ചിരിയുടെ പിതാമഹൻ അരങ്ങൊഴിഞ്ഞു

അക്ഷരങ്ങളിൽ ചിരിയുടെ ആത്മാവിനെ തന്നെ നിക്ഷേപിച്ചാണ്‌ വി.കെ.എൻ എഴുതുക. അതുകൊണ്ട്‌ തന്നെയായിരിക്കണം വി.കെ.എൻ കൃതികൾ ഓരോ തവണയും വായിക്കുമ്പോഴും ചിരിയുടെ ആഴവും പരപ്പും വീണ്ടും വീണ്ടുമേറുന്നത്‌. പുറംകാഴ്‌ച്ച ചിരികൾക്കുപരി ഈ തിരുവില്വാമലക്കാരൻ സൃഷ്‌ടിച്ചത്‌ ജീവന്റെ തുടിപ്പുളള, കനമുളള ഹാസ്യമായിരുന്നു. ഒപ്പം ഈ ചിരിയുടെ പൂരത്തിലൂടെ, വാചകങ്ങളുടെ പുതിയ രചനാനിയമങ്ങളിലൂടെ വി.കെ.എൻ മലയാളത്തിന്റെ ഗൗരവകഥാകൃത്തായി. കാരണം ചിരിയുടെ യവനികയ്‌ക്കപ്പുറത്ത്‌ വേദനയുടെ ലോകത്തോട്‌ പ്രതികരിച്ച, തന്നെ അസ്വസ്ഥമാക്കിയ ലോകരീതികളോട്‌ പ്രതിഷേധിച്ച വി.കെ.എൻ നിലനിന്നിരുന്നു എന്നതാണ്‌. സർ ചാത്തുവും, നാണ്വോരും, പയ്യനും പറഞ്ഞുവച്ചതൊന്നും വെറും ചിരിയിലൊതുങ്ങുന്നതല്ല എന്ന്‌ നാം തിരിച്ചറിയുന്നത്‌ ഇതിനാലാണ്‌.

ചിരിയുടെ വെടിമരുന്നിൽ ചിന്തയുടെ വർണ്ണങ്ങൾ ചാലിച്ച വി.കെ.എൻ 1932 ഏപ്രിൽ 6ന്‌ തിരുവില്വാമലയിലാണ്‌ ജനിച്ചത്‌. മലബാർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും പ്രവർത്തിച്ച ഇദ്ദേഹം കേരള സാഹിത്യഅക്കാദമി വൈസ്‌ പ്രസിഡന്റ്‌, കുഞ്ചൻനമ്പ്യാർ സ്‌മാരക ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. പിതാമഹൻ, അധികാരം, നാണ്വാര്‌, ആരോഹണം, പയ്യൻകഥകൾ, കാവി, സർ ചാത്തു, അമ്മൂമ്മക്കഥ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌.

1969-ൽ ആരോഹണം എന്ന നോവലിന്‌ കേരള സാഹിത്യഅക്കാദമി അവാർഡും, 1982-ൽ പയ്യൻകഥകൾക്ക്‌ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡും ലഭിച്ചു. കൂടാതെ എം.പി.പോൾ, മുട്ടത്തുവർക്കി, ബഷീർ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

വടക്കേക്കൂട്ടല നാരായണൻ നായരുടെ ഉപ്പുതൊട്ട ഭാഷയുമായി ബിലാത്തി വിശേഷണങ്ങളും, പയ്യന്റെ കുറുമ്പുകളും, സർ ചാത്തുവിന്റെ കുതന്ത്രങ്ങളും ഇനി മലയാളിയെ തേടിവരില്ല. ഇനിയൊരു കുഞ്ചൻനമ്പ്യാർക്കുവേണ്ടി മലയാളം എത്രനാൾ കാത്തിരിക്കണം. വ്യാകരണങ്ങൾക്ക്‌ നിയന്ത്രിക്കാനാവാത്ത ഭാഷയുമായി ജീവിതത്തിനുനേരെ ലാക്കാക്കിയ കണ്ണാടിടെച്ചുകൊണ്ട്‌ വി.കെ.എൻ വെട്ടിമെരുക്കിയ ഒരു വഴി എന്നും മലയാളസാഹിത്യത്തിലുണ്ടാകും. മലയാളി ഹൃദയംകൊണ്ട്‌ ചിരിച്ചുനടന്ന ഈ വഴിയിൽ വി.കെ.എന്നിന്റെ സാന്നിധ്യം മലയാളി എന്നും ആഗ്രഹിക്കുന്നു.

‘കല്പിച്ചതുപോലെ എന്നെ ഞാനിതാ ഹാജരാക്കുന്നു’ എന്ന്‌ ദൈവത്തോട്‌ കുത്തുവാക്ക്‌ പറഞ്ഞ്‌ ചിരിച്ചായിരിക്കണം വി.കെ.എൻ നമ്മെ വിട്ടുപിരിഞ്ഞത്‌. ചിരിയുടെ പിതാമഹന്‌ ആദരാഞ്ജലികൾ….

Generated from archived content: edit-jan27.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English