രാജ്യത്തെ ആകമാനം നാണക്കേടിലാഴ്ത്തുന്ന വാര്‍ത്തകളാണ് ദിനം പ്രതിയെന്നോണം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്ത്രീപീഢനവും പ്രായപൂര്‍ത്തിയാകാത്തവരെ പീഢിപ്പിക്കുന്നതും അതോടൊപ്പം ഭവനഭേദവും കവര്‍ച്ചയും കഴുത്തറുത്തുള്ള കൊലപാതകവും ആളെ തട്ടിക്കൊണ്ടുപോകലും ഇന്‍ഡ്യയൊട്ടാകെത്തന്നെ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് പീഢനപര്‍വത്തിന്റെ കാലമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഇതൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യമൊട്ടാകെ വ്യാപകമായത് ഈ നൂറ്റാണ്ട് പിറന്നതോടെയാണ് .
ഈയിടെ ഒരു വിദേശ ന്യൂസ് ഏജന്‍സിയുടെ സര്‍വേയില്‍ തെളിഞ്ഞത് സ്ത്രീകളേയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളേയും പീഢിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ശ്രേഷ്ഠ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്‍ഡ്യയുടെ സ്ഥാനം ഇന്നിപ്പോള്‍ അതൊക്കെ തകിടം മറിഞ്ഞിരിക്കുന്നു.
പത്രങ്ങള്‍ വായിക്കാനെടുത്താലും വാര്‍ത്താചാനലുകള്‍ കാണാനിടയായാലും ദിവസവും എവിടെയെങ്കിലും ഒന്നിലേറെ പീഢനകഥകളുടെ വാര്‍ത്തകളാണ് കാണാനാവുക. അതിലേറ്റവും അവസാനത്തേതാണ് ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയില്‍ മനുഷ്യമന:സാക്ഷിയെ നടുക്കുന്ന ബീഭത്സവും ക്രൂരവുമായ കൂട്ടബലാത്സംഗം നടന്നത് . ഡല്‍ഹി ഭരണകൂടത്തിന്റെയും കണ്മുന്നിലെന്നോണമായതിനാലും പാര്‍ലമെന്റിലും പുറത്തും ബഹളം വയ്പ്പും ആക്രോശങ്ങളും നടമാടുന്നതും ദൃശ്യമാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞു. കൂട്ടബലാത്സംഗം നടത്തിയ നരാധമന്മാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞത്.
രാജ്യസഭയില്‍ ഈ സംഭവം പറയുമ്പോള്‍ ജയാബച്ചന്‍ വിതുമ്പുന്നതും കണ്ടു. ഭരണകൂടത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ട് കുറ്റവാളികളെ പിടികൂടാനും പീഢന വിധേയയായ പെണ്‍കുട്ടിക്ക് യഥാസമയം ആശുപത്രി ചികിത്സ ലഭിക്കാനും കാരണമായി. നാല് ശസ്ത്രക്രിയക്കു വിധേയയായ പെണ്‍കുട്ടിയുടെ നില ഗുരുതരമായതുകൊണ്ട് സിങ്കപ്പൂരില്‍ വിദഗ്ദ്ധ ചികില്‍സയ്ക്ക് വിധേയയാക്കിയെങ്കിലും ഇക്കഴിഞ്ഞ ദിവസം മരണപ്പെടുകയാണുണ്ടായത്.
ഡല്‍ഹിയില്‍ നടന്നത് പോലുള്ള കൂട്ടബലാത്സംഗവും പ്രായപൂര്‍ത്താകാത്തവരെ പീഡിപ്പിക്കലും വാര്‍ത്തകള്‍ കേരളത്തിലും വര്‍ദ്ധിതമായിക്കൊണ്ടിരിക്കുകയാണ്. അമ്മയുടെ ഒത്താശയോടെ 6 വയസുകാരിയെ യുവാക്കള്‍ക്ക് കാഴ്ചവച്ച വാര്‍ത്ത വന്നത് ഈയിടെയാണ്. പറവൂരിലെ മൈനറായ പെണ്‍കുട്ടിയെ സിനിമാ നിര്‍മ്മാതാക്കളുള്‍പ്പെടെയുള്ള പെണ്‍വാണിഭക്കാര്‍ക്ക് കൈമാറിയ കേസ്സില്‍ അച്ഛനമ്മയുള്‍പ്പെടെയുള്ളവരെ കോടതി ശിക്ഷിച്ച വാര്‍ത്തയും വന്നു കഴിഞ്ഞു . ഇതേ ദിവസം തന്നെയാണ് മലപ്പുറത്തെ ഒരു മദ്രസ്സ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഢിപ്പിച്ചതിന്റെ പേരില്‍ 22 വര്‍ഷത്തെ കഠിനതടവിന് വിധിച്ച വാര്‍ത്തയും വന്നത്. മൊബൈല്‍ ഫോണില്‍ കൂടി കാണാമറയത്തിരുന്ന് ‘ ചാറ്റ്’ ചെയ്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കി പിന്നീട് കണ്ടുമുട്ടുമ്പോള്‍ കമിതാവായി വരുന്നവന്‍ മാത്രമല്ല അവന്റെ സുഹൃത്തുക്കളായി വരുന്നവരും പീഡിപ്പിച്ച വാര്‍ത്തകളും തുടര്‍ച്ചയെന്നോണം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
വിദ്യാഭാസത്തിലും സാക്ഷരതയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന അവകാശവാദം മുഴക്കുന്ന കേരളത്തില്‍ ഇതൊരിക്കലും സംഭവിച്ചു കൂടാത്തതാണ്. സ്വന്തം പിതാവ് തന്നെ പ്രായപൂര്‍ത്തിയാവാത്ത മകളെ പ്രാപിക്കുന്നതും അമ്മയുടെ ഒത്താശയോടെ പെണ്‍ വാണിഭക്കാര്‍ക്ക് പെണ്മക്കളെ വില്‍ക്കുന്നതും ശോഭാ ജോണിനേപോലുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവര്‍ പോലും ഏറെ നാളത്തെ നിയമയുദ്ധത്തിനു ശേഷം എന്തെങ്കിലും ചെറിയ കാലയളവിലേക്കുള്ള ശിക്ഷ വാങ്ങി പുറത്തു വരുന്നതും തുടര്‍ച്ചയാവുമ്പോള്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ഊറ്റം കൊള്ളുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്? ആഗോളവത്ക്കരണം വന്നതിന്റെ ഗുണവശങ്ങളേക്കാളുപരി വര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍ മാത്രം സ്വീകരിച്ച് നടപ്പാക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവുമുള്‍പ്പെടെയുള്ള രാഷ്ട്രീയസാമൂഹ്യ സാംസ്ക്കാരിക സംഘടനകള്‍ വരെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇത്തരം കേസ്സുകളില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ പെട്ട ഒരു വ്യക്തി പ്രതി പട്ടികയില്‍ വരുമ്പോള്‍ ക്രൂരവും ബീഭത്സവും ആയ കുറ്റങ്ങളാണ് അയാള്‍ നടത്തിയെതെങ്കില്‍ പോലും അയാളെ സംരക്ഷിക്കാന്‍ പറ്റിയ പഴുതുകളിട്ടുള്ള എഫ് ഐ ആര്‍ ആകും കേസന്വേഷിക്കുന്നവര്‍ രാഷ്ട്രീയ സ്വാധീനം മൂലം തയ്യാറാക്കുക. കോടതി വിധികള്‍ നീണ്ടു പോകുന്നതും വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാകുന്നതും നമ്പി നാരായണന്റെ കേസില്‍ നമ്മള്‍ കണ്ടതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ശല്യകാരിയായി മാറിയ കാമുകിയെ സ്വന്തം റസ്റ്റോറണ്ടിലേക്ക് രാത്രിയില്‍ വിളിച്ചു വരുത്തി കഷണം കഷണമാക്കി അരിഞ്ഞ് പെട്രോളൊഴിച്ച് കത്തിച്ച മനു ശര്‍മ്മ എന്ന കോണ്‍ഗ്രസ്സ് നേതാവിനെ സംരക്ഷിക്കാന്‍ മുന്നോട്ടു വന്നത് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയാണ്. രാത്രി പട്രോള്‍ ഡ്യൂട്ടിയില്‍ വന്ന ഒരു സാധാരണക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ കോടതിയില്‍ സത്യാവസ്ഥ പറഞ്ഞതോടെയാണ് മനു ശര്‍മ്മ ഇപ്പോഴും ജയലിനുള്ളില്‍ കിടക്കുന്നത്. ഏറ്റവും ദു:ഖകരമായ വസ്തുത അയാളുടെ കാമുകി ഒരു മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്നുവെന്നതാണ്. സമാനമായ ഒരു സംഭവമാണ് കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് വര്‍ഷം മുന്‍പ് അരങ്ങേറിയത്. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവും സംസ്ഥാനകമ്മറ്റിയംഗവുമായ അയാള്‍ അവരുടെ തന്നെ യുവജനവിഭാഗത്തിന്റെ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് വിവാദമായി മാറിയപ്പോള്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അച്ചടക്ക നടപടിയെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുകയാണുണ്ടായത്. പക്ഷെ പാര്‍ട്ടിയുടെ മഹിളാ വിഭാഗത്തിന്റെ നേതാവു കൂടിയായ പ്രവര്‍ത്തക കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം ജില്ലാ നേതൃത്വസ്ഥാനത്തു നിന്നും സംസ്ഥാനതലത്തില്‍ നിന്നും അയാളെ മാറ്റുകയായിരുന്നു കേരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ ഈ മാതിരി പീഢന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും ഒരു പരിധി വരെ കാരണക്കാരാണെന്നു കണ്ടെത്താനാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല നീതിന്യായ ഉദ്യോഗസ്ഥരും അഭിഭാഷകരും പോലീസുകാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പീഢനകാലത്തിന് ഒരു പരിധിവരെ യെങ്കിലും ഈ നാടിന് മോചനം ലഭിക്കുകയുള്ളു.
കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ രൂപീകൃതമായ ജെ.എസ്.വര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ നിയമ നിര്‍മ്മാണത്തില്‍ ഇത്തരം നരാധമന്മാര്‍ക്ക് ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നിര്‍ദ്ദേശിക്കണമെന്ന രാജ്യമൊട്ടാകെയുള്ള ജനങ്ങളുടെ വികാരം കൈക്കൊള്ളുമെന്ന് കരുതാം. പീഢനവും അക്രമവും ഇല്ലാത്ത പുതിയൊരു വര്‍ഷത്തേയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പുഴ.കോമും പങ്കു ചേരുന്നു.
Generated from archived content: edito1_dec27_12.html Author: editor