പനി ബാധിച്ച കേരളം

എല്ലാ കൊല്ലവും മഴക്കാലം കേരളത്തിലെത്തുന്നത് മാരകരോഗങ്ങളുമായിട്ടായിരിക്കും. ഡെങ്കി‍പ്പനി, മലേറിയ, ഛര്‍ദ്ദി, അതിസാരം തീരപ്രദേശങ്ങളില്‍ മന്തുരോഗം – ഇവയൊക്കെ പതിവ് പോലെ ഇത്തവണത്തെ മഴക്കാലാരംഭത്തോടെ വന്ന് കഴിഞ്ഞു. മഞ്ഞപ്പിത്തവും വ്യാപകമായ തോതില്‍ പടര്‍ന്നുകഴിഞ്ഞു. മലയോരപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഒതുങ്ങിനില്‍ക്കുമായിരുന്ന പല രോഗങ്ങളും ഇപ്പോള്‍ നാട്ടിന്‍ പുറത്തും നഗരത്തിലും ഒക്കെ എത്തിക്കഴിഞ്ഞു.

രോഗങ്ങള്‍ പടരുന്നതിന് കാരണമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് മാലിന്യകൂമ്പാരങ്ങള്‍ തെരുവോരങ്ങളിലും, മാര്‍ക്കറ്റിലും, ബസ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലും കെട്ടിക്കിടക്കുന്നതാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനം വന്‍ നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍ പുറത്തും വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പില്‍ ശാലയിലേക്ക് നഗരത്തില്‍ നിന്നും ലോറികളിലായി കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ ഇറക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സമീപവാസികള്‍ മാത്രമല്ല ഭരണസമിതിയും ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ചേര്‍ന്നാണ് . ഇതേ പ്രശനം തന്നെ തൃശൂരിലും കൊച്ചിയിലും കോഴിക്കോട്ടും എന്നു വേണ്ട മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ഒരു മാലിന്യ സംസ്കരണകേന്ദ്രമെങ്കിലും ഉണ്ടാവണമെന്നതാണ് ഗവണ്മെന്റ് നയമെന്ന് ഈയിടെ മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. മുമ്പും ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു മാത്രം. മാലിന്യ സംസ്ക്കരണം കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍. രോഗം പടര്‍ന്ന് പിടിക്കുന്നതില്‍ കേരളത്തിലെ ജനങ്ങളും സാരമായ പങ്ക് വഹിക്കുന്നുണ്ട്. വീട്ടിലെ മാലിന്യങ്ങള്‍ പൊതുനിരത്തിലേക്കെറിയുകയോ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളിലോ പാക്കറ്റുകളിലോ ആക്കി നദികളിലേക്കും കാനകളിലേക്കും വലിച്ചെറിയുകയോ ചെയ്യുന്ന പ്രവണത മാലിന്യനിര്‍മ്മാര്‍ജ്ജനം അധികൃതര്‍ നിര്‍ബന്ധമായി നടപ്പാക്കിയ നാള്‍ മുതല്‍ കണ്ടു വരുന്നതാണ്.

നദികളിലെ വെള്ളം കുറയുന്നതിനും ഉള്ള ജലം അഴുക്കുകള്‍ നിറഞ്ഞതാവുന്നതിനും മണല്‍ മാഫിയയുടെ അനധികൃതമായ മണല്‍ വാരലുകള്‍ കാരണമായിട്ടുണ്ട്. വേനല്‍ക്കാലത്തെ നദികള്‍ മിക്കവയും വറ്റിവരണ്ട നിലയിലാണ്. മഴക്കാലത്ത് ഇവയൊക്കെ ചെളിക്കുളങ്ങളായി മാറുന്നു. കുടിവെള്ളത്തിന് വേണ്ടി വാട്ടര്‍ അതോററ്റിക്കാര്‍ സംഭരിക്കുന്ന ജലം എത്ര സംസ്ക്കരിച്ചാലും ശുദ്ധമാകാത്ത അവസ്ഥ.

മഴക്കാലരോഗങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയേയും കടന്നാക്രമിച്ചിട്ടുണ്ട്. പല സ്കൂളുകളിലേയും ഹാജര്‍ നില തുലോം കുറവാണ്. മലബാറിലെ ഒരു സ്കൂളിലെ ഏക അദ്ധ്യാപികക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചത് മൂലം സ്കൂള്‍ തന്നെ പൂട്ടിയിടേണ്ടി വന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന നിര്‍മ്മാണത്തൊഴിലാളികള്‍ ഈ സംസ്ഥാനത്ത് രോഗങ്ങള്‍ വ്യാപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. തൊഴിലാളികള്‍ ഏറിയ പങ്കും ശുചിത്വ ബോധമില്ലാത്തവരാണെന്നാണ് ഒരാക്ഷേപം. നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്നയിടം പല‍തും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. പരാതികളുടെ ബാഹുല്യത്താല്‍ കൊച്ചിയില്‍ പലയിടത്തും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്. കഷ്ടിച്ച് ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം, കിടക്കാന്‍ സൗകര്യമുള്ള മുറികളില്‍ പതിനഞ്ചും ഇരുപതും പേര്‍ തങ്ങുന്നു. അമ്പതോളം പേര്‍ പാര്‍ക്കുന്ന ഒരു പാര്‍പ്പിട സ്ഥലത്ത് ആകെയുള്ളത് ഒരു കുളിമുറിയും കക്കൂസും മാത്രം. ഇവരുടെയൊക്കെ കുളിയും വസ്ത്രം കഴുകലും ആഴ്ചയിലൊരിക്കലാണത്രെ. ഇവര്‍ താമസിക്കുന്ന സ്ഥലത്തും പരിസരത്തും മാത്രമല്ല ഇവരിടപെടുന്നിടത്തും യാത്രചെയ്യുന്ന വാഹനങ്ങളിലും പണി സ്ഥലത്തും ഭക്ഷണത്തിനായി ആശ്രയിക്കുന്ന ഹോട്ടലുകളിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇവരെ നിയന്ത്രിക്കേണ്ട കരാറുകാരോ പണിയെടുപ്പിക്കുന്ന കമ്പനിയുടമകളോ സര്‍ക്കാരോ ആരും തന്നെ വേണ്ടത്ര ഇവയിലൊന്നും ഗൗരവം കാണിക്കുന്നില്ല

മുമ്പൊക്കെ ഏതാനും ഗവണ്മെന്റ് സുകൂളുകളില്‍ മാത്രം ഒതുങ്ങി നിന്ന ശുചിത്വമില്ലായ്മ ( അധികവും ടോയലറ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍) ഇപ്പോള്‍ വിദ്യാഭ്യാസം സ്വാശ്രയ മേഖലകളിലാക്കിയതോടെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. ഏത് വിധേനേയും പണം സമ്പാദ്യം മാത്രം പ്രധാനപ്പെട്ട അജണ്ടയായി മാറുമ്പോള്‍ പരുങ്ങലിലാവുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പ്രശ്നങ്ങളാണ്. ഈയൊരു പ്രവണത തന്നെ ഇപ്പോള്‍ സ്വകാര്യ ആശുപത്രികളോടു ചേര്‍ന്നുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നിടത്തും ടോയ് ലറ്റുകളുടെ കാര്യത്തിലും വന്നു ചേര്‍ന്നിട്ടുണ്ട്.

രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കുന്നിടത്തും വേണ്ടത്ര പരിചരണമോ മരുന്നുകളോ കിട്ടാതെ വലയുന്നവാരാണധികവും. ജീവന്‍ രക്ഷാ മരുന്നുകള്‍ വരെ ഭീമമായ വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു. ഗവണ്മെന്റ് കര്‍ക്കശനിയമങ്ങള്‍ കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും ഇതേവരെ നടപ്പായി കണ്ടില്ല. ഇവിടെ ഗവണ്മെന്റ് സംവിധാനം മാത്രം ആശ്രയിച്ച് നിന്നാല്‍ പോരാ പൊതുജനങ്ങളും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ പറ്റു. നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഇന്‍ഡ്യയില്‍ ഏറ്റവും ശുചിത്വബോധമുള്ള ജനത കേരളീയരാണെന്നത് നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ആവശ്യമല്ല പൊതുജനങ്ങളുടേയും ആവശ്യമാണ്.

Generated from archived content: edito1_july2_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here