ക്രിസ്‌തുമസ്സിനെയും പുതുവർഷത്തേയും വരവേൽക്കുമ്പോൾ

കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ നീതിപീഠത്തെ ആദ്യമായി വിമർശിച്ച്‌ സംസാരിച്ചത്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടാണ്‌ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അദ്ദേഹം ഒരു സാധാരണ രാഷ്‌ട്രീയ നേതാവെന്നതിലുപരി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നതാണ്‌ കാരണം. എങ്കിലും അദ്ദേഹം നടത്തിയ വിമർശനം ഇന്ത്യയൊട്ടാകെ ചർച്ചാവിഷയമായി. നീതിപീഠം സാധാരണക്കാരന്റെയും അധസ്‌ഥിതരുടെയും പ്രശ്‌നങ്ങളിൽ കുറെകൂടി ഉദാരമനസ്‌ഥിതി കാട്ടണമെന്ന അഭിപ്രായമായിരുന്നു അതിന്റെ പിന്നിൽ. അന്ന്‌ പ്രതിപക്ഷ കക്ഷികളുൾപ്പെടെയുള്ള മറ്റ്‌ രാഷ്‌ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇ.എം.എസിനെതിരെ പടവാളോങ്ങിയെങ്കിലും കാലക്രമേണ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അന്തസ്സത്തയോട്‌ യോജിക്കുന്ന നിലപാടായിരുന്നു, പിന്നീടെടുത്തത്‌. നീതിപീഠം വിമർശിക്കപ്പെടരുതെന്ന കാഴ്‌ചപ്പാട്‌ മാറ്റണമെന്ന നിലപാട്‌ ഇപ്പോൾ സുപ്രീം കോടതിവരെ അംഗീകരിപ്പിച്ചിരിക്കുന്നു. കുറ്റാരോപിതരായ ചില ഹൈക്കോടതി ജഡ്‌ജിമാരെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ ചോദ്യം ചെയ്യാമെന്ന നിലപാടാണ്‌ ഇപ്പോൾ സുപ്രീംകോടതിയിലെ ചീഫ്‌ ജസ്‌റ്റീസ്‌ സ്വീകരിച്ചിരിക്കുന്നത്‌.

ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ, ഒരു കാര്യം ഓർക്കുക. ഇ.എം.എസ്‌. ഒരു കുറ്റവാളിയായി ആരോപിക്കപ്പെട്ടയാളെ സംരക്ഷിക്കണമെന്നോ, നിരപരാധിയാണെന്ന്‌ കണ്ടെത്തി വെറുതെ വിടണമെന്നോ വാദിച്ചില്ല. കലാനുസൃതമായ മാറ്റങ്ങൾ ന്യായാസനങ്ങൾ ഉൾക്കൊള്ളണമെന്നായിരുന്നു, അദ്ദേഹത്തിന്റെ അഭിപ്രായം. ഇപ്പോൾ ഇന്ത്യയിലെ എല്ലാരാഷ്‌ട്രീയ കക്ഷികളും ഏറെക്കുറെ ആ വാദം അംഗീകരിച്ച മട്ടാണ്‌.

ഈ ക്രിസ്‌മസ്‌ വേളയിൽ ഇത്രയും എഴുതാൻ കാരണം നമ്മുടെ നാട്ടിലെ മതപുരോഹിതരിൽ ഒരു വിഭാഗം ഇപ്പോൾ പ്രതിസ്‌ഥാനത്ത്‌ നിൽക്കുന്ന രണ്ട്‌ വൈദികരെയും ഒരു കന്യാസ്‌ത്രിയേയും നിരപരാധിയാണെന്ന്‌ വാദിച്ച്‌ സി.ബി.ഐ.. നടത്തുന്ന കേസന്വേഷണം ഉപേക്ഷിക്കണമെന്ന വാദഗതി ഉയർത്തുന്നതുകൊണ്ടാണ്‌, സഹനശക്തിയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായി, പീഡിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി കുരിശ്ശിലേറിയ ക്രിസ്‌തുവിന്റെ മാതൃക മുഖമുദ്രയാക്കി മാറ്റിയ സഭയുടെ മതപുരോഹിതരാണ്‌ കുറ്റാരോപിതരായ വൈദികരേയും കന്യാസ്‌ത്രീയേയും വിട്ടയക്കണമെന്ന്‌ വാദിച്ച്‌, അവർക്ക്‌വേണ്ടി പ്രാർത്ഥനയും ഉപവാസവും അനുഷ്‌ഠിക്കാൻ ഇടവകയിലെ വിശ്വാസികളോട്‌ ഇടയലേഖനം വഴിയും പ്രഭാഷണം വഴിയും ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പക്ഷേ, കോൺവെന്റിലെ വിദ്യാർത്ഥിനിയായ കന്യാസ്‌ത്രീ കൊല്ലപ്പെട്ടപ്പോൾ, ഒരിക്കൽപോലും അവർക്ക്‌വേണ്ടി പ്രാർത്ഥിക്കാനോ ഉപവാസം അനുഷ്‌ഠിക്കാനോ അവർ തയ്യാറായില്ല എന്നത്‌ കൂടി ചേർത്തുവയ്‌ക്കുമ്പോൾ മാത്രമാണ്‌ സഭ ക്രിസ്‌തുവിൽനിന്നകന്നുപോകുന്ന ദുഃഖസത്യം തിരിച്ചറിയുന്നത്‌. ദുരന്തമരണം വരിച്ച കന്യാസ്‌ത്രീയുടെ കുടുംബാഗങ്ങളെ മതപുരോഹിതർ ആശ്വസിപ്പിച്ചതായോ, അവർക്കുവേണ്ടി പ്രാർത്ഥിച്ചതായോ അറിവില്ല.

മതപുരോഹിതരും സന്യാസിനിമാരും പ്രതിസ്‌ഥാനത്ത്‌ വരുന്നത്‌ ഇതാദ്യമല്ല. പക്ഷേ, അവിടൊക്കെ പുരോഗിതവർഗ്ഗം പ്രതിസ്‌ഥാനത്ത്‌ വന്നവർക്കുവേണ്ടി പ്രാർത്ഥനകളും ഉപവാസവും അനുഷ്‌ഠിച്ചതല്ലാതെ കേസന്വേഷണം അവസാനിപ്പിക്കണമെന്നോ, കോടിതി നടപടികൾക്കെതിരെ വിമർശനമുയർത്താനോ തയ്യാറായിട്ടില്ല. രണ്ട്‌ വർഷം മുമ്പാണ്‌ ഹിന്ദുക്കളുടെ വൈദിക ശ്രേഷ്‌ഠരിൽ പ്രമുഖനായ കാഞ്ചികാമകോടിമഠാതിപതി ശങ്കരാചാര്യരെ കൊലക്കുറ്റത്തിന്‌ വേണ്ടി അറസ്‌റ്റ്‌ ചെയ്‌തതും ജയിലിലടച്ചതും. ഹിന്ദുവിശ്വാസികളെ ഏറെ വ്രണപ്പെടുത്തിയ സംഭവമായിരുന്നു‘ അത്‌. അന്നദ്ദേഹത്തിന്‌ വേണ്ടി ക്ഷേത്രങ്ങളിൽ പ്രാർത്ഥനനടത്താനും വഴിപാടുകൾ അർപ്പിക്കാനും. ഉപവാസം അനുഷ്‌ഠിക്കാനും ധാരാളം പേർ ഉണ്ടായിരുന്നെങ്കിലും അവരാരും സംഘടിതരായി കേസന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെയോ, കോടതി നടപടികൾക്കെതിരെയോ ബഹളം കൂട്ടിയില്ല. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനെ ’യോഗ‘ പഠിപ്പിക്കാൻ വന്ന ധിരേന്രബ്രഹ്‌മചാരിയുടെ കാര്യമോർക്കുക. നെഹ്‌റുവിന്‌ ശേഷം ഇന്ദിരഗാന്ധിക്കും യോഗക്ലാസുകളെടുത്ത ആ വ്യക്തി തോക്ക്‌ വ്യാപാരിയാണെന്നും സ്വാമികളുടെ ആശ്രമത്തിനടുത്ത്‌ തോക്കുഫാക്‌ടറിവരെ ഉണ്ടായിരുന്നെന്നും പിൽക്കാലത്ത്‌ അറിഞ്ഞകാര്യമാണ്‌. രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്ക്‌ വരെ ഭീക്ഷണി ഉയർത്തിയ സ്വാമികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലയച്ചപ്പോൾ, ആദ്യമൊക്കെ ചില പ്രതിഷേധ സ്വരമുയന്നെങ്കിലും ഒരിക്കലും ആ പ്രതിക്ഷേധം നീതിപീഠത്തിനെതിരെയോ അന്വേഷണോദ്യോഗസ്‌ഥർക്കെതിരെയോ ഉയർന്നില്ല. കുറ്റാരോപണം തെളിഞ്ഞതോടെ ചില ശിക്ഷകൾ ഏറ്റ്‌വാങ്ങി അദ്ദേഹത്തിന്റെ ’ദിവ്യത്വം‘ അവസാനിക്കകയായിരുന്നു.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ ചന്ദ്രസ്വാമിയുടെ വിളയാട്ടം. പ്രധാനമന്ത്രിയുടെ വസതിയിൽ യാതൊരു സെക്യൂരിറ്റി നടപടികൾക്കും, വിധേയനാവാതെ ഏത്‌ സമയത്തും അദ്ദേഹത്തിന്‌ കടന്ന്‌ ചെല്ലാമായിരുന്നു. നിരവധി ക്രിമിനൽക്കുറ്റങ്ങൾ തെളിയിക്കപ്പെട്ട്‌ ശിക്ഷണനടപടികളുടെ ഭാഗമായി, ഇപ്പോഴും ചന്ദ്രസ്വാമി ജയിലിലാണ്‌. ഈ സ്വാമിമാർക്ക്‌വേണ്ടി വാദിക്കാൻ പല സമുദായ സംഘടനങ്ങളും ചില രാഷ്‌ട്രീയ കക്ഷികളും ആദ്യമൊക്കെ രംഗത്ത്‌ വന്നെങ്കിലും ഒരിക്കലെങ്കിലും കോടതിനടപടിക്കെതിരെയോ, അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെയോ നീങ്ങിയില്ല.

കുറ്റാരോപിതരായ വൈദികർക്കും കന്യാസ്‌ത്രീക്കും വേണ്ടി ആവശ്യമായ നിയമസഹായം നൽകാനുള്ള നടപടികളുമായി സഭ നീങ്ങുകയാണെങ്കിൽ അതിലാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. പക്ഷേ ഈ സഹാനുഭൂതിയോ നിലപാടോ മരിച്ച വിദ്യാർത്ഥിനിയായ കന്യാസ്‌ത്രീയ്‌ക്കുവേണ്ടി സ്വീകരിച്ച്‌ കണ്ടില്ല.

ഇന്ത്യയിലെ കുറ്റാന്വേഷണ നടപടികൾ കുറ്റമറ്റതാണെന്ന്‌ ആരും പറയില്ല. കോടിതിയിൽ ഹാജക്കപ്പെടുന്നതെളിവുകളുടെ വെളിച്ചത്തിൽ മാത്രമാണ്‌ പ്രതികൾ ശിക്ഷിക്കപ്പെടുന്നത്‌. പലപ്പോഴും ഫലപ്രദമായ തെളിവുകൾ ഹാജരാക്കപ്പെടാത്തതിന്റെ പേരിൽ ചിലകുറ്റവാളികൾ രക്ഷപ്പെട്ടേക്കാമെങ്കിലും ഒരു നിരപരാധിയും ശക്ഷിക്കപ്പെടരുതെന്ന പ്രാമാണ്യം ഇത്രയും പ്രാബാല്യത്തോടെ നടപ്പാക്കുന്ന ഒരു രാജ്യം ലോകത്തെവിടെങ്കിലും ഉണ്ടെന്ന്‌ തോന്നുന്നില്ല. പക്ഷേ, കോടതി നടപടികൾ പലപ്പോഴും വർഷങ്ങളോളം നീണ്ടു പോവുമ്പോൾ, താമസിച്ചുകിട്ടുന്ന നീതി പ്രയോജനപ്പെടാതെ പോവുന്ന ഒരവസ്‌ഥ -അതൊരു വീഴ്‌ചയാണത്‌. താമസിച്ചുകിട്ടുന്ന നീതി (Delayed Justice) പ്രാബല്യത്തിൽ വരുമ്പോൾ, ആ ആനുകൂല്യം ലഭിക്കേണ്ടയാൾ ചിലപ്പോൾ മരണമടഞ്ഞു പോയേക്കാമെന്ന അവസ്‌ഥയും വന്നുപെടാറുണ്ട.​‍്‌

കോടതിക്കെതിരെ രാഷ്‌ട്രീയ പാർട്ടികൾ സ്‌ഥാനത്തും അസ്‌ഥാനത്തും വിമർശന മുയർത്തുകയും കോടതി ആസ്‌ഥാനത്തേക്ക്‌ മാർച്ചും ധർണയും നടത്തുകയും ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്‌. പക്ഷേ ഒരു സഭ ഈ വ്യവസ്ഥയ്‌ക്കെതിരെ നീങ്ങുന്നത്‌ അതിനൊരു ന്യായീകരണവും കാണുന്നില്ല. ക്രിസ്‌തുവിൽ രക്ഷകനെ കാണുന്ന സമൂഹം – ലോകത്തെവിടെയുമുണ്ട്‌ പീഡിതർക്കും നിന്ദിതർക്കും വേണ്ടിയാണ്‌ ക്രിസ്‌തു നിലകൊണ്ടത്‌. കാലിതൊഴുത്തിലെ ക്രിസ്‌തുവിന്റെ പിറവിയെ അനുസ്‌മരിക്കുന്ന ആഘോഷം – ഇന്ന്‌ മാർബിൾ പാകിയ തറയിൽ കാലിതൊഴുത്തൊരുക്കുന്ന രീതിയിലേക്ക്‌ മാറിയിരിക്കുന്നു. അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരും പീഡിതരും ഇപ്പോഴും ധാരാളം ഉണ്ട്‌. പക്ഷേ അവർ ഇന്ന്‌ സഭയിൽ നിന്ന്‌ ഏറെ അകലെയാണ്‌.

സ്‌ഫോടന പരമ്പരകൾ രാജ്യത്തെയാകെതന്നെ ഭീതിയിലാഴ്‌ത്തുന്നു. നരഹത്യയും കൂട്ടക്കൊലയും കുഞ്ഞുങ്ങളേയും പ്രായം ചെന്നവരെയും അനാഥമാക്കികൊണ്ടുള്ള കൊലപാതകങ്ങളും സാർവത്രികമായി മാറുമ്പോൾ ക്രിസ്‌മസ്‌ നൽകുന്ന സന്ദേശം അവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ രീതിയിൽ അകന്നുപോകുന്നു.

എങ്കിലും ഈ നരഹത്യയെയും സ്‌ഫോടനങ്ങളെയും അപലപിക്കാൻ നമ്മുടെ പാർല്‌മെന്റും രാഷ്‌ട്രീയ പാർട്ടികളും ഒന്നിച്ചുവെന്നത്‌ ശുഭദോർക്കമായ കാര്യമാണ്‌. ഈ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ലഭിച്ച വെള്ളിവെളിച്ചം – അത്‌ പ്രതീക്ഷ നൽകുന്നു. ആ പ്രത്യാശയോടെ ക്രിസ്‌മസ്സിനെ വരവേൽക്കാം.

പുഴയുടെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്‌തുമസ്‌ ന്യൂ ഇയർ ആശംസകൾ……….

Generated from archived content: edit1_dec19_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English