മലയാളം : ഭരണഭാഷ, പിന്നെ ശ്രേഷ്ഠഭാഷ

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് അന്‍പത്തിയേഴു വര്‍ഷം പിന്നിട്ടതിനു ശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മലയാളം ഒരു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. അതോടെ മലയാളം ഭരണ ഭാഷയായി മാറിയെന്ന സര്‍ക്കാര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും കലാലയങ്ങളിലും ഇത് സാര്‍ വര്‍ത്രികമായി നടപ്പാക്കിയിട്ടില്ല. സര്‍ക്കാര്‍ സാംസ്ക്കാരിക തലത്തിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദവും ഓ. എന്‍. വി, സുഗതകുമാരി, എം. ജി എസ്. നാരായണന്‍ തുടങ്ങിയ സാംസ്ക്കാരിക നേതാക്കളുടെ പരിശ്രമവും മൂലം ഇപ്പോള്‍ മലയാള ഭാഷയെ ക്ലാസ്സിക് പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ പദവി തൊട്ടടുത്ത തമിഴ് നാട്ടില്‍, തമിഴിന് ശ്രേഷ്ഠപദവി കിട്ടിയിട്ട് വര്‍ഷങ്ങളേറെയായി. മലയാളം ശ്രേഷ്ഠഭാഷയാക്കാനുള്ള കാലതാമസം നേരിട്ടതിനുള്ള പ്രധാനകാരണം നമ്മുടെ വിദ്യാലയങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലേയും ഇംഗ്ലീഷ് ഭാഷയോടുള്ള അമിതമായ വിധേയത്വം കൊണ്ടായിരുന്നു. സി ബി എസ് സി സിലബസ് നിലവിലുള്ള സ്കൂളുകളില്‍ മിക്കയിടത്തും മലയാളം സംസാരിക്കുന്നത് പോലും വിലക്കിയിരിക്കുന്നു. ക്ലാസില്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ ശിക്ഷവാങ്ങിയ കുട്ടികളെ പറ്റി നിരവധി വാര്‍ത്തകളും അതുണ്ടാക്കിയ വിവാദങ്ങളും ഈ നാട്ടില്‍ മാത്രം കണ്ടു വരുന്ന അന്യഭാഷയോട് വിധേയത്വം കാട്ടുന്ന ഒരു സ്വഭാവ വൈചിത്ര്യമായിരുന്നു. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ‍ തന്നെ മലയാളം പാഠ്യ വിഷയമാക്കാനുള്ള തുടക്കമിട്ടിരുന്നെങ്കിലും അതിനു ഔദ്യോഗികമായ പരിവേഷം കിട്ടിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ്.

ഭരണ ഭാഷ മലയാളമാക്കുന്നതിനുള്ള വൈഷ്യമ്യമായി പലരും ചൂണ്ടിക്കാട്ടുന്നത് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ പലതിനും പറ്റിയ മലയാള വാക്കുകള്‍ ലഭ്യമല്ല എന്നതായിരുന്നു. കാലാ കാലങ്ങളായി നമ്മള്‍ ഉപയോഗിച്ചു വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ കമ്പ്യൂട്ടര്‍, ടൈപ്പ് റൈറ്റര്‍‍, ക്ലാസ്സ് റൂം, ബഞ്ച്, ആംബുലന്‍സ് തുടങ്ങിയ നിരവധി വാക്കുകള്‍ ഇപ്പോള്‍‍ മലയാളത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അവ ആ രീതിയില്‍ തന്നെ തുടരുന്നതാണ് അവയ്ക്കു പറ്റിയ മലയാള വാക്കുകള്‍ തപ്പിപ്പോകുന്നതിനേക്കാളും കരണീയമായിട്ടുള്ളത്. പക്ഷെ കാലാകാലങ്ങളായി നമ്മളുപയോഗിച്ച് വരുന്ന വാക്കുകള്‍ക്ക് പകരം ഇംഗ്ലീഷ് വാക്കുകളുപയോഗിക്കുന്നതാണ് ശരി എന്ന പിടി വാശി ഉപേക്ഷിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടത്. ഇവിടെയാണ് സര്‍ക്കാരും അദ്ധ്യാപകരും സാംസ്ക്കാരിക നേതാക്കന്മാരും അതോടൊപ്പം രാഷ്ട്രീയ നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴും ഓഫീസുകളില്‍ എഴുത്തു കുത്തുകള്‍ നടത്തുമ്പോഴും ആവലാതികള്‍ ബോധിപ്പിക്കുമ്പോഴും അഭിസംബോധന ചെയ്യുന്നത് ‘ സര്‍’ എന്ന വാക്കുപയോഗിച്ചാണ്.

ചീഫ് മിനിസ്റ്റര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിയേറ്റ് തുടങ്ങി നിരവധി വാക്കുകള്‍ അതേപടി മലയാള ലിപിയിലെഴുതിയത് കൊണ്ട് മാത്രം മലയാളം ഭരണഭാഷയായി മാറുന്നില്ല. ഇവിടെ നമ്മള്‍ കണ്ടൂ പഠിക്കേണ്ടത് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെയാണ്. വിദേശികള്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും വേണ്ടി നിരത്തിലുള്ള മൈല്‍ കുറ്റിയിലും സംസ്ഥാനത്തെ പ്രധാന ഓഫീസുകളിലും ഇംഗ്ലീഷ് ഉപയോഗിച്ച ബോര്‍ഡുകള്‍ കാണാമെങ്കിലും അതിനേക്കാളേറെ പ്രാധാന്യത്തോടെ തമിഴ് ഭാഷയിലുള്ള ഓഫീസ് നാമങ്ങളും കാണാം. തമിഴരുടെ ഭാഷാസ്നേഹം സര്‍ക്കാര്‍ തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഏറ്റവും പറ്റിയ ഉദാഹരണമായി പറയാവുന്നത് അവിടെ നിന്നിറങ്ങുന്ന സിനിമകളുടെ പേരുകള്‍ മാത്രം നോക്കിയാല്‍ മതി. യന്ത്രമനുഷ്യന്‍‍ എന്ന് മലയാളത്തിലും റോബോട്ട് എന്ന് ഇംഗ്ലീഷിലും പറയുന്ന സിനിമ അവിടെ യന്തിരന്‍ എന്ന പേരിലാണ് ഇറങ്ങിയത്. മലയാളി സംവിധായകന്‍ മലയാളത്തില്‍ റിലീസ് ചെയ്ത ‘ബോഡി ഗാര്‍ഡ്’ സിദ്ദീഖ് തന്നെ എഴുതി സംവിധാനം ചെയ്ത് തമിഴില്‍ പുറത്തിറക്കിയപ്പോള്‍ ‘കാവലാള്‍ ‘ ആയി മാറി. പക്ഷെ നമ്മുടെ ഭാഷയിലിറങ്ങുന്ന സിനിമകള്‍ ഹണിബീ, മെമ്മറീസ്, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിങ്ങനെ പോകുന്നു. മറ്റൊരു ഭാഷാ ചിത്രങ്ങളിലും ഇത്രയും വ്യാപകമായി ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുന്നില്ല. നമ്മുടെ ഭാഷയെ അപകടപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് നല്ലൊരു പങ്കുണ്ട്. ടെലിവിഷനില്‍ അവതാരകരായി വരുന്നവരുടെ പദപ്രയോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമായി മനസിലാകും. ഒരു ചാനലില്‍ റിയാലിറ്റി ഷോയില്‍ അവതാരകയായി വന്ന രഞ്ജിനി ഹരിദാസ് മലയാള ഭാഷയെ മാത്രമല്ല ഇംഗ്ലീഷിനേയും കൂടി അപമാനിക്കുന്ന തരത്തില്‍ ഗോഷ്ടികള്‍ കാട്ടിയുള്ള ഒരു തരം ചപലമായ ‘മംഗ്ലീഷ്’ ഭാഷയാണുപയോഗിച്ചത്. അതോടെ മറ്റ് അവതാരകരും ആ ചുവട് പിടിച്ചാണു നീങ്ങുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ലിറ്ററേച്ചര്‍ ബിരുദമെടുത്തവര്‍ പോലും ഇത്തരം ഗോഷ്ഠികള്‍ കാട്ടുന്നു. കേരളത്തില്‍ ചാനലുകള്‍ തുടങ്ങുന്ന കാലത്ത് അവതാരകരായി വന്ന പലരും – രാജശ്രീ വാര്യര്‍, സുരേഷ്, ബി ആര്‍ പ്രസാദ് തുടങ്ങിയവരൊക്കെ മലയാളവും ഇംഗ്ലീഷും സുത്യര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്തവരാണ്. ഇപ്പോഴുള്ളവരില്‍ വേണു ബി നായര്‍, അളകനന്ദ തുടങ്ങി വളരെ ചുരുക്കം പേരേ സ്ഫുടമായി വാക്കുകളുച്ചരിക്കുന്നുള്ളു.

ഇന്‍ഡ്യയില്‍ സ്വന്തം ഭാഷയല്ലാതുള്ള വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളത് കേരളത്തില്‍ മാത്രമാണ്. കുഞ്ഞുണ്ണിമാഷ് ഒരു കവിതയില്‍ പറഞ്ഞപോലെ ‘ജനിക്കും തൊട്ടെന്‍ മകന്‍ ഇംഗീഷ് പഠിക്കുവാന്‍ ഭാര്യ തന്‍ പേറങ്ങ് ഇംഗ്ലണ്ടിലാക്കി ‘ എന്നത് വളരെ പ്രസക്തമായി വരുന്നു. ആണ്ട് തോറും നവംബര്‍ മാസത്തില്‍ ആദ്യവാരം ഇവിടെ പല സാംസ്ക്കാരിക സ്ഥാപനങ്ങളും ഭാഷാ വാരാചരണം നടത്തുന്നുണ്ട്. പക്ഷെ നവംബറിലെ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും പഴയപടിയിലേക്കു നീങ്ങുന്നു. ചുരുക്കത്തില്‍ ഭാഷാവാരാചരണം ആണ്ട് ശ്രാദ്ധമായി മാറിയിരിക്കുന്നു. ഇംഗ്ലീഷിനെ പാടെ വര്‍ജ്ജിക്കണമെന്നല്ല പറയുന്നത്. ലോക ഭാഷയിലെ ക്ലാസ്സിക്കുകള്‍ പഠിക്കാനും ഭാഷാന്തരത്തിലൂടെ മലയാളിക്ക് ലഭിക്കുവാനും അതുപോലെ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ പഠിക്കാനും മനസിലാക്കാനും ഇംഗ്ലീഷ് ഒരു ബന്ധ ഭാഷയായി നില നിര്‍ത്തണം. സ്വാതന്ത്ര്യ സമരകാലത്ത് ഇന്‍ഡ്യയെ കണ്ടെത്താനുള്ള ശ്രമത്തില്‍ മഹാത്മഗാന്ധി ഇന്‍ഡ്യയുടെ ധാര്‍മ്മികതയും മൗലികതയും ഊന്നിയുള്ള കൊടി പാ‍റിക്കാന്‍ ശ്രമിച്ചപ്പോള്‍‍ രവീന്ദ്രനാഥ ടാഗോര്‍ വളരെ താഴ്മയോടെ അദ്ദേഹത്തോടു പറഞ്ഞു മറ്റേ കയ്യില്‍ യൂണിവേഴ്സല്‍ ഫ്ലാഗും വേണം. സാര്‍വലൗകിക അവബോധത്തിന്റെ കൊടിയാണത്. ഒരു നല്ല ഭാരതീയനായി ഇരിക്കുന്നതോടൊപ്പം നല്ലൊരു വിശ്വ പൗരനായിരിക്കുകയും വേണം. അന്ധമായ ഭാഷാ പ്രേമമല്ല വേണ്ടത് മലയാള നമ്മുടെ സ്വന്തം ഭാഷ എന്ന അവബോധം മലയാളിക്കുണ്ടാവുകയാണ് വേണ്ടത്. ‘ഭാഷ വളരുന്നയിടത്തേ ഒരു സംസ്ക്കാരം വളരൂ സംസ്ക്കാരം വളരുന്നയിടത്തേ നാടുണരൂ’ എം ടി യുടെ വാക്കുകളാണിവിടെ പ്രസക്തമാകുന്നത്.

Generated from archived content: edit1_sep1_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here