ഭരണഘടന നൽകുന്ന ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന ഒരു രാഷ്‌ട്രം

ഇൻഡ്യ ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ലിക്കായിട്ട്‌ ഇന്നേയ്‌ക്ക്‌ 52 വർഷം കഴിഞ്ഞു. ഇൻഡ്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ഇവിടുണ്ടായിരുന്ന 40 കോടി ജനങ്ങളുടെയും അവസ്ഥ- സാമ്പത്തികം, വിദ്യാഭ്യാസം, ജോലി, വരുമാനം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തമായിരുന്നു. അങ്ങ്‌ വടക്ക്‌ ജമ്മുകാശ്‌മീർ മുതൽ തെക്ക്‌ കേരളം, തമിഴ്‌നാട്‌ വരെ എല്ലാ തലങ്ങളിലും വ്യത്യസ്ഥമായ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഒരു കാലാവസ്ഥയായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഉയർന്ന ഉദ്യോഗങ്ങളധികവും വഹിച്ചിരുന്നത്‌ സവർണ്ണ സമുദായത്തിൽ പെട്ടവരായിരുന്നു. വിദ്യാഭ്യാസരംഗത്തും തൊഴിൽ മേഖലകളിലും ഈ വ്യത്യസ്‌തത നിലനിന്നിരുന്നത്‌ കൊണ്ട്‌ താഴേക്കിടയിലുളള ജനങ്ങൾ- അവർ ഏത്‌ മതത്തിൽ പെട്ടവരായാലും ഏത്‌ ജാതിയിൽ പെട്ടവരായാലും ഗവൺമെന്റ്‌ സർവ്വീസിൽ കയറിപ്പറ്റുകയെന്നത്‌ സ്വപ്‌നം കാണാൻ പോലും ആവാത്ത അവസ്ഥയായിരുന്നു. അധഃസ്ഥിതരുടെയും താഴ്‌ന്നജാതിക്കാരുടെയും ഇടയിലെ സമൂഹത്തിലെ അവസ്ഥ ഉയർത്തിക്കാട്ടുന്നതിന്‌ വേണ്ടിയാണ്‌ ഗാന്ധിജി അവരെ ‘ഹരിജനങ്ങൾ’ എന്ന്‌ സംബോധന ചെയ്‌തിരുന്നത്‌. തങ്ങൾ ഈശ്വരനോട്‌ അടുത്ത്‌ നിൽക്കുന്നവർ എന്ന ഒരവബോധം അവരുടെയിടയിൽ സൃഷ്‌ടിക്കുന്നതിന്‌ വേണ്ടിയുളള ഗാന്ധിജിയുടെ യത്‌നം എത്രമാത്രം ഫലം കണ്ടു എന്നത്‌ പിന്നീട്‌ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്‌.

ഒരു നിശ്ചിതകാലയളവിനുളളിൽ എല്ലാത്തരക്കാരും സമന്മാരായി മാറണമെന്ന ലക്ഷ്യം ഇൻഡ്യൻ ഭരണഘടന രൂപീകരിക്കുമ്പോൾ അതിന്റെ ശില്പിയായ ഡോ. അബേദ്‌കർക്കും കൂട്ടർക്കും ഉണ്ടായിരുന്നു. അതിനുവേണ്ടിയാണ്‌ വിദ്യാഭ്യാസം അന്യമായ ഹരിജനങ്ങൾക്കും എല്ലാ മേഖലകളിലും മറ്റു പിന്നോക്കം നിന്നിരുന്ന സമുദായങ്ങൾക്കും സംവരണാനുകൂല്യം പ്രഖ്യാപിച്ചത്‌. 1956 ജനുവരി 26ന്‌ ഇൻഡ്യ സ്വതന്ത്ര റിപ്പബ്ലിക്കാവുമ്പോൾ – ഈ ആനുകൂല്യം ഒരു നിശ്ചിതകാലയളവിലേയ്‌ക്ക്‌- 50 വർഷം – എന്നായി നിജപ്പെടുത്തിയിരുന്നു. ഈ കാലയളവിനുളളിൽ താഴേക്കിടയിലുളളവരും അധഃസ്ഥിതരും മറ്റു പിന്നോക്ക സമുദായങ്ങളും മുൻനിരയിലേക്ക്‌ വരുമെന്നായിരുന്നു കണക്ക്‌ കൂട്ടിയിരുന്നത്‌. സംവരണാനുകൂല്യം വിദ്യാഭ്യാസരംഗത്ത്‌ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും ബാധകമാക്കിയിരുന്നു. ഈ ആനുകൂല്യം അവർ പഠിച്ചു പാസാകുമ്പോൾ ഉയർന്ന പരീക്ഷകൾക്കും ജോലി ലഭിക്കുന്നതിനും ബാധകമാക്കി. ഡിഫൻസ്‌, നീതിന്യായം എന്നീ ചുരുക്കം മേഖലകളിൽ മാത്രമാണ്‌ സംവരണ വ്യവസ്ഥ നടപ്പാക്കാതെയിരുന്നുളളൂ. സംവരണത്തേക്കാലുപരി യോഗ്യതയായിരുന്നു അവിടെ മാനദണ്ഡമായി കണക്കാക്കിയത്‌. നിർഭാഗ്യമെന്നു പറയട്ടെ ഈ ആനുകൂല്യം- ഈ കാലയളവ്‌ കഴിഞ്ഞ്‌ വീണ്ടും തുടരുന്നതായിട്ടാണ്‌ കാണാനാവുക. പ്രധാനമായും പിന്നോക്ക സമുദായക്കാർക്ക്‌ ലഭിക്കുന്ന സംവരണാനുകൂല്യം പ്രയോജനപ്പെടുത്തുന്നത്‌ അവരിൽ തന്നെ സാമ്പത്തികമായി ഉന്നത സ്ഥാനത്തിരിക്കുന്നവർക്കേ സാധ്യമാവൂ എന്നതുകൊണ്ടാണ്‌. പഠിക്കാൻ സാമ്പത്തികമായി കഴിയാതെ വരുന്ന ഒരുകൂട്ടർ- ഇപ്പോൾ എല്ലാ സമുദായത്തിലും നിലനിൽക്കുമ്പോൾ സംവരണാനുകൂല്യത്തിന്റെ പ്രയോജനം കിട്ടാത്ത അനവധി പേർ ഇപ്പോഴും എല്ലായിടത്തും ബാക്കിയാവുന്നു. അതിന്റെ പ്രതിഫലനം തൊഴിൽരംഗത്തും കാണാവുന്നതാണ്‌. പിന്നോക്ക സമുദായക്കാരിൽ നല്ലൊരുവിഭാഗം സാമ്പത്തികമായ ബുദ്ധിമുട്ടുകാരണം പഠിക്കാനാവാതെ വരുമ്പോൾ സാമ്പത്തികമായി നല്ല അടിത്തറയുളളവർ വിദ്യാഭ്യാസരംഗത്തും സർക്കാർ വക ജോലി ലഭിക്കുന്നിടത്തും ഉന്നതശ്രേണിയിലെത്തി. ഇപ്പോൾ സംവരണം ഫലത്തിൽ കിട്ടുന്നത്‌ സാമ്പത്തികഭദ്രതയുളളവർക്ക്‌ എന്ന്‌ മാത്രമായി വരുമ്പോൾ ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത്‌ താഴെക്കിടയിലുളള പിന്നോക്കക്കാർക്കും പട്ടികജാതി വർഗ്ഗക്കാർക്കും മാത്രമല്ല, സവർണ്ണ സമുദായത്തിൽപെട്ട ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുളളവർക്കും എന്ന സ്ഥിതിയിലായിരിക്കുന്നു. ഇത്‌ മൂലമാണിപ്പോൾ പട്ടികജാതിക്കാർക്കും പിന്നോക്കക്കാർക്കും ഉളളതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം വേണമെന്ന മുറവിളിയുയരുന്നത്‌. സംവരണാനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത്‌ പട്ടികജാതിവർഗ്ഗക്കാർക്കാവുമ്പോൾ പിന്നോക്കസമുദായക്കാർക്ക്‌ അത്രയും മുന്നോട്ട്‌ പോകാനാവില്ല എന്ന അവസ്ഥകൂടിയാവുമ്പോൾ- ഇപ്പോൾ പിന്നോക്ക സമുദായക്കാർ പലരും തങ്ങളെയും പട്ടികജാതിയിലുൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട്‌ വരികയാണ്‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ വിവിധ നിരക്കിലുളള സംവരണാനുകൂല്യം പട്ടികജാതിക്കാർക്ക്‌ നൽകിവരുന്നതും ഈ ആവശ്യത്തിന്റെ ആക്കം കൂടാൻ കാരണമായിട്ടുണ്ട്‌. തമിഴ്‌നാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തന്നെ പട്ടികജാതിക്കാർക്ക്‌ സംവരണാനുകൂല്യം ഉയർത്തിയപ്പോൾ ആ തോതിൽ മുന്നോട്ടുപോകാൻ മറ്റു സംസ്ഥാനങ്ങളിലെ സർക്കാരുകളും നിർബ്ബന്ധിതമായി. കയ്യിൽ കിട്ടിയ ഭരണം നഷ്‌ടപ്പെടാതിരിക്കാനും, ഭരണകക്ഷിയെ പിൻതളളി അധികാരത്തിലെത്താനും ഓരോ സമുദായത്തിന്റെയും വോട്ടുബാങ്കുകൾ ലക്ഷ്യമാക്കി രാഷ്‌ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ വാഗ്‌ദാനങ്ങൾ നൽകി തങ്ങളുടെ കക്ഷിയുടെ നില ഭദ്രമാക്കാനുളള ഒരു സൂത്രവിദ്യ ഇതിന്റെ പിന്നിലുണ്ട്‌. മുമ്പ്‌ സർക്കാർ സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലും മാത്രമായിരുന്ന സംവരണാനുകൂല്യം ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്ന മുറവിളി ഉയർന്നുകഴിഞ്ഞു. അപൂർവ്വം ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇത്‌ നടപ്പാക്കിയിട്ടുണ്ട്‌. ഇതിന്റെയൊക്കെ ഫലമായി രാജ്യത്ത്‌ എല്ലാത്തരം മേഖലകളിലും അസ്വസ്ഥത പടരുന്നു എന്നായി മാറിയിട്ടുണ്ട്‌. പിന്നോക്കക്കാരിൽ പെടുത്തുന്നതിലും ഭേദം പട്ടികജാതിവർഗ്ഗത്തിൽ പെടുത്തുകയെന്ന ലക്ഷ്യവുമായി ചില സമുദായങ്ങൾ പ്രക്ഷോഭവുമായി മുന്നോട്ട്‌ വരുമ്പോൾ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ പറ്റാത്തതിന്റെ ഭവിഷ്യത്താണ്‌ പല രാഷ്‌ട്രീയപാർട്ടികളും ഇപ്പോൾ അനുഭവിച്ച്‌ വരുന്നത്‌. ഇപ്പോൾ രാജസ്ഥാനിൽ നടക്കുന്ന ഗുജ്ജാർ സമുദായത്തിന്റെ പ്രക്ഷോഭണം അങ്ങനെയൊരവസ്ഥയായി കണ്ടാൽ മതി. കഴിഞ്ഞ വർഷം തന്നെ രാജസ്ഥാൻ ഗവൺമെന്റിനെ പിടിച്ചു കുലുക്കിയതായിരുന്നു ഗുജ്ജാറുകളുടെ പ്രക്ഷോഭണം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ്‌ കാലത്ത്‌ പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ച്‌ ഗുജ്ജാറുകൾ ഏറെക്കുറെ ഒന്നടങ്കം ബി.ജെ.പിയെ തുണച്ചതിന്റെ ഫലം കൂടിയാണ്‌ അവരെ അധികാരക്കസേരയിലെത്തിക്കാൻ കാരണമാക്കിയത്‌. കഴിഞ്ഞ വർഷത്തെ പ്രക്ഷോഭണം ചില വാഗ്‌ദാനങ്ങളിൽ കുടുങ്ങി അവർ പിൻവലിച്ചെങ്കിലും സംസ്ഥാനസർക്കാർ ആ വാഗ്‌ദാനം നടപ്പാക്കാതെ വന്നപ്പോൾ ഗുജ്ജാറുകൾ പൂർവ്വാധികം ശക്തിയോടെ എല്ലാത്തരത്തിലുളള കരുത്ത്‌ സംഭരിച്ചും പ്രക്ഷോഭത്തിലിറങ്ങിയിരിക്കുകയാണ്‌. ഒരു വിഭാഗത്തെ പട്ടികജാതിയിൽ പെടുത്തണമോ എന്ന തീരുമാനം ഒരു സംസ്ഥാന സർക്കാരിന്‌ മാത്രമായി എടുക്കാനാവില്ലെന്ന വ്യാഖ്യാനവുമായി രാജസ്ഥാൻ ഗവൺമെന്റ്‌ പ്രക്ഷോഭകാരികളെ സർവ്വ ശക്തിയുമുപയോഗിച്ച്‌ അടിച്ചമർത്താൻ നിർബന്ധിതരായപ്പോൾ, ആ പ്രക്ഷോഭത്തിൽ ഇതുവരെയായി പോലീസ്‌ വെടിവെപ്പിലും ആത്മഹൂതിയിലുമായി മരണമടഞ്ഞവരുടെ സംഖ്യ 50ന്‌ മേലെയായിരിക്കുന്നു. ഇനി തീരുമാനം എടുക്കേണ്ടത്‌ കേന്ദ്രസർക്കാരാണെന്ന്‌ സംസ്ഥാനസർക്കാർ പറയുമ്പോൾ പ്രക്ഷോഭം ഡൽഹിയിലേയ്‌ക്ക്‌ തിരിഞ്ഞിരിക്കുന്നു. അതോടെ ഗുജ്ജാറുകൾക്ക്‌ സ്വാധീനമുളള ഹരിയാന, ഡൽഹി, പഞ്ചാബ്‌, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലേയ്‌ക്കും പ്രക്ഷോഭം പടർന്നു പിടിച്ചിരിക്കുന്നു. ഇവിടെ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരു തീരുമാനമെടുക്കാനാവാതെ കുഴയുകയാണ്‌. ഗുജ്ജാറുകളുടെ ആവശ്യം അംഗീകരിച്ചാൽ മറ്റു പിന്നോക്ക സമുദായക്കാരും ഈ ആവശ്യമുന്നയിച്ച്‌ പ്രക്ഷോഭം നടത്താൻ തയ്യാറാണെന്ന സൂചനയും അവരെ അലോസരപ്പെടുത്തുന്നു.

ഒരു നിശ്ചിത കാലയളവിലേയ്‌ക്ക്‌ മാത്രമായി ഏർപ്പെടുത്തിയ സംവരണാനുകൂല്യം- ഈ കാലാവധി കഴിയുമ്പോൾ പിൻവലിക്കാനുളള ആർജവം സർക്കാർ ഭാഗത്ത്‌ നിന്നുണ്ടായാൽ മാത്രമേ രാജ്യം പുരോഗമിക്കുകയുളളൂ. രാഷ്‌ട്രീയ പാർട്ടികളെല്ലാം സാമുദായിക മതവികാരങ്ങൾ ഇളക്കിവിട്ട്‌ എങ്ങനെയും അധികാരത്തിലെത്തണമെന്ന ആവശ്യം- അവരും ഉപേക്ഷിക്കാൻ തയ്യാറാവണം. ഏതൊരു പരിഷ്‌കൃത രാജ്യവും മുന്നോട്ട്‌ പോവുന്നത്‌ ജാതിമത- സമുദായങ്ങളെ പ്രീതിപ്പെടുത്തിയല്ല എന്ന തിരിച്ചറിവ്‌ ഈ രാഷ്‌ട്രീയ പാർട്ടികൾക്കൊക്കെ ഇനി എന്നാണുണ്ടാവുക?

Generated from archived content: edit1_june3_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here