ഭീകരപ്രവർത്തന നിരോധനബിൽ നിലവിൽ വരുമ്പോൾ…..

കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി ഇന്ത്യ തീവ്രവാദത്തിന്റെ ഭീകരത അനുഭവിക്കുകയാണെന്നും ഇതിനെ നേരിടാൻ ശക്തമായ നിയമം ആവശ്യമാണെന്നും, ഭീകര പ്രവർത്തന നിരോധനബിൽ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രി എൽ.കെ.അദ്വാനി അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തിൽ 296-നെതിരെ 425 വോട്ടുകൾക്കാണ്‌ ബിൽ പാസ്സായത്‌.

അദ്വാനി നടത്തിയ അഭിപ്രായപ്രകടനം സത്യമായ ഒന്നാണ്‌. ഇന്ത്യ ഏറെ വർഷങ്ങളായി ഭീകരപ്രവർത്തനങ്ങളുടെ ഫലമായി നീറുകയാണ്‌. ഒരു ഭരണകൂടം അതിന്റെ രാജ്യത്തിനെതിരെയുളള പ്രവർത്തനങ്ങളെ നേരിടാൻ ഏതു മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നത്‌ സർവ്വസാധാരണമായ ഒന്നാണ്‌. ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിലാണോ ബി.ജെ.പി. ഗവൺമെന്റ്‌ ഈ ബില്ല്‌ പാസ്സാക്കിയിരിക്കുന്നതെന്ന്‌ പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ ഭരിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിയിലെ പ്രമുഖരായ രണ്ടു കക്ഷികൾ ഈ ബില്ല്‌ പാസ്സാക്കാനുളള സംയുക്ത സമ്മേളനത്തിൽ നിന്ന്‌ വിട്ടുനിന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഇവിടെ ഉയർന്നു വരുന്ന ചോദ്യമിതാണ്‌. ഇത്തരം ഒരു ബില്ല്‌ പാസ്സാക്കിയതിന്റെ ഉദ്ദേശം രാജ്യസംരക്ഷണമാണോ അതോ ബി.ജെ.പിയടക്കമുളള ഹൈന്ദവവാദികളുടെ രാഷ്‌ട്രീയനിലപാടുകൾക്ക്‌ ബലമായി ഒരു പിന്തുണ നേടിയെടുക്കുന്നതിനുവേണ്ടിയാണോ എന്നതാണ്‌.

ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. (ദേശീയ ജനാധിപത്യ മുന്നണി) ഗവൺമെന്റിന്റെ ഭീകരവാദപട്ടികയിൽ പ്രമുഖം മുസ്ലീം ഭീകരവാദം തന്നെയാണ്‌. അത്‌ ശരിയുമാണ്‌ താനും. മുസ്ലീം ഭീകരവാദത്തിന്‌ ശക്തമായ പിന്തുണ നമ്മുടെ അയൽരാജ്യങ്ങളിൽ നിന്ന്‌ ധാരാളമായി ലഭിക്കുന്നുണ്ട്‌. അങ്ങിനെ ഈ കൊട്ടിഘോഷങ്ങളിൽ നിലവിൽ നമ്മുടെ മുന്നിൽ തീവ്രവാദമെന്നത്‌ മുസ്ലീം തീവ്രവാദമായിമാത്രം ഒതുങ്ങുന്നു. ഒടുവിൽ പറഞ്ഞുപറഞ്ഞ്‌ തീവ്രവാദം=മുസ്ലീം എന്നായി മാറുന്നു. ഇവിടെയാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.

ഇന്ത്യൻ പാർലമെന്റിനെ മുസ്ലീം തീവ്രവാദികൾ ആക്രമിച്ചതുപോലെതന്നെയാണ്‌ വി.എച്ച്‌.പി., ഒറീസാ നിയമസഭാമന്ദിരത്തെ ആക്രമിച്ചത്‌. ഇത്‌ രണ്ടും ഒരുപോലെയുളള ഭീകരവാദമാണ്‌ എന്ന്‌ കാണാൻ ഈ ഗവൺമെന്റിനാവുമോ എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഗവൺമെന്റിന്റെ മുന്നിൽ ആദ്യത്തേത്‌ ഭീകരവാദവും രണ്ടാമത്തേത്‌ വെറും പ്രതിക്ഷേധവുമായി മാറുന്നു.

കഴിഞ്ഞ മഹാരാഷ്‌ട്രകലാപത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും ദുരിതാശ്വാസം വിതരണം ചെയ്യുമ്പോൾ, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ച്‌ എല്ലാം നഷ്‌ടപ്പെട്ട ഒരു വിഭാഗത്തിന്‌ ഒന്നും നല്‌കാതെ ഗുജറാത്ത്‌ ഗവൺമെന്റ്‌ എടുത്ത നിലപാട്‌ ഭീകരവാദം തന്നെയാണ്‌. ഇതിനെതിരെ നമ്മുടെ പ്രിയ ആഭ്യന്തര മന്ത്രി അദ്വാനി ഒന്നും പറഞ്ഞു കേട്ടില്ല. ഇങ്ങിനെ നോക്കുമ്പോൾ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കും ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദി. ഒപ്പം മിണ്ടാതെയിരുന്ന അദ്വാനിയും.

രാമജന്മഭൂമി പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുംവിധം “ഈ പ്രശ്‌നത്തിൽ കോടതിക്കെന്തു കാര്യം” എന്ന്‌ ധിക്കാരത്തോടെ പറയുകയും പിന്നെ പ്രവർത്തിക്കുകയും ചെയ്‌ത സന്യാസത്തിൽ പുതിയ സാമ്പത്തികശാസ്‌ത്രവും ലൗകിക ശാസ്‌ത്രവും കണ്ടെത്തിയ സന്യാസിവര്യന്മാർ എന്നു പറയുന്നവരും ഭീകരവാദികളാകണം.

ദളിതരേയും, ക്രിസ്‌ത്യൻ മിഷണറിമാരേയും ഒരുപോലെ ആക്രമിക്കുകയും, ചുട്ടുകൊല്ലുകയും ചെയ്യുന്നവർ ഈ ഗവൺമെന്റിന്‌ മുന്നിൽ ഭീകരവാദികൾ ആകുമോ ആവോ?

ഇങ്ങിനെയുളള പ്രശ്‌നങ്ങൾ ഉൾക്കൊളളാനും ശക്‌തമായ നിലപാടെടുക്കാനും കഴിവുളള ഗവൺമെന്റിന്റെ കൈയ്യിൽ മാത്രമെ ഭീകരപ്രവർത്തനനിരോധനബിൽ നന്നായി പ്രവർത്തിക്കൂ.. നിലവിൽ ഭരിക്കുന്ന ബി.ജെ.പി ഗവൺമെന്റിന്‌ ഇത്തരം നിലപാടെടുക്കുവാൻ കഴിയുമോ എന്ന്‌ കണ്ടറിയണം.

Generated from archived content: bheekaram.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English