കേരളം വളരുന്നു – എങ്ങോട്ട്‌-?

കേരളപ്പിറവിയുടെ 62-​‍ാം വാർഷികം ഈ നവംബർ ഒന്നിന്‌ നമ്മൾ- കേരളീയർ ആഘോഷിക്കുന്നു. നമുക്ക്‌ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്‌ ഇക്കഴിഞ്ഞ ഒക്‌ടോബർ 21-​‍ാം തീയതി വന്നുചേർന്നത്‌. ചന്ദ്രനിലേയ്‌ക്കുളള ഇൻഡ്യയുടെ ആദ്യത്തെ പേടകം- ചന്ദ്രയാൻ ശ്രീഹരിക്കോട്ടയിൽ നിന്ന്‌ വിഷേപിച്ച്‌ അത്‌ വിജയകരമായി ഭൂമിയുടെ ഭ്രമണപഥം വിട്ട്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ ലോകരാഷ്‌ട്രങ്ങളുടെ ഇടയിൽ സ്‌പേസ്‌ ടെക്‌നോളജിയിൽ ഇന്ത്യ സമുന്നതമായ സ്ഥാനം നേടിയിരിക്കുന്നു. റഷ്യ, അമേരിക്ക, ചൈന, ജപ്പാൻ – ഈ രാജ്യങ്ങൾക്ക്‌ പിന്നാലെ ഇൻഡ്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ചന്ദ്രയാൻ എന്ന ഈ പേടകത്തിന്റെ ഇപ്പോഴത്തെ ദൗത്യം ചന്ദ്രനിലെ ധാതുലവണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക എന്നതിലുപരി, അവ ഭൂമിയിലെത്തിച്ച്‌ സംസ്‌കരിച്ച്‌ ഊർജ്ജമായി മാറ്റാനുളള സാധ്യതകളും അടങ്ങിയിരിക്കുന്നു. താമസിയാതെ തന്നെ ചന്ദ്രനിലേയ്‌ക്ക്‌ മനുഷ്യനെ കയറ്റി അയക്കുക എന്ന ദൗത്യവും ലക്ഷ്യമിടുന്നുണ്ട്‌. ഒക്‌ടോബർ 21ന്‌ തന്നെ ലോകമെമ്പാടുമുളള ന്യൂസ്‌ചാനലുകളിൽ ഇൻഡ്യയുടെ അഭിമാനാർഹമായ ഈ നേട്ടം പ്രധാന വാർത്തയായി വന്നുകഴിഞ്ഞു. ഇൻഡ്യൻ ന്യൂസ്‌ ചാനലുകളിൽ ഇതൊരാഘോഷമായിരുന്നു. ഈ വാർത്ത കേരളത്തെ സംബന്ധിച്ചിടത്തോളം എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ഒരാഘോഷമാണ്‌. ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്‌.ആർ.ഒ)യുടെ തലവൻ ജി. മാധവൻനായരാണെന്നതിന്‌ പുറമെ, ഈ ഗവേഷണപേടകം രൂപകൽപ്പന ചെയ്‌തതും ഭ്രമണപഥത്തിലേയ്‌ക്ക്‌ വിക്ഷേപിച്ചതും മലയാളികൾ മാത്രമെന്ന്‌ പറയാവുന്ന ഒരു സംഘമായിരുന്നു. (ഒരാൾ മാത്രമാണ്‌ അന്യസംസ്ഥാനത്തിൽ നിന്നുമുണ്ടായിരുന്നത്‌). തീർച്ചയായും മലയാളികൾ എന്നെന്നും ഓർമ്മയിൽ നെഞ്ചോട്‌ ചേർത്ത്‌ വച്ചോമനിക്കുന്ന നിമിഷങ്ങൾ.

കേരളപ്പിറവിയുടെ 62-​‍ാം വർഷം പിന്നിടുന്ന വേളയിൽ ഈ നേട്ടം ഒരുത്സവമാക്കി മാറ്റുമ്പോൾ, നമ്മൾ എവിടെ ചെന്ന്‌ നിൽക്കുന്നുവെന്ന്‌ ഒന്ന്‌ തിരിഞ്ഞുനോക്കുന്നത്‌ നന്നായിരിക്കും. നമുക്കാഹ്ലാദിക്കാനും അഭിമാനിക്കാനും അവകാശമുളളത്‌ പോലെ ഒരു സ്വയം വിമർശനം നടത്താനും അത്‌ സഹായിക്കും.

വിദ്യാഭ്യാസരംഗത്ത്‌ കേരളപ്പിറവിക്ക്‌ മുമ്പ്‌ തന്നെ തിരു-കൊച്ചി സംസ്ഥാനം മുമ്പന്തിയിലായിരുന്നു. കേരളപ്പിറവിക്ക്‌ ശേഷം ആ നേട്ടം മലബാറുൾപ്പെടെയുളള മേഖലകളിലേയ്‌ക്കും വ്യാപിച്ചു. ഇന്നിപ്പോൾ വിദ്യാഭ്യാസരംഗത്ത്‌ മാത്രമല്ല, സാക്ഷരതയിലും സാംസ്‌കാരികരംഗത്തും കേരളം മുന്നിലാണ്‌. ഇൻഡ്യയിലെ മറ്റ്‌ പല സംസ്ഥാനങ്ങളിലും ഇപ്പോഴും നടപ്പാക്കിയിട്ടില്ലാത്ത പല സാമൂഹ്യ പരിഷ്‌കാരങ്ങളും- കാർഷികരംഗം, ജലസേചനം, ആരോഗ്യപരിപാലനം, റോഡ്‌ വികസനം, അധികാരവികേന്ദ്രീകരണം- ഇവയൊക്കെ ആദ്യമായി നടപ്പിൽ വരുത്തിയത്‌ കേരളത്തിലാണ്‌. ഇൻഡ്യയിൽ ആദ്യമായി സാക്ഷരത കൈവരിച്ച പട്ടണം കേരളത്തിലായിരുന്നു; കോട്ടയം. ആദ്യ ജില്ല എറണാകുളമായിരുന്നു. അധികം താമസിയാതെ തന്നെ കേരളം 100% സാക്ഷരത കൈവരിച്ച്‌ യു.എന്നിന്റെ വരെ പ്രശംസ പിടിച്ച്‌ പറ്റി. വിദേശങ്ങളിൽ പ്രത്യേകിച്ച്‌ അമേരിക്കയിലും ഗൾഫ്‌ രാജ്യങ്ങളിലും ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന ഡോക്‌ടർമാരിലും നേഴ്‌സുമാരിൽ സിംഹഭാഗവും കേരളത്തിൽ നിന്നുളളവരാണ്‌. അമേരിക്കയുൾപ്പെടെയുളള പ്രമുഖരാജ്യങ്ങളിൽ പണിയെടുക്കുന്ന ഐറ്റി എഞ്ചിനീയർമാർ കൂടുതലും കേരളത്തിൽ നിന്നുളളവർ. കൂടാതെ ഗൾഫ്‌ രാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഏറെയും ഇവിടെ നിന്നുപോയവർ. പക്ഷേ, ഇങ്ങനെയൊക്കെ ഊറ്റം കൊളളാനുളള അവസരങ്ങൾ ഏറെയുണ്ടെങ്കിലും ഈ നാടിന്റെ യശസ്സിനെ കരിവാരി തേയ്‌ക്കുന്ന നടപടികളും വാർത്തകളുമാണ്‌ കഴിഞ്ഞ ഒന്നുരണ്ട്‌ ദശകങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്‌.

പ്രമാദമായതും ഏറ്റവും പുതിയതെന്നും പറയാവുന്ന വാർത്തയിൽ നിന്നുതന്നെ തുടങ്ങാം. ‘ടോട്ടൽ ഫോർ യു’ എന്ന തട്ടിപ്പ്‌ കമ്പനിയുടെ ഇരകളായി മാറിയവർ മുഴുവൻ പേരും ഉന്നതവിദ്യാഭ്യാസമുളളവരും ഉയർന്ന പദവിയിലുളള ജോലിയിൽ കഴിയുന്നവരും സെക്രട്ടേറിയേറ്റിലും ബാങ്കുകളിലും ഉളള ഉയർന്ന ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെയുളള സമൂഹമാണ്‌. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻജനറൽ മാനേജരുടെ സഹായത്തോടെയാണ്‌ ഇനിയും തിട്ടപ്പെടുത്താനാവാത്ത നൂറുകണക്കിന്‌ കോടികളുടെ വെട്ടിപ്പ്‌ നടത്തിയത്‌. ഈ തട്ടിപ്പ്‌ കമ്പനിയുടെ തലപ്പത്തോ, ഇനിയും ടീനേജ്‌ പ്രായം കഴിയാത്ത ഒരു പയ്യൻ- ശബരീനാഥ്‌. തട്ടിപ്പിന്‌ വിധേയരായവരിൽ ചിലരൊക്കെ ന്യൂസ്‌ചാനലുകളിൽ കൂടി തങ്ങൾക്ക്‌ നഷ്‌ടപ്പെട്ട ലക്ഷങ്ങളുടെ കണക്ക്‌ പറഞ്ഞ്‌ വിതുമ്പുമ്പോൾ, സത്യം പറയാമല്ലൊ അവരോടാർക്കും തന്നെ ഒരനുകമ്പയോ, സഹാനുഭൂതിയോ പ്രകടിപ്പിക്കാൻ തോന്നുന്നില്ല എന്നതാണ്‌ വസ്‌തുത. ഈ തട്ടിപ്പിനിരയായവരിൽ ആരും തന്നെ നിരക്ഷരരോ, കൂലിവേലക്കാരോ, സാധാരണക്കാരോ അല്ലെന്ന്‌ വരുമ്പോൾ, ഈ അഭിജാത വർഗ്ഗത്തോട്‌ അനുകമ്പ തോന്നേണ്ട ഒരു കാര്യവുമില്ല. സമൂഹത്തിൽ താഴെത്തട്ടിലുളളവർ ആരും തന്നെ ഈ കൂട്ടത്തിൽ വരാത്തതിന്‌ കാരണം അവർക്ക്‌ അതിനാവശ്യമായ പണം മുടക്കാനാവാത്തതുകൊണ്ടാണെന്ന്‌ കരുതേണ്ട കാര്യമില്ല.

ഇനി പറയുന്നതെല്ലാം നമ്മൾ കൂടെക്കൂടെ കേൾക്കുന്ന വാർത്തകളാണ്‌. ഇരുപത്‌- ഇരുപത്തഞ്ച്‌ വർഷം മുമ്പ്‌ വരെ കളളനോട്ടടിക്കുന്ന കേസുകൾ വളരെ വിരളമായിരുന്നു. ഇന്ന്‌ കളളനോട്ടടിസംഘം ലക്ഷ്യമിടുന്നത്‌ ഈ നാടിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും വിദ്ധ്വംസകപ്രവർത്തനങ്ങളിലും നാടിനെ ഒറ്റു കൊടുക്കുന്ന ചാരസംഘങ്ങൾക്ക്‌ സാമ്പത്തിക സഹായം ചെയ്യാനും മാത്രമല്ല, കാശ്‌മീരിലും നാട്ടിലെവിടെയും സ്‌ഫോടനങ്ങളും കൊലപാതകങ്ങളും നടത്തി ഈ നാടിനെതന്നെ കുട്ടിച്ചോറാക്കി മാറ്റാനുമുളള ചാവേറ്‌ സംഘത്തെ സഹായിക്കാനുമാണ്‌. അടിച്ചിറക്കുന്ന പല നോട്ടുകളും റിസർവ്വ്‌ ബാങ്ക്‌ അടിച്ചിറക്കുന്ന നോട്ടുകളെക്കാളും മേന്മയേറിയതാണെന്ന്‌ വരുമ്പോൾ, കുഴങ്ങുന്നത്‌ ബാങ്കിടപാടുകൾ നടത്തുന്ന സാധാരണക്കാരും എന്തിന്‌ ബാങ്കിലെ ഉദ്യോഗസ്ഥരും വരെയാണ്‌. അസ്സലേത്‌ വ്യാജനേത്‌ എന്നറിയാതെ കുഴങ്ങുന്നു. പാകിസ്ഥാനുൾപ്പെടെയുളള വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഈ വിധ്വംസക പ്രവർത്തകരിൽ നല്ലൊര്‌ പങ്ക്‌ മലയാളികളും ഉണ്ടെന്ന്‌ വരുമ്പോൾ, അത്‌ നമ്മുടെ നാടിനുവരെ കളങ്കമായി മാറുന്നു. കേരളത്തിൽ ആവർത്തിച്ച്‌ കൊണ്ടിരിക്കുന്ന മറ്റൊരു തട്ടിപ്പ്‌ നോട്ടിരട്ടിപ്പ്‌ വ്യവസായമാണ്‌. എളുപ്പം പണമുണ്ടാക്കാനുളള വ്യഗ്രതയിൽ എടുത്ത്‌ ചാടുന്നവർ അധികവും ബിസിനസ്സുകാരാണെന്ന പ്രത്യേകതയുണ്ട്‌. ഇവിടെ സാധാരണക്കാർ വളരെ കുറച്ച്‌ മാത്രമേ വരുന്നുളളു. ഈ തട്ടിപ്പിനിരയാവുന്ന ബിസിനസ്സുകാരിൽ മിക്കവരും വിദ്യാഭ്യാസമുളളവരാണെന്ന്‌ വരുമ്പോൾ, കേരളം വിദ്യാഭ്യാസരംഗത്ത്‌ ഒന്നാമതാണെന്ന്‌ പറയുന്നതിലെന്താണർത്ഥം. മുമ്പൊക്കെ ഇൻഡ്യയിൽ ഏത്‌ വിദേശ ഉത്‌പന്നങ്ങളുടെയും ഡ്യൂപ്ലിക്കേറ്റുകൾ നിർമ്മിച്ചിരുന്നത്‌ പഞ്ചാബിലെ ലുധിയാനയിലും കേരളത്തിലെ കുന്നംകുളത്തുമായിരുന്നു. ദോഷം പറയരുതല്ലൊ, ഇപ്പോഴീ ബിസിനസ്സ്‌ ഇൻഡ്യയിലൊട്ടാകെ തന്നെയുണ്ട്‌. ഇവിടെ ഇരയായി തീരുന്നവർ അധികവും ഉപഭോക്താക്കളാണെന്ന്‌ വരുമ്പോൾ കേസുകൾ എല്ലാതലത്തിലുളളവരെയും ബാധിക്കുന്നു.

സായിബാബയും രവിശങ്കറും അമൃതാനന്ദമയിയും നടത്തുന്ന സാമൂഹ്യ സേവനങ്ങൾ-അധികവും നിസ്വാർത്ഥ സേവനങ്ങൾ വ്യാപകമായ ഫലപ്രാപ്‌തിയിലെത്തുകയും നമ്മുടെ ആദരവും ബഹുമാനവും പിടിച്ച്‌ പറ്റുന്നുവെന്നായപ്പോൾ, ആ ചുവടുപിടിച്ചുകൊണ്ട്‌ ഭക്തി ഒരു ബിസിനസ്സാക്കി മാറ്റുന്ന ആൾദൈവെങ്ങൾ ഇന്ന്‌ ഇൻഡ്യയൊട്ടാകെത്തന്നെയുണ്ട്‌. പക്ഷേ, അവിടെയും കേരളത്തിൽ നിന്നുളള സ്വാമിമാരും യോഗിനികളും പാസ്‌റ്റർമാരും തങ്ങളുമാരുമാണ്‌ മുമ്പന്തിയിൽ. സാക്ഷരതയിലും വിദ്യാഭ്യാസരംഗത്തും മുമ്പന്തിയിലായ കേരളീയരെ വീഴ്‌ത്താൻ ഏറ്റവും നല്ല മാർഗ്ഗം ഭക്തിവ്യാപാരമാണെന്ന്‌ അവർ കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല, ഇതിന്റെ മറവിൽ ലൈംഗികപീഢനവും ഭൂമിതട്ടിപ്പും സ്വർണ്ണത്തട്ടിപ്പും നടത്താൻ കഴിയുന്നുവെന്നതും ഈ വ്യവസായം തഴച്ചു വളരാൻ ഒരു കാരണമാണ്‌. ഇനിയുമുണ്ട്‌, ബ്ലേഡ്‌മാഫിയ, ചിട്ടിത്തട്ടിപ്പുകൾ, ലാൻഡ്‌മാഫിയ, കൂടാതെ മണിചെയിൻ, ആംവേ പോലുളള തട്ടിപ്പുസംഘങ്ങൾ-അവർക്കൊക്കെ കേരളം തഴച്ച്‌ വളരാൻ പറ്റിയ മണ്ണാണ്‌. സിനിമ-സീരിയൽ നിർമ്മാണത്തിന്‌, അഭിനേതാക്കളായി വരാൻ കൊതിപൂണ്ട്‌ നടക്കുന്നവരിൽ നിന്ന്‌ ലക്ഷങ്ങൾ വരെ കൈക്കലാക്കി മുങ്ങുന്നവരും അതിന്റെ മറവിൽ യുവനടികളായി വരുന്നവരെ പീഡിപ്പിക്കുന്നതും-ഏറ്റവും കൂടുതൽ നടന്നുവരുന്നത്‌ കേരളത്തിലാണ്‌.

രാഷ്‌ട്രീയ പ്രബുദ്ധത വന്ന നാട്‌, നൂറ്‌ ശതമാനം സാക്ഷരത കൈവരിച്ച ആദ്യസംസ്ഥാനം, വിദ്യാഭ്യാസരംഗത്ത്‌ മുമ്പന്തിയിൽ- സാമുദായികമായും സാംസ്‌കാരികമായും എന്നും മുൻനിരയിൽ-പക്ഷേ അവകാശവാദങ്ങളൊക്കെ നിഷ്‌പ്രഭമായി മാറ്റുന്ന തട്ടിപ്പ്‌ വ്യവസായം അരങ്ങേറുന്ന നാട്‌- കേരളം വളരുകയാണ്‌- മറ്റ്‌ പല സംസ്ഥാനങ്ങളെയും പിന്നിലാക്കി. ഒരാത്‌മപരിശോധന നടത്തേണ്ട സമയമാണിത്‌.

Generated from archived content: edit1_oct31_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English