ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സമുദായ സംഘടനകളുടെയും സാംസ്ക്കാരിക സംഘടനകളുടേയും ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു. ഫലത്തില്‍ രാഷ്ട്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.’ ഈ നിരീക്ഷണം നടത്തിയത് കേരളത്തിലെ ക്രിസ്തീയ സഭയുടെ തലപ്പത്തിരിക്കുന്ന ഒരു പ്രമുഖ വ്യക്തി അവരുടെ ആത്മീയ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ്.
ഒരു രാഷ്ട്ര ത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുവെന്നത് ഒരു കടുത്ത വിലയിരുത്തലാണെന്ന് തോന്നാമെങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയുണ്ടായ പല സംഭവവികാസങ്ങളും അങ്ങനെയൊരു വിലയിരുത്തലിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. സമൂഹത്തില്‍ സ്ത്രീകളോടും കുട്ടികളോടും പ്രായം ചെന്നവരോടും ആദരവ് കാണിക്കണമെന്ന് എല്ലാ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സാംസ്ക്കാരിക സംഘടനകളും നിഷ്ക്കര്‍ഷിക്കുന്നുണ്ടെങ്കിലും സമീപകാലത്തുണ്ടായ ഡല്‍ഹി കൂട്ട ബലാത്സംഗവും തുടര്‍ന്ന് പെണ്‍കുട്ടിയെ കൊന്നതും തൊട്ടടുത്ത ദിവസം തന്നെ യു. പി യിലും ഹരിയാനയിലും വീണ്ടും ഡല്‍ഹിയിലും ഇതൊക്കെ ആവര്‍ത്തിക്കുന്നതും ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന് ന്യായീകരണമുണ്ടെന്നാണ്.
ഡല്‍ഹിയിലെ കാര്യം തന്നെയെടുക്കാം. പീഢനത്തിനും ആക്രമണത്തിനും ഇരയായി റോഡരികില്‍ കിടന്ന പെണ്‍കുട്ടിയേയും സുഹൃത്തിനേയും അത് വഴി അര്‍ദ്ധരാത്രി വന്ന പോലീസുകാര്‍ വേഗം ആസ്പത്രിയില്‍ എത്തിക്കുന്നതിനു പകരം ബാലിശമായ വാദങ്ങളുന്നയിച്ച് അരമണിക്കൂറോളം അവിടെത്തന്നെ ചിലവഴിച്ചതിനു ശേഷം മാത്രമാണ് തങ്ങളെ ബസില്‍ കയറ്റിയതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് പിന്നീട് പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. സമയത്തിനാശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടി മരണപ്പെടില്ലായിരുന്നെന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയും.
പീഢനങ്ങളുടെ തുടര്‍ക്കഥ ഡല്‍ഹിയിലും ചുറ്റുപാടും മാത്രമല്ല ഇന്‍ഡ്യയൊട്ടാകെത്തന്നെ വ്യാപകമായ തോതില്‍ നടക്കുന്നുവെന്ന് വാര്‍ത്താമാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കാനാവും. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മറ്റെല്ലാ സ്റ്റേറ്റിനേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലും പീഢനക്കഥകള്‍ ഞെട്ടിക്കുന്നവയാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഢിപ്പിക്കുന്നത് മതപാഠശാലകളിലും നടന്നുകൊണ്ടിരിക്കുന്നു. പോലീസിന്റെ നിഷ്ക്രീയത്വം മൂലം കൃത്യം നടന്ന് തെളിവുകള്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രമുള്ള നടപടികള്‍ ഫലത്തില്‍ കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തിലുള്ളതായി മാറിയിരിക്കുന്നു.
വേറൊന്ന് ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ്. എല്ലാ പാര്‍ട്ടികളും പീഢിപ്പിക്കുന്നവരുടെ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്നുണ്ടെങ്കിലും സമീപകാലത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച രണ്ട് കേസ്സില്‍ പ്രതികളെ വെറുതെ വിട്ടത് വീണ്ടും പുനര്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ , സ്വീകരിച്ച നിലപാടുകളാണ്. പ്രതികളായി ആരോപിപ്പിക്കപ്പെട്ടവരുടെ രാഷ്ട്രീയ നിറം നോക്കി അവര്‍ക്കു വേണ്ടി സംരക്ഷണം നടത്താന്‍ വരെ തയ്യാറായ സംഭവം ഡല്‍ഹി മാനഭംഗക്കേസില്‍ പ്രതികളെ വധശിക്ഷയ്ക്കു വരെ വിധിക്കണമെന്ന് വാദിച്ചത്. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയിലെ സമുന്നതനായ നേതാവായിരുന്നു, കോടതി പുനര്‍വിചാരണയ്ക്കു നിര്‍ദ്ദേശിച്ച കേസ്സിലെ പീഢനം നടത്തിയെന്നാരോപിക്കപ്പെട്ടയാള്‍ക്കു വേണ്ടി മുമ്പ് കോടതിയില്‍ ഹാജറായതെന്നതിനാല്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. ആരോപിപ്പിക്കപ്പെട്ട വ്യക്തി, ഭരണകക്ഷിയിലെ കേരളത്തില്‍ നിന്നുള്ള സമുന്നതനായ നേതാവായതിനാല്‍ ഭരണപക്ഷവും അങ്കലാപ്പിലാണ്. സ്ത്രീസംരക്ഷണ ബില്ലിന് വേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് അത് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയ ദിവസം തന്നെയാണ് ഈ കേസ് വീണ്ടും പുനര്‍ വിചാരണ നടത്തണമെന്ന കോടതി നിര്‍ദ്ദേശമുണ്ടായതാണ് ഇപ്പോഴെത്തെയീ അങ്കലാപ്പിനു കാരണം. പീഢനം നടത്തിയെന്നാരോപിപ്പിക്കപ്പെടുന്ന നേതാവിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലര്‍ നേതാവിനെതിരെ തെളിവുകളായി വന്നതും ഭരണപക്ഷത്തെ കുഴക്കുന്നുണ്ട്. വേറൊന്ന് ക്രൂരവും പൈശാചികവുമായ പീഢനങ്ങള്‍ നടന്നാലും ഇരകള്‍ക്ക് നീതികിട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി മാറുന്ന വിധത്തിലുള്ള പോലീസ് സംരക്ഷണത്തിലെ പിഴവുകളാണ്. പിഴവുകള്‍ പലതും പ്രതികളുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അവരെ സംരക്ഷിക്കാനുതകുന്ന തരത്തില്‍ തയ്യാറാക്കുന്ന എഫ്. ഐ. ആറിലെ പഴുതുകള്‍ ഇട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടാണ്. നിയമപാലകര്‍ മാത്രമല്ല നീതി നടപ്പാക്കുന്ന കാര്യത്തിലും ഈ പിഴവുകള്‍ മന:പൂര്‍വ്വമെന്നോണം വന്നു കൂടുന്നുണ്ട്. ഫലത്തില്‍ ജൂഡീഷ്യറിയുടെ ആത്മാവു വരെ നഷ്ടപ്പെട്ടോ എന്ന് സംശയിക്കേണ്ട അവസ്ഥ.
17 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ്സില്‍ ശിക്ഷ വിധിച്ച് കീഴ് കോടതി വിധി മറി കടന്ന് , ഒന്നാം പ്രതിയെ ഒഴിച്ച് മറ്റുള്ള പ്രതികളെ വിട്ടയച്ച സംഭവത്തില്‍ പലരും ആ ജെഡ്ജ്മെന്റിനെ പറ്റി അന്നേ സംശയം പുലര്‍ത്തിയിരുന്നു. പീഢനം നടന്നത് പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണെന്ന പ്രതിഭാഗം അഡ്വേക്കേറ്റുമാരുടെ വാദം സ്വീകരിച്ചുകൊണ്ടാണ് ജഡ്ജ്മെന്റില്‍ ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിയൊഴിച്ചുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഇപ്പോള്‍ സുപ്രീം കോടതി പുനര്‍ വിചാരണക്ക് ഉത്തരവിട്ടതിനു ശേഷവും അന്ന് വിധി പ്രസ്താവിച്ച ന്യായാധിപന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും തന്റെ അന്നത്തെ നിലപാട് ശരിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രസ്താവിച്ചത്, ജൂഡീഷ്യറിയെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നു. അന്ന് കേസന്വേഷിച്ച ഇപ്പോള്‍ അഡീഷ്ണല്‍ ഡി. ജി. പി പദവി വരെ ചെന്നെത്തി നില്‍ക്കുന്ന പോലീസുദ്യോഗസ്ഥന്‍ പോലും അന്വേഷണം നടത്തുന്നതിനോട് യോജിച്ച അവസരത്തിലാണ് മുന്‍ ന്യായാധിപന്റെ ഇരയെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവം. രാഷ്ട്രീയ പാര്‍ട്ടികളുടെയും നീതിന്യായ വകുപ്പിലേയും നിയമപാലകരുടെയും കാര്യത്തില്‍ മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലും കാര്യങ്ങളുടെ കിടപ്പ് ഭദ്രമല്ലെന്നാണ് ഈയിടെ രാജ്യവകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെളിവാക്കുന്നത്. ആയുധ ഇടപാടില്‍ ഇടനിലക്കാരിയായി കണ്ടെത്തിയ സുബി അല്ലിയെ അറസ്റ്റ് ചെയ്തതില്‍ നിന്ന് തന്നെ ഈ അപകടാവസ്ഥ വെളിച്ചത്ത് വന്നിട്ടുണ്ട്.
ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ വിഭാഗത്തിലും, ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും നീതിന്യായ വകുപ്പിലും, ആര്‍മിയിലും എല്ലായിടത്തും കാര്യങ്ങള്‍ പോകുന്നത് ശരിയായ വിധത്തിലല്ല എന്ന് വരുമ്പോള്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഒരു സഭയുടെ ആത്മീയാചാര്യന്‍ ചൂണ്ടിക്കാണിച്ച ‘ ആത്മാവ് നഷ്ടപ്പെട്ട സഭ’ എന്നത് ആത്മാവ് നഷ്ടപ്പെട്ട രാഷ്ട്രം എന്നു തിരുത്തേണ്ടതായി വരും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഉദ്ഘോഷിക്കപ്പെടുന്ന ഇന്‍ഡ്യയുടെ ഭാവി സംരക്ഷിക്കേണ്ട ചുമതല സാധാരണക്കാരായ വോട്ടര്‍മാരുടെ – പ്രത്യേകിച്ചും യുവജനങ്ങളുടെ കയ്യിലാണെന്ന ബോധം ഉണ്ടായി- അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് – ആ ഒരു ശുഭാപ്തി വിശ്വാസമാണ് – ഇപ്പോള്‍ രാഷ്ട്രത്തിന് ആശിക്കാന്‍ വകയുള്ളു.
Generated from archived content: edito1_feb26_13.html Author: editor