ഭരണം നടത്താന്‍ സമയമെവിടെ?

സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും നടി ശാലു മേനോനും ചേര്‍ന്നു നമ്മുടെ മാധ്യമങ്ങളെ മാത്രമല്ല സംസ്ഥാനത്തെ ഭരണ സംവിധാനത്തെയും കീഴടക്കിയിരിക്കുന്നുവെന്നു വേണം പറയാന്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇതൊരു ആഘോഷമാണ്. എന്നാല്‍ ആ ആഘോഷത്തിനിടെ നട്ടംതിരിയുകയാണ് സംസ്ഥാനത്തെ ഭരണകൂടം. നാട്ടില്‍ ഒരു ഭരണമുണ്ടോ എന്ന് ഭംഗ്യന്തരേണ ചോദിച്ച കോടതി തന്നെ ഇക്കാര്യം സുവ്യക്തമാക്കുന്നു.

വര്‍ഷകാലം കനത്തു പെയ്തതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം കുണ്ടും കുഴിയും കുളങ്ങളുമായി മാറി. ഈ ദുരവസ്ഥ കണ്ടാണ് വിവാദങ്ങള്‍ക്കു പിന്നാലെ പായുന്ന സര്‍ക്കാരിനെ നോക്കി നാട്ടില്‍ ഭരണമുണ്ടോ എന്നു കോടതി ചോദിച്ചത്. വര്‍ഷകാലത്തിനു മുന്‍പ് തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിച്ചില്ലെന്നു മാത്രല്ല, റോഡിന്റെ ദുരവസ്ഥയില്‍പ്പെട്ടു വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയുമാണ്. ഇങ്ങനെ മരിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ വന്നു ചേരുമോ എന്നും കോടതി ചോദിക്കുന്നു.

മഴക്കാല കെടുതിക്കെതിരേ എന്തു പ്രതിരോധ നടപടിയെടുത്തെന്നാണ് സംസ്ഥാന ഗവര്‍ണര്‍ റവന്യൂ സെക്രട്ടറിയെ വിളിച്ചു ചോദിച്ചത്. സാധാരണ രീതിയില്‍ ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഇടപെടാറില്ല. കേരളത്തെ സംബന്ധിച്ച് ഇത് ആദ്യ സംഭവമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാല കെടുതിക്കൊപ്പം പകര്‍ച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചു മരണപ്പെടുന്നവരുടെ എണ്ണവും ഏറിവരികയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 133 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനൊക്കെ വ്യക്തമായ നടപടികള്‍ എന്തൊക്കെ എടുത്തുവെന്ന് ആര്‍ക്കറിയാം..

അട്ടപ്പാടി ആദിവാസി മേഖലകളിലെ ശിശുമരണങ്ങളാണ് മറ്റൊരു വിഷയം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സത്വര നടപടികള്‍ സ്വീകരിച്ചെന്നും കോളനികളില്‍ പോഷകാഹാരം വിതരണം ചെയ്തുവെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ അവകാശവാദങ്ങള്‍ പൊളിയുമെന്ന ഘട്ടം വന്നപ്പോഴാണ് ശിശുമരണത്തിനു കാരണം ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളുടെ മദ്യപാനമാണ് എന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന വരുന്നത്. അതിനെ പിന്തുണച്ച് ആദിവാസി മേഖലയില്‍ നിന്നുള്ള വനിതാ മന്ത്രിയും എത്തി. ആദിവാസികള്‍ പോഷകാഹാരം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും മദ്യപാനം അവരില്‍ സാധാരണമാണെന്നുമായിരുന്നു ആ മന്ത്രിയുടെ വാദം. ഇതൊക്കെ കേട്ടാല്‍ അട്ടപ്പാടിയിലെ ഗര്‍ഭണികളുള്‍പ്പെടെയുള്ള ആദിവസികളൊക്കെയും മുഴു കുടി ശീലമാക്കിയവരാണെന്നു പറയേണ്ടി വരും. എന്നാല്‍ പിന്നീടു വന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെയും വനിതാ മന്ത്രിയുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതയായിരുന്നു. ആളുകളുടെ കണ്ണുകെട്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ സംസ്ഥാനത്തിന് നാണക്കേടു തന്നെ.

വിലക്കയറ്റം ഏതു സാഹചര്യത്തിലും ഒരു തുടര്‍പ്രക്രിയയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിലക്കയറ്റത്തിന്റെ തോത് അതിരൂക്ഷമാകുകയും ചെയ്തിരിക്കുന്നു. കനത്ത മഴയും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. മാവേലിസ്‌റ്റോര്‍, സപ്ലൈകോ, നീതി സ്‌റ്റോര്‍ ഇവ വഴിയുള്ള ഭക്ഷ്യസാധന വിതരണം പലപ്പോഴും ഫലവത്താകുന്നില്ല. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഒരു രൂപ അരി ആവശ്യക്കാര്‍ക്ക് പലയിടത്തും കി്ട്ടാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ ഇവ ടണ്‍കണക്കിന് സ്വകാര്യ റൈസ് മില്ലുകളിലേക്ക് ഒഴുകുകയാണെന്നതാണ് യാഥാര്‍ഥ്യം. നിറം ചേര്‍ത്ത് ഈ അരി പിന്നീട് പരസ്യവിപണിയില്‍ എത്തുന്നത് മൂപ്പതും നാല്‍പതും രൂപയ്ക്കാണ്. ഇതൊക്കെ ചില ഒറ്റപ്പെട്ട സംഭവമാക്കി ലഘൂകരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇക്കൊല്ലത്തെ കാലവര്‍ഷം കുട്ടനാടടക്കമുള്ള പാടശേഖരങ്ങളെ വെള്ളത്തിലാക്കികഴിഞ്ഞു. ഈ വെള്ളപ്പൊക്കം തടയാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാര്‍ യുക്തമായ രീതിയില്‍ നടത്തുന്നതേയില്ല. ഇങ്ങനെ പറഞ്ഞാല്‍ എന്തൊക്കെ ആക്ഷേപങ്ങള്‍ ആരോപിക്കാനാകും. പലതിനും മറുപടി ലഭിക്കുമെന്നു പ്രതീക്ഷിക്കുകയും വേണ്ട.

പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ എല്ലാവരും സോളാര്‍ തട്ടിപ്പിനു പിന്നാലെയാണ്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളില്‍ കുറ്റകരമായ വൈകല്‍ ഉണ്ടായപ്പോഴാണ് ആദ്യം ഗവര്‍ണറും പിന്നീട് കോടതിയും ഇടപെട്ടത്.

എല്ലാത്തിനും ഒടുവില്‍ മുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത് മാധ്യമങ്ങള്‍ക്കു നേരെയാണ്. തന്റെ സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങളും മാധ്യമസൃഷ്ടിയാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം. അതൊക്കെ മുഖവിലയ്‌ക്കെടുക്കാമെങ്കിലും സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ പരാമര്‍ശവും കോടതി നിരീക്ഷണവും മാധ്യമ സൃഷ്ടിയാണെന്നു പറയാനാകുമോ?

Generated from archived content: edit1_july31_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here