തകര്‍ന്നു കിടന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യവസ്ഥാപിതമായ ഒരു സുസ്ഥിരതയിലേക്ക് കൊണ്ട് വന്ന് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഈയിടെ അന്തരിച്ച വെനസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. ചെഗുവേരയ്ക്കും ഫിഡല്‍ കാസ്ട്രോയ്ക്കും ശേഷം ലാറ്റിനമേരിക്കയില്‍ ആരാധ്യപുരുഷനായി മാറിയ ഭരണാധികാരി.
ഒരു ഭരണാധികാരി എങ്ങെനെയായിരിക്കണമെന്ന് 14 വര്‍ഷം വെനേസ്വലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവോസ് കാണിച്ചു തന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതി അമേരിക്കന്‍ മേല്‍ക്കോയ്മ അംഗീകരിക്കുന്ന ഏതാനും ചില വ്യക്തികളിലൊതുങ്ങി നില്‍ക്കുകയായിരുന്നു. പെട്രോളിയം രംഗത്ത് അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യത്തിനു വഴങ്ങിയുള്ള കൊള്ളയടി.
സൗദി അറേബ്യയോളം എണ്ണ സമ്പത്തുള്ള വെനെസ്വലേയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. അധികാരമേറ്റ് അധികം താമസിയാതെ തന്നെ രാജ്യത്തിന്റെ സാമ്പത്തികവും ആരോഗ്യപരവും തൊഴില്‍പരവുമായ രംഗങ്ങളില്‍ ശ്രദ്ധയൂന്നി അവിടെയെല്ലാം ഉറച്ച ചില നടപടികളിലൂടെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. അമേരിക്കന്‍ എണ്ണക്കമ്പനികളെ ദേശസാല്‍ക്കാരത്തിലൂടെ പുകച്ച് പുറത്ത് ചാടിച്ചുവെന്ന് മാത്രമല്ല അത് വഴി നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കു സുസ്ഥിരമായ ഒരവസ്ഥ കൊണ്ടുവരാനുള്ള നടപടികളാണ് തുടങ്ങി വച്ചത്. സ്വാഭാവികമായും അമേരിക്കയിലെ നമ്പര്‍ വണ്‍ ശത്രുവായി മാറിയ ഷാവേസിനെ പട്ടാളത്തിലെ ഒരു വിഭാഗത്തെ കൂട്ടു പിടിച്ച് പുറത്താക്കാനുള്ള ശ്രമമാണ് പിന്നീടവിടെ നടന്നത്. പട്ടാള അട്ടിമറിയിലൂടെ ഷാവോസിനെ അധികാരഭ്രഷ്ടനാക്കുകയും വധിക്കാനുള്ള ശ്രമം നടത്തുകയുമുണ്ടായെങ്കിലും വത്തിക്കാന്റെ ഇടപെടലിലൂടെ അദ്ദേഹത്തെയും കുടുംബത്തേയും നാടുകടത്തുകയാണുണ്ടായത് .
പക്ഷെ ആ നാടുകടത്തലിനു 48 മണിക്കൂര്‍ നേരെത്തെ ആയുസ്സേ ഉണ്ടായുള്ളു. തങ്ങളുടെ ഉന്നമനത്തിന് വേണ്ടി നില കൊണ്ട ഭരണാധികാരിയെ തുറങ്കലിലടയ്ക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്ത നടപടിയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും പ്രതിഷേധ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും ചെയ്തപ്പോള്‍ ഷാവേസിന് പകരക്കാരനായി അധികാരമേറ്റ അമേരിക്കന്‍ അനുയായി – വെനെസ്വലേയിലെ വ്യാപാരി വ്യവസായി കൂടിയായ പ്രദോകാര്‍മനേയ്ക്ക് സ്ഥാനമൊഴിയുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. തെരുവുകളില്‍ മിലിട്ടറി ടാങ്കുകളുടേയും പീരങ്കികളുടേയും മുന്നില്‍ ആയിരക്കണക്കിനു സ്ത്രീജനങ്ങളായിരുന്നു അണിനിരന്നത്. ഷാവേസിനെ തിരിച്ച് കൊണ്ടുവന്നെങ്കില്‍ മത്രമേ തങ്ങള്‍ തെരുവില്‍ നിന്നു പോകൂ എന്നവര്‍ ആര്‍ത്തട്ടഹസിച്ചപ്പോള്‍ അമേരിക്കന്‍ പാവയായി ഭരണമേറ്റയാള്‍ ജീവനും കൊണ്ടോടി എന്നതാണ് വാസ്തവം. പിന്നീടധികാരത്തിലേയ്ക്ക് തിരിച്ചുവന്ന ഷാവേസ് ഒരു തികഞ്ഞ അമേരിക്കന്‍ വിരോധിയായി മാറി. പല തവണ അട്ടിമറി ശ്രമത്തിലൂടെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെയൊക്കെ അതിജീവിച്ച ഷാവോസ് ഒരു തികഞ്ഞ അമേരിക്കന്‍ വിരോധിയായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ഒരിക്കല്‍ ജോര്‍ജ് ബുഷ് യു. എന്നില്‍ വന്ന് പോയതിന്റെ പിറ്റേന്ന് , ഷാവേസ് പ്രസംഗിച്ചതിങ്ങനെ ‘ ഇന്നലെ ഇവിടെ ഒരു സാത്താന്‍ വന്നിരുന്നു ഇവിടിപ്പോഴും ഗന്ധകത്തിന്റെ മണമാണുള്ളത് ‘ പീരങ്കിയുടെയും തോക്കുകളുടേയും ഏറ്റവും പുതിയ നശീകരണ ബോംബുകളുടേയും ബലത്തില്‍ ലോകത്തെ നിയന്ത്രിക്കുന്ന പോലീസുകാരനായി മാറിയ അമേരിക്കന്‍ ഭരണകൂടത്തിനെതിരെ ലോക രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ഒരു വേദിയില്‍ വച്ച് ഇങ്ങനെ തുറന്നടിച്ചത് മൂന്നാം ലോകരാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും വെനെസ്വലെയുടേയും ക്യൂബയുടെയും പാതയിലേക്ക് വരണമെന്ന ഉദ്ദേശത്തോടെയാണ്.
ഇതൊക്കെയാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളും മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് പിന്നീട് ഷാവേസ് കൈക്കൊണ്ടത്. അമേരിക്കയിലെ എണ്ണക്കമ്പനികള്‍ നിലനില്‍ക്കണമെങ്കില്‍ വെനെസ്വലേയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ചെയ്തേ ഒക്കു എന്നായപ്പോള്‍ അവരുടെ നയതന്ത്ര സമീപനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായി. വര്‍ഷങ്ങളോളം അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടേയും സാമ്പത്തിക ഉപരോധം മൂലം നട്ടം തിരിയുകയായിരുന്ന ക്യൂബയ്ക്ക് ഷാവേസ് അധികാരമേറ്റതു മുതല്‍ ക്രൂഡോയില്‍ സൗജന്യമായി നല്‍കുകയായിരുന്നു. അതിനു പ്രത്യുപകാരമെന്നോണം ക്യൂബ വെനെസ്വലേയിലെ ആരോഗ്യപ്രശ്നത്തില്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ സ്റ്റാഫിനേയും അങ്ങോട്ടേക്കയച്ച് സഹായിച്ചു. ഷാവേസിന്റെ അവസാന നാളുകളില്‍ അര്‍ബുദം ബാധിച്ച അവസരത്തില്‍ ചികിത്സയ്ക്കു പോയത് ക്യൂബയിലാണ്.
ഒബാമ അധികാരമേറ്റതോടെ വെനെസ്വലേയോടുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ മാറ്റം വരുത്തി. വെനെസ്വലേയുടെ, ഷാവോസിന്റെ ഭരണത്തെ മനസില്ലാമനസോടെ അംഗീകരിക്കാനും തയ്യാറായി.
ഷാവോസിന്റെ ഭരണപരമായ മികവ് ലോകരാഷ്ടങ്ങള്‍ക്ക് ബോധ്യപ്പെട്ടത് രണ്ട് വര്‍ഷം മുമ്പ് ലോകമെമ്പാടും വന്നു പെട്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ചെയ്ത നടപടികളിലൂടെയാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ശമ്പളം കുറയ്ക്കുകയും ക്ഷേമ പദ്ധതികള്‍ പലതും നിര്‍ത്തലാക്കുകയും ചെയ്തപ്പോള്‍ ഷാവേസിന്റെ നിലപാട് വ്യത്യസ്തമായിരുന്നു.
തൊഴില്‍ രംഗത്ത് കൂടുതല്‍ അവസരങ്ങളൊരുക്കി, ക്ഷേമപദ്ധതികള്‍ക്ക് വേണ്ടി പണം നിര്‍ല്ലോഭം ചെലവഴിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പുതിയ പല പദ്ധതികളും നടപ്പിലാക്കി. ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. വികസന കാര്യത്തില്‍ അമേരിക്കയെ ആശ്രയിക്കുകയല്ല അമേരിക്കന്‍ ബദല്‍ പദ്ധതിയുണ്ടാക്കുക എന്നതായിരുന്നു ഷാവേസിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പട്ടാളത്തെ അയയ്ക്കുന്ന നടപടിയെ എന്നും അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ ഇത്തരം നടപടികളിലൂടെ ദാരിദ്ര്യം പാടേ ഇല്ലാതായെന്നോ തൊഴിലില്ലായ്മ പരിഹരിച്ചുവെന്നോ അര്‍ത്ഥമാക്കേണ്ട. പക്ഷെ ആ രംഗത്തെല്ലാം വന്‍ കുതിപ്പാണുണ്ടായത്. അതുകൊണ്ടാണ് അവസാന നാളുകളില്‍ അദ്ദേഹം അര്‍ബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കിടന്നപ്പോള്‍ വെനെസ്വലേയിലെ ജനങ്ങള്‍ ആകമാനം ഉത്കണ്ഠ പ്രകടിപ്പിച്ച് റേഡീയോയ്ക്കും ടെലിവിഷനും മുന്നില്‍ മടങ്ങിവരണമെന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞത്. ഇന്‍ഡ്യയിലെ ഭരണകൂടം കണ്ടു പഠിക്കേണ്ടതാണ് ഷാവേസിന്റെ നടപടികള്‍ പലതും. അമേരിക്കയിലെ സാമ്പത്തിക ഇടപെടലിനെ അംഗീകരിക്കുന്ന പല വ്യവസ്ഥകളും ഈയിടെ പാര്‍ലമെന്റില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ ഭൂരിപക്ഷത്തിലൂടെ ചില്ലറവ്യാപാര രംഗത്ത് വിദേശ കുത്തക മുതലാളിമാര്‍ക്ക് കടന്നു വരാന്‍ വേണ്ട നടപടികളുള്ള ബില്ല് പാസാക്കിയതിലൂടെ പ്രകടമാക്കിയത് അമേരിക്കന്‍ മേല്‍ക്കോയ്മ അംഗീകരിക്കുന്നതിന് തുല്യമായിരുന്നു. മഹാത്മാഗാന്ധി വിദേശ കുത്തകകളെ ആട്ടിയോടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അഹിംസയിലൂന്നിയുള്ള സഹന സമരത്തിലൂടെ ലക്ഷ്യമിട്ട് നാടിനെ സ്വാതന്ത്ര്യത്തിലേക്കെത്തിച്ചതെങ്കില്‍- നെഹൃവുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി പഞ്ചവത്സര പദ്ധതികളിലൂടെ ഇന്‍ഡ്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുവാനാണ് ശ്രമിച്ചതെങ്കില്‍- പിന്നീട് അധികാരത്തിലെത്തിയ വരെല്ലാം വീണ്ടും വിദേശകുത്തകകളെ ക്ഷണിച്ചു വരുത്തുന്ന നടപടികളാണ് കൈക്കൊണ്ടത്. ബാങ്കിംഗ് മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും ഒക്കെ മുമ്പ് നടപ്പാക്കിയ ദേശസാല്‍ക്കരണം ഇപ്പോള്‍ സ്വകാര്യവത്ക്കരണത്തിലൂടെ വീണ്ടും വിദേശകുത്തകകളെ ക്ഷണിക്കുന്ന നടപടികളിലേക്കാണ് നീങ്ങുന്നത്. സ്വകാര്യവത്ക്കരണം രാജ്യരക്ഷാ രംഗത്തും വന്നു പെടുമോ എന്ന് ആശങ്കപ്പെടുന്ന അവസ്ഥയും വന്നിട്ടുണ്ട്. വിദേശമേല്‍ക്കോയ്മയുടെ സ്വാധീനം മൂലമാണ് ഭോപ്പാല്‍ വാതക ദുരന്തക്കേസിലെ വിദേശകമ്പനിയുടെ എം. ഡിയെ മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും സഹായത്തോടെ രായ്ക്കുരായ്മാനം നാടുവിടാന്‍ സഹായിച്ചതും ബോഫോഴ്സ് കേസ്സിലെ ഇടപാടുകാരനായ ക്വട്ടറേച്ചിയെ ശിക്ഷാനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, രാജ്യം വിടാന്‍ അനുവദിച്ചതും. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ നാവികരെ രാജ്യത്തെ അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടാതെ സുപ്രീം കോടതിയില്‍ ഇറ്റാലിയന്‍ സ്ഥാനപതി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെ തിരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടി വിടാമെന്ന സത്യവാങ് മൂലം നല്‍കിയ കേന്ദ്രഗവണ്മെന്റിന്റെ നടപടി വരുത്തി വച്ച ഭവിഷ്യത്ത് സുപ്രീം കോടതിയ്ക്ക് വരെ ഷോക്കേറ്റത് പോലുള്ള അനുഭവമാണുണ്ടാക്കിയിരിക്കുന്നത്.
ഇവിടെയാണ് 14 വര്‍ഷത്തെ രാജ്യ ഭരണം കൊണ്ട് വിദേശ കുത്തകകളെ നിലയ്ക്കു നിര്‍ത്തിയ ഷാവേസിന്റെ നടപടികള്‍ ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ക്ക് പാഠമാകേണ്ടത്.
പുഴ. കോമിന്റെ പരശതം വായനക്കാര്‍ക്ക് ഹൃദ്യമായ ഈസ്റ്റര്‍ ആശംസകള്‍.
Generated from archived content: edito1_mar23_13.html Author: editor