ഫ്ലക്സ് ബോര്‍ഡുകളില്‍ തൂങ്ങുന്ന ഭരണം

കേരളത്തിലായാലും കേന്ദ്രത്തിലായാലും ഇപ്പോള്‍ ഭരണം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയുന്നത് വഴിനീളെ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും, മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കാണുമ്പോഴാണ്. ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റിലായാലും നിയമസഭയിലായാലും പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് വരെ ഭീഷണിയുയര്‍ത്തുന്ന സംഭവങ്ങളുടെ വാര്‍ത്തകളാണ് പത്രങ്ങളിലായാലും ദ്രൃശ്യമാധ്യമങ്ങളിലായാലും വായിക്കാനും കാണാനുമാവുക. ആഭ്യന്തരകാര്യങ്ങളിലും സ്ഥിതിഗതികള്‍ മെച്ചമല്ല. രാജ്യത്തെവിടെയെങ്കിലും തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാവാത്ത ദിവസങ്ങളില്ല. നക്സലൈറ്റ് പ്രസ്ഥാനം ഢര്‍ഖണ്ഡിലോ, ഛത്തീസ്ഖട്ടിലോ, ഒറീസ്സയിലോ, ആന്ധ്രയിലെ മലയോര പ്രദേശങ്ങളിലോ മാത്രമായി ഒതുങ്ങുന്നില്ല. കേരളത്തിലെ വരെ നക്സലെറ്റ് പ്രസ്ഥാനം വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞ് ശക്തി ക്ഷയിച്ചിരിക്കുകയായിരുന്നു, ഈ അടുത്ത കാലം വരെ .ഇപ്പോള്‍ ഇവിടെയും നക്സലൈറ്റ് പ്രസ്ഥാനത്തിന് ജീവന്‍ വച്ചുവെന്നാണ് വാര്‍ത്തകള്‍. വയനാട്ടിലും ഹൈറേഞ്ചിലും അവരുടെ ഒളിത്താവളങ്ങള്‍ ഉണ്ടെന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍. അതിന് പുറമെയാണ് കാശ്മീരിലെ ഭീകരപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള ട്രയിനിങ്ങ് ക്യാമ്പുകള്‍ മതപാഠശാലകളുടെ പേരിലും കാരുണ്യപ്രവര്‍ത്തനത്തിന്റെ പേരിലുമുള്ള ട്രസ്റ്റുകള്‍ വഴി സംഘടിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ കക്ഷികള്‍ ചിന്തിക്കുന്നില്ല.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് കേന്ദ്ര ഡിഫന്‍സ് മന്ത്രാലയത്തിലെ താല്പര്യപ്രകാരം അനുവദിച്ച ഫണ്ടുപയോഗിച്ച് പണിത മഹാരാഷ്ട്രയിലെ ആദര്‍ശ് അപ്പാര്‍ട്ട് മെന്റ്സിലെ ഫ്ലാറ്റുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത് മരിച്ച ജവാന്മാരുടെ വിധവകളല്ല, മഹാരാഷ്ട്രയിലെ ചില മന്ത്രിമാരും രാഷ്ട്രീയ ദല്ലാളുമാരും ഏതാനും മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുമാണെന്ന് പിന്നീട് തെളിഞ്ഞ കാര്യമാണ്. അതു സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ആന്ധ്രയിലെയും, ഛത്തീസ്ഖട്ടിലെയും ആദിവാസികള്‍ക്കും, മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും വേണ്ടി ഗവണ്മെന്റ് നടപ്പാക്കിയ പല പാക്കേജ്, ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെട്ട് ,അവര്‍ക്ക് കിട്ടേണ്ട പണം ഇടനിലക്കാരായ രഷ്ട്രീയ ദല്ലാളുമാരും ഉദ്യോഗസ്ഥരും വീതം വെച്ചപ്പോഴാണ് ,അവിടെ പട്ടിണിയും പരിവെട്ടവുമായി കഴിയുന്നവരുടെയിടയിലേയ്ക്ക് നക്സലൈറ്റ് പ്രസ്ഥാനം നുഴഞ്ഞു കയറിയത്. ഇവയൊക്കെ പിന്നീട് നടന്ന ഗവണ്മെന്റ് തല അന്വേഷനത്തില്‍ വെളിപ്പെട്ട കാര്യങ്ങളാണ്. ഈ നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ച് പട്ടാളക്കാരെ കുഴിബോംബു വച്ചും ആധുനിക സാങ്കേതിക മേന്മയുള്ള തോക്കുകള്‍ ഉപയോഗിച്ചും നക്സലൈറ്റുകള്‍ തിരിച്ചടിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നത് നിരപരാധികളായ സാധാരണക്കാരുടെയും പട്ടാളക്കാരുടെയുമാണ്. ഇവിടൊക്കെ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ സംഘടനകള്‍ രക്ഷപ്പെടുന്നു. ഇപ്പോള്‍ ഇവിടൊക്കെ ഗവണ്മെന്റ് തന്നെ മുന്‍ കൈയ്യെടുത്ത് എന്തെങ്കിലും ക്ഷേമപ്രവര്‍ത്തികള്‍ നടപ്പിലാക്കാന്‍ പുറപ്പെട്ടാലും അവരെ സംശയദൃഷ്ടിയോടെ മാത്രമേ അവിടുത്തെ ജനങ്ങള്‍ കാണുകയുള്ളൂ. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു, രണ്ടു മൂന്നു വര്‍ഷം മുമ്പ് ആന്ധ്രയിലെ മലയോര പ്രദേശങ്ങളിലെ വനങ്ങളില്‍ക്കൂടി കുടിവെള്ളത്തിന് പൈപ്പിടാന്‍ വേണ്ടി വന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും പണിക്കാരെയും അവിടത്തെ ജനങ്ങള്‍ ആട്ടിയോടിച്ച കഥ.ഈ പ്രദേശത്ത് പിന്നീട് സൗജന്യ ജലവിതരന പദ്ധതിയുമായി,പൈപ്പിടാന്‍ വേണ്ടി സത്യസായി സേവാസംഘടനയിലെ സേവാദള്‍ പ്രവര്‍ത്തകര്‍ പണിക്കാരുമായി ചെന്നപ്പോള്‍ ,ആദ്യം ജനങ്ങള്‍ അവരെ തടഞ്ഞെങ്കിലും നിജസ്ഥിതി മനസ്സിലാക്കിയപ്പോള്‍ അവരോട് സര്‍വ്വാന്മനാ സഹകരിക്കാന്‍ തയ്യാറായ കഥ, വിവിധ വാര്‍ത്താ ചാനലുകള്‍ വഴി പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ക്ക് സര്‍ക്കാരിനെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടുത്തെ ജനങ്ങള്‍ തങ്ങളെ സഹായിക്കുന്നവരുമായി കൈകോര്‍ക്കുമ്പോള്‍ അവര്‍ നക്സലൈറ്റ് പ്രസ്ഥാനക്കാരായാലും മറ്റേത് സംഘടനയായാലും കുറ്റം പറയാനാവില്ല.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമ ലംഘനം നടത്തുമ്പോള്‍ അസഹിഷ്ണരായ ജനങ്ങള്‍ സംഘടിച്ച് തങ്ങളുടേതായ സമര മുറകള്‍ സ്വീകരിക്കും. ഇവിടൊക്കെ പിന്നീട് നക്സലൈറ്റുകളെന്ന പേരില്‍ പട്ടാളവും സൈന്യവും കടന്നു ചെന്ന് അറസ്റ്റു ചെയ്തു വിചാരണ തടവുകാരാക്കി ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരുന്നതും. പിന്നീട് കോടതി വഴി ശിക്ഷ ഉറപ്പാക്കി നടപ്പാക്കുന്നതും പ്രായേണ നിരപരാധികളെ ആയിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടുപോലും ചായ്‌വില്ലാത്ത ഇവരുടെ കുടുംബാംഗങ്ങള്‍ പിന്നീട് നക്സലൈറ്റുകളായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

ഇതു തന്നെയാണ് ബീഹാറിലെയും ഒറീസ്സയിലെയും കല്‍ക്കരിപ്പാടങ്ങളില്‍ അനര്‍ഹമായി ലൈസന്‍സുകള്‍നേടി ഖനനാവകാശം സ്ഥാപിച്ചെടുത്ത രാഷ്ട്രീയ ദല്ലാളന്മാരുടെയും മന്ത്രിമാരുടെയും ഇടപാടുകള്‍ സി.എ.ജി റിപ്പോര്‍ട്ടുകള്‍ വഴി വെളിച്ചത്ത് വന്ന് വിവാദമായി തീര്‍ന്നിരിക്കുന്നത്. മുമ്പ് 2ജി സ്പെക്ട്രം കേസിലെ അഴിമതിയിലും മന്ത്രിമാര്‍ക്കൊക്കെ പങ്കുണ്ടെന്ന് തെളിഞ്ഞെങ്കിലും ഒരു മന്ത്രി മാത്രമേ ബലിയാടായി പുറത്ത് പോകേണ്ടി വന്നുള്ളൂ. താന്‍ സീനിയര്‍ മന്ത്രിമാരുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്ന വാദഗതി ഇതൊക്കെ അന്വേഷിക്കുന്ന ജെ.പി.സി യിലെ ചെയര്‍മാനുള്‍പ്പെടെയുള്ള ഭരണ കക്ഷി അംഗങ്ങള്‍ മുഖദാവിയിലെടുത്തിട്ടില്ല.

കേരളത്തിലടുത്തകാലത്തായി വിവാദങ്ങളായിത്തീര്‍ന്നിരിക്കുന്ന സംഭവവികാസങ്ങളാണ് അട്ടപ്പാടിമേഖലയിലെ ശിശുക്കളുടെ മരണം. പോഷകാഹാരത്തിന്റെ കുറവ് എന്നതിലുപരി,അത് ലഭ്യമല്ലാതെ വന്നത് മൂലമാണ് ഈ മരണങ്ങളെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴാണ് ,നമ്മുടേ ഭരണകൂടം അതിനെപ്പറ്റി അന്വേഷിക്കാന്‍ തയ്യാറായത്. കോടിക്കണക്കിന് രൂപയുടെ ക്ഷേമ പദ്ധതികള്‍ ഈ മേഖലയില്‍ ആവിഷ്കരിച്ച് വര്‍ഷങ്ങളായി നടപ്പാക്കുന്നുവെന്നാണ് നമ്മുടെ മന്ത്രിമാരും ജനപ്രതിനിധികളും അവകാശപ്പെടുന്നത്. പക്ഷേ അതിലൊരു പൈസയുടെ പ്രയോജനം പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഈ വിവരം നമ്മുടെ സംസ്ഥാനത്തെ മുഖ്യമന്ത്രി വരെ അറിയുന്നത് അവിടുള്ള ആദിവാസി പിന്നോക്ക മേഖലയിലെ ഏതാനും പേര്‍ തിരുവനന്തപുരത്തെത്തി വിവരം പറയുമ്പോഴാണത്രേ. അട്ടപ്പാടി മേഖലയിലെ എമ്മെല്ലെയോ, എം.പിയോ, അവിടെനിന്നുള്ള വനിതാ മന്ത്രിയോ വരെ ഇതൊന്നും അറിഞ്ഞിരുന്നില്ല,എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നാണോ കരുതുന്നത്? ഇവിടിപ്പോള്‍ ഭരണം നടക്കുന്നുവെന്ന് പറയുന്നത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പണിത മാളുകളുടെയും രാജ്യമെമ്പാടുമുള്ള സ്വര്‍ണാഭരണശാലകളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തുന്ന മുഖ്യമന്ത്രിയുടെയും, അവര്‍ക്ക് ചുറ്റും തടിച്ചു കൂടുന്ന മറ്റ് മന്ത്രിമാരുടെയും, ഉപഗ്രഹങ്ങളെപ്പോലെ ചുറ്റിലും നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും ഫോട്ടോകള്‍ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും തെളിയുമ്പോഴാണ്. കുത്തക മുതലാളിമാര്‍ക്കു വേണ്ടിയുള്ള സംരഭങ്ങളുടെ ഉദ്ഘാടനചടങ്ങുകള്‍ വഴിയാണോ ഭരണം നടക്കുന്നുവെന്ന് ജനങ്ങളറിയേണ്ടത്? ഇതിനിടയില്‍ രാജ്യത്തെവിടെയെങ്കിലും ഒരു കലുങ്കു പാലമോ, റോഡോ പണിയുമ്പോള്‍ അവ തങ്ങളുടെ ശ്രമഫലമായെന്നവകാശപ്പെട്ടുകൊണ്ട് അഭിവാദ്യങ്ങളര്‍പ്പിക്കുന്ന മന്ത്രിമാരുടെയും പഞ്ചായത്ത് തലം മുതലുള്ള ജനപ്രതിനിധികളുടെയും കുട്ടിനേതാക്കളുടെയും പടങ്ങള്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ വന്ന് വഴിനീളം പ്രത്യക്ഷപ്പെടുകയായി. ബഡ്ജറ്റില്‍ തുക കൊള്ളിക്കുമ്പോള്‍ പോലും ഇത്തരം ബോര്‍ഡുകള്‍ വരുന്നു .പക്ഷേ ഈ പണമൊക്കെ അവരുടെ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു തരുന്ന ഔദാര്യം പോലെയാണ് സാധാരണക്കാര്‍ക്ക് തോന്നുക. പക്ഷേ ചിലവഴിക്കുന്ന ഈ തുകയൊക്കെ പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം വഴിയാണെന്നുള്ളത് ഇവരൊക്കെ സൗകര്യപൂര്‍വ്വം മറക്കുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ തുക എങ്ങനെ ചെലവഴിച്ചുവെന്ന് പറയാനുള്ളബാദ്ധ്യതകൂടിഇവരെടുക്കേണ്ടതാണ്.അല്ലെങ്കില്‍രാഷ്ട്രീയക്കാരും,ഇടനിലക്കാരും,ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പിന്റെ കഥ പിന്നീട് വെളിയില്‍ വരും. സത്യത്തിന് എക്കാലവും തിരശ്ശീലയ്ക്കു പിന്നില്‍ നില്‍ക്കാനാവില്ല.

Generated from archived content: edito1_may2_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here