വീണ്ടുമൊരു ഓണക്കാലം കൂടി

വീണ്ടുമൊരു ഓണക്കാലമെത്തി. ഓണം എന്നും ഓര്‍മകളുടേതാണ്. കഴിഞ്ഞുപോയ കാലത്തിന്റെ നന്മകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. കഴിഞ്ഞ കാലം വേദനയുടേതാണെങ്കിലും ആ വേദനകള്‍ പോലും പലപ്പോഴും ഓര്‍മകളില്‍ മനോഹരമാകുന്നത് സാധാരണം തന്നെ. ഓണവും അതുപോലെ തന്നെ. നാം എന്നും ഓണത്തിന്റെ പഴമയെക്കുറിച്ച് പറഞ്ഞ് ആനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. പിന്നെ പുതിയ കാല ദുരന്തജീവിതത്തെക്കുറിച്ച് ആകുലപ്പെടാനും. ഈ ഓണക്കാലത്തും ഇങ്ങനെയൊക്കെ ചിന്തിക്കാനേ നമുക്ക് കഴിയൂ.. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും കമ്പോളവത്കൃതമായ ജീവിതത്തിന്റെ സ്ഥായിയായ കുഴപ്പങ്ങളെന്നു പറഞ്ഞ് സമാധാനിക്കാം. പക്ഷെ മനുഷ്യന്റെ മനസിന്റെ മാറ്റങ്ങളോ. ചുറ്റിലും ഉയര്‍ന്നു കേള്‍ക്കുന്ന ക്രൂരതകള്‍ക്ക് എന്തു മറുപടിയാണ് മനുഷ്യസമൂഹത്തിന് നല്‍കാന്‍ കഴിയുക. പിഞ്ചു കുഞ്ഞിനെപ്പോലും ക്രൂരമായി ലൈംഗിക പീഡനം നടത്തി രസിക്കുന്നവരുടെ നാടാണിത്. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ വേദന മറക്കാനാകാത്ത നീറലായി ഇന്നും ഹൃദയത്തിലുണ്ട്. ഗോവയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലും മുംബൈയിലും ഇത് ആവര്‍ത്തിക്കുന്നു. അറിയാതെ പോകുന്ന, ഇത്തരം വേദനങ്ങള്‍ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഓരോ വീടിന്റെ ചുമരുകള്‍ക്കുള്ളിലും വിങ്ങലായി മാറുന്നുവെന്നതാണ് സത്യം. മകളെ പിഴപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അമ്മമാരും അച്ഛന്റെ സ്പര്‍ശനത്തെ പേടിക്കുന്ന പെണ്‍മക്കളും ഇന്ന് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ലോകം നെറിവു കേടുകളുടേതായി തീര്‍ന്നിരിക്കുന്നു. കള്ളവും ചതിവും മാത്രമായി ലോകം മാറുന്നു.

ഭോഗാസക്തര്‍ക്കും കമ്പോള ജീവിത രസം തേടുന്നവര്‍ക്കും ഇതൊക്കെ വലിയൊരു കാര്യമല്ലായിരിക്കാം. ഒരു പത്രവാര്‍ത്ത നല്‍കുന്ന രസത്തിലുപരി ഇവയൊക്കെയും അവര്‍ക്കു യാതൊന്നുമല്ലായിരിക്കും. എന്നാല്‍ എവിടെയോ കരാളമായ നഖക്കൂര്‍പ്പുകള്‍ ഏവര്‍ക്കും പിറകിലുണ്ടെന്ന് തിരിച്ചറിയുന്നതേയില്ല. നമ്മുടെ മക്കളെ, സഹോദരിമാരെ, അമ്മമാരെ തിരഞ്ഞ് ഇക്കാലം സൃഷ്ടിച്ച വിഷമുള്ളുകള്‍ ഒളിച്ചിരിപ്പുണ്ട്. ഈ വിഷമുള്ളുകള്‍ക്കു മുകളിലൂടെ നാമെങ്ങനെ ഒരു ഓണക്കാലം കൊണ്ടാടും. എങ്ങനെ ഒരു പൂക്കളമെഴുതും… പറയാതെ വയ്യ, ഓണം പഴയൊരോര്‍മയായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്… പ്രകൃതിയെ മറന്ന, മനുഷ്യത്വം മറന്ന മനുഷ്യര്‍ക്ക് ഓണം എന്നേ അകന്നു പൊയ്ക്കഴിഞ്ഞു.

എങ്കിലും ഓണം എത്തുന്നുണ്ട്. പൂക്കള്‍ക്കും കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്‍ക്കും എന്നിങ്ങനെ മനുഷ്യനൊഴികെ ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഓണം അതിന്റേതായ അര്‍ഥത്തില്‍ എത്തുന്നുണ്ട്. മനുഷ്യന് അത് തിരിച്ചറിയാനുള്ള കഴിവില്ലാതെ പോകുന്നുവെന്നതാണ് സത്യം. തുമ്പയും മുക്കുറ്റിയും ഈ ഓണക്കാലത്തും പൂക്കുന്നുണ്ട്. കണ്ണന്തളിയും കാട്ടുകുറിഞ്ഞിയും തളിര്‍ക്കുന്നുണ്ട്. ഓണത്തുമ്പികള്‍ പാറിക്കളിക്കുന്നുണ്ട്. മൈനയും മാടത്തയും അല്‍പമായ പറമ്പുകളിലൊക്കെയുണ്ട്. പുള്ളിക്കുയില്‍ പാടുന്നുണ്ട്… മേഘക്കെട്ടുകളുണ്ടെങ്കിലും അതിനിടയിലൂടെ രാത്രികളില്‍ ഓണനിലാവ് പരക്കുന്നുണ്ട്.. ഇതൊന്നും കാണാനും കേള്‍ക്കാനും മനസില്ലാതെ പോകുന്നു മനുഷ്യര്‍ക്ക്. എന്നിട്ട് പഴയ ഓര്‍മകളുടെ ഗര്‍വിലേക്കു മടങ്ങുന്നു.

ഓണം ഒരു നന്മയാണ്. അത് ഉത്സവമോ ആഘോഷമോ മാത്രമല്ല. ഒരവസ്ഥ കൂടിയാണ്. സോഷ്യലിസം എന്തെന്നു തിരിച്ചറിയുന്നതിനു മുന്നേ മലയാളി കണ്ട സോഷ്യലിസമാണ് ഓണം. കള്ളവും ചതിവുമില്ലാത്ത ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം. ഇക്കാലത്ത് ഓണം ആഘോഷിക്കണമെങ്കില്‍ ആ സ്വപ്‌നമെങ്കിലും തിരിച്ചുപിടിക്കാനുള്ള മനസുണ്ടാകണം മനുഷ്യര്‍ക്ക്. അത്തരം മനസുള്ളവര്‍ക്ക് ഓണക്കാലത്തെ തിരിച്ചറിയാനാകും. അതിനെ അനുഭവിക്കാനാകും. നല്ല മനസുകള്‍ക്ക് പുഴ ഡോട് കോമിന്റെ ഓണാശംസകള്‍…

Generated from archived content: edit1_sep13_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English