ഭാരതം സ്വതന്ത്രമാണ്‌; എത്രത്തോളം

ഇൻഡ്യ സ്വതന്ത്രമായിട്ട്‌ ഇപ്പോൾ 61 വർഷം തികഞ്ഞിരിക്കുന്നു. എന്നെന്നും അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഇക്കാലം കൊണ്ട്‌ നമ്മൾ കൈവരിച്ച്‌ കഴിഞ്ഞു. വിദ്യാഭ്യാസം, ആതുരരംഗം, കൃഷി, വ്യവസായം, ജലസേചനം, ഗതാഗതം, സയൻസ്‌, ഗവേഷണം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ വിലയിരുത്താൻ, അന്നേദിവസം സ്വതന്ത്രമായ പാക്കിസ്ഥാനുമായി താരതമ്യം ചെയ്‌താൽ മാത്രം മതി, വ്യത്യാസം മനസ്സിലാക്കാനാവും. അണുബോംബ്‌ കൈവശമുളള രാഷ്‌ട്രങ്ങളുടെ പട്ടികയിലും ഭാരതമുണ്ട്‌. ചന്ദ്രയാന യാത്രക്കുളള തയ്യാറെടുപ്പിലാണ്‌ ഭാരതമെന്നതും ഏറെ അഭിമാനം പകരുന്ന നേട്ടമാണ്‌.

സ്വാതന്ത്ര്യം ലഭിച്ച സമയം ഭാരതത്തിലെ ജനസംഖ്യ 40 കോടിയായിരുന്നു. ഇപ്പോഴത്‌ 100 കോടി കവിഞ്ഞിരിക്കുന്നു. ഭാരതം സ്വതന്ത്രമാവുന്ന സമയം ഇവിടത്തെ ജനങ്ങളിൽ പകുതിയിലധികവും ദാരിദ്ര്യരേഖയ്‌ക്കു താഴെയായിരുന്നു. ഇന്നിപ്പോൾ ഭക്ഷ്യ സ്വയംപര്യപ്തത കൈവരിച്ചുവെന്ന്‌ അവകാശപ്പെടാനാവില്ലെങ്കിലും ഒരു പട്ടിണി രാജ്യമായി ഭാരതത്തെ കാണാനാവില്ല. മാത്രമല്ല, ഭൂകമ്പം, വെളളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തമനുഭവിക്കുന്ന മറ്റുരാജ്യങ്ങളിലേയ്‌ക്ക്‌ മരുന്നും ഭക്ഷണവും, അതിവിദഗ്‌ദ്ധരായ ഡോക്‌ടർമാരുടെയും മെഡിക്കൽ സ്‌റ്റാഫിന്റെയും സേവനവും വിട്ടുകൊടുക്കാൻ നമുക്കാവുന്നുണ്ട്‌. മിടുമിടുക്കന്മാരായ ശാസ്‌ത്രഗവേഷകരെയും ഐറ്റി എഞ്ചിനീയർമാരെയും സേവന സന്നദ്ധരായ മെഡിക്കൽ സ്‌റ്റാഫിനെയും ആതുരശുശ്രൂഷാരംഗത്ത്‌ സ്‌പെഷ്യലൈസ്‌ ചെയ്ത അതിവിദഗ്‌ദ്ധരെയും വാർത്തെടുക്കാൻ ഭാരതത്തിന്‌ സാധിക്കുന്നുണ്ടെങ്കിലും ഇവിടത്തെ ജനത എല്ലാതലത്തിലും സ്വതന്ത്രരാണെന്ന്‌ നമുക്ക്‌ അവകാശപ്പെടാമോ?

എൺപതുകളുടെ അവസാനം തുടങ്ങി 90 കളുടെ ആരംഭിച്ച ഉദാരവത്‌കരണം സാമ്പത്തികമായും വ്യാവസായികമായും ഭാരതത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ ഭദ്രമായ അടിത്തറ ലഭിച്ചുവെന്ന്‌ അവകാശപ്പെടാനാവുമെങ്കിലും നമ്മൾ പലതരത്തിലും പല കാര്യങ്ങളിലും വിദേശമേൽക്കോയ്‌മയ്‌ക്ക്‌ അടിപ്പെടുന്നുവെന്ന ആക്ഷേപം അത്ര നിസ്സാരമായി കാണാവുന്ന ഒന്നല്ല. പ്രാചീന കാലം മുതൽ പാരമ്പര്യമായി നിലനിന്നിരുന്ന ഔഷൗധസസ്യങ്ങളുടെയും വസുമതി അരി തുടങ്ങിയ ഭക്ഷ്യവസ്‌തുക്കളുടെയും ആത്യന്തികമായ ഉടമാവകാശം നമുക്കിന്ന്‌ നഷ്‌ടപ്പെട്ട്‌ കഴിഞ്ഞു. സാംസ്‌കാരികമായി അയ്യായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ഭാരതം കേവലം അഞ്ഞൂറുവർഷത്തെ സാംസ്‌കാരിക പാരമ്പര്യം മാത്രമുളള ഒരു രാജ്യത്തിന്റെ മേൽക്കോയ്‌മ ഏറെക്കുറെ അംഗീകരിച്ച മട്ടിലേയ്‌ക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. ഇവിടത്തെ തനതായ നാടൻ കലകളും പ്രാചീന സംസ്‌കൃതിയിലൂന്നിയുളള ആചാരങ്ങളും ശീലങ്ങളും ഇന്ന്‌ പാശ്ചാത്യസംസ്‌കാരത്തിന്റെ തളളിക്കയറ്റത്തിൽ മൺമറഞ്ഞ്‌ പോയില്ലെങ്കിലും ഏറെക്കുറെ ജഡാവസ്ഥയിലാണ്‌. ഇങ്ങനൊരു സ്വാതന്ത്ര്യത്തിന്‌ വേണ്ടിയായിരുന്നോ നമ്മുടെ പൂർവ്വീകർ സമരം ചെയ്‌തതും നിരവധി പേരുടെ ജീവൻവരെ ബലികൊടുത്ത്‌ നേടിയെടുത്തതും?

സ്വാതന്ത്ര്യസമരം കൊടുംപിരി കൊളളുന്ന കാലത്ത്‌ ഭാരതത്തിൽ ഒരൊറ്റ ജനതമാത്രമേ ഉണ്ടായിരുന്നുളളൂ. പക്ഷേ, ഭാരതം സ്വതന്ത്രമായതോടെ ഇവിടത്തെ ജനങ്ങൾ ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ലീങ്ങളും ജൈനരും ബുദ്ധമതസ്ഥരും പാഴ്‌സികളുമൊക്കെയായി മാറി. അതോടെ വർഗ്ഗീയലഹളകളും പൊട്ടിപ്പുറപ്പെട്ടു. അധികം താമസിയാതെ തന്നെ രാഷ്‌ട്രപിതാവിന്റെ ജീവൻവരെ ബലിയർപ്പിക്കേണ്ടി വന്നു. ഗാന്ധിജിയുടെ നിര്യാണത്തോടെ കൺതുറന്ന ഭാരതത്തിലെ ജനതയുടെ വർഗ്ഗീയ വികാരം ഒന്നാറിത്തണുത്തെങ്കിലും 80 കളിൽ വീണ്ടും തലപൊക്കിത്തുടങ്ങി. നെഹ്രുവിന്റെ കാലത്ത്‌ ഒട്ടൊന്നു ശാന്തമായിരുന്ന അന്തരീക്ഷം വഷളാക്കുന്നതിൽ ഇവിടുത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇന്ദിരാഗാന്ധിയുടെ അന്ത്യംതന്നെ വർഗ്ഗീയ കോമരങ്ങളുടെ താണ്ഡവത്തിൽ വന്നുപെട്ട ഒരു ദുരന്തമാണ്‌. എന്നിട്ടും ഇവിടത്തെ രാഷ്‌ട്രീയ കക്ഷികളുടെ കണ്ണുതുറക്കുന്നതിന്‌ അത്‌ പര്യാപ്തമായില്ല എന്നതാണ്‌ ഏറ്റവും ഖേദകരമായ വസ്‌തുത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ അതിർത്തിപ്രദേശങ്ങളിലും മാത്രമായൊതുങ്ങിയിരുന്ന വർഗ്ഗീയ കലാപം ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും വലിയ വ്യത്യാസമില്ലാതെ ഏറ്റക്കുറച്ചിലുകളോടെ നിലകൊളളുന്നു. ഈ കലാപകാരികൾക്കെല്ലാം ആധുനികവും സുസജ്ജവുമായ ആയുധശേഖരങ്ങളുണ്ട്‌. കാശ്‌മീരിലെ ഭീകരവാദികൾ പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം വിദേശനിർമ്മിതമെന്ന്‌ മാത്രമല്ല, നമ്മുടെ അതിർത്തിപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുളള സായുധ സേനാംഗങ്ങളുടെ ആയുധ സജ്ജീകരണങ്ങളോട്‌ കിടപിടിക്കുന്നവയുമാണ്‌. എന്നിട്ടും അധികാരലബ്‌ധിക്കുവേണ്ടി വോട്ടുബാങ്കിനെ ലക്ഷ്യമിട്ട്‌ ഇവരെയൊക്കെ പ്രീണനം ചെയ്യുന്ന സമീപനമാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും കൈക്കൊളളുന്നത്‌. ഇതിനൊക്കെ പുറമെയാണ്‌ അസ്സാമിൽ ഉൾഫാ തീവ്രവാദികളും പശ്ചിമബംഗാളിൽ ഗൂർഖാലാൻഡിനുവേണ്ടിയും ഏറ്റവും അവസാനം ആന്ധ്രാപ്രദേശിൽ പ്രത്യേകം തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയും ഉയർന്നുവരുന്ന വിഘടനവാദം. നെഹ്രുവിന്റെ കാലം മുതലുളള കാശ്‌മീർ പ്രശ്‌നം ഇന്നും പരിഹരിക്കപ്പ്ട്ടില്ല എന്ന്‌ മാത്രമല്ല, പാകിസ്ഥാനുമായി ഒരിക്കലും പരിഹരിക്കപ്പെടാൻ സാധ്യതയില്ല എന്ന മട്ടിലുളള എപ്പോഴും തീയുണ്ടകൾ പരസ്‌പരം വർഷിക്കാവുന്ന ഒരു തലത്തിലേയ്‌ക്ക്‌ എത്തിപ്പെട്ടിരിക്കുന്നു.

ഉദാരവത്‌കരണം കൊണ്ട്‌ രാജ്യത്ത്‌ ജനങ്ങളുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ ഏതൊരു പരിഷ്‌കൃത രാജ്യത്തെ മാറ്റത്തേക്കാളും മേലേക്കിട നിൽക്കുന്നവയായി മാറി. പക്ഷേ, അതോടൊപ്പം നമ്മൾ സനാതനമെന്ന്‌ കരുതുന്ന നമ്മുടേത്‌ മാത്രമായ ധാർമ്മികമൂല്യങ്ങളിലെല്ലാം അപചയം വന്നു കഴിഞ്ഞുവെന്ന ഖേദകരമായ അവസ്ഥയും കാണേണ്ടതുണ്ട്‌. പൊതുനിരത്തുകൾക്കരികിൽ കിണറുകൾ സ്ഥാപിച്ച്‌ കുടിവെളളം നൽകി അതുവഴി അയിത്തം കല്പിച്ച്‌ മാറ്റി നിർത്തിയിരുന്ന ഹരിജനങ്ങളെയും അധഃസ്ഥിതരെയും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരണമെന്ന്‌ ഗാന്ധിജി സ്വപ്‌നം കണ്ട ഭാരതം ഇന്നില്ല. കുടിവെളളം ആവശ്യത്തിന്‌ കിട്ടുന്നില്ലെന്ന്‌ മാത്രമല്ല, അതിനൊക്കെ നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ഇക്കണക്കിന്‌ പോയാൽ ശ്വസിക്കുന്ന വായുവിന്‌ വരെ നമ്മൾ നികുതി കൊടുക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ്‌ ജനങ്ങൾ. ഉദാരവത്‌കരണവും യന്ത്രവത്‌കരണവും മൂലം തൊഴിലില്ലായ്‌മയും നിരാശാബോധവും ഏറ്റവുമധികം വന്ന്‌ ചേർന്നിരിക്കുന്നത്‌ സമൂഹത്തിന്റെ താഴെതട്ടിൽ നിൽക്കുന്നവരുടെ ഇടയിലാണ്‌.

ആധുനിക ജീവിതസാഹചര്യങ്ങൾ സമൂഹത്തിന്റെ എല്ലാത്തട്ടുകളിലേക്കും വ്യാപിച്ചെങ്കിലും അജ്ഞതയിലും ദാരിദ്ര്യത്തിലും കഴിയുന്ന ഒരുവിഭാഗം ജനങ്ങൾ ഇപ്പോഴും ഇൻഡ്യയിലുണ്ട്‌. അവരും താമസിയാതെ തന്നെ മുഖ്യധാരയിലേയ്‌ക്ക്‌ വരുമെന്ന പ്രതീക്ഷവച്ച്‌ പുലർത്താം. എങ്കിലും ഒരു സംശയം- സനാതന തത്വസംഹിതകളും ആചാരങ്ങളും സാംസ്‌കാരികത്തനിമയും അടിയറവച്ചുകൊണ്ടുളള ഒരു നേട്ടമല്ലെ, അതൊക്കെ? ഉദാരവത്‌കരണം കൊണ്ട്‌ ഭാരതം ഏതൊരു പരിഷ്‌കൃത രാജ്യത്തോടും കിടപിടിക്കുന്ന നിലയിലേയ്‌ക്കെത്തി ചേർന്നിട്ടുണ്ട്‌. പക്ഷേ നമ്മുടെ അന്തഃസത്ത കളഞ്ഞുകുളിച്ചുകൊണ്ടുളള ഒരുയർച്ചയാണത്‌. ബൈബിളിലെ ഒരു വാക്യം ഉദ്ധരിച്ച്‌ കൊണ്ട്‌ തന്നെ നിറുത്തട്ടെഃ

“നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ്‌ നശിച്ചാൽ നീ നേടിയത്‌ കൊണ്ട്‌, നിനക്കെന്ത്‌ പ്രയോജനം?”

Generated from archived content: edit1_aug14_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here