ഭരണ ഭാഷ മലയാളമാവണമെങ്കില്‍

കേരളപ്പിറവിയോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ മലയാളഭാഷാവാരാചരണത്തിന് ഒരു പ്രത്യേകത വന്നു ചേര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഭരണഭാഷ ഔദ്യോഗികമായി മലയാളമായി മാറുന്നുവെന്ന ഗവണ്മെന്റ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് 2012 നവംബര്‍ ഒന്നോടെയാണ്. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തു തന്നെ ഭരണഭാഷ മലയാളമാക്കി മാറ്റാനുള്ള തുടക്കമിട്ടെങ്കിലും അന്നത്തെ തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത് ഇപ്പോള്‍ മാത്രമാണ്.

ഇതോടൊപ്പം മലയാളഭാഷയെ ക്ലാസ്സിക്കല്‍ ഭാഷയായി അംഗീകരിക്കാന്‍ വേണ്ടിയുള്ള ശ്രമവും നടക്കുന്നുണ്ട്. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി എന്നിവരുള്‍പ്പെട്ട സാംസ്ക്കാരിക നായകരെ കൂട്ടി സര്‍ക്കാരിലേയും പ്രതിപക്ഷത്തെയും നേതാക്കള്‍ നടത്തിയ ശ്രമം പോലും വിജയം കണ്ടില്ല എന്നത് കേരളത്തോടുള്ള ചിറ്റമ്മ നയമായി കാണുന്നവരുണ്ട്.

തൊട്ടയല്‍ സംസ്ഥാനമായ തമിഴ്നാടിന് തമിഴ്ഭാഷ ക്ലാസിക്കല്‍ ഭാഷയായി അംഗീകരിച്ചപ്പോഴും കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം മുഖം തിരിച്ച് നില്‍ക്കുന്നത് പല വിമര്‍ശനങ്ങളും വ്യാഖ്യാനങ്ങളും വിളിച്ച് വരുത്തുന്നുണ്ട്. പക്ഷേ നമ്മുടെ സാംസ്ക്കാരിക നേതാക്കന്‍മാരും ഭരണത്തിലേയും പ്രതിപക്ഷത്തിലെയും നേതാക്കന്‍മാരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഭാഷാ സ്നേഹമില്ലാത്തവരായി ഇവിടുത്തെ ജനങ്ങള്‍ മാറിക്കഴിഞ്ഞു. അത് ഇന്നോ ഇന്നലയോ തുടങ്ങിയ പ്രവണതയല്ല . ഇങ്ങനെ ഭാഷാസ്നേഹമില്ലാത്തവരായി മാറുന്നതിന് ഇപ്പറഞ്ഞ കൂട്ടര്‍ക്കൊക്കെ പങ്കുണ്ട്.

പ്രധാനമായും കാണുന്ന വ്യത്യാസം പബ്ളിക്ക് സ്കൂളുകളിലും സര്‍ക്കാര്‍ സ്കൂളുകളിലുമുള്ള വേര്‍തിരിവാണ്. പല പബ്ലിക്ക് സ്കൂളുകളിലും ഇംഗ്ലീഷ് സ്കൂളുകളിലും ‘ മലയാളം’ എന്ന വാക്കു പോലും ഉച്ചരിക്കുന്നതിന് വിലക്കുണ്ട്. ഒരു കോണ്‍വെന്റ് സ്കൂളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്നും പുറത്താ‍ക്കിയതും അത് ഉയര്‍ത്തിയ കോലാഹലവും ഇപ്പോഴും നമ്മുടെ പത്രലോകവും ചില കടുത്ത ഭാഷാസ്നേഹികളും പ്രതിപാദിക്കാറുണ്ട്. ഈ വേര്‍തിരിവിന് കാരണം മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷകള്‍ പഠിപ്പിക്കുകയും ബോധന മാധ്യമമായി സ്വീകരിക്കുകയും ചെയ്യാമെന്ന ഗവണ്മെന്റിന്റെ അംഗീകൃത നയം നടപ്പില്‍ വന്നതുകൊണ്ടാണ്. ഇത് മുതലെടുത്തുകൊണ്ടാണ് ഇംഗ്ലീഷ് ബോധനമാധ്യമങ്ങളെന്ന നിലയില്‍ സ്കൂളുകള്‍ നടത്തുന്നത്. അവിടെ പഠനത്തോടൊപ്പം മലയാളം കര്‍ശനമായും പഠിപ്പിക്കണമെന്ന് ഗവണ്മെന്റ് നിഷ്കര്‍ഷിച്ചിരുന്നെങ്കില്‍ ഇന്നീ കാണുന്ന രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്ന വേര്‍തിരിവുണ്ടാവുമായിരുന്നില്ല. ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പൊതു മത്സര പരീക്ഷകള്‍ പോലും ഇംഗ്ലീഷിലാണ്. പ്രാദേശിക ഭാഷകള്‍ക്ക് പരിഗണന വേണമെന്ന വാദം വിലപ്പോവുന്നില്ല. ദീര്‍ഘവീക്ഷണവും ദേശീയ നയവുമുള്ള സര്‍ക്കാര്‍ പ്രാദേശിക ഭാഷകളെ ബോധനമാധ്യമമായി അംഗീകരിക്കണം. അങ്ങനെയൊരു നിയമം വന്നാല്‍ മാത്രമേ കേരളത്തിലെ സ്കൂളുകളില്‍ മലയാളം ബോധനമാധ്യമമായി മാറുകയുള്ളു. ഇതിന്റെ ചുവട് പിടിച്ചാവണം സര്‍ക്കാരാഫീസുകളില്‍ ഭരണഭാഷ മലയാളത്തിലാക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍.

പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ഭരണഭാഷ മലയാളത്തിലാക്കണം എന്ന് പറഞ്ഞാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്നിപ്പോള്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കമ്പ്യൂട്ടര്‍, ടൈപ്പ് റൈറ്റര്‍ തുടങ്ങിയവയ്ക്കൊക്കെ മലയാള പരിഭാഷ വേണമെന്ന വാശി ഉപേക്ഷിക്കണം. പക്ഷെ മാനേജര്‍ , സെക്രട്ടറി ഇവയ്ക്കൊക്കെ പറ്റിയ പദങ്ങള്‍ കണ്ടുപിടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ പല ഓഫീസുകളിലും കാര്യദര്‍ശി, കാര്യാലയം, കേന്ദ്രാലയം എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഇത് വ്യാപകമായി നടപ്പില്‍ വന്നിട്ടില്ല.

വേറൊന്ന്, ഇക്കാര്യത്തില്‍ ഭാഷാപദവിക്കുവേണ്ടി മുറവിളി കൂട്ടുന്ന മാധ്യമങ്ങളുടെ വിചിത്രമായ നിലപാടാണ്. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ആയ വിവരങ്ങള്‍ എല്ലാം ഇം‍ഗ്ലീഷിലാണ്. പത്രാധിപസമിതി അംഗങ്ങളുടെ പേരുകള്‍ പോലും ഇംഗ്ലീഷിലേ അടിക്കുകയുള്ളു. നമ്മുടെ വാര്‍ത്താ ചാനലുകളിലെ അവതാരകരുടെ സംസാരരീതികളും മാറേണ്ടതുണ്ട്. ‘ മത്സരാര്‍ത്ഥികള്‍’ എന്ന പദം ഉപയോഗിക്കാതെ ‘ കോണ്‍ടസ്റ്റന്‍സ് ‘ എന്നേ അവര്‍ പറയുന്നുള്ളു. ഈ അവതാരകര്‍ ഒരിക്കല്‍ പോലും ശുദ്ധമായ മലയാളത്തിലോ ഇംഗ്ലീഷിലോ സംസാരിക്കുകയില്ല. വികലമായ പദപ്രയോഗങ്ങളും ആംഗ്യങ്ങളും വഴി അവര്‍ പ്രേക്ഷകരെ പരിഹസിക്കുന്നതരത്തിലുള്ള ‘ മംഗ്ലീഷ് ‘ ആണ് ഉപയോഗിക്കുക.

മലയാളത്തില്‍ എഴുപതുകള്‍ക്കു ശേഷം കണ്ടുവരുന്ന ഒരു പ്രത്യേകത സിനിമകളുടെ പേരുകളാണ്. ലവ് ഇന്‍ സിങ്കപ്പൂര്‍, ഫ്രണ്ട്സ്, മാസ്റ്റേഴ്സ്, ഹീറോസ്, ബ്ലാക്ക്, റണ്‍ബേബി റണ്‍, ട്വന്റി- ട്വന്റി, ബോഡിഗാര്‍ഡ് അങ്ങനെ പോവുന്നു പേരുകള്‍. മലയാളി സംവിധായകന്‍ സിദ്ദീക്ക് മലയാളത്തിലെടുത്ത ബോഡി ഗാര്‍ഡ് തമിഴില്‍ സിദ്ദീക്ക് തന്നെ സംവിധാനം ചെയ്തപ്പോള്‍ തമിഴരുടെ വികാരം മാനിച്ച് ‘ കാവലാള്‍’ ആയി മാറിയ കാര്യം – തമിഴരുടെ ഭാഷാ സ്നേഹത്തെ വിളിച്ചു പറയുന്നതാണ്. തമിഴ്നാട്ടിലെ സെക്രട്ടറിയേറ്റിലെ ഫയല്‍ പോലും തമിഴില്‍ വേണമെന്ന കര്‍ശനനിയമം – അവിടെ നടപ്പില്‍ വന്നതുകൊണ്ട് അവര്‍ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. നിരത്തുകളിലെ മൈല്‍ കുറ്റികളിലും ഓഫീസുകളിലും തമിഴിനോടൊപ്പം അന്യനാട്ടില്‍ നിന്ന് വന്നവര്‍ക്ക് വേണ്ടി മാത്രം ഇംഗ്ലീഷ് ഉപയോഗിക്കുമെന്നല്ലാതെ തമിഴൊഴിവാക്കുന്നില്ല. ഈ ഒരു നിലപാടില്‍ അവര്‍ നേരത്തെ മുതല്‍ എല്ലാ രംഗത്തും ഉറച്ച് നിന്നത് കൊണ്ടാണ് തമിഴിനെ ക്ലാസ്സിക്കല്‍ ഭാഷയാക്കി മാറ്റാനുള്ള അവരുടെ ശ്രമം വിജയം കണ്ടത്. ഇത് കപട ഭാഷാസ്നേഹം പ്രകടിപ്പിക്കുന്ന മലയാളികള്‍ കണ്ട് മനസിലാക്കേണ്ടതാണ്. ചൈനയിലും ഫ്രാന്‍സിലും ജപ്പാനിലും റഷ്യയിലും മാതൃഭാഷയിലൂടെ കുട്ടികള്‍ പഠനം നടത്തുന്നു. അവിടെയൊന്നും ഇംഗ്ലീഷ് ഭാഷ പ്രശ്നമല്ല. ( ഏഷ്യയിലെ ഏറ്റവും വികസിതരാജ്യങ്ങള്‍ ചൈനയും ജപ്പാനുമണെന്ന കാര്യം ഓര്‍ക്കുക) ആ ചുവട് പിടിച്ച് ഇന്‍ഡ്യയിലും കുട്ടികള്‍ അവരുടെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം നടത്തുകയാണ് വേണ്ടത്. ചില സാങ്കേതിക വിഷയങ്ങള്‍ക്കും ശാസ്ത്രവിഷയങ്ങള്‍ക്കും ലൈബ്രറി ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനെ സ്വീകരിക്കാം. കാലക്രമേണ പറ്റിയ മലയാള വാക്കുകള്‍ കണ്ടുപിടിച്ച് മലയാളം തന്നെ ഉപയോഗിക്കാവുന്നതേയുള്ളു.

ഇച്ഛാശക്തിയുള്ള ഭരണകൂടവും രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക – സാഹിത്യ- മാധ്യമ പ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഭരണഭാഷ മലയാളമാക്കുന്ന പ്രക്രിയ അധികം താമസിയാതെ കേരളത്തിലും നടപ്പിലാക്കാവുന്നതേയുള്ളു.

Generated from archived content: edito1_oct30_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English