യാതൊരു നീതീകരണവുമില്ലാത്ത പ്രക്ഷോഭം

“ഒരു ദേവാലയം കത്തിനശിച്ചാൽ നാട്ടിൽ അത്രയും അന്ധവിശ്വാസം കുറയും” സ്വാതന്ത്ര്യലബ്‌ധിക്കുശേഷം തിരുവിതാംകൂർ സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയായിരുന്ന ഒരാളുടെ വാക്കുകളാണ്‌ മുകളിലുദ്ധരിച്ചത്‌. അദ്ദേഹം കറതീർന്ന ഒരു കോൺഗ്രസുകാരനായിരുന്നു. ശബരിമല സന്നിധാനത്തിൽ തീയുണ്ടായപ്പോഴാണ്‌ ഈ പ്രതികരണം ഉണ്ടായത്‌. ഇതുകൊണ്ട്‌ നാട്ടിലെ ഒരു ക്ഷേത്രമെങ്കിലും അടിച്ച്‌ തകർക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല. ഈ മുഖ്യമന്ത്രിക്ക്‌ അധികനാൾ കഴിയുന്നതിന്‌ മുന്നേതന്നെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. അങ്ങനെ ഒഴിയേണ്ടിവന്നത്‌ അന്നത്തെ പ്രതിപക്ഷത്തിന്റെയോ ക്ഷേത്രസംരക്ഷണസമിതിയുടെയോ സമരം കൊണ്ടായിരുന്നില്ല. അധികാരമോഹികളായ സ്വന്തം പാർട്ടിയിലെതന്നെ ചിലരുടെ താല്‌പര്യം സംരക്ഷിക്കുവാനുളള വ്യഗ്രതയിൽ ബലിയാടാവുന്നതിലും ഭേദം അധികാരം വിട്ടൊഴിയുകയാണ്‌ നല്ലതെന്ന്‌ തോന്നി സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്‌ കേരളപ്പിറവിക്ക്‌ ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ ഈ നാടു ഭരിച്ചപ്പോഴോ അതിനുശേഷം വന്ന കോൺഗ്രസും കമ്യൂണിസ്‌റ്റും ഉൾപ്പെടെയുളളവർ നേതൃത്വം കൊടുത്ത മന്ത്രിസഭയുടെ കാലത്തോ ഇവിടെ ഒരു മതവിശ്വാസത്തെയും ആരാധനക്രമങ്ങളെയും അടിച്ചമർത്തപ്പെടുകയുണ്ടായില്ല.

ഇത്രയും വിശദമായി ഇവിടെ പറയാൻ കാരണം ഏഴാംക്ലാസിലെ ഒരു പാഠപുസ്‌തകത്തിൽ മതവിശ്വാസത്തെ ഇല്ലാതാക്കുന്നവിധത്തിൽ ചില ഭാഗങ്ങൾ ചേർത്തിട്ടുണ്ട്‌ എന്ന പേരിൽ ആ പാഠപുസ്‌തകം തന്നെ പിൻവലിക്കണമെന്ന മുറവിളിയുമായി ചില മതസംഘടനകളും പ്രതിപക്ഷവും സമരം നടത്തുന്നതുകൊണ്ടാണ്‌. പാഠപുസ്‌തകത്തിൽകൂടി നിരീശ്വരവാദം അടിച്ചേൽപ്പിക്കാനും മതവിശ്വാസം ഇല്ലായ്‌മ ചെയ്യാനുളള ഒരു പരിപാടിയും വിജയിക്കില്ലെന്നറിയാമായിരുന്നിട്ടും എന്തിനീ സമരാഭാസവുമായി പ്രതിപക്ഷവും മതസംഘടനകളും ബഹളം വയ്‌ക്കണം! ഇന്നീ സമരം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ അറിയാതെയോ അല്ലെങ്കിൽ മനഃപൂർവ്വം അജ്ഞത നടിക്കുന്നതോ ആയ ചില വസ്‌തുതകൾ ചൂണ്ടിക്കാണിക്കട്ടെ.

ഇൻഡ്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം വന്ന ആദ്യ പ്രധാനമന്ത്രി, നമ്മുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹൃവായിരുന്നു. അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. പതിനേഴ്‌ വർഷക്കാലം- അദ്ദേഹം അന്തരിക്കുന്ന 1964 മെയ്‌മാസം വരെ പ്രധാനമന്ത്രിയായിരുന്നിട്ടും ഇവിടത്തെ ഏതെങ്കിലും ഒരു മതസംഘടനയ്‌ക്കോ മതവിശ്വാസത്തിനോ കോട്ടം തട്ടിയില്ല. ഒരു ജനാധിപത്യരാജ്യത്തിൽ ഒരു വ്യക്തിയുടെ താല്‌പര്യം ഒരുവിധത്തിലും അടിച്ചേല്പിക്കാനാവുകയില്ല എന്നത്‌ ഈ സമരം നടത്തുന്നവർ മനസ്സിലാക്കേണ്ടതാണ്‌. ഇൻഡ്യ ഒരു മതേതര രാഷ്‌ട്രമാണ്‌. അങ്ങനെയാണ്‌ നമ്മുടെ ഭരണഘടന വിഭാവനം ചെയ്‌തിരിക്കുന്നത്‌. അതിന്റെയർത്ഥം മതങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല എന്നല്ല. എല്ലാ മതങ്ങൾക്കും അവരുടെ അനുയായികൾക്കും അവരുടെ വിശ്വാസങ്ങളിൽ അടിയുറച്ച്‌ നിന്നുകൊണ്ട്‌ പളളികളിലോ ക്ഷേത്രങ്ങളിലോ പോകാനും ആരാധന നടത്താനും ഉളള സ്വാതന്ത്ര്യം ഉണ്ട്‌ എന്നതാണ്‌. ഇൻഡ്യ സ്വതന്ത്രമാവുന്നതിന്‌ മുമ്പും ഇവിടെ വിദേശമിഷണറിമാർ വന്ന്‌ മതപ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഒരു ഹിന്ദുവാണെന്നതിൽ അഭിമാനം ഉൾക്കൊണ്ട്‌ തന്നെ, ലോകത്തിലെ ഏത്‌ മതസംഘടനകളിൽ പെട്ടവരുടെയും ആശയങ്ങളും തത്വസംഹിതകളും ഉൾക്കൊളളാനുളള വിശാലമനസ്‌കതയുളള ലോകത്തിലെ ഒരേ ഒരു രാഷ്‌ട്രം ഭാരതമാണെന്നത്‌ ഉച്ചൈസ്തരം പ്രസ്താവിക്കാൻ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ സ്വാമി വിവേകാനന്ദൻ കഴിഞ്ഞ നൂറ്റാണ്ടിൽ ചിക്കാഗോയിലെ പ്രസിദ്ധമായ മതസമ്മേളന പ്രസംഗത്തിൽ പ്രസ്താവിക്കുകയുണ്ടായി. വിവിധ ആശയങ്ങൾ ഉൾക്കൊളളുന്ന വിവിധ മതങ്ങൾ വിവിധനദികളായി ഒഴുകിയെത്തുന്നത്‌ സ്വീകരിക്കുന്ന വിശാലമായ ഒരു സമുദ്രത്തിന്റെ മനസ്ഥിതിയാണ്‌ ഭാരതത്തിനുളളതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്നത്തെ എത്ര രാഷ്‌ട്രീയകക്ഷികളും മതസംഘടനമേധാവികളും ഓർക്കുന്നു? ലോകത്ത്‌ ഒരു രാജ്യത്തും ഇത്രയും സ്വാതന്ത്ര്യം മറ്റ്‌ മതക്കാർക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ വസ്‌തുത. ഗൾഫ്‌ രാജ്യങ്ങളിലേയും പല ആഫ്രിക്കൻ രാജ്യങ്ങളുടെയും അവസ്ഥകൾ ഓർക്കുക. പാഠപുസ്‌തകത്തിൽ മിശ്രവിവാഹത്തെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിട്ടുളളത്‌ മിശ്രവിവാഹങ്ങളെ പ്രോത്‌സാഹിപ്പിക്കാനും അതുവഴി മതവികാരങ്ങളെ വ്രണപ്പെടുത്താനുമാണെന്നാണ്‌ മറ്റൊരാക്ഷേപം. എത്ര ബാലിശമായ ഒരാരോപണമാണിത്‌. പാഠപുസ്‌തകത്തിൽ മിശ്രവിവാഹത്തെക്കുറിച്ച്‌ പറയുന്നത്‌ മിശ്രവിവാഹത്തെക്കുറിച്ച്‌ കുട്ടികൾക്ക്‌ അറിവ്‌ പകർന്നുകൊടുക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന്‌ മനസ്സിലാക്കാനുളള ബുദ്ധി ഈ ആരോപണം ഉന്നയിക്കുന്നവർക്കില്ലെന്നാണോ മനസ്സിലാക്കേണ്ടത്‌? ഇവിടെയും ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയിൽ നിന്നുംതന്നെ തുടങ്ങാം.

ജവഹർലാൽ നെഹൃ കാശ്‌മീർ ബ്രാഹ്‌മണ കുടുംബത്തിൽപെട്ടയാളാണ്‌. പക്ഷേ അദ്ദേഹത്തിന്റെ മകളും പിന്നീട്‌ മൂന്ന്‌ വട്ടം പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി വിവാഹം ചെയ്‌തത്‌ ഒരു കാശ്‌മീരി ബ്രാഹ്‌മണനെയായിരുന്നില്ല. ഒരു പാഴ്‌സിയായ ഫിറോസ്‌ഗാന്ധിയെ ആയിരുന്നു. ഇന്ദിരയുടെ മക്കളിൽ രാജീവ്‌ഗാന്ധി ജീവിതസഖിയാക്കിയത്‌ ഇറ്റലിക്കാരിയായ സോണിയയെ ആണെന്നത്‌ ഇന്നേതൊരു കൊച്ചുകുട്ടിക്കും അറിയാം. രാജീവ്‌ഗാന്ധിയും ഈ നാട്‌ ഭരിച്ചിട്ടുണ്ടല്ലോ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്‌ അദ്ദേഹം ആവിഷ്‌കരിച്ച ഇലക്‌ട്രോണിക്‌ വിപ്ലവത്തിലൂടെയാണ്‌ ഇന്നിവിടെ കൊച്ചുകുട്ടികൾ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വിദേശത്തുളള സ്വന്തക്കാരുമായി ചാറ്റിംഗ്‌ നടത്തുന്നതും. അല്ലാതെ രാജീവ്‌ ഗാന്ധി ഒരിറ്റലിക്കാരിയെ വിവാഹം കഴിച്ചതുകൊണ്ട്‌ ഈ നാടിന്‌ എന്തെങ്കിലും ആപത്ത്‌ പറ്റിയതായി അറിവില്ല. എന്തിന്‌ ദേശീയ രാഷ്‌ട്രീയത്തിന്റെ കാര്യം പറയണം. കേന്ദ്രമന്ത്രിയായ വയലാർ രവി വിവാഹം കഴിച്ചത്‌ മേഴ്‌സിരവിയെയല്ലെ? കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ മകൻ അമേരിക്കയിൽ ഒരു അന്യമതത്തിൽപെട്ട വിദേശ വനിതയെയല്ലെ വിവാഹം കഴിച്ചത്‌. ഇതുകൊണ്ടീ നാട്ടിൽ അവരൊക്കെ ഏതെങ്കിലും വിധത്തിലുളള മതധ്വംസനം നടത്തിയെന്ന ആരോപണം ആരും ഉന്നയിച്ചതായറിവില്ല. ഈ മാതിരിയുളള വിവാഹങ്ങൾ നടന്നതുകൊണ്ട്‌ ഇതിനെയൊക്കെ അടിസ്ഥാനമാക്കി മിശ്രവിവാഹത്തെപ്പറ്റി ഇന്നത്തെ തലമുറയ്‌ക്ക്‌ അറിവ്‌ പകർന്നുകൊടുക്കാനുളള ഒരു ശ്രമമായി മാത്രം പാഠപുസ്‌തകത്തിലെ ഈ അദ്ധ്യായത്തെപ്പറ്റി കാണുന്നതിന്‌ പകരം- മിശ്രവിവാഹത്തെപ്പറ്റി പറയുന്നതുകൊണ്ട്‌ മതവിശ്വാസത്തിന്‌ എന്ത്‌ കോട്ടമാണുണ്ടാവുകയെന്ന്‌ ഈ സമരം ആഹ്വാനം ചെയ്‌തിരിക്കുന്നവർ വിശദീകരിക്കേണ്ടതുണ്ട്‌.

ഇനിയും സമരം നടത്താനാഹ്വാനം ചെയ്‌ത പ്രതിപക്ഷത്തിന്റെയും പ്രത്യേകിച്ച്‌ മതമേധാവികളുടെ ഒരാക്ഷേപം പാഠപുസ്‌തകത്തിലൂടെ കമ്മ്യൂണിസം പഠിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്‌. കമ്യൂണിസം ഒരാശയസംഹിതയാണ്‌. അതിൽ വിശ്വസിക്കുന്നവർ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിലുളളവർ മാത്രമാണെന്നിരിക്കെ-ഇവർ എതിർക്കുന്നത്‌ ഇൻഡ്യയിലെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെയാണ്‌ എന്നവർ മനസ്സിലാക്കുക. കമ്യൂണിസ്‌റ്റ്‌ പാർട്ടി ഒരംഗീകൃത ദേശീയ പാർട്ടിയാവുകയും ഇലക്‌ഷനിൽ മത്സരിക്കുകയും രണ്ടുമൂന്ന്‌ സ്‌റ്റേറ്റിലെങ്കിലും അധികാരത്തിൽ വരികയും ചെയ്‌തിട്ടും ഒരംഗീകൃതപാർട്ടിയുടെ ആശയസംഹിതയെ എന്തിനെതിർക്കുന്നുവെന്ന്‌ വിശദീകരിക്കേണ്ടതുണ്ട്‌. ഒരു പാഠപുസ്‌തകത്തിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയെപ്പറ്റിയോ കമ്യൂണിസത്തെപ്പറ്റിയോ പറഞ്ഞതുകൊണ്ട്‌ മാത്രം- അതൊക്കെ വായിക്കുന്നവർ നാളെ മുതൽ കമ്യൂണിസ്‌റ്റായി മാറി, ഈശ്വരനിഷേധികളായി മാറുമെന്നാണോ ഈ ജല്പനങ്ങൾ നടത്തുന്നവർ വിശ്വസിക്കുന്നത്‌? ഒരു ക്രിസ്‌ത്യൻ മതമേതാവി ക്രിസ്‌ത്യൻ കുട്ടികൾ ക്രിസ്‌ത്യൻ സമുദായം നടത്തുന്ന കലാലയങ്ങളിൽ മാത്രം പഠിച്ചാൽ മതിയെന്ന്‌ പറയുന്നിടംവരെ എത്തിയിരിക്കുന്നു. നാളെ ക്രിസ്‌ത്യൻ സ്ഥാപനങ്ങളിൽ മറ്റു സമുദായത്തിലെ കുട്ടികൾ പഠിക്കേണ്ട എന്നവർ പ്രസ്താവിക്കുമോ? അങ്ങനെയാണെങ്കിൽ ഓരോ മതത്തിലെയും ജാതിതിരിച്ചുളള വിദ്യാർത്ഥികൾ ആ ജാതിക്കാർ നടത്തുന്ന കലാശാലകളിൽ മാത്രമേ പഠിക്കാവൂ എന്ന്‌ വന്നാൽ..?

സ്വാമി വിവേകാനന്ദൻ കഴിഞ്ഞ നൂറ്റാണ്ടിൽ പറഞ്ഞ കേരളം ഒരു ഭ്രാന്താലയമാണെന്ന നിരീക്ഷണം ഇന്നും ഊനം തട്ടാതെ നിൽക്കുന്നുവെന്നല്ലേ കരുതേണ്ടത്‌? ഒരു മതമേലധികാരി- തന്റെ സഭയിലെ വിശ്വാസികളെ നേരായ വഴിക്ക്‌ നയിക്കാൻ ബാദ്ധ്യതപ്പെട്ട ഒരാൾ. ഇതൊക്കെ ഒരാവേശത്തിൽ പറഞ്ഞതായാൽപോലും യാതൊരു ന്യായീകരണവും അർഹിക്കുന്നില്ല. വികാരം വിചാരത്തെ ഭരിക്കുന്ന അവസ്ഥയാണിപ്പോൾ. ഇതുമൂലം വിവിധ മതസ്ഥർ തമ്മിൽ കലഹിക്കാനുളള അവസരം വരെ സൃഷ്‌ടിക്കുകയാണെന്ന്‌ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരെങ്കിലും ഓർക്കേണ്ടതാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ സംഭാവന നൽകിയ വിവിധ വ്യക്തികൾ എല്ലാ സമുദായത്തിലുമുണ്ട്‌. എല്ലാ രാഷ്‌ട്രീയ പാർട്ടികളിലുമുണ്ട്‌. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം സ്വന്തമല്ല. അതുപോലെ ഇ.എം.എസും, എകെജിയും പനമ്പളളി ഗോവിന്ദമേനോനും സി. കേശവനും അബ്‌ദുൾറഹ്‌മാൻ സാഹിബും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയപാർട്ടികളുടെ സ്വന്തമല്ല. അവർ നാടിന്‌ ചെയ്‌ത സംഭാവനകളെ ജാതിതിരിച്ചും രാഷ്‌ട്രീയം തിരിച്ചും കാണാൻ ശ്രമിക്കുന്നതാണ്‌ ഏറെ അപകടകരം. ഇന്ന്‌ പാഠപുസ്‌തകത്തിലെ ചില ഭാഗങ്ങളെ ചൊല്ലി സമരം ചെയ്യുന്നവർ കേരളത്തിന്റെയും ഭാരത്തിന്റെയും രാഷ്‌ട്രീയ സാമൂഹ്യ ചരിത്രം കൂടി പഠിക്കാനാണ്‌ ശ്രമിക്കേണ്ടതെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. അന്ധമായ മതവിശ്വാസം അപകടം വിളിച്ചുവരുത്തുകയേ ഉളളൂ. ഒന്നിനും പരിഹാരമല്ല.

Generated from archived content: edit1_june25_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here