വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന്റെ അലകളുയർത്തിയാണ് പ്ലാച്ചിമടയിൽ ലോകജലസമ്മേളനത്തിന് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് അധിനിവേശശക്തിയായ ബ്രിട്ടീഷുകാരോട് ‘ക്വിറ്റ് ഇന്ത്യാ’ എന്ന് മഹാത്‌മാഗാന്ധി പറഞ്ഞതുപോലെ നവഅധിനിവേശശക്തികളായ കൊക്കക്കോളയോടും പെപ്സിക്കോളയോടും ഇന്ത്യവിടണമെന്ന മുദ്രാവാക്യം നാം ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ഫ്രാൻസിലെ കർഷകനേതാവും പരിസ്ഥിതി പ്രവർത്തകനുമായ ഹോസെബുവെ പ്ലാച്ചിമടയിൽ ലോകജല സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. സമരങ്ങളെയും പ്രത്യാശകളെയുമാണ് ആഗോളവത്‌ക്കരിക്കേണ്ടത് എന്ന ബുവെയുടെ ആഹ്വാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
മൂന്നാംലോകരാജ്യങ്ങളിലെ മണ്ണിന്റെ ചെറിയ നനവുപോലും ഒപ്പിയെടുത്ത്, കച്ചവടത്തിന്റെ പുതിയ സാധ്യതകളിൽ നാവിൽ തെളിയേണ്ട രുചിയേതെന്ന് പറഞ്ഞു പഠിപ്പിച്ച് നവസമ്പന്നവർഗ്ഗം നമുക്ക് നഷ്‌ടമാക്കിയത് നാം ജന്മം കൊണ്ടുതന്നെ അറിഞ്ഞിരുന്ന കിണർമധുരവും പുഴയുടെ കുളിരുമാണ്. ഭൂമിയുടെ അവകാശികൾ മനുഷ്യരെന്ന ഇടുങ്ങിയ ചിന്താഗതിയിൽനിന്നും പിന്നേയും നേർത്ത് ഭൂമിയിലെ മണ്ണും വെളളവും കാടും എന്തിന് നാം കാണുന്ന കിനാവുകൾവരെ സ്വന്തമെന്നു കരുതുന്ന പുതിയ സമ്പന്നവർഗ്ഗത്തിനു നേരെയുളള ലോകമഹായുദ്ധത്തിന് സമയമായിരിക്കുന്നു എന്നതിന്റെ അടയാളങ്ങൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. അധിനിവേശശക്തികളുടെ രാഷ്‌ട്രീയ അധിനിവേശത്തിന്റെ അപകടത്തേക്കാൾ ഏറെ ക്രൂരമായ പുതിയ സാമ്പത്തിക അധിനിവേശം ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങളെ മനുഷ്യർ എന്ന പേരിൽനിന്നും ഒടുവിൽ മാറ്റിനിർത്തും. ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരെ അടിമകളാക്കി വിറ്റ് സമ്പന്നരായവരുടെ പുതിയ തലമുറ മൂന്നാം ലോകരാജ്യങ്ങളിലെ മണ്ണും വെളളവും വിറ്റ് കൂടുതൽ സമ്പന്നരാകുന്നു എന്നുമാത്രം ഇവിടെ വ്യത്യാസം.
പ്ലാച്ചിമടയിൽ നടന്ന ലോകജലസമ്മേളനം ഒരു പ്രതിരോധത്തിന്റെ വെളിച്ചം കാണിക്കുന്നുണ്ടെന്നറിയുന്നതിൽ മലയാളികളായ നമുക്ക് അഭിമാനിക്കാം. നമ്മുടെ പ്രിയ എഴുത്തുകാർ, പരിസ്ഥിതിപ്രവർത്തകർ, എണ്ണത്തിൽ കുറഞ്ഞ ചില രാഷ്‌ട്രീയക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവരടക്കം ഒന്നിച്ചുചേർന്ന് നടത്തുന്ന ഈ മുന്നേറ്റം ഏറെ പ്രതീക്ഷ നല്‌കുന്നു. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെ മാത്രമല്ല കേരളത്തിന്റെ മണ്ണിനെ, വെളളത്തിനെ, നമ്മുടെ സ്വപ്നങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതു വലിയ ശക്തിയുടെ നേരെയും ഈ ജനപ്രതിരോധം നിലനില്‌ക്കണം. അതിനുവേണ്ടി മലയാളികളുടെ മനസ്സ് ഇനിയും മാറേണ്ടതുണ്ട്. പൊളിറ്റിക്കൽ പ്രസ്ഥാനങ്ങൾ നിലപാടുകൾ മാറ്റേണ്ടതുണ്ട്. അച്യുതാനന്ദനേയും വി.എം.സുധീരനെയും പോലുളള നേതാക്കൾ ഇനിയുമുണ്ടാകേണ്ടതുണ്ട്. ചില സമുദായനേതാക്കൾ അധോവായു വിട്ടാലും വാർത്തയാക്കുന്ന കേരളകൗമുദിപോലുളള ചില പത്രങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്നും മുഖം തിരിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ലോകജലസമ്മേളനത്തിന്റെ വാർത്ത ഒറ്റക്കോളത്തിൽപോലും നല്‌കുവാൻ ചില പത്രങ്ങൾ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്.
മുഖ്യമന്ത്രി ആന്റണി പറഞ്ഞ ഉപമയിലൂടെ ഈ കുറിപ്പവസാനിപ്പിക്കാം “ഇത് അവസാന ബസ്സാണ്, ഇനിയും ഇതിൽ കയറാൻ വൈകിയാൽ കേരളം ദുരന്തഭൂമിയാകും.” ഒന്നോർക്കുക ഇത് മുഖ്യമന്ത്രി പറഞ്ഞ ‘ജിമ്മി’ന്റെ സാങ്കല്പിക ബസ്സല്ല മറിച്ച് മലയാളികളുടെ ജീവന്റെ ബസ്സാണ്.
Generated from archived content: edit-jan23.html Author: editor