കഴിഞ്ഞ വര്‍ഷം പുഴ.കോം നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ലിജിയ ബോണെറ്റിയുടെ ‘ അവസാനത്തെ ഉരുപ്പിടി ’ എന്ന കഥയാണ്. ഒരു യൂണിവേഴ്സല്‍ തീം ആയ ആള്‍ക്കൂട്ടത്തിലെ ഏകാന്തതയാണ് ഈ കഥയുടെ മര്‍മ്മരം.ഇത് പല രീതിയിലും ശൈലിയിലും മിക്ക ഭാഷകളിലും കഥകളിലും സിനിമകളിലും കലാകാരന്മാര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ സമ്മാനാര്‍ഹമായ കഥയ്ക്ക് ഈയിടെ ഗൃഹലക്ഷ്മി മാസിക പുനഃപ്രസിദ്ധീകരണം നടത്തിയ എം.ടി.യുടെ കഥയുമായി സാമ്യമുണ്ടെന്ന് ആരോപണം ചില വായനക്കാര്‍ ഉന്നയിച്ചിരിക്കുന്നു. രണ്ടു കഥകളും സൂക്ഷ്മമായി വായിച്ചാല്‍ തീമിന്റെ സാമ്യതയല്ലാതെ കഥാരൂപത്തിലോ സന്ദര്‍ഭങ്ങളിലോ രചനയുടെ മൗലിക സ്വഭാവത്തിലോ ഒരു സാമ്യവും കാണാന്‍ കഴിയില്ല. പക്ഷെ തീര്‍ച്ചയായും എം.ടി യെപ്പോലെയുള്ള കഥാകൃത്തിന്റെ സ്വാധീനം മലയാളത്തിലെ ഒട്ടുമുക്കാലും നവാഗത എഴുത്തുകാര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഈ കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കാം. ഇനി ഭാവിയിലും ഉണ്ടാകുകയും ചെയ്യും.
ഏതു മൗലികരചനയെയും പൂര്‍വസൂരികളുടെയും വിദേശസാഹിത്യ രചനകളുടെയും സ്വാധീനത്തിനുപരി അവയുടെ അനുകരണമാണെന്ന് സ്ഥാപിക്കാന്‍ ചില പശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും സമാനരൂപമുള്ള കഥാപാത്രങ്ങളും സംഭാഷ്ണവും കണ്ടുപിടിച്ച് മോഷണ ആരോപണം നടത്തുന്ന പ്രവണത മിക്ക ഭാഷകളിലും സാധാരണമാണ്. മലയാളത്തില്‍ അത് വളരെ കൂടുതലാണ്. ജി.ശങ്കരക്കുറുപ്പിനെയും, തകഴിയെയും, ഒ.വി.വിജയനെയും, എന്തിന്,എം.ടി.യെപ്പോലും നാം വിട്ടിട്ടില്ല എന്നത് ഒരു സൈക്കേയുടെ ഭാഗമാണ്.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ പുഴ.കോം ആഗ്രഹിക്കുന്നു. മലയാളിയുടെ ഈ കോപ്പിയടി ആരോപണപ്രവണതയെ ഗൗരവമായ ഒരു രചനാത്മക ആത്മപരിശോധനയ്ക്ക് വിഷയമാക്കണമെന്ന് പുഴ.കോം കരുതുന്നു. കഥാപ്രസിദ്ധീകരണ രംഗത്ത് ആധുനികതയുടെ വെളിച്ചം നിലനിര്‍ത്തുന്ന കേരളത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള കൂട്ടയ്മയെന്ന നിലയ്ക്ക് പുഴ.കോം ഇത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് മനസ്സിലാക്കുന്നു. രണ്ടു കഥകളും വായിക്കുക. ഉപരിപ്ലവമായല്ലാതെ അപഗ്രഥിക്കുക.
നിങ്ങളുടെ നിഗമനങ്ങള്‍ അറിയിക്കുക. നമുക്കു ഒരു പുതിയ വായനാസംസ്ക്കാരം സൃഷ്ടിക്കാം.
എം.ടി.യുടെ കഥ ഗൃഹലക്ഷ്മിയുടെ സ്ത്രീ കഥാപ്പതിപ്പിലും കഥാസമാഹാരങ്ങളിലും ലഭ്യമാണ്.
കെ. എല്‍. മോഹനവര്‍മ്മ ചീഫ് എഡിറ്റര്‍
Generated from archived content: edito1_jan25_13.html Author: editor