാനായ അദ്ദേഹത്തിന്റെ ഓര്മ്മക്കു മുന്നില് ഒരു പിടി പൂക്കള്.
Generated from archived content: edito_feb26_16.html Author: editor
Click this button or press Ctrl+G to toggle between Malayalam and English