ഇക്കൊല്ലം റംസാനും ഓണവും പുറകെ പുറകെയാണ് വരുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ നിദാനമായി ഈ ആഘോഷങ്ങള്‍ കണ്ടിരുന്ന കാലം നമുക്ക് അന്യാധീനമായിപ്പോയി എന്നതാണ് സത്യം.
കര്‍ക്കടകത്തിലെ തോരാമഴ കഴിഞ്ഞുള്ള ആഘോഷങ്ങള്‍ ചിങ്ങമാസത്തില്‍ അവയ്ക്ക് തുടക്കം കുറിക്കുന്നു. മലയാളികള്‍ ഗൃഹാതുരത്വത്തോടെയാണ് ഈ ആഘോഷങ്ങളെ കണ്ടിരുന്നത്. ഇന്നവ ഒരു ചടങ്ങ് മാത്രമായി മാറിക്കഴിഞ്ഞു.
മാറി വരുന്ന കാലഘട്ടത്തിന്റെ പ്രതിഫലനമാകാം മഴ ഇക്കൊല്ലം വളരെ കുറവായിരുന്നു. കേരളീയരുടെ ജീവിതരീതിയിലുണ്ടായ മാറ്റങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് ഒരോര്‍മ്മയായി മാറുന്നുവോ എന്ന് സംശയിക്കേണ്ട അവസ്ഥയാണിപ്പോള്‍. ചിങ്ങ മാസത്തില്‍ നാടാകെ പൂക്കള്‍ വിരിയുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പൂക്കള്‍ ഇന്നധികവും വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ജമന്തിയും, ചെത്തിയും, മന്ദാരവും, മുല്ലയും പിച്ചകവും, പാരിജാതവും, ചെമ്പരത്തിയും ഒക്കെ വളരെ അപൂര്‍വം. ഒരുപ്പൂവും ഇരുപ്പൂവും കൃഷിയിറക്കിയിരുന്ന ഫലഭൂയിഷ്ടമായ നാട്ടില്‍ വയലുകളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള കൃഷികള്‍ അന്യമായി. കേരളമെന്ന നാടിനെ അന്വര്‍ത്ഥമാക്കുന്ന കേരവൃക്ഷങ്ങള്‍ വെട്ടിത്തെളിച്ച് റബ്ബറിലേക്ക് മാറി. ഉള്ള തെങ്ങുകളില്‍ മണ്ഡരി ബാധിച്ച് ഉപയോഗശൂന്യമായിക്കഴിഞ്ഞു. വിളവെടുക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥ. 41 നദികള്‍ പടിഞ്ഞാറോട്ടും 3 നദികള്‍ കിഴക്കോട്ടും ഒഴുകുന്നു. ഈ നദികള്‍ മണല്‍മാഫിയകളുടെ കടന്നാക്രമണം മൂലം ശോഷിച്ച് പലയിടത്തും വറ്റി വരണ്ട അവസ്ഥയിലാണ്. സുനാമിയോ ഉരുള്‍ പൊട്ടലോ വരുമ്പോള്‍ മാത്രമാണ് വെള്ളം നിറയുന്നത്. മണല്‍ വാരിയതു മൂലം അവയൊക്കെ കലക്കവെള്ളമായി മാറി. ശുദ്ധജലതടാകങ്ങളും ഉപ്പുവെള്ള തടാകങ്ങളുമൊക്കെ ഓര്‍മ്മകളായി മാറുന്ന അവസ്ഥയിലേക്കെത്തി. അമിതമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലേക്കും സമുദ്രത്തിലേക്കും വലിച്ചെറിഞ്ഞ് സമുദ്രാന്തര്‍ഭാഗത്ത് അടിഞ്ഞു കൂടുന്നത് മൂലം മത്സ്യങ്ങളുടെ പ്രജനനം പോലും നടക്കാതെയായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നഭക്ഷണ സാധങ്ങളില്‍ പ്രത്യേകിച്ചും പച്ചക്കറികളില്‍ വിഷാംശം ഇല്ലാത്തവ ചുരുക്കം. ഇതുകൊണ്ടൊക്കെയാവാം ഇവിടത്തെ ജനങ്ങളിലെ സ്വഭാവത്തിലും മാറ്റം വന്നു.
ഇഫതാര്‍ പാര്‍ട്ടികളും ഓണസദ്യയുമെല്ലാം ഹോട്ടലുകളിലാണ് ആഘോഷിക്കുന്നത് .കമ്പോള സംസ്ക്കാരത്തിന്റെ ഭാഗമായി ഓണം ഓഫറുകളുടെയും മറ്റു സമ്മാനങ്ങളുടേയും പരസ്യത്തില്‍ വീണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കുന്ന ബോണസും ഫെസ്റ്റിവെല്‍ അലവന്‍സുമെല്ലാം ആവശ്യമുള്ളവയും ഇല്ലാത്തവയും തിരിച്ചറിയാനാവാതെ എല്ലാം വാങ്ങി കൂട്ടി ധൂര്‍ത്തടിക്കുന്ന അവസ്ഥ വന്നു കഴിഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണം കഴിച്ച് ചാനലുകളിലെ പരിപാടികളും കണ്ട് ഓണമാഘോഷിക്കുമ്പോള്‍ പണ്ടു കാലത്തുണ്ടായിരുന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മകള്‍ ഇല്ലാതായി. അതേ സമയം കൂട്ടായ്മ കണ്ടു വരുന്നത് മദ്യപാനത്തിന്റെ കാര്യത്തിലാണ്. ലോകത്തേറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്‍ഡ്യയുടെ സ്ഥാനം മൂന്നാമതാണെന്നാണു കണക്കാക്കുന്നത്. ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് കേരളത്തിലാണ്. മറ്റെങ്ങും തിക്കും തിരക്കും കൂട്ടുന്നവര്‍ ബിവറേജസ് കോര്‍പ്പറേഷനുകളുടെ ഔട്ട് ലെറ്റുകളില്‍ അനുസരണയോടെ ക്യൂ നിന്ന് മദ്യം വാങ്ങുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ മാത്രമേ ഉള്ളു. ഈ മദ്യപാനാസക്തിയെ തുടര്‍ന്നാണ് കേരളത്തിലിപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹികപീഢനവും സ്ത്രീപീഢനവും തുടര്‍ന്ന് ചാനലുകളില്‍ സുലഭമായിക്കാണുന്ന വഴി വിട്ട ബന്ധങ്ങളും തട്ടിക്കൊണ്ടു പോകലും ക്വട്ടേഷന്‍ സംഘത്തിന്റെ വിളയാട്ടവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിദ്യാസമ്പന്നരായവര്‍വരെ ഉള്‍പ്പെടുന്നുവെന്നറിയുമ്പോള്‍ വിദ്യാഭ്യാസത്തിലും സംസ്ക്കാരത്തിലും ഒന്നാമത് എന്ന് അഭിമാനം കൊണ്ടിരുന്ന കേരളം കുത്തഴിഞ്ഞ അരാജകത്വം നിറഞ്ഞ കുടുംബജീവിതം നയിക്കുന്നവരുടെ കൂട്ടത്തിലും ഒന്നാം സ്ഥാനത്തായി എന്ന് പറയേണ്ടി വരും. കമ്പോള സംസ്ക്കാരത്തിന്റെ ഭാഗമായി വര്‍ദ്ധിച്ചു വരുന്ന രോഗാവസ്ഥയെ നേരിടാന്‍ വൈദ്യശാസ്ത്രത്തില്‍ പരസ്യങ്ങള്‍ പാടില്ല എന്നറിയാമായിരുന്നിട്ടും അതിന്റെ മോഹവലയത്തില്‍ പെട്ട് ദേഹപുഷ്ടി കൂട്ടാനും അമിതവണ്ണം കുറക്കാനും മുടി വളരാനും ചര്‍മ്മലേപനത്തിനും ഉള്ള മരുന്നുകള്‍ ഉപയോഗിച്ച് വേറെ പല രോഗങ്ങളും ക്ഷണിച്ച് വരുത്തുന്നു. പോഷകമൂല്യമുള്ള സമീകൃതാഹാരങ്ങള്‍ വെടിഞ്ഞ് ശാസ്ത്രസത്യങ്ങള്‍ വളച്ചൊടിക്കുന്ന മനം മയക്കുന്ന പരസ്യങ്ങളില്‍ പെട്ട് വിദ്യാസമ്പന്നരായ യുവതി യുവാക്കളാണ് ഇന്നേറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും രോഗം വിളിച്ചു വരുത്തുന്നതും. ആഘോഷങ്ങള്‍ ഗൃഹാതുരത്വത്തോടെ കൊണ്ടാടുന്നത് ഇന്ന് അന്യനാടുകളിലാണ്. മറുനാട്ടിലുള്ള മലയാളികള്‍ അതേത് മതത്തില്‍ പെട്ടവരായാലും റംസാനും ഓണവും ക്രിസ്തുമസ്സും കേരളത്തിലുള്ളവരേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ സൗഹാര്‍ദ്ദത്തോടെ ആഘോഷിക്കുന്നു. ആ കൂട്ടായ്മ കേരളത്തിലുള്ളവര്‍ മാതൃകയായി സ്വീകരിച്ചെങ്കില്‍.
പുഴ.കോമിന്റെ എല്ലാ മാന്യവായനക്കാര്‍ക്കും റംസാന്‍ ഓണാശംസകള്‍ നേരുന്നു.
എഡിറ്റര്‍.
Generated from archived content: edito1_aug18_12.html Author: editor