രാഷ്ട്രീയം അതിന്റെ സാമാന്യമായ ഗുണങ്ങള്‍ പലപ്പോഴും ചില വ്യക്തികളിലൂടെയാണ് വെളിവാക്കുന്നത്. അത്യപൂര്‍വമായി തിരിച്ചറിയപ്പെടുന്ന അത്തരം വ്യക്തികളിലൂടെ രാഷ്ട്രീയത്തിന്റെ മേന്മ നാം മനസിലാക്കുന്നു. കേരളത്തിലും അത്തരത്തില്‍ എണ്ണിയെടുക്കാവുന്ന വ്യക്തികളുണ്ട. അവരില്‍ ഒരാളാണ് ജി. കാര്‍ത്തികേയന്‍.
ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അലര്‍ച്ചകള്‍ ആവശ്യമില്ലെന്ന് നമ്മെ പഠിപ്പിച്ച നേതാവാണ് കാര്‍ത്തികേയന്‍. തികച്ചും ശാന്തശീലനെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന്റെ അലകും പിടിയും വളരെ സ്പഷ്ടമായി തന്നെ മനസിലാക്കിയ നേതാവായിരുന്നു അദ്ദേഹം. ഒരു സ്ഥാനമാനങ്ങളും അദ്ദേഹത്തെ മോഹിപ്പിച്ചിരുന്നില്ല. ആരുടെയും താത്പര്യങ്ങളുടെ പുറത്തല്ല അദ്ദേഹം നേതാവായതും. രാഷ്ട്രീയത്തില്‍ ഒരു ഗോഡ്ഫാദര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്നും സംശയം. എങ്കിലും രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടിവരികയായിരുന്നു. ഒന്നുമാത്രമായിരുന്നു അതിന് ആധാരമായിരുന്നത്. അത് പ്രവര്‍ത്തന മികവ് തന്നെ.
കാര്‍ത്തികേയന്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവയോടുള്ള മോഹം കൊണ്ടല്ല. മറിച്ച് ആസ്ഥാനത്തിരുന്ന് തനിക്കു ചെയ്യാന്‍ ഏറെ കഴിയുമെന്ന ബോധ്യത്താലാണ്. അതുകൊണ്ടു തന്നെയാണ് സ്പീക്കര്‍ പദവിയിലിരിക്കുന്നതിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് മറ്റേതെങ്കിലും പദവിയാണെന്ന് വ്യക്തമാക്കിയത്. എങ്കിലും സ്പീക്കര്‍ സ്ഥാനത്തിരുന്ന് മികവ് പുലര്‍ത്താതിരുന്നില്ല അദ്ദേഹം. കേരളം കണ്ട ഏറ്റവും മികച്ച സ്പീക്കര്‍മാരില്‍ ഒരാളായിരുന്നു കാര്‍ത്തികേയന്‍.
അതുകൊണ്ടു തന്നെ കാര്‍ത്തികേയന്‍ വിട പറയുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് രാഷ്ട്രീയത്തില്‍ ഇടയ്‌ക്കെങ്കിലും വിരിയുന്ന ശുഭ്രപുഷ്പങ്ങളിലൊന്നാണ്. അനുകരിക്കാം നമുക്കീ മനുഷ്യനെ. പഠിക്കാം ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെ.
ആദരാഞ്ജലികള്‍….
Generated from archived content: edit1_mar7_15.html Author: editor