ടിനു യോഹന്നാൻ- മലയാളിക്ക്‌ ഇനി അഭിമാനിക്കാം

മൊഹാലിയിലെ പി.സി.എ. ഗ്രൗണ്ടിൽ അരങ്ങേറ്റത്തിൽ ആദ്യഓവറിലെ നാലാംപന്തിൽ ഇംഗ്ലീഷ്‌ ക്രിക്കറ്റർ ബൂച്ചറുടെ വിക്കറ്റെടുക്കുമ്പോൾ ടിനു മലയാളിയുടെ ചരിത്രമായി മാറുകയായിരുന്നു. ഗവാസ്‌ക്കർ പറഞ്ഞതുപോലെ ടിനു എന്ന ക്രിക്കറ്റർ, ഇന്ത്യക്ക്‌ ഒളിമ്പ്യൻ യോഹന്നാൻ നല്‌കിയ രണ്ടാമത്തെ സമ്മാനമാണ്‌. ഒളിമ്പ്യൻ എന്നതിലുപരി ലോഗ്‌ജംപിൽ എട്ടുമീറ്റർ ദൂരം ചാടിയ ആദ്യ ഏഷ്യക്കാരനാണ്‌ ടി.സി.യോഹന്നാൻ.

ഒക്‌ടോബറിൽ നടന്ന ഇറാനി ട്രോഫിയിൽ, രഞ്ജി ചാമ്പ്യന്മാരായ ബറോഡയ്‌ക്കെതിരെ റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യയ്‌ക്കുവേണ്ടി ദബാശിഷ്‌മൊഹന്തിയ്‌ക്കൊപ്പം ബൗളിംങ്ങ്‌ ഓപ്പൺ ചെയ്‌ത പ്രകടനമാണ്‌ ടിനുവിനെ സെലക്‌ടർമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്‌.

എങ്കിലും ഇന്ത്യൻ ടീമിൽ ടിനു ഇടം കണ്ടെത്തുമോ എന്ന സംശയം ഉണ്ടായിരുന്നു. ദേശിയ ക്രിക്കറ്റ്‌ ടീമിൽ എന്നും അയിത്തക്കാരായിരുന്നു കേരളം. അനന്തപത്‌മനാഭനും സുനിൽ വിത്സനും ഭാസ്‌ക്കർപിളളയുമൊക്കെ ദേശീയ ടീമിൽനിന്നും എന്നും ഏറെ ദൂരത്തായിരുന്നു. വടക്കേന്ത്യൻ ക്രിക്കറ്റ്‌ മാഫിയകൾ ഇവരുടെ കടന്നുവരവിനെ എന്നും എതിർത്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ പലരുടേയും നെറ്റിചുളിപ്പിച്ച്‌ ടിനു ദേശീയ ടീമിൽ ഇടം കണ്ടെത്തുകയും ആദ്യ ടെസ്‌റ്റിൽതന്നെ തന്റെ കഴിവുകാണിക്കുകയും ചെയ്‌തത്‌.

ഇനി ടിനുവിന്റെ പരീക്ഷണകാലമാണ്‌. ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടം കണ്ടെത്തുക അത്ര എളുപ്പമല്ല. ഒരു ഫാസ്‌റ്റ്‌ ബൗളർക്കുവേണ്ട ശരീരഘടനയും മാനസികാവസ്ഥയും ടിനുവിനുണ്ട്‌. അത്‌ വേണ്ടപോലെ അർപ്പണബോധത്തോടെ ഉപയോഗപ്പെടുത്തിയാൽ മാത്രമേ ടിനുവിന്റെ പൂർണ്ണ പ്രതിഭ തെളിഞ്ഞുവരികയുളളൂ. കോട്‌നിവാൽഷിനേയും, അംബ്രോസിനേയും മനസ്സിലാരാധിക്കുന്ന ഈ ചെറുപ്പക്കാരന്‌ അതിനുകഴിയും. എങ്കിൽ മാത്രമേ ഒരു പൂർണ്ണ മലയാളിതാരം എന്നും ദേശീയ ടീമിൽ ഉണ്ടാകൂ ; അതും പുതിയ തലമുറയ്‌ക്ക്‌ പ്രചോദനമായി.

ഈ ഉയരംകൂടിയ ഇരുപത്തിരണ്ടുകാരൻ കേരളീയർക്ക്‌ എന്നും അഭിമാനമാകും. ടിനുവിന്റെ ഈ വലിയ നേട്ടത്തിൽ നാം അഭിമാനിക്കുകയും ഈ പ്രതിഭയെ അഭിനന്ദിക്കുകയും വേണം. ഇന്ത്യൻ ടീമിന്റെ വിജയങ്ങൾക്കുവേണ്ടി, മലയാളികളുടെ പ്രാർത്ഥന ഇനി ടിനുവിനൊപ്പം ഉണ്ടാകും.

Generated from archived content: edit_tinu.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here