ഏറെക്കൊണ്ടാടപ്പെട്ട കേരളത്തിലെ സമഗ്രപദ്ധതികളെയും മാറ്റി മറിക്കുന്ന പുതിയ വ്യവസായ ഭൂപടം ചമക്കുന്ന ‘എമേര്‍ജിംഗ് കേരള’ അവസാനിച്ചിരിക്കുന്നു.
പുതിയൊരു കേരളം – പ്രത്യേകിച്ച് വിദേശപങ്കാളിത്തത്തോടെയുള്ള വ്യവസായ സംരംഭങ്ങള്‍ വരുന്നതിന്റെ ഒരാഘോഷമായിരുന്നു. നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുത്ത ‘ എമേര്‍ജിംഗ് കേരള’യിലൂടെ കണ്ടത്. എല്ലാം നിശിതമായി വിശകലം ചെയ്യുകയാണെങ്കില്‍ ‘ കേരളം വില്‍പ്പനക്ക്’ വയ്ക്കുന്ന ഒരു സംരംഭമായിട്ടേ ഇതിനെ കാണാനൊക്കു.
അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് പ്രകൃതി വിഭവങ്ങളെയും കേരളത്തിലെ മലയോരപ്രദേശങ്ങളെയും കായലും കടലുമടങ്ങിയ തീരപ്രദേശങ്ങളേയും ടൂറിസം വികസനത്തിന്റെ പേരില്‍ ദീര്‍ഘകാല പാട്ടവ്യവസ്ഥയില്‍ ഫലത്തില്‍ വില്‍പ്പനക്കു വയ്ക്കുന്ന പദ്ധതികള്‍ – അധികവും – വിദേശ സ്വദേശ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമം.
കടലോര പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ വിദേശ ഭീകരവാദികള്‍ക്കും ചാരന്‍മാര്‍ക്കും കടന്നു വരാനുള്ള സൗകര്യങ്ങള്‍ തുറന്നു കിട്ടുകയാണ് എന്ന വസ്തുത – കഴിഞ്ഞ തവണ പാക്ക് ഭീകര തീവ്രവാദികള്‍ വന്ന വഴി അറിയാവുന്ന സര്‍ക്കാര്‍ സൗകര്യപൂര്‍വം മറന്ന പോലെ തോന്നുന്നു. മുംബൈയിലെ ടാജ് ഹോട്ടലിലും ചത്രപതി ശിവജി സ്റ്റേഷനിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവം അനുഭവ പാഠമായി മനസിലുള്ളപ്പോള്‍ , കടലോര ടൂറിസം പദ്ധതികള്‍ നടുക്കമാണ് സൃഷ്ടിക്കുന്നത്. പാക് തീവ്രവാദികള്‍ കറാച്ചിയില്‍ നിന്നും കടലിലൂടെ ബോട്ട് മാര്‍ഗമാണ് മുംബൈയില്‍ വന്നിറങ്ങിയത്. പിടിയിലായ ഭീകരവാദികളില്‍ ഒരുവന്‍ ഇപ്പോള്‍ വിചാരണ കഴിഞ്ഞ് മരണശിക്ഷക്ക് വിധിക്കപ്പെട്ട് പ്രസിഡന്റിന്റെ കാരുണ്യത്തിന് വേണ്ടി ദയാഹര്‍ജി സമര്‍പ്പിച്ച് കഴിയുന്ന വിവരം കൂടെകൂടെ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കടലോരം കേന്ദ്രീകരിച്ചുള്ള വിദേശ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതികള്‍ ആശങ്കയുണര്‍ത്തുന്നു.
കടല്‍ ഏതെങ്കിലും സ്ഥാപനത്തിന്റേയോ വ്യക്തിയുടേയോ സ്വത്തല്ല, പൊതു സ്വത്താണ്. ടൂറിസം ഡിപ്പാര്‍ട്ടുമെന്റുകള്‍ ലേലത്തില്‍ പീടിക്കുന്നവര്‍ കടല്‍ തീരം കയ്യടക്കുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമാകും. ഹൈറേഞ്ചിലെ പര്‍വതസാനുക്കളില്‍ പടുത്തുയര്‍ത്തുന്ന റിസോര്‍ട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അവസ്ഥ തന്നെ വന്നു ചേരും. ഭൂമാഫിയയുടെ കടന്നാക്രമണം മൂലം ശുദ്ധജലസ്രോതസ്സുകള്‍ ഇപ്പോള്‍ തന്നെ മലിനമാക്കപ്പെട്ടു കഴിഞ്ഞു. പ്ലാച്ചിമട പോലുള്ള പ്രദേശങ്ങളിലെ ഭൂഗര്‍ഭജലം പോലും കുത്തകക്കമ്പനികളുടെ ചൂഷണം മൂലം താഴ്ന്ന നിലയിലേക്കെത്തിക്കഴിഞ്ഞു.
ഇത്തവണത്തെ മണ്‍സൂണ്‍ ചതിച്ചതിനാല്‍ നദികളില്‍ വെള്ളമില്ല എന്നതാണ് സ്ഥിതി. നദികളിലെ വെള്ളം വില്‍പ്പനക്കു വേണ്ടി ഉപയോഗിക്കുന്ന സ്കീം 2002 -ല്‍ തന്നെ തുടങ്ങിയിരുന്നു. എതിര്‍പ്പുയര്‍ത്തിയ പരിസ്ഥിതി വാദികളോട് രോഷാകുലനായ ഒരു മന്ത്രി പറഞ്ഞതിങ്ങനെ: ‘ പെരിയാറില്‍ നിന്നും അതുപോലെ മറ്റ് നദികളില്‍ നിന്നും എന്ത് മാത്രം ജലമാണ് വേസ്റ്റായി ഒഴുകി കടലില്‍ വീഴുന്നത്? അത് കുറെ കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചാലെന്താ നഷ്ടം?‘ ഇതാണ് സര്‍ക്കാരിന്റെ മനോഭാവം. ഈ പദ്ധതി പലയിടത്തും പ്രാദേശിക ഭരണകൂടത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് അനുവദിച്ചത് വിദേശ മൂല ധന നിക്ഷേപമുള്ള കമ്പനികളുടെ സഹകരണത്തോടെയാണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ തീരപ്രദേശങ്ങളിലെ ജലം കിണറുകുത്തി കുപ്പിയിലാക്കുന്ന പ്രക്രിയ അവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ നാടൊട്ടുക്ക് പ്രതിഷേധം മൂലം നിര്‍ത്തിച്ചപ്പോഴേക്കും കമ്മീഷനിനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണത്തിലെ പല നേതാക്കള്‍ക്കും നല്ലൊരു തുക കിട്ടിക്കഴിഞ്ഞിരുന്നു. ഇപ്രകാരം ജലം കുപ്പിയിലാക്കാനുള്ള സ്കീം ‘ എമേര്‍ജിംഗ് കേരള’ യിലും സ്ഥാനം പിടിച്ചെന്നാണ് വാര്‍ത്ത. കമ്മീഷന്‍ കിട്ടിയാല്‍ കിണറുവരെ വില്‍ക്കാന്‍ തയ്യാറാവുന്നവരാണ് ഭരണകൂടം.
‘എമേര്‍ജിംഗ് കേരള’ യുടെ മറവില്‍ നദികളും കായലോരങ്ങളും മാത്രമല്ല , ഇപ്പോള്‍ നിലവിലുള്ള കളിസ്ഥലങ്ങളും ചരിത്ര സ്മാരകമായി മാറേണ്ട കൊട്ടാരങ്ങളും വരെ ലേലത്തില്‍ കൊടുക്കാന്‍ നീക്കമുണ്ടെന്നാണ് ആക്ഷേപം.
തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കമ്മീഷന്‍ വ്യവസ്ഥയില്‍ എക്സ്ബിഷന്‍ നടത്താനും കാര്‍ണിവല്‍ നടത്താനും ആദ്യം പദ്ധതിയില്‍പ്പെടുത്തിയിരുന്നു . അഖിലേന്‍ഡ്യാ തലത്തില്‍ സ്പോര്‍ട്സ് മീറ്റും ഗയിംസും നടത്തുന്ന ഒരു സ്റ്റേഡിയമാണ് കായിക പ്രേമികളുടെ എതിര്‍പ്പിനെ മറികടന്ന് ഇങ്ങനെയൊരു സ്കീമില്‍ പെടുത്തിയത്. മാധ്യമങ്ങളിലും ടിവി ചാനലുകളിലും വ്യാപകമായ പ്രതിഷേധം വന്നതോടെ ഗവണ്മെന്റ് അതില്‍ നിന്നും പിന്മാറിയെന്നാണ് കേള്‍ക്കുന്നത്. അത് പോലെയാണ് ചരിത്രസ്മാരകമായി കാണേണ്ട കോവളം കൊട്ടാരം കൈമാറാനുള്ള വ്യവസ്ഥ. ടൂറിസത്തിന്റെ മറവില്‍ നിശാക്ലബ്ബുകള്‍ വരെ തുടങ്ങാനുള്ള അവസരവും കൊട്ടാരം കയ്യടക്കിയവര്‍ക്ക് ലഭിക്കും. മുമ്പ് എഴുപതുകളില്‍ കേരളത്തിലെ വന്‍ കിട ഹോട്ടലുകളില്‍ നടന്നിരുന്ന ആഭാസമുണര്‍ത്തുന്ന കാബറെ ഡാസുകള്‍ അന്യം നിന്നു പോയത് , വേറൊരു രീതിയില്‍ ഈ നിശാക്ലബ്ബുകളില്‍ വന്നെന്ന് വരും.
നെല്ലിയാമ്പതിയിലെ വനഭൂമി , കൃഷിഭൂമിയാക്കി മാറ്റി പട്ടയം സമ്പാദിക്കാനുള്ള ഭൂമാഫിയയുടെ വക്കാലത്ത് പിടിക്കാന്‍ ഗവണ്മെന്റിന്റെ തലപ്പത്തുള്ള ചിലര്‍ വരെ അതിന് തയ്യാറായപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായ ഭരണകക്ഷിയിലെ തന്നെ ഹരിത എമ്മെല്ലെമാര്‍ എന്ത് കൊണ്ടാണ് ‘ എമേര്‍ജിംഗ് കേരള’ യുടെ പേരിലുള്ള ഈ പദ്ധതികളെക്കുറിച്ച് മൗനം പാലിക്കുന്നതെന്ന് മനസിലാവുന്നില്ല.
വികസനമെന്നാല്‍ നാടൊട്ടുക്ക് ടൂറിസ്റ്റ് റിസോര്‍ട്ടുകളും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളങ്ങളും യൂണിവേഴ്സിറ്റികളും സ്റ്റേഡിയങ്ങളും സ്ഥാപിക്കുകയാണെന്ന ചിന്തയാണ് സര്‍ക്കാരിനുള്ളതെന്ന് തോന്നുന്നു. ഇതിന് വേണ്ടി തരിശ്ശായി കിടക്കുന്നെന്ന കാരണത്താല്‍ കൃഷിഭൂമികള്‍ കൈവശപ്പെടുത്തുന്നതോടൊപ്പം ഇപ്പോള്‍ കൃഷി ചെയ്യുന്ന ഭൂമിയും കൈക്കലാക്കി നികത്തി വ്യവസായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ശ്രമം. ഭൂമിക്ക് വിലയേറുന്നതിനാല്‍ ഇതിനു വേണ്ട ഒത്താശകള്‍ ചെയ്യാന്‍ രാഷ്ട്രീയ നേതാക്കന്മാരും ബ്യൂറോക്രാറ്റുകളും തയ്യാറാവുന്നു.
ഒരോ കൈമാറ്റത്തിനും ലഭിക്കാവുന്ന കമ്മിഷനാണ് ആകര്‍ഷണവസ്തു. കൃഷിഭൂമി വില്‍പ്പന വ്യാപകമായതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തഴച്ചു വളരുന്നു വ്യവസായം ‘ റിയല്‍ എസ്റ്റേ‘ റ്റിനാണ്. ഇക്കാര്യത്തില്‍ ഭരണത്തിലുള്ളവരും പ്രതിപക്ഷത്തുള്ളവരും വരെ പെടുന്നുണ്ട്. വ്യവസായ വകുപ്പിന് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഉപദേശം നല്‍കേണ്ട ‘ ഇന്‍കല്‍’ തന്നെ ഗവണ്മെന്റോ വ്യവസായവകുപ്പോ അറിയാതെ സ്വയം ചില പദ്ധതികള്‍ തയ്യാറാക്കുന്നു. കോവളം കൊട്ടാരം കൈമാറ്റവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എക്സ്ബിഷന്‍ ഗ്രൗണ്ടാക്കി മാറ്റാനുള്ള പദ്ധതികളൊക്കെ അവരുടെ ഭാവനയില്‍ വിരിഞ്ഞതാണ്. ഗവണ്മെന്റ് തലത്തില്‍ തന്നെ ചില പ്രതിഷേധങ്ങളുയര്‍ന്നുവെന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന വസ്തുത.
വിനോദ സഞ്ചാരത്തിന്റെ പേരില്‍ വനഭൂമിയും സമുദ്ര തീരവും കായലോരങ്ങളും കയ്യേറി , റിസോര്‍ട്ടുകള്‍ സ്ഥാപിച്ചാല്‍ സംഭവിക്കുന്നത് നമുക്കു ലഭിച്ച സൗഭാഗ്യങ്ങള്‍ എന്നന്നേക്കുമായി പണയം വയ്ക്കുക എന്നതാണ്.
ദീര്‍ഘകാലം നിരവധി പേരുടെ ജീവന്‍ ബലി കൊടുത്തും കടുത്ത യാതനകള്‍ക്കും പീഡനങ്ങള്‍ക്കുമൊടുവില്‍ വെള്ളക്കാരില്‍നിന്നും നേടിയ സ്വാതന്ത്ര്യം ഫലത്തില്‍ അവര്‍ക്ക് തന്നെ പണയം വച്ച് നല്‍കാനുള്ള ശ്രമം മഹാത്മജിയുടെ 144-ആം ജന്മദിനം കൊണ്ടാടുന്ന വേളയില്‍ തന്നെയാണ് എന്നത് ആ മഹാത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.വ്യാപകമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി വാദികളില്‍ നിന്നും ഉയര്‍ന്നാലേ , ‘റിയല്‍ എസ്റ്റേ‘റ്റായി മാറാനുള്ള സ്കീമുകളില്‍ നിന്ന് മോചനം ലഭിക്കുകയുള്ളു.
Generated from archived content: edito1_sep29_12.html Author: editor