നമ്മുടെ കൊച്ചു കേരളത്തില്‍ ദൂരദര്‍ശന്റെ പ്രാദേശികഭാഷാചാനലുകളുള്‍പ്പെടെ പത്തോളം ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുണ്ടെന്നാണ് കണക്കെടുപ്പില്‍ തെളിയുന്നത്. മുന്‍ നിരയില്‍ നില്‍ക്കുന്ന ഓരോന്നിനും കുട്ടികളുടെ വിഭാഗം , യുവജനവിഭാഗം , ജനപ്രിയവിഭാഗം എന്നിങ്ങനെ പിന്നേയും വേര്‍തിരിവുകളുടെ, ആത്മീയ വിചാരങ്ങള്‍ പ്രക്ഷേപണം നടത്തുന്ന രണ്ടോ മൂന്നോ ചാനലുകള്‍ വേറെ. എല്ലാം കൂടി 20 ഓളം ചാനലുകള്‍.
ഈ ഇരുപതു ചാനലുകളും മാറി മാറി നോക്കുക എന്നത് പ്രായോഗികമല്ല . ഒന്നില്‍ വിരസത തോന്നുമ്പോഴോ ഒരു പ്രത്യേക ഇനം പരിപാടി കാണണമെന്ന് തോന്നുമ്പോഴോ , കയ്യിലെ റിമോട്ടില്‍ വിരലമര്‍ത്തിയാല്‍ നമ്മളാവശ്യപ്പെടുന്ന ദൃശ്യ ചാനലുകള്‍ വേറൊന്നില്‍ തെളിഞ്ഞുവരികയായി.
ടെലിവിഷന്‍ ചാനലുകള്‍ കൊണ്ടുള്ള പ്രധാന പ്രയോജനം ലോകമെമ്പാടുമുള്ള സംഭവവികാസങ്ങള്‍ അപ്പോള്‍ തന്നെ കാണാന്‍ കഴിയുന്നുവെന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതും അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ ഗവണ്മെന്റ് സേനയുമായി ഏറ്റുമുട്ടുന്നതും ഈജിപ്തിലേയും ലിബിയയിലേയും ഏകാധിപത്യ വാഴ്ചയുടെ അന്ത്യം കുറിക്കുന്നതും സിറിയയിലെ ബഹുജന പ്രക്ഷോഭവും അപ്പപ്പോള്‍ തന്നെ നമുക്ക് കാണാന്‍ കഴിയുന്നു. ടെലിവിഷന്‍ അധുനിക കാലഘട്ടത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന അതാണ്.
ടെലിവിഷന്‍ വന്നതോടുകൂടി പത്രവായന കുറയും എന്നൊരാശങ്ക മുമ്പൊക്കെ ഉണ്ടായിരുന്നു. പക്ഷെ, പത്രമാധ്യമങ്ങളുടെ എണ്ണവും അതോടൊപ്പം പ്രമുഖ പത്രങ്ങളുടെ പ്രചാരവും കൂടിക്കൂടി വരികയാണുണ്ടായത്. വാര്‍ത്താ ചാനലുകളില്‍ കൂടി കാണുന്ന, അറിയുന്ന സംഭവങ്ങള്‍ വീണ്ടും ഒന്നോര്‍ത്തെടുക്കുന്നതിനോ പിന്നീടൊന്നു വിശദമായി വിലയിരുത്തുന്നതിനോ പിന്നോട്ട് പോവുക സാധ്യമല്ല. മാത്രമല്ല പുതിയ പുതിയ വാര്‍ത്തകളും സംഭവങ്ങളും കടന്നു വരുമ്പോള്‍ പഴയതിനെ ഒന്നു തിരിഞ്ഞു നോക്കേണ്ട ആവശ്യം വളരെ വിരളമായേ വരുന്നുള്ളു. പത്രങ്ങളുടെ പ്രസക്തി അവിടെയാണ് . ആവശ്യമുള്ളപ്പോള്‍ പഴയപത്രങ്ങള്‍ മറിച്ച് നോക്കുന്നതിന് സാധിക്കും.
വാര്‍ത്താ ചാനലുകള്‍ പ്രേക്ഷകര്‍ക്ക് അപ്പപ്പോഴുള്ള വിവരങ്ങള്‍ അത് ലോകത്തിന്റെ ഏത് കോണിലും നടക്കുന്നതായാലും കാണിക്കാന്‍ പറ്റുന്നുവെന്നത് മറ്റൊരു മാധ്യമ പ്രസിദ്ധീകരണത്തിനും സാധിക്കാത്തതാണ്. പക്ഷെ, പ്രേക്ഷകര്‍ അധികവും നിഷ്ക്രിയരായി മാറുകയോ വിഡ്ഡികളാക്കപ്പെടുകയോ ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതില്‍ കുറെ സത്യവുമുണ്ട്. മുമ്പ് ചില പ്രമുഖ പത്രങ്ങള്‍ ചെയ്തിരുന്നത് ഇപ്പോള്‍ വാര്‍ത്താചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐ.എസ്. ആര്‍. ഓ ചാരക്കേസ് തന്നെ എടുക്കുക. കേസില്‍ ചാരവൃത്തി നടത്തി എന്ന് പോലീസധികൃതര്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അവരെ പ്രതികളാക്കിയേ അടങ്ങു എന്ന വാശിയായിരുന്നു , മാധ്യമങ്ങള്‍ക്ക്.
അന്ന് വാര്‍ത്താചാനല്‍ ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ പ്രക്ഷേപണ സമയം വൈകുന്നേരങ്ങളിലായിരുന്നു. അതുകൊണ്ട് ഐ. എസ്. ആര്‍.ഓ ചാരക്കേസ് പല വാര്‍ത്തകളിലൊന്നു മാത്രമായിരുന്നു. ആ സമയം മുഖ്യധാര പത്രങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചത് ? ഐ. എസ്. ആര്‍. ഓ കേന്ദ്രത്തിലെ മുഖ്യ സയന്റിസ്റ്റുകളില്‍ ചിലര്‍ ലക്ഷങ്ങള്‍വാങ്ങി( കോഴപ്പണം കോടിയിലെത്തിത്തുടങ്ങിയിട്ടില്ല) ശാസ്ത്രഗവേഷണഫലങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന പല വിവരങ്ങളും അന്യനാടുകളിലേക്ക് ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു ആരോപണം. പോലീസന്വേഷണത്തിന്റെ ഭാഗമായി ഈ സയന്റിസ്റ്റുകള്‍ പലരും പോലീസ് കസ്റ്റഡിയിലും തുറങ്കലിലുമായി കഴിയേണ്ടി വന്നു. പോലീസുകാരേക്കാള്‍ കൂടുതല്‍ ഇക്കാര്യത്തില്‍ ശുഷ്ക്കാന്തി കാണിച്ച മാധ്യമ പ്രതിനിധികള്‍, സയന്റിസ്റ്റുകള്‍ സമ്പാദിച്ചു കൂട്ടിയ വസ്തുവിന്റേയും റിസോര്‍ട്ടുകളുടേയും ലക്ഷ്വറി വില്ലകളുടേയും ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. ഇടനിലക്കാരികളായ മറിയം റഷീദയേപ്പോലെ ചില വിദേശവനിതകളുടേയും പേരുകള്‍ അവര്‍ വിളംബരം ചെയ്തു. ഒരുചാരക്കേസ് വിവാദത്തില്‍ പെട്ട് സ്വന്തം പാര്‍ട്ടിയിലെ കുത്തിത്തിരുപ്പുകള്‍ മൂലം അന്നത്തെ കേരള മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടതായും വന്നു. വേറൊരു പ്രമാദമായ വിഷയം കിട്ടുന്നതുവരെ മാധ്യമങ്ങള്‍ക്ക് ചാരക്കേസ് തന്നെയായിരുന്നു ആഘോഷമാക്കാന്‍ പറ്റിയ വിഷയം. പിന്നീടാണ് സൂര്യനെല്ലി, വിതുര പെണ്‍കുട്ടികളെ തട്ടിക്കൊണ്ട്പോയതും പലര്‍ക്കുമായി കഴ്ച്വച്ചതുമായ വിഷയം വരുന്നത്. അതോടെ മാധ്യമങ്ങള്‍ അവയുടെ പിന്നാലെയായി .
അപ്പോഴേക്കും രണ്ടു ചാനലുകള്‍ കൂടി ടെലിവിഷന്‍ രംഗത്തു വന്നു. അവരും അക്കൂട്ടത്തില്‍പ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഐ. എസ്. ആര്‍. ഒ കേസ്സ് കോടതി വിധിയായപ്പോള്‍ ആരോപണവിധേയരായവരെല്ലാം നിരപരാധികളെന്ന് തെളിഞ്ഞ് അവരെ വെറുതെ വിട്ടു. ആ സമയം കേസില്‍ പെട്ട് ജോലി നഷ്ടപ്പെട്ട നമ്പി നാരായണന്‍ എന്ന പ്രായാധിക്യം ചെന്ന സയന്റിസ്റ്റിന്റെ വീട്ടില്‍ ഒരു മധ്യമ പ്രതിനിധി ചെന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ആധുനിക സുഖഭോഗ സൗകര്യങ്ങളുടെ ആദ്യ ചിഹ്നങ്ങളായ ഒരു ഫ്രിഡ്ജോ വാഷിംഗ് മെഷീനോ പോലുമില്ലായിരുന്നു. കേസില്‍ പെടുകയും ജോലി നഷ്ടപ്പെടുകയും ഏറെ നാള്‍ ജയിലില്‍ കഴിയേണ്ടി വരികയും ചെയ്ത ആ മനുഷ്യന്റെ പ്രായം ചെന്ന കുടുംബാംഗങ്ങളില്‍ പലരുടേയും മാനസികനില തകര്‍ന്ന നിലയിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റേതെന്ന് പ്രസിദ്ധീകരിച്ച ആ കെട്ടിടങ്ങളും റിസോര്‍ട്ടുകളുമൊക്കെ ആരുടേതായിരുന്നു? ഒരു മാധ്യമ പ്രവര്‍ത്തകനും അതേക്കുറിച്ച് അന്വേഷണം നടത്തിയതായി അറിവില്ല.
പെണ്‍ വാണിഭക്കേസുകളും , മണീച്ചന്‍ മദ്യ ദുരന്തക്കേസും മുന്ന വധക്കേസും തുടങ്ങി, കിളിരൂര്‍, കവിയൂര്‍ കേസുകളും വന്നപ്പോള്‍ നമ്മുടെ പത്രങ്ങളും ടി. വി ചാനലുകളും അന്നന്ന് കണ്ടതിനെ വാഴ്ത്തുന്ന നിലയിലേക്കായി. ഇപ്പോഴും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റിന്റെ കാലത്ത് തുടങ്ങി വച്ച മൂന്നാര്‍ കയ്യേറ്റ ഒഴിപ്പിക്കലും. വീണ്ടും കയ്യേറലും പിന്നീടൊഴിപ്പിച്ച് ഗവണ്മെന്റ് വക സ്ഥലമെന്ന് ബോര്‍ഡ് വയ്ക്കലും വീണ്ടും കയ്യേറലും – ഇപ്പോഴും തുടരുന്നു. ഇതൊക്കെ ടെലിവിഷന്‍ ചാനലുകളുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ വാര്‍ത്തകളാണ്. യഥാര്‍ത്ഥ വസ്തുത എന്തെന്ന് ഒരിക്കലും കണ്ടെത്താന്‍ ശ്രമിക്കുന്നില്ല, കണ്ടെത്തെരുത് എന്ന് തന്നെയാണ് അവരുടെ ആഗ്രഹവും. എന്നും വാര്‍ത്തകളായി ജീവനോടെ നില്‍ക്കണമെങ്കില്‍ സത്യം വെളിച്ചത്തു വരാന്‍ പാടില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തണം അതാണ് ലക്ഷ്യം.
വാര്‍ത്താ ചാനലുകളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങള്‍ കൂടി പറയേണ്ടിയിരിക്കുന്നു. കുറേനാള്‍ മുമ്പ് വിവാഹിതയായ ഒരു മലയാളിനടിയുടെ വിവാഹാഘോഷ വേദിയാണ് വാര്‍ത്താകേന്ദ്രമായത്. സിനിമ , രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കള്‍ ഓരോരുത്തരും എത്തുമ്പോഴുള്ള തത്സമയ വാര്‍ത്തകളാണ് മണിക്കൂറുകള്‍ ഇടവിട്ട് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. ഓരോ തവണയും സ്റ്റുഡിയോയില്‍ നിന്നും വാര്‍ത്താ വായനക്കാരന്‍ റിപ്പോര്‍ട്ട് ചോദിക്കുന്നുണ്ട്. ‘ ഇപ്പോഴവിടെ എന്തൊക്കെയാണ് സംഭവവികാസങ്ങള്‍?’ ചടങ്ങുകളവസാനിച്ച് വധൂവരന്മാര്‍ മണിയറയില്‍ പ്രവേശിച്ച് കഴിഞ്ഞിട്ടും വാര്‍ത്താ വായനക്കാരന്‍ വിടുന്നില്ല അയാള്‍ റിപ്പോര്‍ട്ടറോട് ചോദിക്കുന്നു ‘ ഇപ്പോഴവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്?’ മണിയറയിലെ വിവരങ്ങള്‍ പറയാതെ മടങ്ങിയ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും നമുക്ക് നന്ദി പറയാം.
ദൗര്‍ഭാഗ്യമെന്നു പറയട്ടെ ദുബായിയിലേക്കു വരന്റെ ബിസിനസ്സ് സ്ഥലത്തേക്കു വരനോടൊപ്പം പോയ നടി കുറെനാള്‍ കഴിഞ്ഞ് ഒറ്റക്ക് മടങ്ങി. അധികം താമസിയാതെ വിവാഹമോചനവും നേടി. അതും കുറെ നാള്‍ വാര്‍ത്തയാക്കി മാറ്റാനവര്‍ക്ക് സാധിച്ചു.
മലയാളത്തിലെ മുന്‍ നിരയിലുള്ള രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ വീടുകളിലെ ഇങ്കംടാക്സ് ഉദ്യോഗസ്ഥരുടെ റയ്ഡായിരുന്നു വേറൊരു പ്രമാദമായവാര്‍ത്ത. ഒരേസമയത്തായിരുന്നു രണ്ട് വിംഗായി തിരിഞ്ഞുള്ള റയ്ഡ്. റയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ പിന്നാലെ തന്നെ ദൃശ്യമാധ്യമ പ്രതിനിധികളും ക്യാമറമാന്മാരോടൊപ്പം എത്തി. നടന്മാര്‍ രണ്ടുപേരും സ്ഥലത്തില്ലാതിരുന്നിട്ടും ഉദ്വേഗം വിളമ്പുന്ന വാര്‍ത്തകളാണ് രണ്ട് ദിക്കുകളില്‍ നിന്നും ടെലിവിഷന്‍ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയത്. നടന്മാരില്‍ ഒരാള്‍ മദ്രാസില്‍ വച്ച് നടക്കുന്ന മകന്റെ വിവാഹനിശ്ചയത്തിന് പോയതായിരുന്നു. വിവാഹനിശ്ചയംനടക്കുന്നതിന് മുമ്പേ നടന്‍ വരുന്നു എന്നായിരുന്നു ഒരു ചാനല്‍ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തത്. മറ്റേ നടന്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലാണെന്നും ഉടനെ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടുപേരുടേയും വരവിനുവേണ്ടി നടന്മാരുടെ വീടുകളുടെ മുന്നില്‍ രാത്രി ഏറെ വൈകും വരെ കാത്തിരിക്കേണ്ടി വന്നു. മകന്റെ വിവാഹനിശ്ചയത്തിന്‍ പോയ നടന്‍ തിരിച്ചെത്തിയ എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ ക്യാമറാമാന്മാര്‍ വിടാതെ പിന്നാലെ കൂടി.
എങ്കിലും അധികം ആര്‍ക്കും പിടികൊടുക്കാതെ പുറം വാതിലില്‍ കൂടി പുറത്തു വന്ന നടന്‍ പിന്നീട് വീട്ടില്‍ വന്ന് അകത്തു കയറുകയായിരുന്നു. മറ്റേയാള്‍ ഷൂട്ടിംഗ് കഴിഞ്ഞേ മടങ്ങു എന്നതിനാല്‍ ഏറെനിരാശപ്പെടെണ്ടി വന്നത് റയ്ഡിന് വന്നഉദ്യോഗസ്ഥന്മാര്‍ക്കായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കായിരുന്നു. രണ്ടുപേരും സ്ഥലത്തില്ലാഞ്ഞിട്ടും ടെലിവിഷന്‍ വാര്‍ത്താചാനലുകാര്‍ മണിക്കൂറുകള്‍ ഇടവിട്ട് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. കള്ളപ്പണവും കണക്കില്‍ പെടാത്തപണവും രണ്ടുപേരുടേയും പേരില്‍ അടിച്ചേല്‍പ്പിച്ചു. രംഗത്ത വരാത്ത നടന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത് പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന പെയിന്റിംഗുകളുടേയും ആനക്കൊമ്പുകളുടേയും പേരില്‍ ജയിലില്‍ കഴിയേണ്ടി വരുന്ന വര്‍ഷങ്ങളുടെ കണക്കെടുപ്പ് തന്നെ വിളംബരം ചെയ്തു.
രണ്ട് ദിവസം നീണ്ടു നിന റയ്ഡിന്റെ വിശദവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കാത്തതിനാല്‍ അഭ്യൂഹങ്ങള്‍ മാത്രം പരത്തിക്കൊണ്ട് പിന്നീട് വന്ന വരാപ്പുഴ പെണ്‍ വാണിഭക്കേസിന്റെ പിന്നാലെ മാധ്യമക്കാര്‍ നീങ്ങി. റെയ്ഡ് ചെയ്യപ്പെട്ട വീടുകളിലെ പിന്നെത്തെ അവസ്ഥ എന്ത്? നടന്മാരുടെ പ്രതികരണമെന്ത്? ഇതൊന്നും ഇപ്പോല്‍ വിഷയമല്ലാത്തത് വീണ്ടും വീണ്ടും പുതിയ സംഭവവികാസങ്ങള്‍ – ട്രയിനില്‍ നിന്നും തള്ളിയിട്ട സൌമ്യയുടെദുരന്തവും വേറേയും പെണ്‍ വാണിഭക്കേസുകളും വന്നതോടെ – അവയുടെ പിന്നാലെ പോയത് കൊണ്ടാണ്. തങ്ങള്‍ നേരെത്ത റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ പിന്നീടുള്ള അവസ്ഥയെന്ത് എന്ന് വിവരിക്കുന്ന ഒരു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ഒരിക്കലും നല്‍കുന്നില്ല. കുറ്റപത്രം , എഫ് ഐ ആര്‍ , പൊളിട്രിക്സ് എന്ന പേരില്‍ വരുന്ന പരിപാടികളും യഥാര്‍ത്ഥ വസ്തുത പ്രേക്ഷകര്‍ക്ക് നല്‍കുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം കോടതി വിധികള്‍ വരുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് വര്‍ത്ത ചാനലുകാര്‍ അവരുടെ നിഗമനങ്ങളില്‍ കൂടി പ്രേക്ഷകരിലടിച്ചേല്‍പ്പിച്ചവിവരങ്ങളുടെ ആധികാരികതയുടെ തകര്‍ച്ചയിലായിരിക്കും. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കൂട്ടാനും വാര്‍ത്താ ചാനലുകളിലെ പ്രേക്ഷകസാന്നിദ്ധ്യം ഉറപ്പിക്കാനും നല്‍കുന്ന തികച്ചും ഹീനമായ ഈ തന്ത്രങ്ങള്‍ പ്രേക്ഷകര്‍ മനസിലാക്കാതെ നിഷ്ക്രിയരായി പോകുന്നവെന്നതാണ് ദയനീയമായ അവസ്ഥ. വാര്‍ത്താ ദൃശ്യമാധ്യമങ്ങള്‍ ഒരുസ്വയം വിമര്‍ശനം നടത്തി ശരിയായദിശയിലേയ്ക്ക് തിരിയുമെന്ന് പ്രതീകഷിക്കാം.
Generated from archived content: edito1_mar1_12.html Author: editor
Click this button or press Ctrl+G to toggle between Malayalam and English