ഇന്ത്യൻ ഭരണഘടനയിൽ രാഷ്‌ട്രപതിയുടെ സ്ഥാനവും അധികാരസ്വാതന്ത്ര്യവും പരിശോധിക്കുമ്പോൾ ശ്രീ അബ്‌ദുൾ കലാമിനും രാഷ്‌ട്രപതിയാകാവുന്നതാണ്. ഒപ്പം നാം മറ്റൊന്നുകൂടി ചേർത്തു വായിക്കണം. അബ്‌ദുൾ കലാമിനുമാത്രമല്ല മറ്റു പലർക്കും രാഷ്‌ട്രപതിയാകാവുന്നതാണ്. എന്നു കരുതി അബ്‌ദുൾ കലാം രാഷ്‌ട്രപതിയാകുവാനുളള ആളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനക്കാരനല്ല എന്നും വ്യക്തമാക്കട്ടെ. എന്നാൽ അബ്‌ദുൾ കലാമിന്റേതല്ലാത്ത ചില പോരായ്‌മകൾ അദ്ദേഹം രാഷ്‌ട്രപതിയാകുന്നതിൽ കാണാവുന്നതാണ്. ഒന്ന്, അദ്ദേഹം രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി വന്ന വഴി. രണ്ട്, അദ്ദേഹം രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകേണ്ടതിന്റെ ആവശ്യകത. ഇത് രണ്ടും അദ്ദേഹത്തിന്റെ കഴിവുകളെ ബന്ധപ്പെടുത്തിയിട്ടുളളതല്ല.
രാഷ്‌ട്രപതി ശ്രീ.കെ.ആർ. നാരായണൻ ഉപരാഷ്‌ട്രപതിയാകുന്നതിനുമുമ്പ് അദ്ദേഹത്തെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായാണ് പരിഗണിച്ചത്. അന്ന് ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയാകുക എന്ന നിയമത്തിലില്ലാത്ത മാന്യമായ കീഴ്‌വഴക്കം അംഗീകരിക്കുകയും കോൺഗ്രസ്സടക്കമുളളവർ അന്നത്തെ ഉപരാഷ്‌ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ്മയെ രാഷ്‌ട്രപതിയാക്കുകയും ചെയ്‌തു. പൊതുവെ ഇന്ത്യയിലെ രാഷ്‌ട്രീയ പണ്ഡിതരും പൊതുജനങ്ങളും അംഗീകരിച്ച ഒരു നിലപാടായിരുന്നു അത്. അന്ന് ഇതൊക്കെ അംഗീകരിച്ച പാർട്ടികൾ തന്നെയാണ് ഇന്നും സജീവമായി ഉളളതെങ്കിലും ഉപരാഷ്‌ട്രപതി കിഷൻകാന്തിന്റെ പേര് രാഷ്‌ട്രപതിസ്ഥാനത്തേക്ക് എവിടേയും കേൾക്കാനുണ്ടായിരുന്നില്ല. അദ്ദേഹത്തെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിൽ ഒരു പൊതു സ്ഥാനാർത്ഥിയെ കിട്ടുകകൂടി ചെയ്യുമായിരുന്നു. ഈ സാമാന്യ മര്യാദ ലംഘിച്ചാണ് ഇന്ത്യയിലെ പ്രബല രാഷ്‌ട്രീയകക്ഷികൾ വളഞ്ഞ വഴിയിലൂടെ കലാമിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയത്. ഇത് അംഗീകരിക്കുക വയ്യ എന്നുതന്നെ പറയണം.
ഇന്ത്യൻ സൈനിക പ്രതിരോധത്തിന്റെ പോർമുനകളായ വിവിധതരങ്ങളായ മിസൈലുകളടക്കം ഒട്ടനവധി യുദ്ധ സാമഗ്രികളുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച അപൂർവ്വ ശാസ്‌ത്രപ്രതിഭയെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് കൊണ്ടുവരിക എന്നത് ഒറ്റനോട്ടത്തിൽ ആവേശകരമായി തോന്നാമെങ്കിലും, ഈ മഹാനെ രാഷ്‌ട്രപതിയാക്കുവാൻ ഒരുക്കുന്ന ചില രാഷ്‌ട്രീയകക്ഷികളുടെ സ്വഭാവംകൂടി ഇവിടെ പരിഗണിക്കണം. അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഒരു യുദ്ധത്തിന്റെ ഭീഷണിയിലും മറ്റു ഭീകരപ്രവർത്തനങ്ങളുടെ ഭീഷണിയിലും നില്‌ക്കുമ്പോഴും ആഭ്യന്തരമായി പറയുകയാണെങ്കിൽ ഗുജറാത്തു കലാപങ്ങൾ പോലെയുളളവ ആവർത്തിക്കപ്പെടുവാൻ സാധ്യതയുളളപ്പോഴും അബ്‌ദുൾ കലാം എന്ന “യുദ്ധ ശാസ്‌ത്രജ്ഞൻ” രാഷ്‌ട്രപതിയാകുവാൻ യോഗ്യനാകുന്നില്ല. ദേശസ്‌നേഹം എന്ന പേരിൽ ഫാസിസ്‌റ്റുകൾക്ക് മേയുവാനുളള ഉപകരണമായി അബ്‌ദുൾ കലാമിന്റെ ശാസ്‌ത്ര പ്രതിഭയെ ഇത്തരം രാഷ്‌ട്രീയകക്ഷികൾ ഉപയോഗിക്കും. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് കലാം പുസ്തകമെഴുതിയ കാര്യമൊന്നും അപ്പോൾ പുറംലോകം കാണുകയില്ല.
ഇവിടെ കലാമിനെ നമ്മൾ തിരിച്ചറിഞ്ഞതാണ്, കലാമിന്റെ ശാസ്‌ത്രപ്രതിഭയെ ഇന്ത്യ അഭിമാനത്തോടെ ആദരിച്ചിട്ടുളളതാണ്. കലാം ഇന്ത്യയുടെ അമൂല്യമായ സ്വത്തുതന്നെയാണ്. എങ്കിലും കലാമിനെ ഇത്തരത്തിൽ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകതന്നെ ചെയ്യണം.
Generated from archived content: edit_kalam.html Author: editor