വൃദ്ധസദനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാവണം

ഇന്ത്യയിലെ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ പറ്റിയാണ് കഴിഞ്ഞതവണ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രം ഏതെല്ലാം വിധത്തില്‍ പുരോഗതി നേടിയാലും ആ നേട്ടം പങ്കുവയ്ക്കേണ്ടവരുടെ എണ്ണം കൂടുമ്പോള്‍ ജനങ്ങള്‍ അര്‍ദ്ധപട്ടിണിയിലും ഇല്ലായ്മയിലും വല്ലായ്മയിലും കഴിയേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഞങ്ങള്‍ പറഞ്ഞു വച്ചത്. സമ്മിശ്രണപ്രതികരണമാണ് ലഭിച്ചത്. അനുകൂലിക്കുന്നവരേക്കാള്‍ എതിര്‍ക്കുന്നവരായിരുന്നു കൂടുതലും. അതിലൊരാള്‍ എഴുതിയ കമന്റ് കേരളത്തില്‍ വൃദ്ധ സദനങ്ങള്‍ പെരുകുക എന്ന ലക്ഷ്യമാണോ ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന ചോദ്യമായിരുന്നു. ശരിയാണ്. കേരളത്തില്‍ വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന പ്രവണത ഇപ്പോള്‍ ഇന്ത്യയിലേക്കും പടര്‍ന്നിരിക്കുന്നു. കേരളത്തിലാണ് അവയുടെ എണ്ണം കൂടിയിരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണം മാത്രമല്ല. വൃദ്ധസദനങ്ങള്‍ പെരുകാന്‍ കാരണം കൂട്ടുകുടുംബങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് അണുകുടുംബങ്ങള്‍ വന്നതാണ് മുഖ്യകാരണം. വിദ്യാസമ്പന്നരായിരുന്ന ആള്‍ക്കാര്‍ കുടുംബത്തില്‍ മുമ്പ് കുറവായിരുന്നു. ഇന്നിപ്പോള്‍ വിദ്യാഭ്യാസം കുഗ്രാമങ്ങളിലുള്ളവര്‍ക്കും ലഭ്യമാണ്. എന്ന് വരുമ്പോള്‍ അഭ്യസ്തവിദ്യരുടെ എണ്ണം ഏറുന്നു. സ്വാഭാവികമായും സ്വന്തം കാലില്‍ നില്‍ക്കണമെന്ന മോഹം അവരില്‍ നാമ്പിടുന്നു. കൂടാതെ കേരളപ്പിറവിക്ക് ശേഷം വന്ന ഭൂപരിഷ്ക്കരണ നിയമം മൂലം ഭാഗം വച്ച് പിരിയുന്ന കുടുംബങ്ങള്‍ സാധാരണ സംഭവങ്ങളായി. മുമ്പ് വിദ്യാഭ്യാസം ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. അതോടൊപ്പം ജോലി തേടിപ്പോകുന്നവര്‍ വിദ്യാഭ്യാസം ലഭിച്ച പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഒപ്പത്തിനൊപ്പം എന്ന നിലവന്നു. കേരളത്തിലെ അദ്ധ്യാപകരുടെയിടയില്‍ പകുതിയിലേറെയെങ്കിലും സ്ത്രീകളാണ് എന്നതാണ് വസ്തുത. ഇതൊക്കെ കാരണം വിവാഹിതരാകുന്നതോടെ സ്വയം പര്യാപ്തത കൈവരിച്ച സാഹചര്യത്തില്‍ സ്ത്രീയും പുരുഷനും ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ പ്രായം ചെന്നവരെ നോക്കാന്‍ ആരുമില്ലാത്ത ഒരവസ്ഥ സ്വന്തം കുട്ടികളേപ്പോലും സ്കൂളിലേക്കു വിടുന്നതിനു മുന്‍പ് അംഗനവാടികളിലോ പ്ലേ സൂളിലോ വിടാന്‍ തത്രപ്പെടുന്നവരാണ്. അന്യ ദിക്കുകളില്‍ ജോലിക്കു പോകുമ്പോള്‍ വൃദ്ധജനങ്ങളെ നാട്ടിലെ വീട്ടില്‍ ഒറ്റക്കാക്കിപ്പോകുന്ന അവസ്ഥയുണ്ടാകുന്നത്. വൃദ്ധ സദനങ്ങല്‍ ഓരോ ദിക്കുകളിലും ആവിര്‍ഭവിക്കാന്‍ ഇതൊക്കെ കാരണമായിത്തീരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്മരാജന്‍ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നൊരു സിനിമ പുറത്തിറക്കിയപ്പോള്‍ നമ്മുടെ നാട്ടില്‍ നടപ്പില്ലാത്തൊരു കാര്യമാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവര്‍ അന്നുണ്ടായിരുന്നു. ഏതോ വിദേശ ഫിലിം കണ്ട ആവേശത്തില്‍ മെനെഞ്ഞെടുത്ത ഒരു ചിത്രം എന്നായിരുന്നു അന്നത്തെ ആരോപണം. പക്ഷെ, വസ്തുതകള്‍ സത്യമായി വരാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. പക്ഷെ വൃദ്ധസദനത്തില്‍ വന്നതുകൊണ്ടു മാത്രം അവരുടെ കാര്യം ഭംഗിയാകുമെന്ന് കരുതുന്നത് തെറ്റാണെന്ന് പത്മരാജന്‍ ആ സിനിമയിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മക്കള്‍ രണ്ടിലും മൂന്നിലും ഏറെ ഉണ്ടായിട്ടും എല്ലാ‍വരും ജോലിക്കായും ബിസിനസ്സിനായും ദൂരെ ദിക്കിലും വിദേശത്തും പോകുമ്പോള്‍ പ്രായം ചെന്നവരെ പരിപാലിക്കുന്നതിന് വൃദ്ധ സദനങ്ങള്‍ ആവശ്യമാണെന്ന അവസ്ഥ വരുന്നു. ഉപഭോഗസംസ്ക്കാരം വളര്‍ന്ന് വരുന്നതിനാല്‍ പ്രായം ചെന്നവരെ നോക്കാന്‍ വരുന്ന ഹോം നേഴ്സുമാരെ വരെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളതെന്ന് ദിവസവും പത്രങ്ങള്‍ വഴിയും ദൃശ്യമാധ്യമങ്ങള്‍ വഴിയും അറിയാന്‍ കഴിയും .ഗൃഹനാഥനെ ( നാഥയെ) ഉപദ്രവിച്ചോ വേണ്ടി വന്നാല്‍ കൊലപാതകം വരെ നടത്തിയോ സ്വര്‍ണ്ണവും പണവും കവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോള്‍ വീട്ടില്‍ അവരെ നോക്കാന്‍ ആരേയും വിശ്വസിച്ച് ചുമതലപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണിന്നുള്ളത്.

നാട്ടിലുള്ള മക്കള്‍വരെയും തിരിഞ്ഞു നോക്കാത്ത അവസ്ഥയില്‍ എട്ടു മക്കളുള്ള എല്ലാവരും നല്ല ചുറ്റുപാടുകളുള്ളവര്‍ – ഒരാള്‍ അവരിലൊരു മകന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം ഈയിടെ എറണാ‍കുളം ജില്ലയിലുണ്ടായി. തറവാട്ട് സ്വത്ത് വീതം വച്ച് കയ്യില്‍ കിട്ടിയപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു വൃദ്ധന്റെ ആത്മഹത്യ. കൂട്ടത്തില്‍ പറയട്ടെ ജനസംഖ്യാ നിയന്ത്രണമില്ലെങ്കില്‍ പോലും വൃദ്ധജനങ്ങള്‍ ഒറ്റപ്പെട്ടു പോകും എന്നതിലാണ് മുന്‍പറഞ്ഞ സിനിമയും പറവൂരിലെ വൃദ്ധന്റെ ആത്മഹത്യയും ഇവിടെ പരാമര്‍ശിച്ചത്. ഈ ഒരവസ്ഥ വൃദ്ധ സദനങ്ങളുടെ എണ്ണം കൂടാന്‍ കാരണമായി. പ്രതിഫലച്ഛേ കൂടാതെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍ ( അവയുടെ എണ്ണം കുറവാണ്) വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വരെയുണ്ട്. ആളുകള്‍ക്ക് ആയമാരായും നെഴ്സുമാരായും ജോലിക്ക് ആളെ വേണമെന്നു വരുമ്പോള്‍ വൃദ്ധ സദനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്നേ മതിയാകൂ എന്ന അവസ്ഥയാണുള്ളത്. ഇവിടേയും ചൂഷണ സാദ്ധ്യത കൂടുന്നു. വിദേശത്ത് നല്ല നിലയില്‍ ജോലിയുള്ള മക്കള്‍ ഭീമമായ തുക നല്‍കാന്‍ തയ്യാറാകുമ്പോള്‍ വരുമാനം കുറഞ്ഞവരുടേയും നിര്‍ദ്ധനരായവരുടേയും അവസ്ഥ എന്തായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറുകളുടെ ഇടപെടല്‍ അനിവാര്യമായി മാറുന്നു. ഗവണ്മെന്റു തന്നെ മുന്‍കയ്യെടുത്ത് കേരളത്തിലെ എല്ലാ നഗരങ്ങളിലും ജില്ലയിലോ താലൂക്കിലോ ഒന്നെന്ന രീതിയില്‍ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം മുമ്പത്തേക്കാള്‍ കൂടുതല്‍ വന്നുചേര്‍ന്നിരിക്കുന്നു. സന്നദ്ധ സംഘടനകള്‍ വഴി നടത്തുന്ന സദനങ്ങളെ ആവശ്യമായ സമയങ്ങളില്‍ സഹായിക്കേണ്ട ചുമതലയും ഗവണ്മെന്റിനാണ്. ഇന്ത്യ ഒരു ‘വെല്‍ഫെയര്‍ സ്റ്റേറ്റ്’‘ എന്ന സ്ഥിതി വരണമെങ്കില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ അത്യാവശ്യമാണ്.

Generated from archived content: edito1_dec1_11.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English