പോട്ടോ – ഒരു പുതിയ സമ്മാനം

ഇന്ത്യൻ ജനതയ്‌ക്ക്‌ കേന്ദ്രസർക്കാരിന്റെ പുതിയ സമ്മാനമാണ്‌ പോട്ടോ അഥവാ ഭീകരവിരുദ്ധനിയമം. ഭീകരവിരുദ്ധം എന്നത്‌ ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ്‌; അത്‌ നീതിയുക്തമാണ്‌, നിയമപരവുമാണ്‌. അങ്ങിനെ ഭീകരരെ അടിച്ചമർത്തേണ്ടത്‌ ഏതൊരു സ്‌റ്റേറ്റിന്റേയും പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്‌.

മുകളിൽ പറഞ്ഞതിന്‌ നൂറിൽ നൂറ്‌ മാർക്ക്‌-പക്ഷെ, ആരാണ്‌ ഭീകരർ എന്ന ചോദ്യവും; ഭീകരർ എന്ന വാക്കിന്റെ വ്യാഖ്യാനവുമാണ്‌ നമുക്ക്‌ വേണ്ടത്‌. പോട്ടോയ്‌ക്ക്‌ മുൻപേ ജനിച്ച ടാഡയും, മിസയും കാട്ടിക്കൂട്ടിയ കൊളളരുതായ്മകൾ കണ്ട്‌ ചെറുതായെങ്കിലും മനസ്സുമരവിച്ചവരാണ്‌ ഭാരതീയർ. കൊടുംഭീകരരെന്ന്‌ മുദ്രകുത്തി ഈ കരിനിയമങ്ങൾ വിചാരണകൂടാതെ തടവിലാക്കിയവരിൽ ഒന്നരലക്ഷം പേർ നിരപരാധികളായിരുന്നെന്ന്‌ അന്വേഷണങ്ങൾ തെളിയിച്ചു. ‘ടാഡ’യനുസരിച്ച്‌ തടവിലാക്കിയവരിൽ ഒരു ചെറിയ ഭാഗം ആളുകൾപോലും ശിക്ഷിക്കപ്പെട്ടില്ല. അങ്ങിനെ ടാഡയും മിസയുമൊക്കെ ആടിതിമിർത്ത ഇന്ത്യൻ ജനാധിപത്യത്തിലേക്ക്‌ ‘കൊടുംഭീകര’നായിട്ടാണ്‌ പോട്ടോയുടെ വരവ്‌. ഇതിനെയൊക്കെ സഹിക്കേണ്ടിവരുന്ന ജനങ്ങൾ സ്വയമേവ ഭീകരരായിത്തീരുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.

കേസ്‌ ചാർജ്ജുചെയ്യുകയോ വിചാരണ ചെയ്യുകയോ കൂടാതെ മൂന്നുമാസംവരെ ഒരു വ്യക്തിയെ തടവിൽ വയ്‌ക്കാനുളള വ്യവസ്ഥകൾ ഈ പുതിയ കരിനിയമത്തിലുണ്ട്‌. മാത്രമല്ല, ഏതു സമുദായത്തിനുനേരെയും, ഏതു മാധ്യമത്തിനെതിരെയും ഈ കരിനിയമം ഉപയോഗിക്കാം. കൊളളാം…. എന്തുരസം… ഇനി തൊഴിൽ സമരത്തിലേർപ്പെടുന്നവനും, പളളിയിൽ പോകുന്നവനും ഭീകരരാകും. മാവിലെറിഞ്ഞ കല്ല്‌ അറിയാതെ കൂട്ടുകാരന്റെ തലയിൽ വീണാൽ എറിഞ്ഞ പയ്യനും ഭീകരനാകും. പിന്നെ പോട്ടോ വരുന്നുണ്ട്‌ പുറത്തിറങ്ങല്ലേ എന്ന്‌ പറഞ്ഞ്‌ അമ്മമാർക്ക്‌ കുട്ടികളെ പേടിപ്പിക്കാം.

പോട്ടോയും ടാഡയുമൊന്നുമില്ലാതെ കഴിഞ്ഞ വാരം രണ്ട്‌ ലോക്കപ്പ്‌ മരണങ്ങളാണ്‌ കേരളത്തിൽ നടന്നത്‌. ഇനി പോട്ടോയെ കിട്ടിയിട്ടുവേണം പോലീസിന്‌ ഇതിന്റെ എണ്ണമൊന്നുകൂട്ടാൻ.

ഭീകരരെ അടിച്ചമർത്താനുളള നിയമങ്ങൾ ഇന്ത്യയിലില്ലാഞ്ഞിട്ടല്ല, അതൊക്കെയും വേണ്ടപോലെ ഉപയോഗിച്ചാൽ മാത്രം മതി. ഉളള നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന്‌ ഭരണക്കാർ ആദ്യമൊന്ന്‌ തിരിഞ്ഞുനോക്കണം…

എന്തായാലും ഇവിടെയൊരു ഭരണഘടനയുണ്ട്‌. അത്‌ വ്യക്തമായി ചില കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒരു വ്യക്തിക്കുളള അവകാശങ്ങളും, അവന്റെ കർത്തവ്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിനപ്പുറത്തേയ്‌ക്കാവരുത്‌ ടാഡയും പോട്ടോയും. മനുഷ്യവകാശത്തെ ഹനിക്കുന്ന രീതിയിൽ ഒരു കരിനിയമം പ്രയോഗിച്ചാൽ അതിനെ എതിർക്കുകതന്നെ ചെയ്യണം. ഈ എതിർപ്പുകൊണ്ട്‌ അധികാരികളുടെ മുന്നിൽ നാം ഭീകരരായി മാറിയേക്കാം.. അതിനുമപ്പുറം നമ്മുടെ മുന്നിൽ ഈ ഭരണാധികാരികളായിരിക്കും ഭീകരർ.

Generated from archived content: edit_poto.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English