കോഴവിവാദം ക്രിക്കറ്റിലേക്കും

നമ്മുടെ രാജ്യത്തിനാകമാനം , കേരളത്തിനു പ്രത്യേകിച്ചും നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് കുറെ ദിവസങ്ങളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട ഇന്‍ഡ്യന്‍ പ്രിമീയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് , ഓരോ വര്‍ഷം പിന്നിടുമ്പോഴും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല ദേശീയ ബോധമുള്ള എല്ലാ പൗരന്മാര്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ്. ഇക്കഴിഞ്ഞ ഐ പി എല്‍ ടൂര്‍ണമെന്റില്‍ അവസാന റൗണ്ട് വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സിലെ ചില താരങ്ങള്‍ വാത് വയ്പ്പുകാരായിരുന്നുവെന്നും ലക്ഷക്കണക്കിനു രൂപ ഓരോ ഓവറിലും വിട്ടുകൊടുക്കുന്ന റണ്‍സിന്റെ അടിസ്ഥാനത്തില്‍ കൈപ്പറ്റിയിരുന്നുമെന്നാണു വാര്‍ത്തകള്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയത് നമ്മളെല്ലാം അഭിമാന പൂര്‍വ്വം , സ്വകാര്യ അഹങ്കാരമായി ഉയര്‍ത്തിക്കാട്ടിയിരുന്ന ശ്രീശാന്ത് ഈ വാത് വയ്പ്പ് കേസ്സില്‍ പെട്ടുപോയതാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ലോക ക്രിക്കറ്റിന്റെ ഭാഗമായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കേരളത്തില്‍ നിന്നും ഒരു കളിക്കാരന്‍ പിറന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് . പക്ഷെ ടിനു യോഹന്നാന്‍ എന്ന കളിക്കാരന്‍ തിളങ്ങാനാവാതെ പോയതിന്റെ കോട്ടം തീര്‍ത്തയാളായിട്ടാണ് കൊച്ചിക്കാരനായ ശ്രീശാന്ത് ഉയര്‍ന്നു വന്നത് . തുടക്കത്തിലെ തന്നെ ബൗളിംഗിലും ഫീല്‍ഡിംഗിലും മികവ് കാട്ടിയ ശ്രീശാന്ത് ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നുവെന്നത് കേരളീയരാകമാനം തന്നെ ആഘോഷ പൂര്‍വ്വം കൊണ്ടാടിയ സംഭവങ്ങളാണ്. പിന്നീട് ശ്രീശാന്തിനെപ്പറ്റി കേള്‍ക്കുന്നതൊന്നും സുഖകരമായ വാര്‍ത്തകളല്ല. പന്തെറിഞ്ഞ് ഔട്ടാക്കുന്ന എതിര്‍ടീമിലെ അംഗങ്ങളെ കളിക്കളത്തില്‍ വച്ച് അവഹേളിക്കുകയും ക്യാപ്റ്റന്റെയോ കോച്ചിന്റെയോ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തില്ലെങ്കിലും അനുസരിക്കാതിരിക്കുകയും ചെയ്യുക എന്നത് പതിവുശീലമായി മാറിയതോടെ പലതവണയും ടീമിലുണ്ടായിട്ടും പന്തെറിയാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ട്. അവസാനം അത് ഹര്‍ഭജന്‍ സിംഗിന്റെ ചെകിട്ടത്തടി വരെ ഏല്‍ക്കേണ്ടി വന്നത് ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തയായിരുന്നു. തനിക്ക് പറ്റിയ പിഴവുകളെന്തെന്നും , പെരുമാറ്റ ചട്ടങ്ങളോട് പൊരുത്തപ്പെട്ട് കളിക്കണമെന്നും ടീം സ്പിരിറ്റ് കാത്ത് സൂക്ഷിക്കണമെന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതെ വന്നപ്പോള്‍ മികച്ച കളിക്കാരനായിട്ടും ടീമിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.

ശ്രീശാന്തിനു പുറമെ രാജസ്ഥാന്‍ റോയല്‍സിലെ അജിത് ചാന്ദില, അജിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍. പിന്നാലെ മുന്‍ ഗുസ്തി താരം ധാരാസിങ്ങിന്റെ മകന്‍ – അയാള്‍ സിനിമാ നടന്‍ കൂടിയാണ്- വാത് വെയ്പ്പ് കേസ്സില്‍ പെട്ട് അറസ്റ്റിലായതോടെ , ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല, സിനിമാതാരങ്ങളില്‍ ചിലരും പങ്കാളികളാണെന്ന് തെളിഞ്ഞിരിക്കുന്നു. ശ്രീശാന്തിനെ കുടുക്കിയത് ഇവരുടെ ഇടനിലക്കാരനായ ഒരകന്ന ബന്ധു കൂടിയായ ജിജു ജനാര്‍ദ്ദനന്‍ ആണെന്നാണ്, ശ്രീശാ‍ന്തിന്റെ വാദം. താനിത് വരെ വാത് വയ്പ്പ് ഇടപാടില്‍ പോയിട്ടില്ലെന്നും , നിരപരാധിയാണെന്നുമുള്ള വാദമുഖങ്ങള്‍ പൊളിയുന്നതായിട്ടാണ് പിന്നീട് ചെന്നൈയിലും മുംബൈയിലും ഡല്‍ഹിയിലും അഹമ്മദാബാദിലുമുള്ള ഈ കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്ന് ലഭ്യമായ വിവരം. മാത്രമല്ല കളി‍ നടന്ന 15 നു തൊട്ട് തലേന്ന് പുലര്‍ച്ച മുംബൈയില്‍ ശ്രീശാന്ത് താമസിച്ചിരുന്ന ഹോട്ടലിലെ കോറിഡോറില്‍ കൂടി വാതുവയ്പ്പുകാരില്‍ ഒരാളുമായി സംസാരിച്ച് വരുന്ന ദൃശ്യങ്ങള്‍ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ക്ലോസഡ് ടി വി സര്‍ക്യൂട്ടിലെ ദൃശ്യങ്ങളില്‍ കൂടി വ്യക്തമാകുന്നതും ശ്രീശാന്തിന്റെ വാദം അസ്ഥാനത്താണെന്നുമാണ്. ഇതിനു പുറമെ ഈ കളിക്കാരും ഇടനിലക്കാരും വാതുവയ്പ്പുകാരും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു.

ക്രിക്കറ്റില്‍ സദാചാരമെന്ന വാക്കിന് കളിയില്‍ മാത്രമല്ല വ്യക്തി ബന്ധത്തിലും സ്ഥാനമില്ലാതായിക്കഴിഞ്ഞു. അതിന്റെ വ്യക്തമായ തെളിവായിരുന്നു വാതുവെയ്പ്പുകാരനായ കളിക്കാരോടൊപ്പം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതും ഹോട്ടലില്‍ താമസിച്ച ദിവസത്തെ ഷോപ്പിംഗില്‍ ഡ്രസ്സിനു മാത്രമായി ശ്രീശാന്ത് ഒരു ലക്ഷത്തിനു മേലെ വരുന്ന പണം ചിലവാക്കിയതിന്റെ ബില്‍ പോലീസ് കണ്ടെടുത്തതില്‍ നിന്ന് വ്യക്തമാകുന്നത്. രൊക്കം പണമായിട്ടായിരുന്നു ഈ ഇടപാടുകള്‍ എന്നത് കേസ്സിന്റെ വാദഗതികള്‍ക്ക് ബലം കൂട്ടുന്നതാണ്.

ഇന്‍ഡ്യന്‍ ക്രിക്കറ്റ് മാത്രമല്ല , ലോക ക്രിക്കറ്റ് തന്നെയും പണക്കൊഴുപ്പിന്റെ മേഖലയില്‍ അമര്‍ന്നിരിക്കുന്നു. ഇന്‍ഡ്യന്‍ ടീം ക്യാപ്റ്റനായിരുന്ന അസറുദ്ദീനും മലയാളി ബന്ധമുള്ള അജയ് ജഡേജയും ആജീവനാന്ത വിലക്ക് നേരിട്ട് , ക്രിക്കറ്റ് ലോകത്ത് നിന്ന് ഔട്ടാക്കപ്പെട്ടിട്ട് ദശകങ്ങളോളമായി. പക്ഷെ അവരൊന്നും പണക്കൊതി മൂലം ഇന്‍ഡ്യന്‍ ക്രിക്കറ്റിനെ ഒറ്റു കൊടുത്തു എന്ന് ഒരു ക്രിക്കറ്റ് പ്രേമിയും പറഞ്ഞിട്ടില്ല. ശ്രീ ശാന്തിന്റെ കാര്യം ഇതില്‍ നിന്നും വിഭിന്നമാണ്. ഇന്‍ഡ്യന്‍ ക്രിക്കറ്റ് മാന്യമായ ഒരു കളിയായിട്ടാണ് അസറുദ്ദീന്‍ ക്യാപ്റ്റനാവുന്നിടം വരെ തെളിഞ്ഞിട്ടുള്ളത്. ആദ്യമായി ലോകകപ്പ് ഇന്‍ഡ്യക്ക് നേടിത്തന്ന ഇന്‍ഡ്യന്‍ ടീം ക്യാപ്റ്റന്‍ കപില്‍ ദേവും പിന്നീട വന്ന സൗരവ് ഗാംഗുലി ക്യാപ്റ്റനായപ്പോഴും ടീമംഗങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ടും ഐക്യത്തോടെയും കളിച്ചുവെന്നതിന്റെ തെളിവായിരുന്നു അന്താരാഷ്ട്രരംഗത്ത് ഇന്‍ഡ്യ തുടര്‍ച്ചയായെന്നോണം നേടിയിരുന്ന വിജയങ്ങള്‍. എം. എസ്. ധോണി ക്യാപ്റ്റനായ് വന്ന ഇന്‍ഡ്യന്‍ ടീം ലോകകപ്പ് നേടിയെങ്കിലും ടീമംഗങ്ങള്‍ തമ്മില്‍ മാനസികമായ ഐക്യത്തിലായിരുന്നില്ല. മാത്രമല്ല ധോണി ക്യാപ്റ്റനായ ഐ പി എല്‍ ടീം ചെന്നെ സൂപ്പര്‍ കിംഗിസിന്റെ ഉടമസ്ഥനായ ഗുരുനാഥ് മെയ്യപ്പന്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ധോണിയും സംശയസ്ഥാനത്താണ് നില്‍ക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയും ഗുരുനാഥ മെയ്യപ്പനും തമ്മിലുള്ള സൗഹൃദം – ഈ സംശയം ബലപ്പെടുത്തിയിരിക്കുന്നു.

ബി സി സി ഐ അദ്ധ്യക്ഷനും ഇന്‍ഡ്യ സിമന്റ്സ് പോലുള്ള വ്യവസായ സ്ഥാപനങ്ങളുടെ തലവനുമായ ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പനെന്നത് ഇപ്പോള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റിനെ തന്നെ എല്ലാവരും സംശയസ്ഥാനത്തോടെ വീക്ഷിക്കുന്നു. ബി സി സി ഐ ചെയര്‍മാനായുള്ള ബന്ധം മൂലമാണോ ക്രിക്കറ്റിന്റെ കമന്‍ന്റേറ്റര്‍‍മാരും സെലക്ഷന്‍‍ കമ്മറ്റി അംഗങ്ങളുമായുള്ള സുനില്‍ ഗവാസ്ക്കര്‍, രവിശസ്ത്രി എന്നിവര്‍ മൗനം ഭജിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നു വന്ന് കഴിഞ്ഞു.

ക്രിക്കറ്റിനെ വാനോളം ഉയര്‍ത്തി- ഇന്‍ഡ്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റ് രംഗത്ത് തന്നെ എല്ലാ രംഗത്തും മികവ് കാട്ടി റിക്കാര്‍ഡുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , മാന്യമായി കളിച്ച് സ്ഥാനമുറപ്പിക്കാമെന്ന് തെളിയിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് – ഇവരൊക്കെ സൃഷ്ടിച്ച പേരും പെരുമയും ആണ് ധനാര്‍ത്തി പൂണ്ട ചിലര്‍ തകര്‍ത്തിരിക്കുന്നത്. ക്രിക്കറ്റിലെ വാത് വയ്പ്പിനെ പാടെ ഇല്ലാതാക്കുന്ന വിധം നിയമനിര്‍മ്മാണം നടത്തുന്നതാണ് എന്ന നിയമ മന്ത്രി കപില്‍ സിബലിന്റെ വാക്കുകള്‍ പാഴ്വാക്കുകളാവുകയില്ലെന്നു പ്രത്യാശിക്കാം.

Generated from archived content: edito1_may31_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English