ഇന്‍ഡ്യന്‍ രാഷ്ട്രീയ രംഗത്ത് ദൂര വ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന രണ്ട് വിധികള്‍ സുപ്രീം കോടതി ഈയിടെ പുറപ്പെടുവിക്കുകയുണ്ടായി. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെടുന്ന എം പി മാരെയും എമ്മെല്ലെമാരേയും അയോഗ്യരാക്കുന്ന വിധിയാണു ആദ്യം പുറത്തു വന്നത്. പക്ഷെ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവര്‍ ഈ വിധിന്യായത്തോട് യാതൊരു മമതയും കാട്ടിയില്ല എന്ന് മാത്രമല്ല ഈ വിധിയെ മറികടക്കാനുള്ള യത്നത്തില്‍ അവരെല്ലാം ഒരുമിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഈ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ മൂന്നിലൊരു ഭാഗം വരുന്നവര്‍ ക്രിമിനല്‍ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവരും അപ്പീലുകള്‍ വഴി മേല്‍ക്കോടതികളുടെ അന്തിമ വിധി കാത്തിരിക്കുന്നവരമാണ്. ഇവരില്‍ കൊലപാതകക്കുറ്റം നടത്തിയവരും ഭവനഭേദനം,ബലാത്സംഗം, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം, ആളെ തട്ടിക്കൊണ്ടു പോകല്‍, മതതീവ്രവാദപ്രവര്‍ത്തനം, കള്ളക്കടത്ത്, അഴിമതി എന്നീകുറ്റങ്ങളില്‍ ശിക്ഷ ഏറ്റുവാങ്ങിയ വരുമുണ്ടെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനലുകള്‍ നിയമനിര്‍മ്മാണ സഭകളില്‍ കടന്നു കൂടുന്നതിനെ എതിര്‍ക്കണമെന്ന നിര്‍ദ്ദേശവും വച്ചിരുന്നു. പക്ഷെ തങ്ങളുടെ പ്രതിനിധികളായി വരുന്നവരെ അയോഗ്യരാക്കുന്ന നടപടിയോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടാവാന്‍ പ്രധാനകാരണം വോട്ടു ബാങ്കുകളെ ബാധിക്കുമെന്നതാണ്. മാത്രമല്ല വിധി നടപ്പാക്കുകയാണെങ്കില്‍ പാര്‍ലമെന്റിലും നിയമസഭകളിലും തങ്ങളുടെ അംഗബലം കുറയുമെന്നും അവര്‍ കണക്കു കൂട്ടുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷെ പാര്‍ട്ടികളിലും ഭിന്നാഭിപ്രായമുണ്ടായില്ല എന്നത് ഈ രാജ്യത്ത് അവരെല്ലാം ഉയര്‍ത്തിക്കാട്ടുന്ന കറകളഞ്ഞ രാഷ്ട്രീയ തത്വസംഹിതയിലെ പൊള്ളത്തരം തുറന്നു കാട്ടുന്നു . പക്ഷെ, അപ്പീലുകള്‍ വഴി അംഗത്വം നില നിര്‍ത്തുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തലാണ് സുപ്രീം കോടതി നടത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ വഴി സാധിച്ചെടുക്കുന്ന സമന്വയം വഴി സുപ്രീം കോടതി വിധി മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓഡിനന്‍സ് പ്രസിഡന്റ് മടക്കി വിട്ടു എന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയായിരുന്നു. അതിനു പുറമെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഓഡിനന്‍സ് പുറപ്പെടുവിച്ച രീതിയോട്, ഒരു വീണ്ടു വിചാര മുണ്ടായതിനാലാവാം ബി ജെ പി യും ഇടതു പക്ഷ പാര്‍ട്ടികളും എതിര്‍പ്പു പ്രകടിപ്പിച്ചതും ശുഭവാര്‍ത്തയാണ്. അതിനേക്കാളേറെ ആശ്വാസം തരുന്ന വാര്‍ത്ത ഭരണകക്ഷികളിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ്സ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ ഈ ഓഡിനന്‍സ് വലിച്ച് കീറിക്കളയണമെന്ന് പ്രസ്താവിച്ചതാണ്. ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് ഭരണകക്ഷിതന്നെയാണ്. ഈ ഓഡിനന്‍സ് പ്രാബല്യത്തില്‍ വരില്ല എന്നു തന്നെ വിശ്വസിക്കാം.
ഇക്കഴിഞ്ഞ ദിവസം വന്ന മറ്റൊരു സുപ്രീംകോടതി വിധിയും ഏറെ പരാമര്‍ശമര്‍ഹിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങളുടെ നേര്‍ക്കുള്ള ബട്ടണുകള്‍ക്ക് കീഴെ ഏറ്റവും അവസാനം നിഷേധ വേട്ടുകള്‍ രേഖപ്പെടുത്താന്‍ ഒരു ബട്ടണ്‍ കൂടി ഇലക്ട്രോണിക് യന്ത്രത്തില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതു വഴി മത്സരാര്‍ത്ഥികളായ സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ യോഗ്യരല്ലെന്നു ഒരു വോട്ടര്‍ക്കു തോന്നിയാല്‍ അയാള്‍ തെരെഞ്ഞെടുപ്പില്‍ പങ്കാളിയാവുന്നതില്‍ നിന്ന് മാറി നില്‍ക്കുകയല്ല , നേരെ മറിച്ച് തന്റെ അനിഷടം രേഖപ്പെടുത്തുവാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണു ചെയ്യുന്നത് . ഇത് നടപ്പില്‍ വന്നാല്‍ ലോകത്ത് ഈ സംവിധാനം, നടപ്പില്‍ വരുത്തുന്ന പതിനാലാമത്തെ രാഷ്ട്രമായിരിക്കും ഇന്‍ഡ്യ. മാത്രമല്ല ഇതു വഴി നിയമനിര്‍മ്മാണ സഭകളിലേക്ക് ക്രിമിനലുകള്‍ വരുന്നതിനുള്ള സാദ്ധ്യത കുറയുകയും ചെയ്യും. ഈ നവംബറില്‍ ഇന്‍ഡ്യയിലെ ഏതാനും നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തന്നെ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ശ്രമിക്കമെന്ന് വേണം കരുതാന്‍. പക്ഷെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യം ഇവിടെ ഉദിക്കുന്നു. നിഷേധ വോട്ടുകളുടെ എണ്ണം മത്സരാര്‍ത്ഥികളായ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതലായാല്‍ എന്ത് നടപടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ കൈക്കൊള്ളുക? അവിടെ വീണ്ടൂം ഒരു തെരെഞ്ഞെടുപ്പോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നയാളെ തെരെഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഏതാണ് നടപ്പില്‍ വരിക? ഈ ചോദ്യത്തിനുള്ള മറുപടി താമസിയാതെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശത്തോടും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു. ബി. ജെ. പി യിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതുന്ന നരേന്ദ്രമോഡി മാത്രമാണ് ഇതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തത്. മറ്റുള്ളവരെല്ലാം ബി ജെ പി യുടെ പ്രസിഡന്റുള്‍പ്പെടുയുള്ളവര്‍ വിധിന്യായത്തിന്റെ പകര്‍പ്പു കിട്ടിയിട്ട് പ്രതികരിക്കാം എന്ന നിലപാടാണ് കൈക്കൊണ്ടത്. മാത്രമല്ല ഭരണപരമായ ഇമ്മാതിരിക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താണു തീരുമാനിക്കേണ്ടതെന്നും ജുഡീഷ്യറിയല്ലെന്നുമാണ് അവരുടെ വാദം. പക്ഷെ , മാധ്യമങ്ങളും പൊതുരംഗത്തുള്ള പ്രമുഖരും സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ക്രിമിനലുകള്‍ കടന്നു കയറി കളങ്കപ്പെടുത്തുന്ന അവസ്ഥ ഏറെക്കുറെ ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
Generated from archived content: edit1_sep30_13.html Author: editor