ഒരു ഓണക്കാലം കൂടി

മലയാളികള്‍ക്ക് ഓണം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഏത് ആകുലതകളും മറന്ന് മലയാളി എല്ലാ ഓണക്കാലവും ആഘോഷ ദിനങ്ങളാക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാനെങ്കിലും ശ്രമിക്കുന്നു. പഴയ മാവേലിക്കാലത്തിന്റെ സ്മരണകളില്‍ മലയാളി തന്റെ നല്ല മനസിനെ തിരിച്ചു പിടിക്കാനും നിലനിര്‍ത്താനും പരിശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളാണ് മലയാളിയുടെ നന്മയായി എന്നും കരുതുന്നത്. മാവേലിക്കാലം ഒരു പക്ഷെ ഒരു സങ്കല്‍പമാകാം. യാഥാര്‍ഥ്യമാകാം. എങ്ങനെയൊക്കെ ആയാലും അത്തരമൊരു കാലം തിരിച്ചുവരും എന്നു കരുതുക വയ്യ. എങ്കിലും ആ ഓര്‍മകളില്‍ നാം മനസിലുള്ള അല്‍പ നന്മയെ സ്ഫുടം ചെയ്‌തെടുക്കുന്നുവെന്നാണ് സത്യം.

ഈ ഓണക്കാലം മദ്യ-വിദ്യാഭ്യാസ വിവാദങ്ങളാല്‍ മുഖരിതമാണ്. കേരളത്തില്‍ പലപ്പോഴും ഇത്തരം വിവാദങ്ങള്‍ ഉയരുന്നത് പതിവുതന്നെയാണ്. അത്തരം വിവാദങ്ങള്‍ പല ഘട്ടങ്ങളിലും ആരോഗ്യകരം തന്നെയായിരുന്നു. പക്ഷെ ഇക്കാലത്ത്, ഈ ചര്‍ച്ചകളും വിവാദങ്ങളും കത്തിപ്പടരുമ്പോള്‍ അതിന്റെയൊക്കെ അടിസ്ഥാനമായി മതവും ജാതിയും ഉയര്‍ന്നുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. മദ്യം വേണമോ വേണ്ടയോ എന്നത് ഒരു ജാതിയുടേയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണോ. ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കേണ്ടത് ജാതിയുടെയും മതത്തിന്റെയും വീതം വയ്പ്പുകളില്‍ ആകേണ്ടതാണോ.

ഇതൊക്കെയും ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് ഏതൊരു രാഷ്ട്രീയ നേതൃത്വവും മത നേതാക്കളെ ഭയക്കേണ്ടിവരുന്ന എന്ന ദുരന്തത്തിലെത്തിയിരിക്കുന്നു. എതിരുപറയുന്നവന്റെ രാഷ്ട്രീയ അന്ത്യംകുറിക്കാന്‍ പോലും ശക്തിയുള്ളവരാകുന്നു മതനേതൃത്വം. ജാതി സംഘടനകളാകട്ടെ അവകാശങ്ങള്‍ പങ്കെട്ടെടുക്കുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങളേക്കാള്‍ കരുത്തും ക്രോധവും സമുദായ മുദ്രാവാക്യങ്ങള്‍ക്ക് വരുന്നത് ഭീതിയോടെ മാത്രമേ കാണാന്‍ കഴിയൂ.

മാവേലി നാടുവാണിടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ എന്നു പാടാന്‍ പറ്റാതെ ഈ ഓണക്കാലത്ത് നാവു പോലും വരണ്ടു പോകുന്നു. എങ്കിലും ഈ ഓണക്കാലം മാവേലി ഓര്‍മകള്‍ കൊണ്ടു നിറയ്ക്കാം. ഒരു പക്ഷെ മനസില്‍ ബാക്കിയുള്ള നന്മകള്‍ ഒരു നിമിഷമെങ്കിലും തിളങ്ങി നില്‍ക്കട്ടെ…

Generated from archived content: edit1_seo4_14.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here