മതസൗഹാർദ്ദം പുലരേണ്ട ഉത്സവാഘോഷങ്ങൾ

തീവ്രവാദികൾ മതത്തിലും രാഷ്‌ട്രീയത്തിലും പിടിമുറുക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ ഇത്തവണത്തെ റംസാനും ഗാന്ധിജയന്തിയും ദുർഗ്ഗാ – വിജയദശമി ആഘോഷങ്ങളും കടന്നു പോകുന്നത്‌. തീവ്രവാദികളായി വരുന്നവരധികവും നല്ല വിദ്യാഭ്യാസമുള്ളവരും തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്ന ജോലിയുള്ളവരുമാണെന്ന്‌ കൂടി വരുമ്പോൾ ഇതിന്റെ പിന്നിൽ തൊഴിലില്ലായ്‌മയോ നിരാശാബോധമോ അല്ലെന്ന്‌ സ്പഷ്‌ടമാകുന്നു. തീവ്രവാദ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത്‌ അധികവും വിദേശത്ത്‌ നിന്നും പണം കൈപ്പറ്റുന്നവരാണെന്ന്‌കൂടിയുള്ള ആഷേപങ്ങൾ വരുമ്പോൾ, ഈ നാടിന്റെ ഭാവി എന്താകുമെന്ന്‌ ഉത്‌കണ്‌ഠയാണ്‌ ജനാധിപത്യവിശ്വാസികളായ ഭൂരിപക്ഷം പേർക്കും. ശത്രുവായി കാണുന്നവരെ ഉന്മൂലനം ചെയ്യാൻ വേണ്ടി ചാവേറ്‌ ഭടനായി ജീവത്യാഗം ചെയ്താൽ ഈശ്വര സാക്ഷാത്‌ക്കാരം ലഭിക്കുമെന്ന്‌ വരെ പഠിപ്പിച്ച്‌ വിടുന്ന മതപാഠശാലകൾ വരെ ഉണ്ടെന്ന ആക്ഷേപം ഓരോ മതത്തെപ്പറ്റിയും അന്യമതസ്ഥർ ഉന്നയിക്കുമ്പോൾ, കുരുന്നിലേ തന്നെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന മതപാഠശാലകൾ ഏതെന്ന്‌ കണ്ട്‌ പിടിച്ച്‌ അവ ഇല്ലാതാക്കാനുള്ള ആർജ്ജവം വോട്ടു ബാങ്കിനെ ഭയന്ന്‌ ഭരണ പ്രതിപക്ഷ കക്ഷികൾക്ക്‌ ഇല്ലാതെ വരുന്നു എന്നതാണ്‌, ഇന്നത്തെ രാഷ്‌ട്രീയ കക്ഷികൾക്ക്‌ വന്നുപെട്ട അപചയം.

ചാവേറ്‌ സംഘങ്ങൾ നടത്തുന്ന സ്‌ഫോടനങ്ങൾ അധികവും ജനത്തിരക്കേറിയ ഷോപ്പിംഗ്‌ സെന്ററുകൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ, സിനിമാശാലകൾ, യാത്രാബസ്സുകൾ, ട്രെയിനുകൾ, ഇവയൊക്കെയാണെന്നുള്ളത്‌, രാജ്യം രക്തരൂഷിതമായ ഒരു കലാപഭൂമിയാക്കി മാറ്റണമെന്ന ഹിഡൻ അജണ്ട കൊണ്ടു നടക്കുന്നവരാണോ ഇതിന്റെ പിന്നിലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം ഇന്ത്യയാണെന്ന ഖ്യാതി ഇല്ലാതാക്കണമെന്ന ദുഷ്ടചിന്തകളുള്ള വിദേശ ശക്തികളുടെ ഏജന്റ്‌മാരാണ്‌ ഈ ചാവേർ പടയാളികൾ. ഇത്‌പോലുള്ള ഭീകരാവസ്ഥയിൽ കൂടി ശത്രുവായിക്കാണുന്നവരെ ഉന്‌മൂലനം ചെയ്‌താൽ ഈശ്വരന്റെ സന്നിധിയിൽ അതിവേഗം എത്താമെന്ന മൂഢവിശ്വാസം വച്ചുപുലർത്തുന്ന മതതീവ്രവാദികളായ കുറെ ചെറുപ്പക്കാരെ വശീകരിക്കാനും ഇവർക്കൊക്കെ കഴിയുന്നുവെന്നുള്ളതാണ്‌ ഇത്തരം സ്‌ഫോടനങ്ങളുടെ ആവർത്തനം വ്യക്തമാക്കുന്നത്‌. ഈയിടെ നടന്ന അഹമ്മദബാദ്‌, ജയ്‌പൂർ, ഡൽഹി, ബാംഗ്ലൂർ സ്‌പോടനങ്ങൾക്ക്‌ പിന്നാലെയാണ്‌​‍്‌ ഒറീസ്സയിലെയും കർണ്ണാടകയിലെ മതന്യൂന പക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക്‌ നേരെ വന്ന കടന്നാക്രമണങ്ങളും എന്നത്‌ നമ്മുടെ ഭരണപ്രതിപക്ഷങ്ങളുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌, ക്രിയാത്മകമായ പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്താനാവുമോ എന്നതാണ്‌ സാധാരണക്കാർ ഉറ്റുനോക്കുന്നത്‌. സർവ്വവിധ സന്നാഹങ്ങളോടും കൂടിയ ഒരു സാമ്രാജ്യത്വ ശക്തിൽ നിന്നും അഹിംസ ആയുധമാക്കി സ്വാതന്ത്ര്യം നേടിത്തന്ന രാഷ്‌ട്രപിതാവിന്റെ അന്ത്യം പോലും ഒരു മതതീവ്രവാദികയുടെ വെടിയുണ്ടയേറ്റായിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട്‌. എങ്കിലും ഒട്ടൊക്കെ ശക്തമായ മതസൗഹാർദ്ദം നിലനിന്ന ഒരു രാജ്യത്ത്‌ വിധ്വംസക പ്രവർത്തനങ്ങൾ ശക്തമായിത്തുടങ്ങിയത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ അത്‌ വരെ ഒറ്റപ്പെട്ട ചില ഭീകര പ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ മാത്രമായി നടന്നിരുന്നത്‌ ഇന്നിപ്പോൾ ഏറ്റക്കുറച്ചിലുകളോടുകൂടി എല്ലായിടത്തുമായി വ്യാപിച്ചിരിക്കുന്നു. ഗാന്ധീജയന്തി ഉണർത്തുന്ന ശാന്തിയുടെയും സമാധാനത്തിന്റെയയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഈ വിധ്വംസക പ്രവർത്തനങ്ങൾക്ക്‌ വിരാമമിടുമെന്ന്‌ പ്രത്യാശിക്കാം. തിന്മയുടെ മേൽ നന്മനേടുന്ന അത്യന്തികമായ വിജയമാണ്‌ വിജയദശമി ആഘോഷിങ്ങൾക്കുള്ളത്‌. മാതാ – പിതാ ഗുരു ദൈവം എന്നപമാണം പാലിച്ചുപോന്ന ഒരു നാട്ടിലാണ്‌ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നുവെന്ന്‌ അഭിമാനം കൊണ്ടിരുന്ന ഒരു നാട്ടിലാണ്‌- പാഠപുസ്തക വിവാദം അതിന്റെ എല്ലാവിധ ബീഭത്സതയോടും കൂടി അരങ്ങേറിയത്‌. പാഠപുസ്തകങ്ങൾ ചുട്ടെരിച്ചതും ഈശ്വരന്‌ തുല്യമായി കാണേണ്ട ഗുരുനാഥന്മാരിലൊരാൾ സമനിലതെറ്റിയ പ്രക്ഷോഭകാരികളുടെ ആക്രമണത്താൽ ജീവൻ വെടിയേണ്ടിവന്നതും ഈ നാടിനേറ്റ തീരാക്കളങ്കമാണ്‌. മാനവരാശിയുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള റംസാൻ – നൊയമ്പ്‌ വീടൽ പെരുന്നാളും ദുർഗ്ഗാ – കാളി – സരസ്വതി പൂജയും ഗാന്ധീജയന്തിയുടെ മുന്നിലും പിന്നിലുമായി വരുന്നത്‌, മതസൗഹാർദ്ദം നിലനിൽക്കുന്ന ഒരു ജനതയാണിവിടുള്ളതെന്ന്‌ ലോകത്തിന്‌ കാണിച്ച്‌ കൊടുക്കാനുള്ള ഒരവസരമായി പ്രയോജനപ്പെടുത്തുമെന്ന പ്രത്യാശ – ആ ശുഭപ്രതീക്ഷ – ഈ ആഘോഷങ്ങൾക്ക്‌ തിളക്കമേറ്റട്ടെ.

പുഴയുടെ എല്ലാ വായനക്കാർക്കും പുണ്യം നിറഞ്ഞ റംസാൻ ആശംസകളും വിജയദശമി ആശംസകളും ഗാന്ധിജയന്തി ഉണർത്തുന്ന സമാധാന സന്ദേശം നിറഞ്ഞ ആശംസകളും നേരുന്നു.

Generated from archived content: edit1_sept29_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English