ഒഴിവുകാലം കവര്‍ന്നെടുക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാര്‍

കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് പ്രത്യേകിച്ചും ഹൈസ്ക്കൂള്‍ തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ അവധിക്കാലമാണ് . കുട്ടികള്‍ക്ക് അച്ഛനമ്മമാരോടൊത്ത് സമയം ചിലവഴിക്കാനുള്ള സന്ദര്‍ഭം- വീട്ടില്‍ നിന്ന് പഠിക്കുന്നവര്‍ക്കായാലും ദൂരെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്കായാലും മാതാപിതാക്കളോടും ബന്ധുക്കളോടുമൊത്ത് കുറെക്കാലം ചിലവഴിക്കാനുള്ള സന്ദര്‍ഭം. മാത്രമല്ല ഏപ്രില്‍ – മെയ് മാസക്കാലത്തെ കടുത്ത ചൂടില്‍ നിന്നും കുട്ടികള്‍ക്ക് മോചനം നേടാനുള്ള സന്ദര്‍ഭം- അതൊക്കെ ലഭിക്കുന്നത് ഈ അവധിക്കാലത്താണ്. പക്ഷെ, മുമ്പൊക്കെ കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു ഈ അവസ്ഥ|- മനസിന്റെ പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടി ആയാസരഹിതമായി കഴിയാനുള്ള അവസരം – ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം .

കുട്ടികളില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നും വീണ്ടും നല്ലൊരു തുക പിരിച്ചെടുക്കാനുള്ള കര്‍മ്മ പദ്ധതിയാണ്, സാമ്പത്തിക ലാഭം മാത്രം നോക്കുന്ന മിക്ക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവിഷ്ക്കരിക്കുന്നത്.

ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ള തയാറെടുപ്പിന് വേണ്ടി ഈ സമയത്തും നോട്ടുബുക്കുകളും പുസ്തകങ്ങളുമായി സ്കൂളുകളിലേക്കും സ്വകാര്യ ട്യൂഷന്‍ സെന്റെറുകളിലേക്കും പറഞ്ഞു വിടുന്ന പ്രക്രിയ രക്ഷിതാക്കള്‍ തന്നെ മുന്‍ കയ്യെടുത്ത് നടപ്പാക്കുന്നുണ്ട്. മക്കള്‍ ഭാവിയില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നവരായി മാറണമെന്ന കുട്ടികളുടെ മാതാപിതാക്കളുടെ ദൗര്‍ബ്ബല്യം മുതലാക്കുന്നവരാണ് മിക്ക ട്യൂഷന്‍ സെന്‍ററുകളും സ്വകാര്യ സ്ഥാപനങ്ങളും . മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാ‍രും ആക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം മുന്‍ കൂട്ടിക്കണ്ട് അതിനു വേണ്ട ക്രമീകരണങ്ങള്‍ അവധിക്കാലം തുടങ്ങുന്നതിനു മുമ്പേ ഇവര്‍ തുടങ്ങി വച്ചിരിക്കും. കൊച്ചു കുട്ടികള്‍ക്ക് വേണ്ടി സമ്മര്‍ ക്യാമ്പ് , സ്റ്റഡി ടൂര്‍ അങ്ങനെ പല പദ്ധതികളില്‍ കൂടിയും തുക വസൂലാക്കുക എന്ന ലക്ഷ്യമിടുന്ന സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളും ഇപ്പോള്‍ നാടൊട്ടുക്കും വ്യാപിച്ചിരിക്കുന്നു. ഇത് മൂലം മാതാപിതാക്കളോടൊത്ത് ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കാനോ സിനിമ, വിനോദയാത്ര തുടങ്ങി മന‍സിന് സന്തോഷവും നവോന്മേഷവും പ്രദാനം ചെയ്യുന്ന എന്തെങ്കിലും പരിപാടികളില്‍ പങ്കുകൊള്ളുന്നതിനോ ഉള്ള അവസരങ്ങള്‍ ഇല്ലാതെ പോകുന്നു. കുട്ടികളുടെ മാനസികമായ വളര്‍ച്ചക്ക് ലഭിക്കുന്ന അവസരമാണ് നഷ്ടമാകുന്നത്. തീരെ കൊച്ചു കുട്ടികളേയും ഈ കച്ചവടക്കാര്‍ വെറുതെ വിടുന്നില്ല. അവര്‍ക്ക് വേണ്ടിയും സമ്മര്‍ ക്യാമ്പും ഹോളിഡേ ക്യാമ്പും നടത്തി പണം വങ്ങുന്നു. കൊച്ചിയിലെ അംഗീകാരമില്ലാത്ത ഒരു പ്ലേ സ്കൂളില്‍ നടത്തുന്ന ഉദ്ദേശം മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന സമ്മര്‍ക്യാമ്പിന് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ കൊടുക്കേണ്ടി വരുന്നത് ആയിരം രൂപവരെയുള്ള നിരക്കുകളാണ്. ഈ കുട്ടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രാപ്തരായ അദ്ധ്യാപകരോ മറ്റേതെങ്കിലും തരത്തില്‍ വിദഗ്ദരായവരോ ഇല്ലെന്നുള്ളതാണ് വാസ്തവം ഈ സമ്മര്‍ക്യാ‍മ്പിലേക്ക് കുട്ടികളെ കൊണ്ടു വിടുന്നത് അധികവും രക്ഷിതാക്കള്‍ അവരുടെ വാഹനങ്ങളില്‍ – കാര്‍, മോട്ടോര്‍ സൈക്കിള്‍ , വാന്‍ എന്നിവയിലാണ്. വാഹനങ്ങളില്ലാത്തവര്‍ ഓട്ടോ റിക്ഷ്യിലോ മറ്റേതെങ്കിലും വാഹനത്തിലോ കൊണ്ടു വിടുന്നു. കാലത്ത് 9 മണിയോടെ കൊണ്ടു വിടുന്ന കുട്ടികളെ മൂന്നു മണിയാവുമ്പോഴേക്കും തിരികെ കൊണ്ടു പോകാനായി രക്ഷിതാക്കള്‍ തന്നെ വരും. കൊച്ചുകുട്ടികളായതു കൊണ്ട് ഇവര്‍ക്ക് ഇടനേരത്ത് കഴിക്കാനുള്ള ഭക്ഷണം |- അധികവും ബിസ്ക്കറ്റും ചോക്ലേറ്റും പിന്നെ ഓറഞ്ച്, ലെമണ്‍ ജ്യൂസുകളും ആയിരിക്കും. അതും രക്ഷിതാക്കള്‍ തന്നെ അറേഞ്ചു ചെയ്യുന്നു. പ്ലേസ്കൂളുകള്‍ നടത്തുന്ന ഈ ക്യാമ്പില്‍ അതിന്റ്റെ നടത്തിപ്പുകാര്‍ നല്‍കുന്ന വിദ്യാഭ്യാസം എന്തെന്ന് വിദ്യാഭ്യാസ വകുപ്പിലേയോ മറ്റു ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥരോ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലുമോ രക്ഷിതാക്കള്‍ തന്നെയോ , അന്വേഷിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഇങ്ങനെയുള്ള ഒരു പ്ലേസ്കൂളില്‍ ഈ കുട്ടികള്‍ക്ക് കുറെ കളര്‍ പെന്‍സിലുകള്‍ നല്‍കി കടലാസില്‍ ഇഷ്ടമുള്ളത് വരക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ഒരിക്കല്‍ കൊടുത്തത്. അതല്ല പാട്ടോ, ഡാന്‍സോ വേണ്ടവര്‍ക്ക് അതാകാം. ഇതൊക്കെ നിര്‍ദ്ദേശിക്കുന്ന ഈ അദ്ധ്യാപകര്‍ ഈ കുരുന്നുകള്‍ എന്ത് വരച്ച് ഏത് പാട്ട് പാടി അല്ലെങ്കില്‍ എങ്ങനെ ഡാന്‍സ് ചെയ്യുന്നു ഇതൊന്നും അന്വേഷിക്കാന്‍ മിനക്കെടുന്നില്ല. ഇവിടെ ഈ പ്ലേസ്കൂളുകാരേക്കാളും കൂടുതല്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നത് രക്ഷിതാക്കളാണ് . വീട്ടില്‍ കുറെ നേരത്തേക്കെങ്കിലും കുട്ടികളെ കൊണ്ടുള്ള പൊല്ലാപ്പ് ഒഴിഞ്ഞു കിട്ടുമല്ലോ എന്ന ആശ്വാസമായിരിക്കും ഇങ്ങനെയൊരു ക്രൂരമായ നിലപാടിലേക്കവരെ എത്തിച്ചെതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്തായിരിക്കും. ?

രക്ഷിതാക്കളുടെ ഈ ‘ദൗര്‍ബ്ബല്യം’ മുതലാക്കുന്ന കച്ചവട മനസ്ഥിതിയുള്ള ‘ ക്യാമ്പുകള്‍’ നടത്തുന്നവരും കുട്ടികളെ ഭാവിയിലേക്ക് നിരുത്തരവാദപരമായ സ്ഥിതിയിലേക്കാണ് എത്തിക്കുക എന്നത് എന്തുകൊണ്ട് നമ്മുടെ ജനപ്രതിനിധികളോ സര്‍ക്കാരോ അറിയാതെ പോകുന്നു? മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആക്കാന്‍ തത്രപ്പെടുന്ന വരും കൊച്ചുകുട്ടികളുടെ ശല്യം ഒഴിവാക്കാന്‍ സമ്മര്‍ക്യാമ്പുകളിലും വിടുന്നവര്‍, ഫലത്തില്‍ വരുന്ന തലമുറയോടുള്ള അവരുടെ ക്രൂരമായ നിരുത്തരവാദിത്വമാണ് ഇത് വഴി ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ വിദ്യാഭ്യാസ മന:ശാസ്ത്രവിദഗ്ദരോ ഒരു ഭരണകൂടമോ നമുക്കില്ല എന്നത് ഈ കാലഘട്ടത്തിന്റെ പ്രതിഭാസം എന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്നതിനേക്കാളും എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ പടര്‍ന്ന് കയറിയ ഒരര്‍ബുദമായി കാണുന്ന ഒരു സമൂഹം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. പക്ഷെ ഇങ്ങനെയൊരു പാഠ്യപദ്ധതിയല്ലല്ലോ സ്വതന്ത്രഭാരതം വിഭാവനം ചെയ്തത്.

Generated from archived content: edito1_may02_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here