അയ്യങ്കാളിപ്പട ഉണരുമ്പോൾ….

ഇങ്ങിനെ സംഭവിക്കുന്നത്‌ ഏറെ ഖേദകരമാണ്‌. നിലവിൽ ഒരു ഭരണകൂടവും, അംഗീകരിക്കപ്പെട്ട ഒരു ജുഡീഷ്യറിയും ഉളളപ്പോൾ സമാന്തരമായി ഭരണം നടത്തുകയും തർക്കങ്ങളിൽ ഏകപക്ഷീയമായ തീർപ്പുകൽപ്പിക്കുകയും ചെയ്യുന്നത്‌ ഒരു ജനാധിപത്യരാഷ്‌ട്രത്തിന്റെ ക്ഷേമസ്വഭാവത്തിന്‌ നന്നല്ല. ഒരുകൂട്ടം ആളുകൾ തങ്ങൾക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുമ്പോൾ, പൊതുവെ അത്‌ നീതികരിക്കാവുന്നതാണെങ്കിൽകൂടി, അത്‌ നമ്മുടെ നിയമസംഹിതയുടെയും ഭരണഘടനയുടെയും സ്വഭാവങ്ങളെ ധിക്കരിക്കുന്നവയാണെങ്കിൽ അത്‌ അംഗീകരിക്കുക എന്നത്‌ ആശാസ്യകരമായ ഒന്നല്ല. എങ്കിലും എന്തിന്‌ ഇവർ ഇതിന്‌ മുതിരുന്നുവെന്ന്‌ ചിന്തിക്കേണ്ടത്‌ ആവശ്യകതയാണ്‌. ഇങ്ങിനെ ചിന്തിക്കുമ്പോൾ രുചിക്കാത്ത പല സത്യങ്ങളും തികട്ടിവന്നേക്കാം.

സൂര്യനെല്ലികേസ്സിലെ പ്രതിയും കോട്ടയം കാർഷികവികസന ബാങ്ക്‌ പ്രസിഡന്റുമായ ജേക്കബ്ബ്‌ സ്‌റ്റീഫനെ തന്റെ ആലുവയിലുളള വീട്ടിൽ വച്ച്‌ “അയ്യങ്കാളിപ്പട” വെട്ടിപരിക്കേൽപ്പിച്ചത്‌ മുൻപുപറഞ്ഞ കാര്യങ്ങൾക്ക്‌ ആക്കംകൂട്ടുന്നു. ശിവരാത്രിദിനമായ ചൊവ്വാഴ്‌ച രാവിലെ ജേക്കബ്ബ്‌ സ്‌റ്റീഫന്റെ വീട്ടിലെത്തിയ മൂന്നാംഗസംഘം എഴുത്തു നല്‌കാനെന്ന്‌ പറഞ്ഞ്‌ ജേക്കബ്ബിനെ വിളിച്ചു വരുത്തിയാണ്‌ ഈ ക്രൂരകൃത്യം ചെയ്‌തത്‌. ജേക്കബ്ബിന്റെ കൈപ്പത്തിയിലെ രണ്ടെല്ലുകളും, ഏഴു ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്‌.

ഇത്‌ വളരെ ക്രൂരമായി എന്ന്‌ പറയാതെ വയ്യ. എങ്കിലും ഇന്നും സൂര്യനെല്ലിയിലെ പെൺകുട്ടി അപമാനത്തിന്റെ കനലിൽ പൊളളുമ്പോൾ, നിയമത്തിന്റെ സംരക്ഷണതയിൽ ജേക്കബ്ബ്‌ സ്‌റ്റീഫനെപോലുളള ലൈംഗിക ക്രിമിനലുകൾ പാട്ടുംപാടി നടക്കുന്നത്‌ സഹിക്കാനാവുന്നതല്ല. ഇവർക്കാർക്കും യാതൊരുവിധ നഷ്‌ടബോധവും തോന്നാറില്ല എന്നതും എടുത്തു പറയേണ്ടതാണ്‌. പന്തളം കേസ്സിലെ ഒരു പ്രതിയായ അധ്യാപകൻ ആത്‌മഹത്യചെയ്‌തത്‌ ഒരു അപവാദമായി കരുതാം. മാധ്യമങ്ങൾ ഉത്സവംപോലെ കൊണ്ടാടിയ വിതുരസ്‌ത്രീപീഡനകേസ്സിലെ പ്രതികൾ തങ്ങളുടെ സ്ഥാനമാനങ്ങൾ ഒന്നും നഷ്‌ടപ്പെടുത്താതെ നെഞ്ചുവിരിച്ച്‌ ജീവിക്കുമ്പോൾ ഇവരുടെ കാമപേക്കൂത്തുകൾക്ക്‌ ഇരയായ പെൺകുട്ടി ഇന്നും മരവിപ്പോടെ ജീവിക്കുകയാണ്‌. കേന്ദ്രമന്ത്രിമാർ, സിനിമാനടന്മാർ, ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിങ്ങനെ നാം ആരാധിക്കുന്ന വ്യക്തിത്വങ്ങൾ തകർന്നടിയുന്നത്‌ സ്ഥിരം കാഴ്‌ചയായി മാറികൊണ്ടിരിക്കുന്നു.

ഇവിടെ നിയമസംവിധാനവും ഭരണക്കാരും ആരുടെകൂടെ നില്‌ക്കുന്നു എന്നത്‌ ഒരു കൃത്യമായ ഉത്തരം കിട്ടുന്ന ചോദ്യമാണ്‌. നഷ്‌ടപ്പെടാൻ ഒന്നും ഇല്ലാത്തവരുടെ കൂടെ നമ്മുടെ നിയമസംവിധാനവും ഭരണക്കാരും നില്‌ക്കും എന്നു കരുതുക വയ്യ. നിയമത്തിന്റെ ഏറ്റവും ചെറിയ പഴുതിലൂടെയും ഇത്തരം ക്രിമിനലുകളെ നമ്മുടെ രാഷ്‌ട്രീയ നിയമസംവിധാനങ്ങൾ രക്ഷപ്പെടുത്തും. ഇതിനെതിരെ പ്രതികരിക്കുക എന്നത്‌ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്‌. കാരണം അവരും ഇതിന്റെ ഭാഗമായി മാറുന്നു. ഇവിടെയാണ്‌ “അയ്യങ്കാളിപ്പട” ചെയ്യുന്നതുപോലുളള ഭ്രാന്തപ്രവർത്തികൾ ജനിക്കുന്നത്‌. ജേക്കബ്ബ്‌ സ്‌റ്റീഫനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം ഏറ്റെടുത്ത അയ്യങ്കാളിപ്പട തങ്ങളുടെ പത്രക്കുറിപ്പിൽ പറഞ്ഞതിങ്ങിനെയാണ്‌ “സൂര്യനെല്ലിയിലെ പെൺകുട്ടിയെ പിച്ചിച്ചീന്തി വീണ്ടും അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക്‌ എത്തിയ കാമവെറിയൻ ജേക്കബ്ബ്‌ സ്‌റ്റീഫനെ ഞങ്ങൾ ശിക്ഷിച്ചിരിക്കുന്നു.” ഒപ്പം സ്‌ത്രീ, ദലിത്‌, ആദിവാസി, ദാരിദ്ര്യവിഭാഗങ്ങളുടെ സംരക്ഷകവേഷം കെട്ടുന്ന സാമൂഹിക വിരുദ്ധരെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ യുവത്വം തയ്യാറാകണമെന്നും അവർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അയ്യങ്കാളിപ്പട ചെയ്‌തത്‌ തെറ്റ്‌, എങ്കിലും പറയുന്നതിലെ നേര്‌ ഉൾക്കൊളേളണ്ടതുതന്നെയാണ്‌. ഇത്തരം നേരുകൾ ഏറ്റെടുക്കേണ്ടത്‌ നമ്മുടെ ഭരണകൂടമാണ്‌; ക്രിമിനലുകളെ പൂവിട്ടുപൂജിക്കുന്ന നിയമസംവിധാനത്തിലെ ചില പഴുതുകൾ അടക്കേണ്ടതും ആവശ്യകതയാണ്‌. ഇങ്ങിനെ സംഭവിക്കുന്നില്ലെങ്കിൽ അയ്യങ്കാളിപ്പടകൾ ഇനിയുമുണ്ടാകും; അത്‌ നമുക്ക്‌ ഗുണകരമാകുമെന്ന്‌ തോന്നുന്നില്ല.

Generated from archived content: ayyankali.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English