ഇങ്ങനെയൊരു മന്ത്രിസഭ എന്തിന്‌ ?

കേരളം ഏറെ പ്രത്യാശയോടെ നോക്കിക്കണ്ട ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ അംഗീകാരം നല്‌കുവാൻ ചേർന്ന മന്ത്രിസഭായോഗം സി.പി.എം – സി.പി.ഐ മന്ത്രിമാർ ചേരിതിരിഞ്ഞ്‌ തർക്കിച്ചതിനെ തുടർന്ന്‌ തീരുമാനമൊന്നും എടുക്കാനാകാതെ പിരിഞ്ഞത്‌ ഏറെ ആശങ്കയുണർത്തുന്ന സംഭവമായി. ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റേയും ഭക്ഷ്യമന്ത്രി സി. ദിവാകരന്റേയും നേതൃത്വത്തിൽ ഒരു ഘടകകക്ഷി മന്ത്രിമാർ ശക്തമായി തർക്കിച്ചത്‌ കേരളത്തിന്റെ കാർഷികരംഗം എങ്ങനെ മെച്ചപ്പെടുത്താം എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായിരുന്നില്ല. മറിച്ച്‌ ഓരോ വകുപ്പുകളുടേയും അധികാരനിർണയത്തിന്റെ ഏറ്റക്കുറച്ചിലിനെ പറ്റിയായിരുന്നു. ഇതോടെ കേരളമന്ത്രിസഭയിലെ ഓരോ വകുപ്പും കൈകാര്യം ചെയ്യുന്നവർ ഓരോ തുരുത്തുകളായാണ്‌ പ്രവർത്തിക്കുന്നത്‌ എന്നതിന്‌ പ്രത്യക്ഷ ഉദാഹരണമായി ഇതിനെ കാണാം. കേരളത്തെ മൊത്തത്തിൽ ബാധിക്കുന്ന ഏറെ ഗൗരവതരമായ ഒരു വിഷയത്തിൽ നമ്മുടെ മന്ത്രിമാരുടെ ഇത്തരം പെരുമാറ്റങ്ങൾ എന്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ഈയൊരു പ്രത്യേക വിഷയത്തിന്മേൽ മാത്രം ഉയർന്ന ഒരു പ്രശ്‌നമല്ല നമ്മുടെ മന്ത്രിമാരുടെ പരസ്പരവിരുദ്ധ നിലപാടുകൾ. എത്രയോ വിഷയങ്ങളിൽ പരസ്പര ധാരണയില്ലാതെ മന്ത്രിസഭാഗംങ്ങൾ പൊരുതുന്നത്‌ നാം കണ്ടതാണ്‌. ഏറെ അപമാനകരമായ അവസ്ഥയാണിത്‌.

ഇന്ത്യയുടെ ആഭ്യന്തര ഭക്ഷ്യ ഉത്‌പാദനത്തിൽ റെക്കോഡ്‌ നേട്ടം ഈ വർഷം കൈവരിക്കും എന്ന കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്‌ വന്ന സമയത്തുതന്നെയാണ്‌ അതിഭീകരമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കേരളത്തിലെ മന്ത്രിസഭാംഗങ്ങൾ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പേരിൽ വിവേകശൂന്യമായി ചേരിതിരിഞ്ഞ്‌ പോരാടുന്നത്‌. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനം കുതിച്ചു കയറുമ്പോഴും കേരളത്തിന്റെ ആഭ്യന്തര ഭക്ഷ്യ ഉത്‌പാദനത്തിന്റെ കണക്ക്‌ വേദനാജനകമാണെന്നും നാം കാണുന്നു.

രണ്ടു മഴ കനത്തുപെയ്‌താൽ തകരുന്ന ഭക്ഷ്യ ഉത്‌പാദന രീതിയല്ല നമുക്ക്‌ വേണ്ടത്‌. മറിച്ച്‌ ശോഭനാപൂർണമായ ഒരു ഭക്ഷ്യോത്‌പാദന ഭാവിയെ കണ്ടുകൊണ്ട്‌ വേണം ഇനി നാം നിലപാടുകൾ സ്വീകരിക്കേണ്ടത്‌. അതിനൊക്കെ ആർജവവും കൂട്ടായ്‌മ മനോഭാവവുമുളള മന്ത്രിമാരും അവരെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയനേതൃത്വങ്ങളും വേണം. തന്റെ വകുപ്പിൽ കയ്യിട്ടുവാരുന്നു എന്നു പറയുന്നവരും ഈ വകുപ്പിൽ നിന്നും പത്തുപൈസ ഒരു പദ്ധതിക്കും തരില്ല എന്നു പറയുന്നവരുമായ മന്ത്രിമാരെയല്ല നമുക്ക്‌ വേണ്ടത്‌. തങ്ങളുടെ മുന്നിലെത്തുന്ന വിഷയങ്ങൾ തങ്ങളുടെ സ്വകാര്യ അജണ്ടയിലൊതുങ്ങുന്നതാണെന്നു കരുതാതെ, ഇതെല്ലാം ആത്യന്തികമായി ജനങ്ങളെ ബാധിക്കുന്നവയാണ്‌ എന്ന തിരിച്ചറിവോടെ പ്രവർത്തിക്കാൻ ശേഷിയുളള മന്ത്രിമാരെയാണ്‌ നമുക്ക്‌ വേണ്ടത്‌.

അല്ലാത്തപക്ഷം പരസ്പരം കണ്ടാൽ കടിച്ചുകീറാൻ കൊതിച്ചു നില്‌ക്കുന്ന അംഗങ്ങളുളള കേരള മന്ത്രിസഭയെന്ന അപൂർവ്വ പ്രതിഭാസത്തെ പിരിച്ചുവിടുക തന്നെയാണ്‌ ചെയ്യേണ്ടത്‌.

Generated from archived content: edit1_apr23_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here