ഏറെ നാളത്തെ വിചാരണയ്‌ക്കൊടുവില്‍ ആരുഷി- ഹേംരാജ് വധക്കേസിലെ വിധി പ്രസ്താവിച്ചു. വാദം കേട്ട ഗാസിയാബാദിലെ സിബിഐ പ്രത്യേക കോടതി പ്രതികളായ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ രാജേഷ് തല്‍വാറിനെയും നൂപൂര്‍ തല്‍വാറിനെയും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. മകളുടെ ജീവിതം അവര്‍ പിഴുതെടുത്തു കളഞ്ഞുവെന്നാണ് കോടതി പരാമര്‍ശിച്ചത്. സന്തതി പരമ്പരയെ കൊലപ്പെടുത്തുക വഴി മനുഷ്യ ചരിത്രമാണ് പ്രതികള്‍ ലംഘിച്ചതെന്നും കോടതി പറഞ്ഞു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലാത്തതിനാല്‍ ഇവര്‍ക്കു വധശിക്ഷ നല്‍കുന്നില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
പറഞ്ഞതൊക്കെയും ശരിയാണ്. അത്യന്തം ക്രൂരമായ കൃത്യമാണ് രാജേഷ്- നൂപൂര്‍ ദമ്പതികള്‍ മകളോട് ചെയ്തത്. (ഹേം രാജിന്റെ കാര്യം മാറ്റി നിര്‍ത്താം). സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അതിലേറെ അതീവ ശ്രദ്ധയോടെയും വളര്‍ത്തേണ്ട മകളെ കൊല്ലുന്ന മാതാപിതാക്കള്‍ക്ക് ഇതിലേറെ ശിക്ഷ തന്നെ നല്‍കണമെന്നാകും ഏവരും ആഗ്രഹിക്കുക. അതില്‍ തെറ്റുപറയാനാകില്ല. ഇവര്‍ക്കെതിരേ ആര്‍ത്തുവിളിച്ച ജനങ്ങളും മാധ്യമങ്ങളും ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിനൊക്കെ ഒരു മറുപുറമുണ്ടോ? ആരുഷി എന്ന മകള്‍ ഈ അച്ഛനമ്മമാര്‍ക്ക് ആരായിരുന്നിരിക്കണം. ഈ സംഭവം നടക്കുന്നതിനു മുന്‍പ് വരെ എന്തായിരുന്നു അവര്‍ക്ക് മകള്‍. ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരു പക്ഷെ സമൂഹവും മാധ്യമലോകവും കണ്ണടച്ചതായാണ് തോന്നുന്നത്. പതിനാലുകാരിയായ ആരുഷിയും നാല്‍പത്തിയഞ്ചുകാരനായ വീട്ടുവേലക്കാരന്‍ ഹേംരാജുമായുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അതുവരെ ആ മാതാപിതാക്കള്‍ വലിയ സ്വപ്‌നമായി കൊണ്ടു നടന്ന മകളെന്ന പ്രതീക്ഷ ഇല്ലാതായി എന്നത് വാസ്തവമാണെന്ന് ഏവരും സമ്മതിക്കും. ആരുഷിയെ ഇതിനു മുന്‍പ് മാതാപിതാക്കള്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയുണ്ടായി എന്നതിന് തെളിവില്ല. അതിലേറെ അവര്‍ മകളെ അവരേക്കാളേറെ സ്‌നേഹിച്ചിരിക്കാം. അവര്‍ മകളെ വിശ്വസിച്ചിരിക്കാം. ആ സ്‌നേഹവും വിശ്വാസവും തകര്‍ന്നതാകാം വലിയൊരു ക്രൂരകൃത്യത്തിലേക്ക് അവരെ നയിച്ചത്. അപ്രതീക്ഷിതമായി കണ്ട ഒരു കാഴ്ച. വിശ്വസിക്കാനാകാതെ തരിച്ചുനിന്നു പോയ മാതാപിതാക്കള്‍. പ്രകോപനത്തിന്റെ അങ്ങേയറ്റത്തായിരിക്കണം അവരുടെ മനസ് അപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുക. അതു തന്നെയാകണം മകളെയും വീട്ടുവേലക്കാരനെയും വകവരുത്താന്‍ അവരെ പാകപ്പെടുത്തിയത്.
ഒരു പക്ഷെ ഇതൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ നടക്കാവുന്ന കാര്യം തന്നെയാണ്. പക്ഷെ നമ്മുടെ ചോദ്യം അവിടെയല്ല. എന്തു കൊണ്ട് ആരുഷി ഹേംരാജിനെ തേടിപ്പോയി. അത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ അറിവില്ലായ്മയെ ഹേം രാജ് മുതലെടുത്തതാകാം. അല്ലെങ്കില്‍ ആരുഷിയുടെ വികലമായ ലൈംഗിക ആഗ്രഹങ്ങളാകാം… അങ്ങനെ പല വഴിയിലൂടെ ചിന്തിച്ച് നമുക്ക് പല കാരണങ്ങളും കണ്ടെത്താം. ഇതൊക്കെ മനഃശാസ്ത്ര വിശകലനത്തിനും നിയമത്തിനും വിട്ടുകൊടുക്കാം..
എന്നാല്‍ മറ്റൊന്നുണ്ട്. വഴി തെറ്റിപ്പോകുന്ന ബാല്യങ്ങളുടെയും കൗമാരങ്ങളുടെയും അവസ്ഥ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആരുഷി അല്ലെങ്കില്‍ ഈ അവസ്ഥയിലുള്ള മറ്റൊരു പെണ്‍കുട്ടി/ ആണ്‍കുട്ടി പുതിയ കാലത്തില്‍ സ്‌നേഹവും സുരക്ഷയും മാതാപിതാക്കളില്‍ നിന്ന് അനുഭവിക്കുന്നുണ്ടോ എന്നതാണ്. സമൂഹത്തിലെ ഉന്നത നിലയിലുള്ളവരാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുറും. ഇരുവരും പ്രശസ്തരായ ഡോക്റ്റര്‍മാരും. ജീവിതത്തിന്റെ തിരക്കിനിടയില്‍ മകളോട് ആവോളം സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഇവര്‍ക്കായിട്ടുണ്ടോ? ഒഴിവു ദിവസങ്ങളിലെ ഇടവേളകളില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്നതായി ആരുഷിക്ക് അച്ഛനമ്മമാരുടെ സ്‌നേഹം ഒതുങ്ങിപ്പോയോ. ഇവിടേയ്ക്കാണോ ഹേം രാജ് എന്ന വീട്ടുവേലക്കാരന്‍ കടന്നുവന്നത്. അവന്റെ കപട സ്‌നേഹത്തിനു പകരം നല്‍കാന്‍ ആരുഷിക്ക് നല്‍കാനുണ്ടായിരുന്നത് അവളുടെ കിളുന്ത് ശരീരം മാത്രമായിരിക്കാം.
ഇതൊക്കെ ആരുഷി വധക്കേസുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ആകണമെന്നില്ല. ഒരു പക്ഷെ വലിയ സാധ്യതതകള്‍ തന്നെയാണ്. മക്കളെ സ്‌നേഹിക്കാനും പരിരക്ഷിക്കാനും സമയമില്ലാത്ത അച്ഛനനമ്മമാരും തിരികെ സ്‌നേഹം പ്രതീക്ഷിക്കാത്ത മക്കളും സമൂഹത്തില്‍ സാധാരണമാകുമ്പോള്‍ ഇത്തരം സംഭവങ്ങളും സ്വാഭാവികമാകും. കുടുംബത്തിന്റെ അച്ചടക്കം ആത്മബന്ധങ്ങളില്‍ നിന്നാണ് ഉണ്ടാകേണ്ടത്. അത്തരം ആത്മബന്ധങ്ങളുടെ പോരായ്മകള്‍ ദുരന്തങ്ങള്‍ തന്നെയാകും വരുത്തി വയ്ക്കുക. ഇങ്ങനെ ഇഴകീറി നാം പരിശോധിക്കുമ്പോള്‍ ആരാകും കുറ്റക്കാര്‍. കൊലപാതകങ്ങള്‍ നടത്തിയ മാതാപിതാക്കളോ.. അതോ വഴി തെറ്റിപ്പോകുന്ന കുട്ടികളോ…
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പരിരക്ഷയ്ക്കായി ഒട്ടേറെ നിയമങ്ങള്‍ രാജ്യത്തുണ്ട്. ആ നിയമങ്ങളുടെ കരുത്തില്‍ ഏറെ ആശ്വാസവും നാം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ക്കൊപ്പം കുടുംബ ബന്ധങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാനുള്ള വിശാലവും ആഴത്തിലുമുള്ള ബോധവത്കരണവും ലഭിക്കേണ്ടതുണ്ട്. ഈ തിരിച്ചറിവിലൂടെ മാത്രമേ ഇത്തരം ദുരന്തങ്ങളുടെ അളവുകള്‍ കുറയ്ക്കുവാന്‍ കഴിയൂ…
കുറ്റകൃത്യം ചെയ്ത തല്‍വാര്‍ ദമ്പതികള്‍ ശിക്ഷ അനുഭവിച്ചേ മതിയാകൂ… പക്ഷെ നാളെ മറ്റൊരു തല്‍വാര്‍ ദമ്പതികള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ ആത്മാവ് നഷ്ടപ്പെടാത്ത കുടുംബ ബന്ധങ്ങളുടെ ഉടമകളാകുക തന്നെ ചെയ്യണം.
Generated from archived content: edit1_nov29_13.html Author: editor